Liberation @ Thinking

അട്ടപ്പാടിയുടെ കളക്കാത്ത സന്ദനം

  • Share this:
Positive Vibes post-title

പാക്കറ്റ് പൊട്ടിച്ച് കലക്കിയതല്ല എന്ന ഗുണം കലക്കാത്ത സന്ദനം കേട്ടാൽ അറിയാനുണ്ട്.കലക്കാത്ത സന്ദനം! അനുഭവച്ചാണയിൽ ആയാസപ്പെട്ട് അരച്ചെടുത്ത ജീവിതത്തിൻ്റെ  ചന്ദനസുഗന്ധമാണത്.

പൂ പറിക്കാൻ പോകിലാമോ  വിമേനാത്തെ പാക്കിലോമ... അവാർഡ് പൂപോലെ പറിക്കാൻ അമ്മ ഇനി വടക്കോട്ടുള്ള വിമാനത്തിലേറും.

സിനിമാ സംഗീതം കൂടുതൽ സാങ്കേതികമായിക്കൊണ്ടിരിക്കുന്നു. സാങ്കേതികമേന്മാ പ്രധാനമായി വേഗത്തിനൊത്ത് വളർന്നു കൊണ്ടിരിക്കുന്നു എന്നും പറയാം. വയലിനിസ്റ്റും തബലിസ്റ്റും മൃദംഗവാദകനും നാദസ്വര വാദകനുമെല്ലാം ഒരുമിച്ച് സംഗീത സംവിധായകൻ്റെ  നിർദ്ദേശങ്ങൾക്കൊത്ത് സ്റ്റുഡിയോയിൽ ചടഞ്ഞിരുന്ന് റെക്കോർഡിങ് പൂർത്തിയാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

അവിടെ നിന്ന് സാധ്യതകൾ വളർന്നു.

യേശുദാസും സുശീലയും ബോംബെ രവിയും പക്കവാദ്യക്കാരോടൊപ്പമിരുന്നു ഗാനങ്ങൾ ആലേഖനം ചെയ്തിടത്തു നിന്ന് കാലം പിന്നെയും മുന്നേറി. ഏതെങ്കിലും ഒരാൾക്ക് ശകലം തെറ്റിയാൽ തെറ്റി. ഒരു നോട്ട് അല്ലെങ്കിൽ ഒരു മാത്ര താളം. എല്ലാവരും വീണ്ടും ആദ്യം തൊട്ടേ ആവർത്തിക്കാതെ പറ്റില്ല. എല്ലാവരും പല കുറി റിഹേഴ്സൽ കഴിഞ്ഞ് റെക്കോർഡിങ്ങിനു വന്നിരുന്നാലും ആരെങ്കിലും ഗാനത്തിൻ്റെ  ഒഴുക്കിനിടയിൽ തെറ്റു വരുത്തിയേക്കാം.

ഇന്ന് ചിന്തിക്കേണ്ട ആവശ്യമില്ലാത്ത പഴങ്കഥ പോലുമാണ് ഇതെല്ലാം. പക്കവാദ്യങ്ങളിൽ  പലതിൻ്റെയും സ്വരം കീബോർഡിൽ വിരലമർത്തി എടുക്കാവുന്നതിലേക്ക്  സിനിമാ സംഗീതം ചുവടുമാറി. അവിടെ ഒരു യുഗ്മഗാനം റെക്കോർഡ് ചെയ്തെടുത്താൽ ഗായകനും ഗായികയും ഒരിക്കലും നേരിൽ കാണുന്നില്ലെന്നതോ പോട്ടെ, തങ്ങൾ മൈക്കിനു മുന്നിൽ പാടിയത് ഒരു യുഗ്മഗാനമാണെന്നു പോലും അവർ അറിയണമെന്നില്ല. ഒരക്ഷരം അല്ലെങ്കിൽ ഒരു വരി തെറ്റിയാൽ അമേരിക്കയിൽ നിന്ന് യേശുദാസിന് ആ വരി മാത്രം പാടി അയച്ചാൽ മതി. അത് റെക്കോർഡ് ചെയ്ത ഗാനത്തിൽ തൽസ്ഥാനത്ത്  തേച്ചൊട്ടിച്ച് എടുക്കാം. ശ്രുതി അൽപ്പം മാറിപ്പോയല്ലോ. സാരമില്ല. അതെല്ലാം പിന്നീട് ചേർത്തെടുക്കാം. സിനിമാസംഗീതം അത്ര മേൽ മാറി.

ഇവിടെ സാങ്കേതികത വലിയ സാധ്യതയും അതേസമയം ഒരു പരിമിതിയായും പ്രത്യക്ഷപ്പെടാമെന്ന സ്ഥിതിയുണ്ടായി. എല്ലാവരും കൂടിയിരിക്കുമ്പോൾ ഉണ്ടാക്കുന്ന സാകല്യത്തെ സംഗീതസംവിധായകൻ എന്ന വ്യക്തി ഒരു മുറിയിലിരുന്ന് നിശ്ചയിക്കുകയാണ്.

തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ ഇടക്കാലത്ത് പ്രമുഖ സ്റ്റുഡിയോയിലെ ഒരു റെക്കോർഡിസ്റ്റ് സംഗീത സംവിധായകനായി മാറിയ കഥ ഒരു പ്രശസ്തഗായിക തൻ്റെ   ഒരു അഭിമുഖത്തിൽ മുമ്പ് പറഞ്ഞു കേട്ടിട്ടുണ്ട്. ബി ക്ലാസ് ചിത്രങ്ങളിൽ നായകനും നായികയ്ക്കും അരങ്ങു തകർക്കാൻ ഡപ്പാം കുത്ത് ഗാനങ്ങൾ ഒരുക്കാനായിരുന്നു നിർമാതാക്കൾ അയാളെ സമീപിച്ചിരുന്നത്. നിർമാതാവിന് സിനിമ പോലെ ഗാനവും വലിയ മാർക്കറ്റിൽ വിറ്റെടുക്കാം. അവർ ഈ പുതിയ സംഗീത സംവിധായകനെ വെച്ച് ഒന്നാം നിര ഗായകരെ കൊണ്ട് പാടിച്ച് ബഹളമയഗാനങ്ങൾ പടച്ചുവിട്ടു. പലതും ഏറ്റു. സംഗീത സംവിധായകനാകട്ടെ ശ്രുതിബോധമോ താളക്കണക്കോ നാസ്തി. പാടുന്നതിനിടക്ക് സംശയം വരുമ്പോൾ ചോദിച്ചാൽ സംഗീത സംവിധായകനിലെ ചെമ്പു പുറത്തു വരുന്നത് കാണാൻ കഴിയുന്നുണ്ട്.

അവിടത്തേക്കാണ് സാങ്കേതിക വളർച്ച. ശ്രുതിയും താളവുമൊക്കെ ഇത്തിരി അങ്ങോട്ടും ഇങ്ങോട്ടും കയറിയും താണും ഇരുന്നാലും സോഫ്റ്റ്‌വെയറുകൾ ഒരു ഭാഗവതരെ പോലെ അതെല്ലാം കൃത്യമായി പിടിച്ചിട്ടു തരും എന്നു വന്നാലോ. അതാണ് സാങ്കേതിക വളർച്ച വരുത്തി വെച്ച സ്ഥിതി. കേട്ടാലറിയുന്ന ആർക്കും അവിടെ കാര്യങ്ങൾ നിയന്ത്രിക്കാം നിശ്ചയിക്കാം. ഗുമ്മുള്ള സംഗീതം നിർമിച്ചെടുക്കാം.

ഒടുവിൽ മേപ്പടി സംഗീത സംവിധായകനു വേണ്ടി മേലിൽ പാടില്ലെന്ന് യേശുദാസ് SP ബാലസുബ്രഹ്‌മണ്യം , കെ എസ് ചിത്ര അടക്കമുള്ളവർക്ക് കൂട്ടായ തീരുമാനമെടുക്കേണ്ടി വന്നു. കാരണം മാസ്റ്റർക്ക് യോഗ്യതയില്ല. കൃത്യമായ ധാരണല്ലെങ്കിലും ഏകദേശം കേട്ടാലറിയുന്ന ആർക്കും സിനിമാ സംഗീതമുണ്ടാക്കാം. ഒന്നുമറിയില്ലെങ്കിലും സാങ്കേതിക വിദ്യകൊണ്ട് പിടിച്ചു നിൽക്കാം.

അവിടെയാണ് നഞ്ചിയമ്മയെ പോലൊരാളുടെ സംഗീതം രത്നം പോലെ തിളക്കമുറ്റതാകുന്നത്. അവരുടെ കണ്ഠത്തിലേത് ഹൃദയത്തിൽ നിന്നുള്ള സംഗീതമാണ്. ശ്രുതിയും രാഗവും താളലയങ്ങളും അതിൽ അന്തർഭവിച്ചിരിക്കും. സാങ്കേതികമായി ; ഔപചാരികമായി പരിജ്ഞാനങ്ങൾ ഏതുമില്ലെങ്കിലും അതു സംഭവിച്ചിരിക്കും.

ദൈവദത്തമോ പ്രകൃതിദത്തമോ ആയ സ്വാഭാവിക സിദ്ധിവിശേഷമാണത്. അതാണ് ജന്മസിദ്ധി (talent). ഉണ്ടാക്കിയെടുക്കാവുന്ന ആർജിത ശേഷിയല്ലത് (Skill). സാങ്കേതിക മികവുമല്ല. സാങ്കേതിക മികവിൻ്റെ  ആഘോഷകാലത്ത് പ്രകൃതിദത്തമായ കലയുടെ സിദ്ധിവിശേഷം എന്തിനുമപ്പുറം മികച്ചു നിൽക്കുന്നു എന്നതിൻ്റെ  തെളിവാകുന്നു  നഞ്ചമ്മയുടെ പുരസ്കാര ലബ്ധി.

