മാതൃഭാഷയെ ചൊല്ലി മനുഷ്യൻ എത്രത്തോളം ആവേശം കൊള്ളേണ്ടതുണ്ട് ? തനത് എന്നു പറയാവുന്ന എന്തെല്ലാമാണ് ഒരു ഭാഷയിൽ ഉണ്ടായിരിക്കുക ? ഇത്തരം ഭാഷാ ചിന്തനങ്ങളിലൂടെ...
'പത്രം' എന്ന വാക്കിന് എന്താണർത്ഥം? പിന്നോട്ട് തിരഞ്ഞാൽ, 'ഇല' എന്നർത്ഥത്തിലുള്ള സംസ്കൃതപദമത്രേ പത്രം.എന്നാലിന്ന് മലയാളത്തിൽ 'പത്രം' ന്യൂസ് പേപ്പർ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യപദമായാണ് പരക്കെ ഉപയോഗിക്കപ്പെടുന്നത്. ഇവിടെ ഏതാണ് പത്രത്തിൻ്റെ യഥാർത്ഥ അർത്ഥം ? ഏറെക്കുറെ മറവിയിലാണ്ട 'ഇല'യോ വ്യാപകമായി പ്രയോഗത്തിലിരിക്കുന്ന 'ന്യൂസ് പേപ്പ'റോ ? ഓലയിൽ എഴുതിയിരുന്ന കാലത്ത് ഉപകരണമായിരുന്ന 'പത്രം' നൂറ്റാണ്ടുകൾക്കിപ്പുറം അച്ചടിച്ചിറക്കുന്ന വാർത്താ മാധ്യമങ്ങളെ സൂചിപ്പിക്കുന്ന ഒരു പദമായി വളർന്നു. കാലഘട്ടങ്ങളിൽ മാറാടി വരുന്ന ഇത്തരം അർത്ഥതല വൈചിത്ര്യങ്ങളിലാണ് ഭാഷകളുടെ സർഗാത്മകശക്തി ഇരിക്കുന്നത്.
പ്രയോഗമാണ് ഭാഷയെ നിർണയിക്കുന്നത്. മനുഷ്യരെ തമ്മിൽ ഇണക്കുന്ന ഭാഷ ഒരു ഉപാധി എന്ന നിലയിൽ പ്രാധാനമാണ്; സംരക്ഷിക്കപ്പെടേണ്ടതും. ഇവിടെ മലയാളം പോലൊരു ജീവൽഭാഷയുടെ സംരക്ഷണത്തെപ്പറ്റി ചിന്തിക്കുമ്പോൾ ചില പ്രായോഗിക ധാരണകൾ ആവശ്യമുണ്ട്. അതെന്താണെന്നു നോക്കാം.
ഓരോ ഭാഷയും അതത് സമൂഹത്തിൽ സജീവമാണെങ്കിൽ അത് പരിണമിച്ചുകൊണ്ടിരിക്കുന്നു എന്നാണർത്ഥം. ജീവത്തായതിനെല്ലാം പരിണാമം കൂടാതെ നിലനിൽക്കുവാൻ വയ്യല്ലോ. മലയാളത്തിൻ്റെ കാര്യത്തിലാണെങ്കിൽ 9-ആം നൂറ്റാണ്ടിലെ ശിലാശാസനങ്ങളിലെ ഭാഷയും മണിപ്രവാളകവിതയുടെ ഭാഷയും എഴുത്തച്ഛൻ്റെ കാവ്യഭാഷയും മിഷനറി ഗദ്യവുമെല്ലാം കാലാനുസൃതം മാറി മറിഞ്ഞു വന്നതുപോലെ, പതിനഞ്ചാം നൂറ്റാണ്ടിലെ സംസാരഭാഷയിൽ നിന്നും ഇരുപതാം നൂറ്റാണ്ടിലെ ഭാഷ വ്യത്യസ്തമായിരിക്കുന്നതു പോലെ, സ്വാഭാവികമായ പരിണാമപ്രക്രിയകൾ തുടരുകയാണ്.
