Liberation @ Thinking

ആർത്തവരക്തം വിത്തുകോശങ്ങളുടെ കലവറ

  • Share this:
Science - Health post-title

മതമെന്ന പുരുഷമേധാവിത്ത സ്ഥാപനം അശുദ്ധിയുടെ പേരിൽ തള്ളിപ്പറഞ്ഞ് കാലങ്ങളായി പുറംപുരയിൽ ഇരുത്തിയ ആർത്തവം എന്ന ജൈവസിദ്ധി, ശാസ്ത്രത്തിൻ്റെ സർഗാത്മക സാന്നിധ്യത്തിൽ പുരസ്കരിച്ച് അംഗീകരിക്കപ്പെടുന്ന കാഴ്ച!

സവിശേഷ പ്രജനനശേഷിയുള്ള വിത്തുകോശങ്ങളുടെ അക്ഷയ ഖനിയാണ് ആർത്തവരക്തം എന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഇതര ശരീരകോശങ്ങൾ വളരുകയും വിഭജിച്ചു പെരുകുകയും ചെയ്യാറുണ്ടെങ്കിലും വിത്തുകോശങ്ങൾ (stem cells) എന്ന ഗണം ചില 'അത്‌ഭുത സിദ്ധികൾ' കൂടി ഉള്ളതാണ്. സാധാരണ കോശങ്ങൾ വിഭജിച്ചാലും അവയ്ക്ക് അതത് അവയവമായി മാത്രമേ വളരാൻ സാധിക്കൂ.

എന്നാൽ വിത്തുകോശങ്ങൾ ഒന്നിലധികം ശരീരാവയവങ്ങളായി വളർന്നു പാകപ്പെടാനുള്ളതടക്കം പല അധികശേഷികളും ഉള്ളവയാണ്.അപകടപ്പെട്ടതോ ക്ഷമത കുറഞ്ഞതോ ആയ അവയവങ്ങൾ പുനർനിർമ്മിക്കുവാനും ജനിതകരോഗങ്ങൾ പരിഹരിക്കുവാനും അൽഷിമേഴ്സ് ഭേദമാക്കാനും ന്യൂറോൺ സംബന്ധമായ അസുഖങ്ങൾ ശരിപ്പെടുത്തുവാനും കാൻസർ ചികിത്സയിലും എന്നു വേണ്ട മനുഷ്യനെ ഏറ്റവും അധികം വെല്ലുവിളിക്കുന്ന പ്രശ്നങ്ങൾക്കു മുന്നിലാണ് വിത്തുകോശങ്ങളുടെ അത്ഭുത സിദ്ധികളെ ശാസ്ത്രം പോംവഴിയാക്കി മാറ്റുന്നത്. രക്താർബുദം പോലെയുള്ള രോഗചികിത്സയിൽ വിത്തുകോശ ചികിത്സ ഇതിനകം നിർണ്ണായക മാറ്റങ്ങളാണ് കൊണ്ടു വന്നിരിക്കുന്നത്. അതോടൊപ്പം അത്യന്തം പ്രധാനപ്പെട്ട ഒന്നാണ് വിത്തുകോശങ്ങളുടെ കലവറയാണ് ആർത്തവരക്തം (Menstrual Blood) എന്ന കണ്ടെത്തലും. 

മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, ഏത് അവയവങ്ങളും ആയിത്തീരാനുള്ളതടക്കം അധികഗുണങ്ങളുള്ള ഈ വിത്തുകോശങ്ങൾ ഒരു പ്രായപൂർത്തിയായ ഭ്രൂണത്തിൽ ഉള്ളതിനേക്കാൾ കൂടുതലായിരിക്കും വളർച്ചയുടെ തുടക്കത്തിലുള്ള ഭ്രൂണത്തിലും അതെക്കാൾ കൂടുതലായിട്ടായിരിക്കും ആർത്തവ രക്തത്തിലും കാണപ്പെടുക.

