Liberation @ Thinking

ദൃശ്യഭാഷ എന്ന സിനിമയുടെ ഭാഷ

  • Share this:
Cinema - Music post-title

മലയാള സിനിമയുടെ ബോക്സോഫീസ് ചരിത്രങ്ങൾ തിരുത്തിക്കുറിച്ച സിദ്ദീഖ് - ലാൽ  സിനിമകളെ മുൻ നിർത്തി; സിനിമയുടെ ദൃശ്യപരതയെപ്പറ്റി!

ലച്ചിത്രമെന്നത് ദൃശ്യങ്ങളുടെ കലയാണ്. ദൃശ്യസാധ്യതയെ പരമാവധി ലക്ഷ്യമാക്കുക എന്നതാണ് സിനിമയെ മികവുറ്റതാക്കുന്ന സമവാക്യം.   സിനിമയുടെ ദൃശ്യപരതയ്ക്ക് സഹായകമാകുന്ന ഒരു റോളാണ് ശബ്ദവിന്യാസത്തിനുള്ളത്. ലോകസിനിമാ ചരിത്രത്തെ മാറ്റിമറിച്ച - വഴിത്തിരിവായി മാറിയ ചലച്ചിത്ര സൃഷ്ടികളിൽ ഏതു പരിശോധിച്ചാലും ഇക്കാര്യം വ്യക്തമായും  കാണാം. മറ്റൊരർത്ഥത്തിൽ ദൃശ്യഭാഷയ്ക്ക് അനുഗുണമായോ അധിക ഗുണമായോ ആയിരിക്കും ഒരു നല്ല സിനിമയിലെ ശബ്ദരേഖ എന്നത്.
ശബ്ദരേഖ മേൽകൈ നേടുന്നതും ദൃശ്യപരത രണ്ടാമതാകുന്നതും സിനിമയെന്ന മാധ്യമത്തെ സംബന്ധിച്ച് നല്ലതല്ല.

സിനിമ കണ്ടു കഴിഞ്ഞും അവിടെ അടങ്ങാതെ ചില ദൃശ്യങ്ങൾ പ്രേക്ഷക മനസ്സിൽ തങ്ങിനിൽക്കുന്നതിനു പകരം ഡയലോഗുകളും ഗാനങ്ങളുമാണ് ആ സിനിമയിൽ നിന്ന് ഓർമയിലേക്ക് വരുന്നതെങ്കിലോ ?

സിനിമയെന്നത് മാധ്യമമെന്ന നിലയിൽ ദൃശ്യശ്രാവ്യ സങ്കേതങ്ങളെല്ലാം പ്രയോജനപ്പെടുത്തുമ്പൊഴും കേന്ദ്രസ്ഥിതമായ ദൃശ്യസാധ്യതകളുടെ അന്വേഷണമാണ് സിനിമയുടെ കലാമർമ്മം. നല്ല സിനിമയുടെ ലോകമാതൃകകൾ കണ്ടു മനസ്സിലാക്കണം. ഈ കലാമർമജ്ഞതയിൽ നിന്നു കൊണ്ടാണവർ സിനിമയുടെ സാങ്കേതിക സമ്മിശ്രണ നിർവഹണങ്ങളെല്ലാം ചെയ്തു വെച്ചിരിക്കുന്നത്.

ദൃശ്യ പ്രധാനമാണ് യഥാർത്ഥത്തിലുള്ള സിനിമ. സിനിമയുടെ ഭാഷയെന്താണ്? ദൃശ്യഭാഷയാണ് സിനിമയുടെ ഭാഷ.
ലോകത്തെവിടെയുമുള്ള ആളുകൾക്ക് ഏതു ഭാഷയിലുള്ള സിനിമയും കാണാൻ കഴിയുന്നത് അതുകൊണ്ടാണ്. ശബ്ദമുള്ള സിനിമയ്ക്കു മുമ്പും സിനിമ ഉണ്ടായിരുന്നു എന്നതാണതിൻ്റെ  തത്വം.

ഓരോ വർഷവും ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിക്കുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ് - വിശേഷിച്ച് ദക്ഷിണേന്ത്യൻ സിനിമാ മേഖലയുടെ പ്രമേയഭൂമിക എന്നും വിപുലമാണ്. ബോളിവുഡ് സിനിമകളാകട്ടെ പല രാജ്യങ്ങളിലും പാട്ടും കൂത്തും നിറഞ്ഞ ആർഭാടമായി നല്ല തോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. അതിൽ നിന്നെല്ലാം കുറച്ചധികം വേറിട്ടാണ് മലയാള സിനിമയുടെ നിൽപ്പ്. ലോകസിനിമയുടെ ബഹുവിധ സാധ്യതകൾ വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞ് അധികം വൈകാതെ അത് പ്രയോഗിക്കുന്നതിലും, പ്രമേയങ്ങൾ അഡാപ്റ്റ് ചെയ്യുന്നതിലും, ടെക്നോളജിക്ക് സമ്പ്രദായങ്ങൾ  കൊണ്ടുവരുന്നതിലും, കലാപരമായ ഗുണവശങ്ങൾ സ്വാംശീകരിക്കുന്നതിലും മലയാള സിനിമയ്ക്ക് തനതായ നിലപാടുണ്ട്. കുറച്ചാളുകൾ മാത്രം കയറുന്ന മാർക്കറ്റിൽ നിന്നു കൊണ്ട് മലയാള സിനിമയ്ക്ക് പലതും അപ്രാപ്യമാണെങ്കിലും മലയാളി ശ്രമിക്കും.