നടപ്പുള്ള ഓരോ ഭാഷയ്ക്കുള്ളിലും നടന്നുകൊണ്ടിരിക്കുന്നതും ഇതേ കാര്യം തന്നെയാണ്. ഒരു ചെടിയുടെ അതിജീവനത്തിന് സമാനമായി സാഹചര്യങ്ങളോട് ഇടപെട്ടിടപെട്ട് സംഘർഷവും അനുകൂലനവും വഴി തളർന്നും വളർന്നും കൊഴിഞ്ഞും തളിർത്തുപൂവിട്ടും പൊലിക്കുന്നതാണ് ഭാഷ. ഈ മാറ്റത്തെ പ്രകൃതിപരമായ സ്വാഭാവികതയെന്ന് എണ്ണാതെ ഭാഷയെപ്പറ്റിയുള്ള വിലാപങ്ങൾ അസ്ഥാനത്താണ്.
ഇതേ പരിണാമസ്വഭാവമാണ് ഭാഷയുടെ ജൈവികതയ്ക്ക് ആധാരമായി വർത്തിക്കുന്ന ശക്തി എന്ന കാര്യം നാം മറന്നു പോകുന്നതു പോലെ. ഇപ്പറഞ്ഞ ഭാഷാപരിണാമത്തിൽ ഇതര ഭാഷകളും പുതു സാങ്കേതികവിദ്യയും മറ്റും, കൊണ്ടും കൊടുത്തും അതതിൻ്റെ പങ്കുവഹിക്കും. ഓർക്കുക, നമ്മൾ നിരീക്ഷിക്കുന്ന ഈ മാറ്റം തന്നെയാണ് ചരിത്രത്തിൽ ഏതു ഭാഷയുടെയും വളർച്ചയായി എണ്ണപ്പെടുന്നതും.
എന്നാൽ വിപ്ലവാത്മകമായ മാറ്റത്തെപ്പറ്റിപ്പോലും വാചാലരാകുന്ന നാം ഭാഷയുടെ പുതിയ ചലനഗതികൾ കാണുമ്പോൾ പെട്ടെന്ന് മഹാകാൽപ്പനികത്വത്തിലും ഗൃഹാതുരത്വത്തിലും ഉടനെ ചെന്നെത്തുകയായി.
ഭാഷയുടെ പോക്കു നോക്കൂ...മംഗ്ലീഷ്.മംഗ്ലീഷ്...മലയാളം മരിക്കുന്നു....മരിച്ചു... എൻ്റെ ഭാഷയെ കൊന്നു...
ഇതാണ് ഭാവം.
മാറ്റത്തെ വളർച്ചയായി ഉൾക്കൊള്ളാൻ കഴിയാത്തതിന് കാരണമെന്താണ് ? ഭാഷകസമൂഹത്തിനുള്ളിലെ മാറാത്ത വ്യാകരണ കാർക്കശ്യം തൊട്ടുള്ള പാരമ്പര്യ ഭക്തികളും ഭാഷാശുദ്ധി വിചാരവും തന്നെയാണ് മാറുന്ന ഭാഷയെ കാണുമ്പോൾ പൊടുന്നനവേ കയറി വരുന്ന ഭയത്തിനു കാരണം.മലയാളം പോലെ ഒരു ജീവൽഭാഷയെ നോക്കി, ഭാഷ മരിക്കുന്നു എന്ന പല്ലവി പാടാൻ മറ്റു കാരണങ്ങളെന്ത് ?
അതായത്, ഭാഷയ്ക്ക് 'യഥാർത്ഥമായ' പ്രാഗ് രൂപം (ആദിമസ്വരൂപം) ഉണ്ട് എന്ന് കാര്യകാരണങ്ങൾ ഇല്ലാതെതന്നെ വിശ്വസിക്കുക! വെറുതേ ഒരു സങ്കൽപ്പം. അതാണ് ഇക്കൂട്ടരുടെ മലയാളത്തനിമ. ഉദ്ദേശം ഏതു കാലം പിറകിലുണ്ടായിരുന്നതാണ് തനിമലയാളം ? ഏതൊക്കെ കൃതികളിലാണ് കൃത്യമായ ഈ മലയാളം കണ്ടെത്താൻ കഴിയുക? ഇത്തരം ചോദ്യങ്ങൾക്കാകട്ടെ വേണ്ട പോലെ ഉത്തരവുമില്ല. തീർച്ചയായും പുതിയകാലത്ത് ഭാഷാസ്വരൂപത്തെയും അതിൻ്റെ പരിണാമതഗതിയെപ്പറ്റിയും വളരെ വിശാലമായ അർത്ഥത്തിൽ മനസ്സിലാക്കി മാത്രമേ ഭാഷയെ രക്ഷിക്കുവാൻ ഇറങ്ങി പുറപ്പെടേണ്ടതുള്ളൂ.
