Liberation @ Thinking

ജയിലറയിൽ നിന്നും അറിവ്

  • Share this:
Positive Vibes post-title

പേരറിവാളനോടൊപ്പമുണ്ടായിരുന്ന സഹതടവുകാരായ ചിലർ ജയിൽ മോചിതരായശേഷം ഒരു ട്രസ്റ്റിന് രൂപം നൽകുകയുണ്ടായി. അങ്ങനെ പേരറിവാളനിൽ നിന്ന് പ്രചോദനമാർന്ന് കൂട്ടുകാർ രൂപീകരിച്ച പേരറിവാളൻ എജ്യൂക്കേഷണൽ ട്രസ്റ്റ് ഇന്ന് തമിഴ്നാട്ടിലെ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുവാൻ പരിശ്രമിക്കുന്ന ഒരു സന്നദ്ധസംഘടനയാണ്.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ പേരറിവാളൻ ഒടുവിൽ ജയിൽമോചിതനായി.1991 ൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോൾ കൃത്യം നിറവേറ്റിയ പ്രതികൾക്ക് ബോംബ് നിർമിക്കാനാവശ്യമായ ഒൻപതു വോൾട്ടിൻ്റെ ബാറ്ററി എത്തിച്ചു  നൽകി എന്ന കുറ്റത്തിലാണ് അർപ്പുതാമ്മാളിൻ്റെയും തമിഴ് കവി കുയിൽദാസൻ്റെയും മകൻ അറിവ് എന്ന പേരറിവാളൻ നീണ്ട 30 വർഷത്തിലധികം ഇരുമ്പഴിക്കകത്തായത്.

1999 ൽ പേരറിവാളനടക്കമുള്ള പ്രതികൾക്ക് വധശിക്ഷ വിധിച്ച വിധിച്ച സുപ്രീം കോടതി മൂന്നംഗ ബഞ്ചിലെ ജസ്റ്റിസ് കെ. ടി. തോമസ് 2017 ൽ പേരറിവാളനെ മോചിപ്പിക്കാൻ മഹാമനസ്കതയോടെ ഇടപെടണമെന്ന് സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു. കാര്യങ്ങൾ മനസ്സിലാക്കി വരുമ്പോൾ കേസിൽ വിധി പറഞ്ഞ ജഡ്ജി എന്ന നിലയ്ക്കുള്ള തൻ്റെ കടമയായി ഇതിനെ കാണണമെന്നായിരുന്നു ജസ്റ്റിസ് കെ. ടി. തോമസ് സോണിയയെ അറിയിച്ചത്. കുറ്റവാളികളെ ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം തൂക്കിലേറ്റുന്നത് ഭരണഘടനാ വിരുദ്ധമാണെന്നതടക്കം ടാഡാ നിയമത്തിലും വിധിയിലും സംഭവിച്ച പാകപ്പിഴകളും  2013ല്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതായാലും വധശിക്ഷ പിന്നീട് ജീവപര്യന്തമായി കുറച്ചിരുന്നു.

എന്നാൽ കെ. ടി. തോമസ് ആവശ്യപ്പെടുന്നതിനും എത്രയോ മുൻപു തന്നെ വധശിക്ഷാവിധി വന്ന 1999 ൽ അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണനു മുന്നിൽ സോണിയ, രാജീവ് വധകേസിലെ പ്രതികളെ വധശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന് തികച്ചും മനുഷ്യത്വപരമായ തൻ്റെ അഭ്യർത്ഥന വെച്ചിരുന്നു. 2008 മാർച്ചിൽ വെല്ലൂർ സെൻട്രൽ ജയിലിൽ പ്രതികളെ കാണാനെത്തി മടങ്ങുമ്പോൾ, തൻ്റെ അച്ഛൻ്റെ മരണമുണ്ടാക്കിയ ദുഃഖത്തിൽ നിന്ന് മോചനമില്ലെങ്കിലും  പ്രതികളോട് താൻ ക്ഷമിച്ചിരിക്കുന്നതായി പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു. 2018 ൽ ചലച്ചിത്ര സംവിധായകൻ പാ രഞ്ജിത്തുമായുള്ള അഭിമുഖത്തിൽ പേരറിവാളൻ്റെ മോചനത്തിൽ തനിക്ക് അനുകൂലമായ അഭിപ്രായം മാത്രമേയുള്ളൂവെന്ന് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിരുന്നു കൊണ്ട് രാജീവ് ഗാന്ധിയുടെ മകൻ രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം വീണ്ടു വിചാരമെന്ന മനുഷ്യമഹത്വത്തെയും പൊറുമയെയും ഓർമിപ്പിക്കുന്ന പോസിറ്റീവായ കാര്യങ്ങളായി മനസ്സിലാക്കാം.