മതമെന്ന പുരുഷമേധാവിത്ത സ്ഥാപനം അശുദ്ധിയുടെ പേരിൽ തള്ളിപ്പറഞ്ഞ് കാലങ്ങളായി പുറം പുരയിൽ ഇരുത്തിയ ആർത്തവം എന്ന ജൈവസിദ്ധി, ശാസ്ത്രത്തിന്റെ സർഗാത്മകസാന്നിധ്യത്തിൽ പുരസ്കരിച്ച് അംഗീകരിക്കപ്പെടുന്ന കാഴ്ചയാണിത്. കാലാകാലങ്ങളായി പലവിധ വിവേചനങ്ങൾക്കും സ്ത്രീവിരുദ്ധ നടപടികൾക്കും മാനദണ്ഡമായി ആർത്തവം എങ്ങനെയൊക്കെ ചിത്രീകരിക്കപ്പെട്ടു എന്നത് ചരിത്രത്തിലൂടെ നമുക്കറിയാം.

ആർത്തവരക്തം അശുദ്ധിയാണ് എന്ന് പ്രഖ്യാപിക്കുന്നതിനും വിശ്വസിക്കുന്നതിലും ഇത:പര്യന്തമുള്ള എല്ലാ മതങ്ങൾക്കും മനുഷ്യ സംസ്കാരങ്ങൾക്കും മിക്കവാറും ഒരേ അഭിപ്രായമാണുള്ളത്. സ്ത്രീയെ ഇടയ്ക്കിടെ അശുദ്ധി ബാധിക്കുന്ന വസ്തുവെന്ന് നിരന്തരം ഓർമിപ്പിക്കാനെന്നു തോന്നും വിധമാണ് ആർത്തവത്തെ ചുറ്റിപ്പറ്റി മതങ്ങൾ നെയ്തെടുത്ത ഏറെക്കുറെ ആചാരങ്ങളെല്ലാം തന്നെ. സ്ത്രീശരീരത്തോടു തന്നെ അവജ്ഞ വളർത്തുന്ന നിഷേധാത്മകമായ അർത്ഥം മാത്രമാണ് ഈ ആചാരാനുഷ്ഠാനങ്ങൾ ഇതുവരെ പഠിപ്പിച്ചു പരിശീലിപ്പിച്ചതു മുഴുവൻ എന്നു പറയാൻ മടിക്കേണ്ടതേയില്ല. എന്നാൽ, ഓക്സിജനേറ്റഡോ അല്ലാത്തതോ ആയ സാധാരണ രക്തത്തിനുള്ള അശുദ്ധിയിൽ കവിഞ്ഞ് പ്രത്യേകിച്ചൊരു അശുദ്ധിയോ അപകടമോ സാങ്കേതികമായി ആർത്തവ രക്തത്തിന് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നേ പഠിച്ച പുതിയ മനുഷ്യന് ഉത്തരമുള്ളൂ.

 പൊതുവേ രക്തത്തിന്റെ ഉറവിടം ഒരു മുറിവ് ആയിരിക്കും. മനുഷ്യരക്തം എന്നത് വളരെ സാമാന്യമായ ഒരു കാഴ്ചയല്ല. രക്തത്തിന്റെ ചുവപ്പുനിറം തരംഗദൈർഘ്യം കൂടിയ നിറം എന്ന നിലയിൽ കാഴ്ചയെ പെട്ടെന്ന് സ്വാധീനിക്കും. രക്തത്തിന്റെ കൺസിസ്റ്റൻസി മറ്റേതെങ്കിലും ഒരു ദ്രവത്തിന് സമാനമല്ല താനും. ഇക്കാരണങ്ങൾ ചേരുമ്പോൾ രക്തം പൊതുവെ ഒരല്പം ജുഗുപ്സാവഹമായ കാഴ്ചയും അനുഭവവുമാണ്. അതിൽ തർക്കമില്ല. എന്നാൽ അതിൽ കവിഞ്ഞ എന്തെങ്കിലും അനുഭവപരമായ ഉയർച്ചയും താഴ്ചയും ആർത്തവ രക്തത്തിനുണ്ടോ ? അപ്പോൾ യഥാർത്ഥത്തിൽ പ്രശ്നം ആർത്തവ രക്തത്തിന്റെ ഉറവിടം സ്ത്രീയും അവളുടെ ഗർഭപാത്രവും ആണ് എന്നതുതന്നെ.

