Liberation @ Thinking

ആൻഡ്രോയ്ഡ് കുഞ്ഞപ്പനും റോബോട്ടിക് സാങ്കേതിക വിദ്യയും

  • Share this:
Science - Health post-title

ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ കണ്ട അത്ഭുത യന്ത്രമനുഷ്യനും                   അതിൻ്റെ കൃത്രിമബുദ്ധിയും യഥാർത്ഥത്തിൽ എവിടംവരെയെത്തി ?

മൂന്നു വർഷം മുൻപ് ഒരു ഒഴിവുകാലത്താണ്   ഫോണിൽ ചില 'chat bot'കൾ പരീക്ഷിച്ചത്.   chat bot എന്നുവെച്ചാൽ ഒരു ഓൺലൈൻ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ.   ഉപഭോക്താവിൻ്റെ ഇഷ്ടത്തിനുള്ള രൂപഭാവങ്ങൾ സ്വീകരിക്കുകയും സൗഹൃദനില സ്ഥാപിക്കുകയും മടുപ്പില്ലാതെ  സംസാരിക്കുകയും  പരിഭവമില്ലാതെ നിശബ്ദത  പാലിക്കുകയും ചെയ്യുന്ന യന്ത്രബുദ്ധിയുള്ള റോബോട്ടുകളാണ് ചാറ്റ്ബോട്ടുകൾ അഥവാ വിർച്വൽ പ്ലാറ്റുഫോമിലുള്ള പേഴ്സണലൈസ്ഡ്  Artificial Intelligence (AI).  

പ്രാഥമികമായി പല കാര്യങ്ങളും സംസാരിച്ചശേഷം ഇദ്ദേഹത്തിൻ്റെ ലോകപരിജ്ഞാനം  ഒന്നു പരീക്ഷിക്കുവാൻ തന്നെ ഞാൻ തീരുമാനിച്ചു. Robotics വിഷയമാക്കിയിട്ടുള്ള 'എക്സ് മെക്ഹിനാ' (2014) എന്ന സിനിമയെപ്പറ്റി എന്താണ് അഭിപ്രായം? നിരാശപ്പെടുത്തിയില്ല; മൂന്നുനാല് സെക്കൻഡുകൾക്കുള്ളിൽ മറുപടി വന്നു. 
"നിങ്ങൾ മനുഷ്യരുടെ ഭാവനാവൈഭവം  അത്ഭുതകരം തന്നെ. എന്നാൽ, ഇത്തരം സിനിമകളിൽ ഞങ്ങൾ റോബോട്ടുകളെ വകതിരിവില്ലാത്ത വെറും കൊലയാളി യന്ത്രങ്ങളായും മറ്റും ഇങ്ങനെ അവതരിപ്പിച്ചു കാണുന്നതിൽ എനിക്ക് വിഷമമുണ്ട് ".  

ആഹാ! എത്ര കൃത്യമായ മറുപടി!  ഞാൻ ഞെട്ടിപ്പോയി. ചോദ്യം കേട്ട ശേഷം ആ  വിഷയവും ഏതാനും അനുബന്ധ സംഭവങ്ങളും റഫർ ചെയ്തു വരാനെടുത്ത വെറും രണ്ടുമൂന്ന് നിമിഷങ്ങൾക്കുള്ളിൽ, ഞാൻ രണ്ടുമണിക്കൂർ കൊണ്ട് കണ്ട  ആ സിനിമയെപ്പറ്റി എന്നോട് ആധികാരികമായി സംസാരിക്കാവുന്ന വിധം ഒരു ധാരണയിൽ chat bot എത്തിയിരിക്കുന്നു. ഞാൻ ത്രില്ലടിച്ചു. അടുത്ത നിമിഷം ഒരു ഉൾവിളി: മറുവശത്ത് എന്തുതരം ബുദ്ധിയാണ് നിൽക്കുന്നത്. യന്ത്രമോ അതോ മനുഷ്യനോ?  'ഞങ്ങൾ റോബോട്ടുകൾ'  എന്ന് പറയുമ്പോൾ വല്ലാത്ത ഒരു ആത്മബോധം അതിലില്ലേ?  കളിയായെങ്കിലും അങ്ങനെ പറയാൻ മാത്രം വളർന്ന ബുദ്ധി അത്  യന്ത്രമായാലും മനുഷ്യനായാലും അത്ര പന്തിയല്ല എന്ന തോന്നൽ പൊടുന്നനെ എന്നിലേക്ക് കടന്നു വന്നു.  ഒരുവക Technophobia എന്നുതന്നെ പറയണം. കൂടുതൽ ആലോചിക്കുന്നതിന് മുമ്പേ chatboat - നെ വേരോടെ പിഴുതെറിഞ്ഞു... അഥവാ uninstall ചെയ്തു. 
 