വ്യത്യസ്ത പ്രാദേശികഭേദങ്ങളും മാനകരൂപങ്ങളും അതിൽ തന്നെ എഴുത്തും ഭാഷണവും എല്ലാം ചേർന്ന സംഘാതമാണ് ഓരോ ഭാഷയും. ഭാഷാസംരക്ഷണം എന്ന പേരിൽ ഏതെങ്കിലും ഒരു കാലത്ത് നിലനിന്നിരുന്ന ഭാഷാ പ്രയോഗത്തെയോ ശൈലിയെയോ ആധികാരികമാണെന്നു കരുതുന്നതിന് യാതൊരു കാരണങ്ങളുമില്ല. ഇത്തരം ഇല്ലാത്ത തനിമാവാദങ്ങൾ ഭാഷാപുരോഗതിയെപ്പറ്റിയും ഭാഷയെപ്പറ്റിത്തന്നെയുമുള്ള ധാരണക്കുറവല്ലാതെ മറ്റൊന്നുമല്ല. വൈകാതെ കത്തിത്തീർന്നു വിസ്മൃതിയടയുന്നതോ മ്യൂസിയം പീസായി ചുരുങ്ങുന്നതോ ആണ് ഇന്നത്തെ ഭാഷയിലെ ജീവനുള്ള വാക്കുകളും വാഗർത്ഥങ്ങൾ പോലും. ശൈലികളും എന്തിന് വാചകഘടനകൾ പോലും മാറാത്ത ഏതോ സ്ഥിരാങ്കത്തിലുള്ളതല്ല.
സതി സമ്പ്രദായം നിലച്ചതോടെ നിൽക്കക്കള്ളിയില്ലാതെ പോയ ഒരു വാക്കാണ് 'ഉടന്തടിച്ചാട്ടം'.
അതായത് തടികേടാക്കുന്ന തീയിലേക്ക് എടുത്തു ചാടുക എന്നർത്ഥം. മറ്റൊന്നിനും തൽകാലം അനുയോജ്യമല്ലായ്ക തോന്നിയാകാം ആ വാക്ക് പിന്നീടധികം ചാട്ടത്തെ സൂചിപ്പിക്കാനുള്ള ഒരു സന്ദർഭത്തിലും മലയാളി ഉപയോഗിച്ചില്ല. ശപിക്കപ്പെട്ട ആ വാക്ക് എന്തായാലും ഇനി വേണ്ട എന്നു തോന്നും. ഇങ്ങനെ വേണ്ടും വിധമുള്ള പ്രയോഗ സാധ്യതയാണ് ഭാഷ മുഴുവനും. അതില്ലാതായാൽ ഏതു വാക്കിൻ്റെയും വാക്കിലൂടെ ഉൽപന്നമാകുന്ന അർത്ഥത്തിൻ്റെയും കഥ തീരും. പ്രയോഗസാധുത ഇല്ലാതായാൽ വാക്കുകളടക്കം ആർക്കും വേണ്ടാതാകും. കാരണമെന്തെന്നല്ലേ. ഭാഷ - മനുഷ്യൻ്റെ ഉപകരണമാണത്. പ്രയോഗസാധുതയില്ലാതാകുന്ന ഏതുപകരണവും സ്ഥലം മുടക്കിയാണ്.
സംശയമെന്ത്!