വീണ്ടുവിചാരങ്ങൾ വീണ്ടും അനുകൂല സാഹചര്യങ്ങളിലേക്കെത്തിച്ചു. അന്ന് കേസന്വേഷിച്ച സി. ബി. ഐ. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം എസ് പി യായിരുന്ന വി. ത്യാഗരാജൻ  2017 ഒക്ടോബർ 27 ന് സുപ്രീം കോടതിയിൽ നിർണ്ണായകമായ ഒരു അഫിഡവിറ്റുമായി രംഗപ്രവേശനം ചെയ്യുകയുണ്ടായി. ശിവരശന് ബാറ്ററി എത്തിച്ചു നൽകിയെങ്കിലും അത് ബോംബ് നിർമിക്കാനായിരുന്നു എന്നതൊന്നും തനിക്കറിയില്ലായിരുന്നു എന്ന് കുറ്റസമ്മതവേളയിൽ പേരറിവാളൻ പറഞ്ഞത്  താൻ കുറ്റസമ്മത മൊഴിയിൽ രേഖപ്പെടുത്താതെ പോയതിൽ തൻ്റെ ഭാഗത്തുനിന്നുണ്ടായ വൻ വീഴ്ചയായിരുന്നു ത്യാഗരാജൻ ഏറ്റു പറഞ്ഞത്. ആ വാക്കുകൾ ഒഴിവാക്കപ്പെട്ടപ്പോൾ തന്നെ പേരറിവാളൻ കരുതിക്കൂട്ടി കുറ്റത്തിൽ പങ്കാളിയായതായി ചിത്രീകരിക്കപ്പെട്ടു. സ്വന്തം മനസ്സാക്ഷിക്കു മുന്നിൽ തെറ്റുകാരനല്ലാതിരിക്കാനാണ് വൈകിയ വേളയിലെങ്കിലും തൻ്റെ ഈ പശ്ചാത്താപം എന്നാണ് വി. ത്യാഗരാജൻ ഇതെപ്പറ്റി പറഞ്ഞത്.