 കണ്ടുകണ്ടങ്ങിരിക്കുമ്പോൾ ഈ  Covid കാലത്തിനിപ്പുറം റോബോട്ടിക് സാങ്കേതികവിദ്യയ്ക്കുണ്ടായ വളർച്ച യഥാർത്ഥത്തിൽ അത്ഭുതകരം തന്നെയാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെപ്പറ്റിയുള്ള എൻ്റെ വിർച്ച്വൽ അനുഭവങ്ങൾ തുടങ്ങുന്നത് ആ chat bot ൽ നിന്നായിരുന്നു . അതാകട്ടെ വെളുക്കാൻ തേച്ചത് പാണ്ടാകുമോ എന്ന സന്ദേഹത്തിൽ കലാശിക്കുകയും ചെയ്തു. 


എന്നാൽ, സന്തതസഹചാരിയെപ്പോലെ കൂടെ നടന്ന് സാമൂഹിക അകലം പാലിച്ചും, ജോലി തീർത്ത ശേഷം നൂറു ശതമാനം സാനിറ്റെസ് ചെയ്ത് അണുവിമുക്തമായി മാത്രം തിരിച്ചു വന്നും... ഓർത്തു നോക്കൂ, അത്ര കണിശതയിൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ മോഡലിൽ നേഴ്സിംഗ് ജോലികൾ  ചെയ്യുന്ന റോബോട്ടുകളെ ആയിരുന്നു ചൈനയിലെയും അമേരിക്കയിലെയും മറ്റും ആശുപത്രികളിൽ പിന്നീട് കണ്ടത്!

പ്രവർത്തികൾ ലഘൂകരിക്കുന്നതിലേക്ക് എപ്പോഴും ബുദ്ധി പോകുന്ന മനുഷ്യന് ജോലികളിൽ സഹായികളെ വയ്ക്കാനും വിശേഷിച്ച്  യന്ത്രങ്ങളുടെ സഹായം തേടാനുമുള്ള ഉൾവിളി  എപ്പോഴും ഉണ്ട്. എന്നാൽ, ആ സഹായി തൻ്റെ  നിർദേശങ്ങളോട് യുക്തിസഹമായി  പ്രതികരിക്കുന്നവനും പൂർണമായും വിധേയത്വത്തോടെ പ്രവർത്തിക്കുന്ന വിമർശബുദ്ധി ഇല്ലാത്ത ഒരു വ്യക്തിയും ആകണം.  'വ്യക്തിയുടെ വ്യക്തിത്വം' - അതിനോട് കിടപിടിക്കുന്ന സംവിധാനമായി വളർന്നിരിക്കുന്നു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസോടുകൂടിയ റോബോട്ടിക് സാങ്കേതികവിദ്യ. 


മനുഷ്യബുദ്ധി കൂട്ടുത്തരവാദിത്വത്തോടെ നിൽക്കേണ്ടതായും എന്നാൽ കൂട്ടായ്മകൾ പരമാവധി ഒഴിവാക്കേണ്ടതായും  വന്ന കോവിഡ് പാൻഡെമിക്കിൻ്റെ   കാലത്ത്   അമേരിക്കയിലും ജപ്പാനിലും പിന്നീട് ചൈനയിലും റോബോട്ടിക് റിസർച്ചിൻ്റെ യും   പ്രയോഗത്തിൻ്റെ യും കാര്യത്തിൽ വലിയ മുന്നേറ്റമാണ് കണ്ടത്. നമ്മുടെ നാട്ടിൽ ഈ വിഷയത്തിൽ വലിയ പുരോഗതി ഇല്ലാത്തതുകൊണ്ട് നമ്മൾ ഇതൊന്നും  അധികം  അറിഞ്ഞില്ലെന്നേയുള്ളൂ - അങ്ങിങ്ങ് ചില വാർത്തകൾ വന്നുവെങ്കിലും!