അതതുകാലത്തെ ആവശ്യം പ്രമാണിച്ച് മനുഷ്യഭാവുകത്വങ്ങളിൽ സംഭവിക്കുന്നതാണ് ഭാഷ. സാധാരണ മനുഷ്യരാണ് അതിനെ പ്രയോഗത്തിലൂടെ സാധുവാക്കുന്നത്. പാടത്തും പറമ്പിലും പണിയുന്നവർ. അങ്ങാടിയിൽ അരിച്ചാക്ക് ചുമക്കുന്നവർ. എന്നു വെച്ചാൽ കമ്പ്യൂട്ടറിനു മുന്നിൽ കൂനിക്കൂടിയിരുന്നമരുന്നവനും ഉൾപ്പെടും. ചില വാക്കുകൾ നിയത അർത്ഥമില്ലെന്നാകിലും ജീവിതത്തിൻ്റെ ചൂരും ചൂടും കൊടുത്ത് കൂടെ നടത്താൻ ഭാഷയെ നിശ്ചയിക്കുന്ന മനുഷ്യനറിയാം. കൂപ്പിൽ തടിപിടിക്കുന്ന മനുഷ്യരെ നോക്കൂ. അവർ ഏലം ഏലേലം എന്ന് ഏറ്റു പറയുമ്പോൾ ഏലമെന്നോ കാപ്പിയെന്നോ അർത്ഥമുണ്ടോ അതിന് ? അതിൻ്റെ അർത്ഥവും അസ്തിത്വവും തടി പിടിക്കുന്നവൻ നിർണയിക്കും. തടി പിടിക്കുന്നവൻ്റെ ഈടായി ഭാഷാശാസ്ത്ര ഗ്രന്ഥങ്ങൾ സൗകര്യമുണ്ടെങ്കിൽ അതിനെ അംഗീകരിച്ചാൽ മതിയാകും എന്നതാണ് അതിൻ്റെ നിലപാട്.
സജീവ ശക്തിയാണെങ്കിലും നിയതമായ അർത്ഥചിന്തനം സാധ്യമല്ലാത്ത അത്തരം വാക്കുകളടക്കം ഒരു വിശദസഞ്ചയമായിരിക്കും ഓരോ ജീവൽഭാഷയും. മുമ്പത്തേതിൽ നിന്ന് മാറി മറിഞ്ഞ അർത്ഥത്തോടും കടകവിരുദ്ധമായ ഉദ്ദേശത്തോടെയും പിന്നീടും നിലനിന്നു രക്ഷപ്പെടുന്ന വാക്കുകളുമുണ്ട്. പരിണമിച്ചതിനാലാണ് അവ നവജീവനോടെ തുടർന്നും നിലനിൽക്കുന്നത്. അടിപൊളി എന്ന വാക്ക് പത്തുമുപ്പതു വർഷങ്ങൾക്കു മുമ്പേ ഉണ്ടെങ്കിൽ തന്നെ ഇന്നത്തെ അർത്ഥത്തിലല്ലല്ലോ അത്.
ങ്ങള് പൊളിക്കങ്ങട് എന്നു പറയുന്നതിലും പഴയ ഉദ്ദേശ്യമല്ല ഒരിക്കലും. ഇതെല്ലാം കണക്കിലെടുത്താൽ സംരക്ഷണത്തിനായി ബലമായി പിടിച്ചു നിർത്തേണ്ടുന്ന എന്തുണ്ട് ഭാഷയുടെ പ്രവാഹഗതിയിൽ ? ഭാഷ അതതു ദേശത്തെ ജനജീവിതം കൊണ്ടു തന്നെ സംഗതമാണ്. ഉള്ളുറപ്പും അന്ത:സ്സാരവുമുള്ള ഒരു ദേശത്തെ ജനജീവിതം തന്നെയാണ് ഭാഷയുടെ സാംഗത്യം.
മലയാള ഭാഷാസ്നേഹികളുടെ മുഖ്യ എതിരാളി ഇംഗ്ലീഷ് ആയിട്ടാണ് പൊതുവിൽ പറയപ്പെടുന്നത്. നമ്മുടെ ഭാഷയിലേക്ക് സംസാരവേളയിലും മറ്റും വാക്കുകളുടെ ചാത്തനേറ് - അതാണ് ഇംഗ്ലീഷിൻ്റെ ഉപദ്രവം.
