Liberation @ Thinking

എന്താണ് പെൺ ശരീരത്തിൽ ഒളിച്ചു വച്ചിട്ടുള്ളത്?

  • Share this:
Education - Campus post-title

രണ്ട് പ്രതിവിധികൾ മാത്രമേ ഉള്ളൂ. ശരീരത്തിൻ്റെ  അനാവശ്യമായ രഹസ്യാത്മകത ഒഴിവാക്കപ്പെടുക, സ്വാഭാവികമായ ആൺ പെൺ ഇടപെടലുകൾക്ക് അവസരമുണ്ടാക്കുക. നമ്മുടെ ലൈംഗിക മനഃശാസ്ത്രജ്ഞർ അവകാശപ്പെടുന്നതുപോലെ ലൈംഗിക വിദ്യാഭ്യാസത്തിലൂടെ മാത്രം പരിഹരിക്കാൻ കഴിയുന്ന ഒരു പ്രശ്നമല്ല ഇത്.

ളിക്യാമറകൾ ഒളിഞ്ഞു നോക്കിക്കൊണ്ടേയിരിക്കുന്നു, പെൺ നഗ്നതയുടെ ഒരു കാഴ്ചക്കു വേണ്ടി. നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും പ്രചരിച്ചതിൻ്റെ  അപമാനഭാരത്താൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തുകൊണ്ടുമിരിക്കുന്നു. തീവണ്ടിയിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ ഒറ്റക്ക് തനിയെ ഇരിക്കുന്ന പെൺകുട്ടി, പുരുഷനെ സംബന്ധിച്ചിടത്തോളം, പെൺ ശരീരമെന്ന ലൈംഗികവസ്തു മാത്രമാകുന്നു. ഭ്രാന്തമായ കാമം തീർക്കാനുള്ള ഒരു ഉപകരണം മാത്രമാകുന്നു.

മാംസക്കച്ചവടത്തിൽ പെൺശരീരത്തിൻ്റെ  കമ്പോള മൂല്യം കുടിക്കൂടി വരുന്നു. സാമൂഹിക പ്രവർത്തകരും ചിന്തകരും ഉപഭോഗ സംസ്കാരത്തേയും കച്ചവടവൽക്കരണത്തെയും പഴിക്കുന്നു. സാക്ഷര ലോകത്തിൻ്റെ  സാംസ്ക്കാരിക അധഃപതനമെന്ന് ചിലർ വിലപിക്കുന്നു. എന്നാൽ സ്ത്രീശരീരം ഒരു ലൈംഗിക വസ്തു മാത്രമായി മാറ്റപ്പെടുന്നതിൻ്റെ  മനഃശാസ്ത്രപരവും സാമൂഹികവുമായ കാരണങ്ങൾ പരിശോധിക്കുകയും ശരിയായ പ്രതിവിധി കണ്ടുപിടിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ശരീരം = അശ്ലീലം

എന്തുകൊണ്ട് ഇതൊന്നും പുരുഷ ശരീരത്തെ ബാധിക്കുന്നില്ല. ശരീരഭാഗങ്ങൾ ഒളിക്യാമറ ഉപയോഗിച്ച് ആരെങ്കിലും ചിത്രീകരിച്ചാലോ എന്ന് ഒരു പുരുഷനും ടോയ്ലറ്റിൽ പോകുമ്പോഴോ വസ്ത്രം മാറുമ്പോഴോ ഭയക്കേണ്ടി വരുന്നില്ല. ഇതിന്റെ പേരിൽ ഒരു പുരുഷനും ആത്മഹത്യ ചെയ്തിട്ടുമില്ല. അവൻ്റെ  ശരീരത്തിലേക്ക് അനാവശ്യ ജിജ്ഞാസയോടെ ആരും ഒളിഞ്ഞു നോക്കുന്നുമില്ല. ഇതെന്തു കൊണ്ട്? ഒരു സ്ത്രീയുടെ ശരീരം എങ്ങനെയാണ് അശ്ലീലമാകുന്നത് ? പുരുഷൻ്റെ ശരീരത്തിനില്ലാത്ത എന്ത് അശ്ലീലതയാണ് സ്ത്രീ ശരീരത്തിനുള്ളത്?