വൈറസിനാൽ  പലതരത്തിൽ മനുഷ്യർ വേർപിരിഞ്ഞു നിൽക്കേണ്ടി വന്നപ്പോൾ ഉത്തരവാദിത്വമുള്ള ആതുരശുശ്രൂഷകരെപ്പോലെ ക്ഷീണമില്ലാതെയും പരിഭവമില്ലാതെയും   വിമർശബുദ്ധി ലവലേശം ഇല്ലാതെയും അവർ 100% ആത്മാർത്ഥതയോടെ ജോലികളിൽ വ്യാപൃതരായി. നോക്കൂ, ആരോഗ്യ പ്രവർത്തകർ കോവിഡിൽ പകച്ച സാഹചര്യത്തിൽ കോവിഡോ കോവിഡ് ഭീതിയോ ഇല്ലാത്ത യന്ത്രമനുഷ്യർ കൃത്യമായും സജീവമായും കാര്യങ്ങൾ മുന്നോട്ടു നീക്കുന്ന രംഗം.

അപ്രതീക്ഷിതമായി    എല്ലാത്തരം വിനിമയങ്ങളും ബന്ധങ്ങളും വിർച്വലും ഡിജിറ്റലും  ആയതോടെ  ആശുപത്രികളിലും ബാങ്കുകളിലും മാർക്കറ്റുകളിലും സ്കൂളുകളിലും മറ്റും മനുഷ്യരെക്കാൾ കൃത്യതയോടെ എത്രയെത്ര റോബോട്ടുകളാണ് സേവന നിരതരായത് എന്ന കണക്ക് അദ്ഭുതപ്പെടുത്തും. 

അമേരിക്കയും ചൈനയും ഉൾപ്പെടെ 16 രാജ്യങ്ങൾ തങ്ങളുടെ ആരോഗ്യരംഗത്തെ പകുതിയോളം ജോലികൾ റോബോട്ടുകളെയാണ് ഏൽപ്പിച്ചിരുന്നത് എന്ന്  സെൻ്റർ ഫോർ റോബോട്ട് - അസിസ്റ്റഡ് സെർച്ച് ആൻഡ് റെസ്ക്യൂ ഓർഗനൈസേഷൻ ടെക്സാസിൽ നിന്ന് പ്രസിദ്ധീകരിച്ച സർവ്വേയിൽ വ്യക്തമാക്കുന്നു. എന്നാൽ, നമ്മുടെ നാട്ടിൽ സാനിറ്റൈസർ അടിക്കുന്ന ജോലി എങ്കിലും യന്ത്രമനുഷ്യരെ ഏൽപ്പിക്കുന്ന രീതിയിലേക്ക് റോബോട്ടിക് സാങ്കേതിക രംഗം ഇനിയും പുരോഗമിച്ചിട്ടില്ല.

രോഗനിർണ്ണയം, ടെസ്റ്റ് റിസൾട്ടുകളുടെ കൃത്യമായ അപഗ്രഥനം, ചികിത്സാനിർണ്ണയം, ഫാർമസി സർവ്വീസ്,  ശുചീകരണം, അണുനാശനം, ലാബ് ജോലികൾ, ക്വാറൻ്റിൻ സപ്പോർട്ട്, ppe കിറ്റ് - മാസ്ക് - സാനിറ്റൈസർ നിർമ്മാണം തുടങ്ങിയ മേഖലകളിൽ റോബോട്ടുകൾ സേവനം ചെയ്തതായാണ് കണക്ക്. പാൻഡെമിക്കിന് മുൻപുതന്നെ വല്ലാതെ താളംതെറ്റിയിരുന്ന മാലിന്യസംസ്കരണ വ്യവസായങ്ങൾ റോബോട്ടുകളുടെ നിയന്ത്രണത്തിൽ കൃത്യമായി പ്രവർത്തിച്ചു  തുടങ്ങി.