അയ്യേ...മംഗ്ലീഷ് എന്നൊക്കെ നീരസം പ്രകടിപ്പിക്കുമ്പോഴും മറ്റനേകം ഭാഷകളിൽ നിന്ന് അനേകമനേകം വാക്കുകൾ ഇഷ്ടാനുസാരം സ്വീകരിച്ചാണ് മലയാളം ഇന്നത്തെ നിലയിൽ എത്തിയിരിക്കുന്നത് എന്നതിനെപ്പറ്റി നാം സൗകര്യപൂർവ്വം മറക്കുന്നു. മലയാളം മാത്രമല്ല ലോകത്തിലെ സകല ജീവൽഭാഷകളും അങ്ങനെയാണ് വളർന്നു വികസിച്ചെത്തിയത്. അങ്ങനെയേ പറ്റൂ. പരസ്പര സഹവർത്തിത്വ സഹകരണങ്ങളില്ലാതെ മനുഷ്യന് ഭൗമ ജീവിതം എത്രകണ്ട് അസാധ്യമാണോ അത്ര കണ്ട് അസാധ്യമാണ് പരസ്പരം കൊള്ളെക്കൊടുക്കലുകളില്ലാത്ത ഭാഷയും. അങ്ങനെ ചിന്തിക്കുമ്പോൾ വംശക്കലർപ്പില്ലാത്ത മനുഷ്യൻ എന്നതു പോലെ ഒരു അനാവശ്യ വാദമാണ് ഭാഷാശുദ്ധിവാദവും ഭാഷയിലെ തനതുവാദവും.
നോക്കൂ! ഇതരഭാഷാ ബന്ധമില്ലാത്ത പദങ്ങൾ നമുക്ക് അധികമില്ല. സംസ്കൃതം, വിവിധ പശ്ചിമേഷ്യൻ ഭാഷകൾ, ഇംഗ്ലീഷ്, ഇതര യൂറോപ്യൻ ഭാഷകൾ, വിവിധ ഇന്ത്യൻ ഭാഷകൾ, മൂലദ്രാവിഡം തുടങ്ങി പല ഇടങ്ങളിൽ നിന്നും മലയാളം പദങ്ങൾ കടംകൊണ്ടിട്ടുണ്ട്. അതുകൊണ്ട് ഭാഷയുടെ തനിമ അന്വേഷിക്കുമ്പോൾ മുൻപറഞ്ഞ ഇതരഭാഷകളിലെ വാക്കുകളെല്ലാം കിഴിച്ച് വല്ല 'എന്താ, ഏതാ' മറ്റോ അവശേഷിച്ചാലായി! ഒരു വേള മറ്റു ഭാഷകൾ തമിഴ് സംസ്കൃതം മുതൽ ഫ്രഞ്ച് ലത്തീൻ പേർഷ്യൻ വരെ എല്ലാവരും വന്ന് അവരുടേത് എടുത്തോണ്ടു പോയാൽ മലയാളത്തിൻ്റെ പോക്കറ്റ് മിക്കവാറും കാലിയാകും എന്നുറപ്പാണ്.
അതിശയിക്കേണ്ടതില്ല.മറ്റുഭാഷകളെയും സംസ്കാരങ്ങളെയും സെൻസർ ചെയ്താലൊന്നും ഏതെങ്കിലുമൊരു ഭാഷയുടെയോ സംസ്കാരത്തിൻ്റെയോ ശുദ്ധ അസ്തിത്വം എന്നൊന്ന്ക ണ്ടെത്താനാവില്ല. പിന്നെന്ത് തനിമ. ഓരോ ഭാഷയും പല സംസ്കാരങ്ങളുടെ - അറിവുകളുടെ അനുഭവ വാഗർത്ഥങ്ങളുടെ വിശദസഞ്ചയമാണ്. അതാകട്ടെ കേവലം പദസംഘാതമല്ല; ഭൂതവും ഭാവിയും കാണാമെങ്കിലും സജീവമായ വർത്തമാനത്തിൻ്റെ കാലസ്ഥലരാശിയിലാണ് ഭാഷ വ്യവഹാര സജ്ജമായിരിക്കുന്നത്. വാക്കുകളുടെ പേരിൽ മലയാളഭാഷാപ്രേമം ഇംഗ്ലീഷിനോട് പ്രഖ്യാപിച്ചിട്ടുള്ള ശീതയുദ്ധം ഏതളവിലും യുക്തിസഹവുമല്ല.