പ്രകൃതിയുടെ താളം തന്നെയായ സ്വരലയ സംലയം (harmony) സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുക്കാം എന്നു കരുതുന്ന നിലയിലേക്കാണ് മനുഷ്യൻ്റെ  വളർച്ച. അപ്പോഴാണ് യാതൊരു സാങ്കേതിക പരിജ്ഞാനവും കൂടാതെ തന്നെ പ്രകൃതിദത്തമായ നഞ്ചമ്മയുടെ  സിദ്ധിവിശേഷം മാറ്റുരച്ചു തെളിയിക്കപ്പെട്ടിരിക്കുന്നത്. അതെ. ഈ സംഗീതം സ്വര സ്വർണ്ണം തന്നെ!

നഞ്ചമ്മയുടെ ഗാനത്തിൻ്റെ  വരികളും സംഗീതവും ഉണ്ടാക്കിയെടുത്തതല്ലെന്ന് നിസ്സംശയം പറയാൻ കഴിയും. അത് സംഭവിച്ചതാണ്. നഞ്ചമ്മയുടെതാണ് ആ വരികളും സംഗീതവുമെല്ലാം. അവരിലൂടെ പ്രകൃതിയുടെ ആവിഷ്കാരം തന്നെയാണ് സന്ദനസുഗന്ധമായി വഴിയുന്നത്.

പാക്കറ്റ് പൊട്ടിച്ച് കലക്കിയതല്ല എന്ന ഗുണം കലക്കാത്ത സന്ദനം കേട്ടാൽ അറിയാനുണ്ട്.

എന്താണീ കലക്കാത്ത ചന്ദനം ? അനുഭവച്ചാണയിൽ ആയാസപ്പെട്ട് അരച്ചെടുത്ത ജീവിതത്തിൻ്റെ ചന്ദനഗന്ധമാണത്.

പൂ പറിക്കാൻ പോകിലാമോ വിമേനാത്തെ പാക്കിലോമ...അവാർഡ് പൂപോലെ പറിക്കാൻ അമ്മ ഇനി വടക്കോട്ടുള്ള വിമാനത്തിലേറും.

തമിഴും കന്നടയും ഒരുമിച്ചു കുത്തിയൊലിക്കുന്ന അട്ടപ്പാടിയിലെ ഇരുളരുടെ പാട്ടതാ. വാക്കൂതി ഈണം കൊടുത്ത് നഞ്ചമ്മ തുറന്നു പാടി അത് കലക്കിയെടുക്കുമ്പോൾ താളവാദ്യങ്ങൾ കൊണ്ട് അകമ്പടി സേവിച്ചാൽ പുതിയ സാങ്കേതിക വിദ്യയ്ക്ക് കൊള്ളാം. അത്രയുമാണ് പുതുതലമുറ സംഗീത സംവിധായകൻ ജേക്സ് ബിജോയ് ബുദ്ധി പൂർവ്വം ആ ഗാനത്തിൽ ചെയ്തത്.

അമ്മ നന്മയാണ്. എപ്പപ്പാടാൻ പറഞ്ഞാലും സ്വിച്ചിട്ട പോലെ പാടുന്ന അമ്മയാണ് നമ്മുടെ അമ്മ എന്നൊക്കെ ശരത് സാറിനെപ്പോലെ സാങ്കേതിക ജ്ഞാനമുള്ള ഒരു സംഗീതജ്ഞനു പോലും പറയേണ്ടി വന്നതിൽ പരമെന്താണ് ഇനി അഭിപ്രായമുള്ളത്.

പല കാരണങ്ങൾ കൊണ്ട് സാങ്കേതിക പരിജ്ഞാനമോ ഔപചാരിക വിദ്യാഭ്യാസമോ നേടാനാകാത്തതിനാൽ മുന്നിലേക്കു വരാൻ കഴിയാതെ മറഞ്ഞു പോയ പ്രതിഭാവിശേഷമുള്ള അത്തരം അനേകം  മനുഷ്യരുടെ പ്രതിനിധിയാണ് നഞ്ചമ്മ. കാലവും പ്രകൃതിയും നഞ്ചമ്മയുടെ പുരസ്കാര ലബ്ധികളിലൂടെ ആ അഞ്ജാതനാമാക്കളെ എല്ലാവരെയുമാണ് ഇവിടെ അംഗീകരിച്ച് ചേർത്തു നിർത്തുന്നത്.  നഞ്ചമ്മയുടെ സംസ്ഥാന ദേശീയ അവാർഡുകൾ പോസിറ്റീവ് സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്നത് അങ്ങനെയെല്ലാമാണ്.

പ്രകൃതി പ്രതിഭാശേഷി നൽകിയിട്ടും ജീവിതത്തിൽ തോറ്റുപോയ, കലാരംഗത്ത് മാറ്റിനിർത്തപ്പെട്ട  യഥാർത്ഥത്തിലുള്ളവരുടെ അനിഷേധ്യ വിജയം പോസിറ്റീവായി കൊണ്ടാടപ്പെടേണ്ടതു തന്നെ.

Article by Badari Narayanan