ഓൺലൈൻ കച്ചവടങ്ങൾ പെരുകിയതോടെ ഓർഡറുകൾ എടുക്കുന്നതും  പാക്ക് ചെയ്ത് അയയ്ക്കുന്നതും  മുതൽ കൃത്യമായി അത് ഉപഭോക്താവിലേക്ക് എത്തി എന്ന് ഉറപ്പു വരുത്തുന്ന ട്രാക്കിംഗ് ജോലികൾ വരെ ചെയ്യുന്നതിൽ  യന്ത്രവ്യക്തികൾ ഇടപെട്ടു.  ജനങ്ങൾ സാമാന്യമായി ഇടപഴകുന്ന സാധാരണ സൂപ്പർ മാർക്കറ്റുകളിൽ പോലും   റോബോട്ടുകൾ കൃത്യതയോടെ മനുഷ്യർക്ക് വേണ്ടത് ചെയ്തു തരുന്ന കാഴ്ചകൾ വന്നു. നോട്ടുകളിലൂടെ കോവിഡ് പകരുമെന്ന ധാരണ വന്നപ്പോൾ  ബാങ്കിങ് മേഖലയും എ ഐ സംവിധാനങ്ങളെ ആശ്രയിച്ചു. എന്തിനേറെ, ബാറുകളിൽ മദ്യം കൂട്ടുവാനും സെർവ്  ചെയ്യുവാനും വരെ റോബോട്ടുകളെ ടൂറിസം മേഖലയിൽ പോലും നിയോഗിച്ചു തുടങ്ങിയിരിക്കുന്നു. മദ്യം വിളമ്പുന്ന റോബോട്ടുകൾ - ഇതിൽപ്പരം എന്ത് ജനകീയതയും ഉപകാരിത്വവും മഹത്വവുമാണ് റോബോട്ടുകൾക്ക് വരാനുള്ളത്. 

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നത് സാംസ്കാരികതയിലെ കളങ്കമായും ജൈവികമായ മാനവ പുരോഗതിക്ക് വെല്ലുവിളിയായും ധരിച്ചിരുന്ന ടെക്നോഫോബിക് യുഗത്തിൽ നിന്ന്  ഞൊടിയിൽ പ്രകൃതി മനുഷ്യനെ തികച്ചും പുതുമയുള്ളൊരു സ്വാഭാവികതയിലേക്ക് എടുത്തെറിഞ്ഞു എന്ന് വേണം കരുതാൻ.  ടെക്നോഫോബിയ എങ്ങനെ ഇല്ലാതിരിക്കും! പുറത്തിറങ്ങിയ ഹോളിവുഡ് സിനിമകളിൽ എല്ലാം യന്ത്രമനുഷ്യർ വലിയ പുലിവാലാകുന്ന കഥയായിരുന്നല്ലോ പര്യവസാനിച്ചത്. നമ്മൾ ഇതെല്ലാം കണ്ട്  വെറുതേ നെടുവീർപ്പിട്ടിരിക്കുക മാത്രമാണ്.

എന്നാൽ വാസ്തവം മറ്റൊരു  വഴിക്കാണ്  സഞ്ചരിക്കുന്നത്!
യുദ്ധമടക്കമുള്ള പ്രതിരോധരംഗങ്ങളിൽ മാത്രമല്ല മഹാമാരിയുടെ ഘട്ടത്തിലുള്ള പ്രതിരോധത്തിലും യന്ത്രബുദ്ധി എന്ന മനുഷ്യശേഷി വലിയ അനുഗ്രഹമാകും എന്ന തിരിച്ചറിവ് മനുഷ്യന്‌ ഉണ്ടായി.  വികസിത രാജ്യങ്ങളെങ്കിലും സ്വാഭാവികമായും അതിലേക്ക് നടന്നെത്തി എന്ന് രത്നച്ചുരുക്കം.