ഇംഗ്ലീഷിനെ തള്ളിപ്പറയാത്ത പക്ഷം നാം കൊളോണിയൽ അധികാരത്തിന്റെ ഭാഷയോട് വിധേയത്വം പുലർത്തുന്നു എന്നു വരെ ആരോപണങ്ങൾ ചെന്നെത്താറുണ്ട്. എന്നാൽ കൊളോണിയൽ അധികാരകേന്ദ്രങ്ങൾ സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി യൂറോപ്യന്മാർ ലോകത്താകമാനം സഞ്ചരിച്ച കാലത്തെ അവസ്ഥയല്ല ഇന്ന് ഇംഗ്ലീഷ് ഭാഷയുടേത്. അത് ജനകീയ ഭാഷയായി മാറിയിരിക്കുന്നു. യൂറോപ്പിനുള്ളിലും പുറത്തുമായി അതിന് നിരവധി ദേശീയ ഭേദങ്ങളുണ്ട്. താല്പര്യമുള്ളവർക്ക് എന്തും പഠിക്കാൻ കഴിയുന്ന ആധുനിക സാങ്കേതികവിദ്യയുടെ കാലത്ത് ഏതൊരാൾക്കും ഇംഗ്ലീഷ് അനായാസം കൈവശപ്പെടുത്താം. സാങ്കേതിക പുതുവിദ്യാഭ്യാസത്തിൻ്റെ മാധ്യമം മാത്രമാണ് ഇംഗ്ലീഷ് എന്ന വാദവും നിലനിൽക്കില്ല. ബ്രിട്ടീഷ് ഭാഷ എന്ന കുത്തക നിലവാരത്തിൽ നിന്ന് ഇംഗ്ലീഷ് പുറത്തുകടന്നുകഴിഞ്ഞു. ഇംഗ്ലീഷ് ലോകഭാഷയായി വളരുന്നതിനെ ഇനിയങ്ങോട്ട് ഒരു അധികാരസ്ഥാപനത്തിനും കീഴ്പെടുന്നതായി വിലയിരുത്തുന്നതിൽ കഴമ്പില്ല. ഭൂഗോളത്തിൻ്റെ വിവിധ കോണുകളിലെ ആശയങ്ങളെയും അനുഭവങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുവാനും കൈമാറുവാനും സാധ്യത നൽകുന്ന പൊതുഭാഷയായി മാറി എന്നതാണ് ഇത്രകാലം കൊണ്ട് ഇംഗ്ലീഷിന് ഉണ്ടായിരിക്കുന്ന വളർച്ച. ഉൽക്കർഷേച്ഛുവായ ഒരു ജീവൽഭാഷയ്ക്കും അത് കാണാതിരിക്കാനാകില്ല.
സാംസ്കാരിക ഉൽപ്പന്നമായ ഭാഷയുടെ വളർച്ചയും തളർച്ചയും സ്വാഭാവിക ജൈവ- സാംസ്കാരിക പ്രതിഭാസമാണ് എന്നതിൽ കൂടുതൽ ഇനിയും പറയേണ്ടതുണ്ടോ. കരുതിക്കൂട്ടി മതിലുകൾ തീർത്തോ മറകെട്ടിയോ സംരക്ഷിക്കാവുന്ന ഒന്നല്ല ഭാഷ. വ്യക്തമായ സാംസ്കാരിക ദൗത്യം നിർവഹിക്കാനില്ലെന്നു വന്നാൽ ഭാഷ ക്രമേണ വിസ്മരിക്കപ്പെടുകയോ മൃതഭാഷയായി തുടരുകയോ ചെയ്യുന്നു. അതിന് എത്രയോ ഉദാഹരണങ്ങൾ നമുക്കുണ്ട്.
