Liberation @ Thinking

ആരാണ് റമൊൺ മഗ്സസേ

  • Share this:
Politics - Perspectives post-title

മഗ്സസേയുടെ പേരിലുള്ള അവാർഡിനായി ഇത്തവണ സ: കെ കെ ശൈലജ ടീച്ചറെ തെരഞ്ഞെടുക്കുകയും അവർ അവാർഡ് നിരസിക്കുകയുംചെയ്തതിൻ്റെ പശ്ചാത്തലത്തിൽ ആരാണീ മാഗ്സെസെ ?

ഫിലിപ്പിയൻസിലെ  വിപ്ലവകാരികളായ ഹുക്ബൽഹാപ് കമ്മ്യൂണിസ്റ്റ് ഗറില്ലാ സേനയെ ഉന്മൂലനം ചെയ്തതിൻ്റെ പേരിൽ പ്രസിദ്ധനായ ഫിലിപ്പിയൻ സ്റ്റേറ്റ്സ്മാൻ ആണ് Ramon del Fierro Magsaysay. 

ലുസോൺ ദ്വീപിലെ പ്രവിശ്യാ പട്ടണമായ ഇബയിൽ ഒരു കരകൗശലത്തൊഴിലാളിയുടെ മകനായി 1907ൽ മഗ്‌സെസെ ജനിച്ചു. മിക്ക ഫിലിപ്പൈൻ രാഷ്ട്രീയ നേതാക്കളും സ്പാനിഷ് വംശജരായിരുന്ന ആ നാട്ടിൽ സാമാന്യ ഭൂരിപക്ഷ ജനതയെപ്പോലെ മഗ്‌സെസെ ജന്മം കൊണ്ട് മലായ് വംശജനായിരുന്നു. 1933-ൽ അദ്ദേഹം വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി ഗവൺമെന്റ് സർവീസിൽ പ്രവേശിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് ലുസോണിൽ ഗറില്ലാ നേതാവായി സേവനമനുഷ്ഠിച്ച ശേഷം, അമേരിക്ക ഫിലിപ്പീൻസ് തിരിച്ചുപിടിച്ചപ്പോൾ, തൻ്റെ സ്വന്തം പ്രവിശ്യയായ സാംബലെസിൻ്റെ സൈനിക ഗവർണറായി മഗ്സസെ നിയമിതനായി. 

1950 ഫെബ്രുവരിയിൽ പീപ്പിൾസ് ലിബറേഷൻ ആർമി സ്ഥാപിക്കുകയും ഗവൺമെന്റിനെ അട്ടിമറിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത ഹുക്കുകളുടെ ഭീഷണിയെ നേരിടാൻ പ്രസിഡന്റ് എൽപിഡിയോ ക്വിറിനോ മഗ്‌സസെയെ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചു. ആധുനിക ചരിത്രത്തിലെ ഏറ്റവും വിജയകരമായ ആൻറിഗറില്ല കാമ്പെയ്‌നുകളിൽ ഒന്നായിരുന്നു 1953 വരെ മഗ്‌സസെയുടെ നേതൃത്വത്തിൽ നടന്നത്. 

ഫിലിപ്പീൻസിലെ സെൻട്രൽ ലുസോണിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുണ്ടായ കർഷക പ്രക്ഷോഭം ഹുക്ബൽഹാപ് കലാപം; ഹുക്ക് കലാപം എന്നും അറിയപ്പെടുന്നു (1946-54). "ജനങ്ങളുടെ ജാപ്പനീസ് വിരുദ്ധ സൈന്യം" എന്നർത്ഥം വരുന്ന Hukbo ng Bayan Laban sa Hapon എന്നതിൻ്റെ ടാഗ് ലോഗ് ചുരുക്കപ്പേരാണ് ഹുക്ബൽഹാപ്. സെൻട്രൽ ലുസോൺ സമതലം ഒരു സമൃദ്ധ കാർഷിക മേഖലയായിരുന്നു. അവിടത്തെ ജനഭൂരിപക്ഷം വലിയ എസ്റ്റേറ്റുകളിൽ കേവലം കുടിയായ്മ കർഷകരായി ജോലി ചെയ്തുവന്നു. സമ്പന്ന ന്യുനപക്ഷവും ദാരിദ്ര്യബാധിതരായ ഈ ഭൂരിപക്ഷം ജനങ്ങളും തമ്മിലുള്ള പ്രത്യക്ഷ വൈരുദ്ധ്യങ്ങൾ ഇടയ്ക്കിടെ ആ മേഖലയിൽ കർഷക കലാപങ്ങൾക്ക് കാരണമായി. ക്രമേണ 1930-കളിൽ സെൻട്രൽ ലുസോൺ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് സംഘടനാ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറി. ഫിലിപ്പീൻസിലെ ജാപ്പനീസ് അധിനിവേശസമയത്ത്, ഹുക്ബലഹാപ്പ് ഒരു ശക്തമായ പ്രതിരോധ സൈന്യമായി വളർന്നു. പ്രധാനമായും കർഷകരായിരുന്നു അംഗങ്ങൾ. സെൻട്രൽ ലുസോണിൽ ജാപ്പനീസ് സൈനികർക്കെതിരെ പോരാടുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. എന്നാൽ ആ മേഖലയിലെ ധനികന്യൂനപക്ഷം ജപ്പാൻ സൈന്യത്തിൻ്റെ പക്ഷത്തുനിന്ന് കർഷകരുടെ പ്രതിരോധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു. അതേസമയം, കലാപകാരികൾ ക്രമേണ ആ പ്രദേശത്തെ ഭൂരിപക്ഷം കൃഷി ഭൂമിയും പിടിച്ചെടുക്കുകയും പ്രാദേശിക ഗവൺമെന്റുകൾ സ്ഥാപിക്കുകയും നികുതി പിരിവ് ആരംഭിക്കുകയും ചെയ്തു.  