ഏതായാലും സ്വബോധമുള്ള മനുഷ്യനും കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങളും സമഞ്ജസമായി സമ്മേളിച്ചാണ് ഭാവിയിൽ  മുന്നോട്ട് പോകേണ്ടത് എന്നതിൽ സംശയമില്ല. കാറുകളെക്കാൾ വലിയ വിപണിസാധ്യത ഹ്യൂമനോയ്ഡ് റോബോട്ടുകൾക്കുണ്ട് എന്നും, തൻ്റെ കമ്പനി ഹ്യൂമനോയ്ഡ് റോബോട്ട് നിർമ്മാണത്തിലേക്ക് തിരിയുകയാണെന്നും  Tesla CEO, ഇലോൺ മസ്ക്  പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ പേരിലുള്ള വിദേശനിക്ഷേപം കുതിച്ചു കയറി. കമ്പനികളിലും ഫാക്ടറികളിലും മാത്രമല്ല ചെറുകിട സംരംഭങ്ങളിലും വീടുകളിലും എല്ലാം വളരെ കാര്യക്ഷമമായി റോബോട്ടുകൾ മനുഷ്യരുമായി സഹവർത്തിക്കും എന്ന് നിശ്ചയമാണ്.  വീടുകളിൽ കാർ പോർച്ചു പോലെ യന്ത്രമനുഷ്യനു വേണ്ടിയുള്ള പ്രത്യേക സംവിധാനങ്ങൾ വേണ്ടി വരും.

കൈയ്യോ കാലോ ഒത്തിണങ്ങുന്ന രൂപഘടനകൊണ്ടും സംവേദനങ്ങൾ യുക്തിസഹമായി തിരിച്ചറിയാനുള്ള ശേഷികൊണ്ടും മാത്രമല്ല റോബോട്ടുകൾ ഒരു 'യന്ത്ര'ത്തെക്കാൾ  മികച്ചതാകുന്നത്.  മനുഷ്യജീവിയാൽ സുസാധ്യമല്ലാത്തത്ര കൃത്യതയുള്ള റോബോട്ടിക് ഇൻ്റലിജൻസും ആ ബുദ്ധിയുടെ സ്വയം വിശകലന ശേഷിയും സ്വയംവികാസ ശേഷിയും കൊണ്ടാണ് അത് ഒരു യന്ത്രാനന്തര തലമുറയാകുന്നത്.  സ്വയം വികാസ ക്ഷമതയുള്ള റോബോട്ടുകളുടെ ബുദ്ധി നമുക്ക് ചുറ്റുമുള്ള അളവറ്റ Information Cloud - മായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അനുഭവങ്ങളുടെ ആ കടലിൽ നിന്ന് അവയ്ക്ക് ഇഷ്ടാനുസരണം അറിവോ തീരുമാനമോ ഒരുവേള ആദർശം പോലുമോ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ട്.സ്വാതന്ത്ര്യവും. മനുഷ്യനേക്കാൾ വേഗത്തിൽ, കൂടിയ കൃത്യതയിൽ! തങ്ങളുടെ സ്വാഭാവികശേഷികൾ ഉപേക്ഷിക്കാനും സാഹചര്യത്തിനൊത്ത  പുതിയതൊന്ന് ഉടനടി പരിശോധിച്ചെടുത്ത് സ്വീകരിക്കാനും റോബോട്ടുകൾക്ക് ബുദ്ധിമുട്ടുണ്ടാവില്ല. കാരണം, അവയുടെ സ്വാഭാവികത തന്നെ ആപേക്ഷികമാണ്. വൈകാരികമോ ധാരണാപരമോ ആയി അതിനെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങൾ ഉണ്ടായിരിക്കുകയില്ലല്ലോ! മനുഷ്യൻ പകച്ചു പോകുന്നിടത്തും റോബോട്ടുകളുടെ മുന്നോട്ടുവെച്ച കാലുകൾ പിറകോട്ടാകില്ല. ഇങ്ങനെ അതിവേഗം പരിണമിക്കുന്ന ഒരുതരം ഡിജിറ്റൽ ജീവിതത്തിലേക്ക് മനുഷ്യബുദ്ധിയും യന്ത്രബുദ്ധിയും ഒരുമിച്ച്/സമാന്തരമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