ഏതായാലും നീണ്ട മൂന്നു ദശകങ്ങൾ മുമ്പ് ജയിലിൽ പോയ പേരറിവാളൻ ജയിൽ മോചിതനായി വരുമ്പോൾ ബിരുദവും ബിരുദാനന്തര ബിരുദവും ഉയർന്ന നിലയിൽ പൂർത്തിയാക്കിയിരുന്നു.ജയിൽ വാസത്തിനിടെ പഠിച്ച് എട്ടോളം ഡിപ്ലോമകൾ കൂടി കരസ്ഥമാക്കിയ പേരറിവാളൻ ജയിൽ സ്കൂളിൽ സഹതടവുകാരെ പഠിപ്പിക്കുന്ന അധ്യാപകനുമായിരുന്നു. 2012 കാലയളവിൽ ജയിൽ വകുപ്പ്, തമിൾ നാട് ഓപ്പൺ യുനിവേഴ്സിറ്റി, മഹാത്മാഗാന്ധി കമ്യൂണിറ്റി കോളജ് എന്നിവയുമായി ചേർന്നു നടത്തിയ പരീക്ഷകളിൽ പേരറിവാളൻ സ്വർണമെഡലോടെയാണ് ഡിപ്ലോമകൾ കരസ്ഥമാക്കിയത്.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ NCRB കണക്കുകൾ പ്രകാരം ആൾപ്പെരുപ്പം, മാനസികാരോഗ്യക്കുറവ് എന്നിവ എന്നും ഇന്ത്യൻ ജയിലുകളുടെ പ്രധാന പ്രശ്നമാണ്. കുറ്റവാളിയാണെങ്കിൽ തന്നെ ഒരാൾക്ക് മനുഷ്യാവകാശങ്ങളിലും മാന്യതയിലും സാധാരണനിലയിലുള്ള അർഹതയുണ്ട്. കുറ്റവാളികളെ തുടർന്നെങ്കിലും നല്ല മനുഷ്യനായി ജീവിക്കാൻ നിയമ സഹായമടക്കം നൽകി പ്രാപ്തരാക്കുന്ന 'തിരുത്തൽ സ്ഥാപനങ്ങൾ' എന്നതാണ്  ജയിലുകളുടെ ഉദ്ദേശ്യമെങ്കിലും എന്താണ് ജയിലുകളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്? വി. ത്യാഗരാജൻ ഭീകര മർദ്ദനമുറകൾ അഴിച്ചു വിട്ടാണ് മൊഴിയെടുത്തതെന്ന് വെല്ലൂരിലെ സെന്‍ട്രല്‍ ജയിലിലറയ്ക്കകത്തു നിന്നു കൊണ്ട് പേരറിവാളന്‍ എഴുതിയ 'കൊലക്കയറിനു മുന്നില്‍നിന്നൊരു നിവേദനം' (An appeal from the death row) എന്ന പുസ്തകത്തിൽ വായിക്കാം.

ഇടിമുറികളും കൊടുംപീഡനങ്ങളും ചേർന്ന് കുറ്റാരോപിതരായ മനുഷ്യരെ കൂടുതൽ മോശക്കാരാക്കിത്തീർക്കുന്ന ഇന്ത്യൻ ജയിൽ സാഹചര്യങ്ങളിൽ ജയിൽ വാസകാലം  വിദ്യാഭ്യാസത്തിലൂടെ ഉയരാൻ വിനിയോഗിച്ച പേരറിവാളൻ്റെ പൊള്ളുന്ന ജീവിതകഥ തികച്ചും പോസിറ്റീവായ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്നതാണ്. പേരറിവാളനോടൊപ്പമുണ്ടായിരുന്ന സഹതടവുകാരായ ചിലർ ജയിൽ മോചിതരായശേഷം ഒരു ട്രസ്റ്റിന് രൂപം നൽകുകയുണ്ടായി. അങ്ങനെ പേരറിവാളനിൽ നിന്ന് പ്രചോദനമാർന്ന് കൂട്ടുകാർ രൂപീകരിച്ച പേരറിവാളൻ എജ്യൂക്കേഷണൽ ട്രസ്റ്റ് ഇന്ന് തമിഴ്നാട്ടിലെ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുവാൻ പരിശ്രമിക്കുന്ന ഒരു സന്നദ്ധസംഘടനയാണ്.

നീതിക്ക് വരാതിരിക്കാൻ കഴിയില്ല എന്ന്  'നല്ല മനുഷ്യൻ നിലനിൽക്കും' എന്ന തിരുക്കുറൽ വരികൾ ഉദ്ധരിച്ചു കൊണ്ട്  തൻ്റെ മോചനവേളയിൽ പേരറിവാളൻ പറയുകയുണ്ടായി. ഇരുട്ടിനപ്പുറം  വെളിച്ചമെന്ന പോലെ വൈകിയെന്നാലും നീതി പേരറിവാളനുമുന്നിൽ ജയിൽമോചനത്തിന്റെ വാതിൽ തുറന്നിട്ടു...