അധികം പ്രേക്ഷകരില്ലാത്ത അവാർഡ് സ്വഭാവത്തിലുള്ള കലാ സിനിമകൾ, പൊതുജനം ആഘോഷമാക്കി മാറ്റുന്ന ജനപ്രിയ സിനിമകൾ, ഇവയ്ക്കിടയിൽ വലിയ ആഘോഷങ്ങളില്ലാതെ കാലാകാലങ്ങളിൽ വന്നുപോകുന്ന മധ്യവർത്തി സിനിമകൾ എന്നിങ്ങനെ മലയാളസിനിമയിൽ ഇറങ്ങിയിട്ടുള്ളവയെ മൂന്നു തരം തിരിവിൽ പെടുത്തിയാൽ തെറ്റില്ല. 

ഇങ്ങനെയുള്ള നിശ്ചിതമായ വേർതിരിവുകൾ ചില സിനിമകളുടെ കാര്യത്തിലെങ്കിലും  അസാധ്യമാണ്.
കലാമൂല്യവും സാമൂഹിക ബോധവും ഉള്ള ജനപ്രിയ സിനിമകളും ഇല്ലാതില്ല. ആളുകൾ കയറിക്കണ്ട കലാസിനിമകളും ചിലപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ട്.  മലയാളി എല്ലാത്തിനുമിടയിൽ മധ്യവർത്തിയുടെ പാലമിട്ടു. ദക്ഷിണേന്ത്യൻ സിനിമകളിലെ അയുക്തികരമായ അതിഭാവുകത്വം മുഴച്ചു നിൽക്കുന്ന സന്ദർഭങ്ങൾ മലയാളത്തിൽ അപൂർവ്വം തന്നെയായിരുന്നു. നായകൻ തമിഴിലെ പോലെ ഒറ്റത്തട്ടിന് പത്തിരുപതു പേരെ തെറിപ്പിച്ചാൽ മലയാളി കയ്യടിക്കാൻ മടിച്ചു നിൽക്കും.

ജനപ്രിയ - മധ്യവർത്തി സിനിമകളിൽ സൂപ്പർതാര സിനിമകളുടെ അത്ര  വലിയ കളക്ഷൻ നേടിയിട്ടുള്ള തമാശ സിനിമകളുടെ  ഒരു ഉപഗണമുണ്ട്. അവയിൽ പുതിയ ചലനങ്ങൾ സംഭവിച്ചത് സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിലാണ്. 80 കളുടെ അവസാനത്തിൽ 90 കളുടെ തുടക്കത്തിൽ മിമിക്രിയിൽ നിന്നുണ്ടായ താരോദയങ്ങളായിരുന്നു സിദ്ദിഖും ലാലും.

അവാർഡു സിനിമകൾ ഗൗരവം കുറയ്ക്കുന്ന കാരണം ഹാസ്യത്തെ എന്നും വർജിച്ചു വന്നു. അതുവരെ മുഖ്യധാരാ സിനിമകളിൽ സിനിമയിൽ ഫില്ലറുകൾ പോലെ പ്രത്യക്ഷപ്പെട്ടിരുന്ന ഹാസ്യരംഗങ്ങളിൽ നിന്ന് മുഴുനീള ഹാസ്യതരംഗം സിദ്ദിഖ് ലാൽ സിനിമകളിലൂടെ അങ്ങേയറ്റമെത്തി.
അതുവരെ  ഭാസിയും ബഹദൂറും എന്നതിൽ നിന്ന് പപ്പു മാള ജഗതി എന്ന നിലയിലായിരുന്നു ഹാസ്യത്തിൻ്റെ മേമ്പൊടി. സിദ്ദിഖ് ലാൽ സിനിമകളിൽ നായകൻ തന്നെ തമാശ കയ്യാളുകയും കഥാഗതി തന്നെ ഹാസ്യ പ്രധാനമാകുകയും സിനിമ തന്നെ ശബ്ദ പ്രകടനമാകുകയും ചെയ്തു. നായകനു പകരം നായകസംഘം തന്നെ പറ്റമായി ഊഴം വെച്ച് തമാശകൾ പറഞ്ഞ് അരങ്ങു തകർക്കാനെത്തി.

റാംജിറാവു സ്പീക്കിംഗ്, (1989), ഇൻ ഹരിഹർ നഗർ (1990), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി (1992), കാബൂളിവാലാ (1994) മുതലായ സിനിമകളുടെ രചനയും സംവിധാനവും സിദ്ദിഖ്-ലാൽ  ആയിരുന്നു.  മിക്ക സിദ്ദിഖ്-ലാൽ സിനിമകളും മലയാളത്തിലെ ചരിത്രം തിരുത്തിയ ഹിറ്റുകളായിരുന്നു. മാത്രമല്ല, കുറേയധികം കാലം സിനിമയുടെ ബോക്സ് ഓഫീസ് ലക്ഷ്യങ്ങളെ സ്വാധീനിച്ച കൾട്ട് ഇവയിലൂടെ രൂപപ്പെട്ടിട്ടുണ്ട്.