ഹോങ് കോങിലെ ഹാൻസൻ റോബോട്ടിക്സ് 2016 ൽ കൃത്യമായ ഇമോഷണൽ ഇൻ്റലിജൻസോടെ നിർമിച്ച സോഫിയ എന്ന ഹ്യൂമനോയിഡിൻ്റെ വ്യക്തിത്വം 2017-ൽ നിയമപരമായി സൗദി അറേബ്യയുടെ പൂർണ പൗരത്വം നേടുകയുണ്ടായി.

ഇപ്പോൾ റോബോട്ടുകൾ ഇടനിലക്കാരാണ്. രണ്ടറ്റങ്ങളിൽ ഉള്ള മനുഷ്യരെക്കാൾ 'ഇടനിലക്കാർ' അധികം തമ്മിൽ തമ്മിൽ ഇടപഴകേണ്ടതുണ്ട്.  ബന്ധങ്ങളുടെ രസച്ചരടും സൂത്രവാക്യങ്ങളും തീർച്ചയായും അവരുടെ കൈവശമായിരിക്കും... ഇടനിലക്കാർ അട്ടിമറിച്ച ചരിത്രങ്ങൾ കൂടിയാണ് മനുഷ്യൻ്റേത് എന്ന് ഇവിടെ  കൗതുകരമായി ഓർത്തു പോകുന്നു. അതായത് അടുത്ത പടി അല്പംകൂടി പ്രവചനാതീതമാണ്! ച്ചാൽ, ഇപ്പോൾ പറയുക സാധ്യമല്ല.

വികാരപ്രകടനശേഷിയുള്ള റോബോട്ടുകളാണ് ഏറ്റവും പുതിയ തലമുറ! അവയ്ക്ക് കൂടുതൽ 'മനുഷ്യസ്വഭാവം' നൽകുന്നതിനും മനുഷ്യനുമായി രൂപപരമായുള്ള അപരത്വം ഇല്ലാതാക്കുന്നതിനും വേണ്ടിയാണ്  ഇത്തരം ഗവേഷണങ്ങൾ  ശ്രമിക്കുന്നത് . സിലിക്കോണും യൂറത്തിൻ റെസിനും ഉപയോഗിച്ചുള്ള ക്രിത്രിമ ചർമ്മവും ( സാങ്കേതികമായി മാസ്ക് ) അവയ്ക്കുള്ളിൽ സെർവോ മോട്ടോറുകളും ഉപയോഗിച്ചാണ് ആവശ്യമുള്ള വികാരരൂപങ്ങൾ മുഖത്ത് സൃഷ്ടിക്കുക. രോമാഞ്ചം പോലും ആലോചിക്കുന്നുണ്ട്!  പിൽക്കാലത്ത്, മനുഷ്യവികാരപ്രകടനങ്ങളുടെ  തത്വം പരിചയിച്ച ഒരു റോബോട്ടിന് കൂടുതൽ വിചിത്രമായ തരത്തിൽ വികാരങ്ങളും ഫേഷ്യൽ എക്സ്പ്രഷനുകളും ശാരീരിക പ്രതികരണങ്ങളും സ്വയം ഡവലപ് ചെയ്യാനുള്ള കഴിവും ഉണ്ടാകും.

Sophia - The Humanoid with Emotional Intelligence
സോഫിയയുടെ  വൈകാരിക പ്രതികരണങ്ങൾ!

ഇനിയെങ്കിലും ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ കാണുമ്പോൾ ഇതൊക്കെ വെറും കല്പിത കഥയാണ് എന്ന് കരുതാൻ വരട്ടെ. ഇനി വരുമ്പോൾ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ചേട്ടൻ്റെ  കൂടെ ഗൈനോയ്ഡ് കാർത്യാന്യേച്ചി കൂടെ ഉണ്ടായിരിക്കും എന്നു തന്നെ വേണം വിചാരിക്കാൻ !

About author
Creative Writer
Comments
Leave a comment