എന്നാൽ സമൂഹത്തിൻ്റെ സാംസ്കാരിക ജീവസന്ധാരണത്തിൽ മുഖ്യപങ്കുവഹിക്കുന്ന ഒരു ജീവൽഭാഷ, അത് ക്രമാനുഗതമായ പരിണാമങ്ങളിലൂടെ നിലനിൽക്കുക തന്നെ ചെയ്യും. മാറ്റത്തിൻ്റെ മാനദണ്ഡം വ്യാകരണ പുസ്തകങ്ങളായിരിക്കില്ല. ഭാഷാശുദ്ധി വാദത്തെ മറികടന്നുകൊണ്ടാണ് ഭാഷ മാറുക. 'യഥാർത്ഥമായ തനത് രൂപം' ഭാഷയിലെന്നല്ല സംസ്കാരത്തെ സംബന്ധിക്കുന്ന ഒരു വ്യവഹാരത്തിലും നടപ്പുള്ളതല്ലെന്ന് തിരിച്ചറിഞ്ഞേ പറ്റൂ. വസ്തുതകളെ അംഗീകരിച്ചേ പറ്റൂ!
മലയാള ഭാഷയെപ്പറ്റിയുള്ള എംടിയുടെ ഭാഷാപ്രതിജ്ഞയിൽ പറയുന്നതു പോലെ ഭാഷ ആകാശമാണ് എന്നും മറ്റും കാൽപനികതയിലേക്ക് പോകുന്നതിലും പ്രശ്നമുണ്ട്. ഡിക്ഷ്ണറിയും ലൈബ്രറിയുമൊക്കെ എത്ര വലുതായാലും ശരി, ജനതയുടെ ജീവിതപരിസരത്ത് ഇപ്പോൾ പ്രയോഗത്തിലുള്ള സ്ഥിരം കുറച്ചു വാക്കുകളിലും പ്രയോഗങ്ങളിലുമാണ് ഭാഷ എപ്പോഴും കറങ്ങിക്കളിച്ചു കൊണ്ടിരിക്കുന്നത്. നിലനിൽക്കുന്ന ഭാഷ മനുഷ്യൻ്റെ കൃത്യതയുള്ള ഉപകരണമാണ്. അതിന് കടലുമായിട്ടോ അനന്താകാശവുമായിട്ടോ ഉപമ സാധ്യമല്ല.
അമ്മയും മാതൃഭാഷയും എന്നതാണ് മറ്റൊരു ക്ലീഷേ. മാതാവിനെപ്പോലെ ഒന്നാണ് മാതൃഭാഷ എന്ന് ഭാഷയുടെയും ദേശത്തിന്റെയും പേരു പറഞ്ഞ് തമ്മിൽ തല്ലി മരിച്ച മനുഷ്യരുടെ; യുദ്ധങ്ങൾ നയിച്ചിട്ടുള്ള മനുഷ്യരുടെ ലോകത്തു നിന്നു കൊണ്ട് പറയുവാനും നിർവാഹമില്ല.
ഇത്തരം കാൽപ്പനിക ധാരണകളിലൂന്നിയ ചമൽകാര മട്ടിൽ മാതൃഭാഷയായ മലയാളത്തെ രക്ഷിക്കാനുള്ള യത്നങ്ങൾ സർക്കാർ തലത്തിൽ തന്നെ കൊണ്ടാടപ്പെടുന്നുണ്ട്. അത്തരം ക്യാംപെയിനുകളുടെ ലക്ഷ്യങ്ങളും മാർഗ്ഗങ്ങളും തീർച്ചയായും പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ചുരുങ്ങിയപക്ഷം മാറ്റങ്ങൾ പ്രകൃതിപരമായ സ്വാഭാവികതയെന്നെണ്ണാതെയുള്ള മലയാളത്തനിമാവാദങ്ങളും ശുദ്ധിവാദങ്ങളും പുത്തൻ തറവാടിത്തഘോഷണം പോലെ തോന്നിക്കുന്നു. ഇത്തറവാടിത്തഘോഷണങ്ങളെപ്പറ്റി കവി പാടിയത് ഈ വിഷയത്തിലും പ്രസക്തം തന്നെ!
Comments