അതിനെ സർവ്വാത്മനാ അംഗീകരിക്കാനുള്ള പ്രയാസം, തന്നെ താനാക്കിയ തന്റെ ഉറവിനോടുള്ള മര്യാദ കേട് ഇതെല്ലാം അലങ്കാരമാക്കിയ മതമനുഷ്യനെ അങ്ങനെ ചിന്തിച്ചു പോകുമ്പോൾ വ്യക്തമായും കാണാം. രക്തവും രക്തവർണ്ണവും മറ്റും ധീരതയുടെയും അഭിമാനത്തിന്റെയും താത്ത്വിക സൂചകങ്ങളായി ആഘോഷിച്ചു കൊണ്ടാടുമെങ്കിലും കാര്യത്തോടടുക്കുമ്പോൾ അറപ്പോടെ പിൻവാങ്ങുന്നവരാണ് പ്രായേണ മതമനുഷ്യർ. ഉർവ്വരാരാധന എന്നൊക്കെ താത്വികം പറയുമ്പൊഴും പെണ്ണിനു മാത്രം എന്തോ ഒരശുദ്ധിഭയം.

                                                                                      

മതം,ശാസ്ത്രം എന്നീ സംവിധാനങ്ങൾ കാഴ്ചപ്പാടിലും സമീപനത്തിലും തികച്ചും വ്യത്യസ്ത രീതികളാണ് പുലർത്തുന്നത്. ഇവയിൽ ഒന്നിന്റെ അബദ്ധങ്ങളും തെറ്റുകളും കാലം ക്രമേണ വെളിച്ചത്ത് കൊണ്ട് വരുന്നു. മറ്റേതിന്റെ തുറവിയും ഉൾക്കൊള്ളൽ ശേഷിയും കാലം അംഗീകരിക്കുകയും അങ്ങനെ ആ മുന്നേറ്റങ്ങൾ കണ്ടെത്തലുകൾ എന്നിവ മനുഷ്യ പുരോഗതിയിൽ ഈടുവെയ്പുകളായി മാറുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ശാസ്ത്രം മതത്തെക്കാൾ കുറച്ചധികം പുരോഗമനപരവും ഗുണപരവും മനുഷ്യന് അനുഗ്രഹവും ആകുന്നത് എന്ന ചോദ്യത്തിന് ഉത്തരം ഇവിടെയുണ്ട്. 

മറ്റൊന്നുമല്ല. ശാസ്ത്രത്തിന് മുൻവിധികൾ കുറവാണ്! മതങ്ങളുടെ കാര്യം അങ്ങനെയല്ല. പൂർവ്വ നിശ്ചിതമായ വിധി പ്രമാണങ്ങൾക്കും വിശ്വാസങ്ങൾക്കും മേലാണ് മതങ്ങൾ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളത്. വിധിയും ഈശ്വരനിശ്ചയവുമൊക്കെ അറിയപ്പെട്ടു കഴിഞ്ഞ അടഞ്ഞ അധ്യായങ്ങളായി വിശദീകരിക്കുകയാണ് മതത്തിന്റെ മാർഗ്ഗം. ഫലമോ, മരച്ചക്രം പിടിപ്പിച്ച ആധുനിക വാഹനം പോലെ അത് പ്രയോജനവിഷയത്തിൽ പലപ്പോഴും ദുർബല മോ നിരർത്ഥകമോ ആകും. അത്തരം നിരർത്ഥകതകളുടെ വലിയ ചുമടും താങ്ങി മതമനുഷ്യൻ ഇന്നത്തെ ജീവിതം ജീവിച്ചു തീർക്കുന്ന കാഴ്ചയാണുള്ളത്.

എന്നാൽ ശാസ്ത്രം കൂടുതൽ സജീവതയിലേക്ക് മനുഷ്യനെ നയിക്കുന്നതും അവന്റെ ജീവിതത്തെ നവീകരിക്കുന്നതും അതിന്റെ തുറന്ന കാഴ്ചപ്പാടും സമീപനവും കൊണ്ടാണ്. ശാസ്ത്രം നിശ്ചിതമായി നിൽക്കുകയല്ല. നിരന്തരം ചലനാത്മകമായി സ്വയം പുതുങ്ങുന്ന മനുഷ്യബുദ്ധിയും ചിന്താ ശേഷിയുമാണതിന്റെ കാതൽ.