എന്നാൽ സിനിമ എന്ന  സാങ്കേതിക കലയുടെ  സർഗ്ഗസാധ്യതകളെ സിദ്ദിഖ് - ലാൽ സിനിമകൾ എത്രകണ്ടുപയോഗിച്ചു എന്ന ചോദ്യം ചോദിക്കേണ്ടതല്ലേ ?

വീണ്ടും കണ്ടു നോക്കുമ്പോൾ, സിദ്ദിഖ്-ലാൽ സിനിമകളുടെ ദൃശ്യപരത എന്താണ് ? സീനിൽ നിന്നും സീനിലേക്ക് പോകുമ്പോൾ  കഥാപാത്രങ്ങൾ പറയുന്ന നർമ്മങ്ങളുടെ ആഘോഷം സിനിമയെ മൊത്തം ശബ്ദായമാനമാക്കുന്നു. ശബ്ദം സന്ദർഭത്തെ മറയ്ക്കുന്നു.  ഒരുതരം വാചാടോപം ശബ്ദാതിസാരം അതാണ് ഈ സിനിമകൾ മലയാളിയുടെ സിനിമാവബോധത്തെ ശീലിപ്പിച്ചു വിട്ടത്. 

അന്നുകാലത്ത് ചൂടപ്പമായിരുന്ന ആ ശബ്ദരേഖ കാസറ്റുകൾ കേട്ട ശേഷം സിനിമ കണ്ട പ്രേക്ഷകൻ എന്ന നിലയ്ക്ക് കണ്ടപ്പോൾ തീയറ്ററിൽ നിന്നും വിശേഷിച്ചൊന്നും തന്നെ അധികമായി കിട്ടിയില്ല.  തമാശ, പ്രണയം, ട്വിസ്റ്റ് മുതലായ രസക്കൂട്ടുകൾ ഒന്നിനും അവിടെ കുറവില്ല.  പലപ്പോഴും ഉദ്വേഗമേത് വൈകാരികതയേത് സന്ദിഗ്ധാവസ്ഥയേത് തമാശയേത് എന്ന് കൂടിക്കുഴയുന്ന വിധം തമാശ ഡയലോഗുകൾ കൊട്ടക നിറഞ്ഞ് ചിരിയുടെ പൂരമായി.  മാധ്യമമെന്ന അർത്ഥത്തിൽ ഒരു പടി താഴാൻ അല്ലാതെ അല്പംപോലും ഉയരാൻ ഈ സിനിമകൾക്ക് സാധിച്ചിട്ടില്ല തന്നെ. ആസാദക ബോധത്തിനും കിഴിവുമാത്രമാണ് ഈ ചലച്ചിത്രങ്ങൾ സംഭാവന ചെയ്തത് എന്ന് പിന്നീട് പ്രധാനപ്പെട്ട പല ലോക സിനിമകളും കണ്ടപ്പോൾ എനിക്കു ബോധ്യമായി.

യാതൊരു വിധ സങ്കൽപ്പമോ സന്ദേശ ബാധ്യതയോ ഇല്ലാതെ അമളികളും കൂട്ട അബദ്ധങ്ങളും തരികിടകളും കണ്ട് മനുഷ്യൻ്റെ അപകട സന്ധികളിൽ പോലും പ്രേക്ഷകർ തലയറഞ്ഞു ചിരിക്കും എന്ന് റാംജിറാവ് സ്പീക്കിങ് 1989 ൽ  വ്യക്തമാക്കി. കലക്ഷനിൽ റെക്കോഡുകൾ തൂത്തുവാരി കാശുവാരിയെങ്കിലും ഇത്തരം സിനിമകളും അവ കൊണ്ടുവന്ന ഭാവുകത്വവും മലയാള സിനിമാ പ്രേക്ഷകൻ്റെ ആസ്വാദന ബോധത്തെ സംബന്ധിച്ച് തീർത്തും നഷ്ടക്കച്ചവടമായിരുന്നു. 

മലയാള സിനിമാ ഭൂമികയെ ഇന്ത്യൻ ചലച്ചിത്ര സമൂഹത്തിൽ ലോകസിനിമയുടെ തലത്തിലേക്ക് ഉയർത്താൻ - competent ആക്കി മാറ്റുവാൻ ഇത്തരം ഹിറ്റുകൾ കൊണ്ടൊന്നും സാധിച്ചില്ലെന്നു മാത്രമല്ല.  അന്നുയർന്ന ശബ്ദാടോപ പരിതസ്ഥിതികൾ സിനിമയിൽ മാറിവരാൻ മലയാളിക്ക് വളരെക്കാലം കാത്തിരിക്കേണ്ടിയും വന്നു.

About author
Creative Writer
Comments
Leave a comment