അമേരിക്ക തിരികെ ഫിലിപ്പൈൻസിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ ഹുക്കുകളുടെ വ്യക്തമായ കമ്മ്യൂണിസ്റ്റ് പക്ഷം അമേരിക്കയെ ചൊടിപ്പിച്ചു. ഹുക്കുകളും ഫിലിപ്പിയൻ ഗവൺമെന്റും തമ്മിലുള്ള വിരോധം അവർ മുതലെടുക്കുകയായിരുന്നു. മഗ്സസെയെ സൈനിക ഗവർണറായി നിയമിച്ചു. ആയുധങ്ങൾ ഉൾപ്പെടെ എല്ലാ പിന്തുണകളും നൽകി. ജനപിന്തുണയാണ് ഹക്കുകളുടെ വിജയസാധ്യത എന്ന് മനസ്സിലാക്കിയ മഗ്സസെ സർക്കാർ പക്ഷത്തേക്ക് വരുന്ന സാമാന്യജനങ്ങൾക്ക് ഭൂമിയും തൊഴിൽ ഉപകരണങ്ങളും ഉൾപ്പെടെ പല മോഹനവാഗ്ദാനങ്ങളും നൽകി. പട്ടാള യൂണിറ്റുകൾ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നിഷ്കർഷിച്ചു. അങ്ങനെ കർഷകരുടെ വിശ്വാസം നേടിയെടുക്കാൻ സർവ്വ മാർഗ്ഗങ്ങളും പയറ്റി. സൈന്യത്തെ പരിഷ്കരിച്ച് അഴിമതിക്കാരും കഴിവുകെട്ടവരുമായ ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ഹുക്കുകൾക്കെതിരായ പോരാട്ടത്തിൽ മാത്രം പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുകയും ചെയ്തു. അമേരിക്ക സംഭാവന ചെയ്ത ആയുധങ്ങളും ഉപയോഗിച്ചു. അങ്ങനെ, യുഎസ് സഹായത്തോടെ മക്സസെയുടെ നേതൃത്വത്തിലുള്ള ഫിലിപ്പിയൻ ഗവൺമെന്റ് ഹുക്ക് കലാപം അടിച്ചമർത്തി. 1953 ആയപ്പോഴേക്കും ഹുക്കുകൾ പരിഗണനീയമായ ഭീഷണി അല്ലെന്ന സ്ഥിതി വന്നു. എന്നാൽ മഗ്‌സസെയുടെ നടപടികൾ സർക്കാരിനുള്ളിൽ തന്നെ അദ്ദേഹത്തിന് എതിരാളികളെ സൃഷ്ടിച്ചു. 

1953-ലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നാഷനലിസ്റ്റ് പാർട്ടിയുടെ (Nacionalista Party) പിന്തുണ മഗ്സസെയ്ക്ക് ലഭിച്ചു. കാർലോസ് പി. റൊമുലോയുടെ മൂന്നാം മുന്നണിയുടെ പിന്തുണയും ഉണ്ടായിരുന്നു. ഫിലിപ്പൈൻ ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലും പരിഷ്‌കാരങ്ങൾ വരുത്തുമെന്ന് മഗ്‌സസെ വാഗ്ദാനം ചെയ്തു. പക്ഷേ, സമ്പന്നരുടെ താൽപ്പര്യങ്ങൾ മാത്രം പ്രതിനിധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു യാഥാസ്ഥിതിക കോൺഗ്രസ്സ് വിഭാഗത്തിന് ഭരണതലത്തിലുണ്ടായിരുന്ന സ്വാധീനം അദ്ദേഹത്തെ തുണച്ചില്ല. കർഷകരുടെ ദുരവസ്ഥകളോട് കാലാകാലങ്ങളായുള്ള സർക്കാരിൻ്റെ നിസ്സംഗതയാണ് ഹുക്കുകൾക്കെതിരെ ജനപിന്തുണ നേടുന്നതിൽ പിന്നീട് ദോഷം ചെയ്തത്. പ്രസിഡന്റ് പദവിയിൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ്, അദ്ദേഹം വിമാനാപകടത്തിൽ മരിച്ചു (1957). 

മഗ്സസെയുടെ ജനപ്രീതിയും സ്വീകാര്യതയും അന്യാദൃശമായിരുന്നു. വിദേശനയത്തിൽ, അമേരിക്കയുടെ അടുത്ത സുഹൃത്തും പിന്തുണയും ആയിരുന്ന മഗ്‌സെസെ ശീതയുദ്ധകാലത്ത് ശക്തനായ കമ്മ്യൂണിസ്റ്റ് വിരുദ്ധ വക്താവായി തുടർന്നു. എങ്ങനെ വായിച്ചാലും, അധികാരത്തിലിരുന്നു കൊണ്ട് അമേരിക്കയുടെ പാവയെപ്പോലെ ചലിച്ച ചരിത്രത്തിലെ ലക്ഷണമൊത്ത ഒരു കമ്യൂണിസ്റ്റ് വിരുദ്ധനെ മാത്രമേ മാഗ്സസെയിലൂടെ കാണാൻ കഴിയൂ.

 

About author
Team Viswamaithri
Comments
Leave a comment