പുറത്തേക്കുള്ള വാതിൽ കൊട്ടിയടച്ച് പുരയ്ക്കുള്ളിലിരുന്ന് പുറത്തൊന്നും ഇല്ല , ഉണ്ടാകാനിടയില്ല, ഒന്നും ഉണ്ടാവരുത് എന്നെല്ലാം പ്രഖ്യാപിക്കുന്നതുപോലെയാണ് മതങ്ങളുടെ അവസ്ഥ. ഇത്തരം തുറവിയില്ലായ്മകൾ ക്രമേണ ആ സംവിധാനത്തെ നിർജ്ജീവമാക്കുന്നു എന്നതാണ് മനുഷ്യകഥ. ജീവനൊഴിഞ്ഞ നിർജ്ജീവമായ ശംഖിലൂടെയും മനുഷ്യൻ ഊതിയാൽ ശബ്ദം പുറപ്പെടുമെന്നതിനാൽ മനുഷ്യൻ കൊണ്ടു നടക്കും. ക്രിയാത്മകവും സജീവവും സൃഷ്ടിപരവുമായ എന്തോ ഒന്ന് അതിൽ മുഴങ്ങുകയും അനുഭവപ്പെടുകയും ചെയ്യും. അതു വേറെ കാര്യം.

പ്രപഞ്ചസ്വഭാവം ഒരർത്ഥത്തിൽ പ്രവചനാതീതമാണ്. നിലനിൽപ്പിനും പുരോഗതിക്കും ജ്ഞാനത്തിനും ഉള്ള വാതിലുകൾ അത് എവിടെനിന്നെല്ലാം തുറന്നു തരുന്നു എന്ന് ആർക്കു നിശ്ചയിക്കാൻ കഴിയും! മതങ്ങൾ ഇതെല്ലാം തത്വമാക്കിപ്പറഞ്ഞെങ്കിലും സദാ സന്നദ്ധമായ ഈ സക്രിയചിന്തയെയാണ് ശാസ്ത്രം മുന്നോട്ടു കൊണ്ടു പോയി പ്രയോഗവത്കരിച്ചത്. മഹാനായ വൈദ്യന്റെ കൈകളിലെത്തുമ്പോൾ വിഷവും ഔഷധം ആകും എന്ന് പറയുന്നതുപോലെ, നോട്ടത്തിലെയും കാഴ്ചയിലേയും ഭേദം ഒന്നു കൊണ്ട് ശാസ്ത്രം തികച്ചും വ്യത്യസ്തമായ പന്ഥാവുകളിലൂടെ മുന്നേറി. ആർത്തവ രക്തത്തിൽ പോലും അതിന് നവസാധ്യതകൾ കണ്ടെത്താൻ കഴിയുന്നത് അതുകൊണ്ടാണ്.

ശാസ്ത്രം വെട്ടിത്തെളിച്ച വഴികളിലൂടെ വച്ചു പിടിച്ച് എഴുന്നള്ളുക മതങ്ങളുടെ സ്ഥിരം രീതിയാണ്. ഇതൊക്കെ ഞങ്ങളുടെ ഗ്രന്ഥങ്ങളിൽ പണ്ടേ പറഞ്ഞതാണെന്ന അവകാശ വാദങ്ങളും പ്രതീക്ഷിക്കാം. ഏതായാലും വരുംകാലങ്ങളിൽ, മനുഷ്യ ജീവിതത്തിനും ജീവനും ഉപകാരപ്രദമായ ദ്രവ്യം എന്ന നിലയിൽ തന്നെ ആർത്തവ രക്തത്തെയും അതിന്റെ ദാതാവ് എന്ന നിലയിൽ സ്ത്രീയെയും ഗുണപരമായി അംഗീകരിക്കാതെ മറ്റൊരു പോംവഴി മതങ്ങൾക്കു മുന്നിലില്ല.

Vladimir Fokanov ൻ്റെ 'Girl Carrying a Bull' എന്ന പേരിലുള്ള പ്രസിദ്ധ  കലാസൃഷ്ടി 

മനുഷ്യന് കാര്യം മനസ്സിലാകും. ആർത്തവത്തോടും ആർത്തവ രക്തത്തോടും ഇത്രയും കാലം കാട്ടിയ നിഷേധാത്മകതയ്ക്കു പിറകിലെ യുക്തിയെന്തെന്ന് വിസ്തരിക്കാൻ മതങ്ങൾ നല്ലോണം ബുദ്ധിമുട്ടേണ്ടതായും വരും.

About author
Creative Writer
Comments
Leave a comment