ലൈംഗികതയുടെ ഭാരം

മൃഗങ്ങളിൽ പെട്ടെന്നുണ്ടാകുന്ന ചോദനമുലമാണ് ലൈംഗിക ബന്ധം ഉണ്ടാകുന്നത്. ചില പക്ഷികളിലും മൃഗങ്ങളിലും ഇത് സീസണൽ ആയ ഒരു വികാരമാണ്. എന്നാൽ പെണ്ണിൻ്റെ  അവയവങ്ങൾ കണ്ട് ലൈംഗിക താൽപര്യം ഉണ്ടാകുക എന്നത് മനുഷ്യനിൽ മാത്രം നിലനിൽക്കുന്ന ഒരു അപൂർവ്വ പ്രതിഭാസമാണ്. 
അതു കൊണ്ടു തന്നെ ഇത് അസ്വാഭാവികമാണ്. പ്രകൃതിക്ക് നിരക്കാത്തതാണ്. ലൈംഗിക ബന്ധത്തിൽ സ്ത്രീശരീരത്തിൻ്റെയും പുരുഷ ശരീരത്തിൻ്റെയും പ്രാധാന്യം ഒരേ പോലെയാണ്. എന്നാൽ അതിനുശേഷം പുരുഷ ശരീരം സ്വതന്ത്രമാണ്. അതിൽ ആരും ലൈംഗികത കണ്ടെത്തുന്നില്ല. പക്ഷേ, പെൺ ശരീരം ജന്മം മുഴുവൻ ലൈംഗികതയുടെ ഭാരവും പേറി നടക്കേണ്ടി വരുന്നു.

ചരിത്രത്തിന്റെ വളർച്ചയിലെവിടെയോ വച്ച് സ്ത്രീ ശരീരം പൂർണ്ണമായും വസ്ത്രം കൊണ്ട് മറക്കപ്പെട്ടു. പുരുഷൻ സ്ത്രീയുടെ നഗ്നത കാണുന്നത് ശാരീരക ബന്ധത്തിൻ്റെ സമയത്തു മാത്രമാണ്. മറ്റെല്ലാ സമയങ്ങളിലും സ്ത്രീ ശരീരം അവൻ്റെ മുന്നിൽ മറക്കപ്പെട്ടതാണ്. അതുകൊണ്ടു തന്നെ സ്ത്രീനഗ്നതയേയും സ്ത്രീശരീരത്തേയും ലൈംഗികതയുമായി ബന്ധപ്പെടുത്തി മാത്രമേ പുരുഷന് കാണാൻ കഴിയുന്നുള്ളൂ. സ്ത്രീ ശരീരത്തെ ഒരു ലൈംഗിക വസ്തു മാത്രമായി പുരുഷനു കാണാൻ കഴിയുന്നതും ഇതുകൊണ്ടാണ്. എന്നാൽ പുരുഷ ശരീരത്തിൻ്റെ കാര്യം അങ്ങനെയല്ല. കായികമായി ജോലി ചെയ്യേണ്ടി വരുന്ന പല സന്ദർഭങ്ങളിലും പുരുഷൻ കാര്യമായി വസ്ത്രം ഉപയോഗിക്കുന്നില്ല. അതുകൊണ്ടു തന്നെ പുരുഷ നഗ്നതയെ ലൈംഗികതയുമായി ബന്ധപ്പെടുത്തി കാണാൻ നമുക്കു കഴിയുന്നില്ല. സ്ത്രീ ശരീരത്തെ ലൈംഗിക വസ്തുവായി പുരുഷൻ കാണുമ്പോൾ, പുരുഷ ശരീരത്തെ ലൈംഗിക വസ്തുവായി ഭൂരിഭാഗം സ്ത്രീകളും കാണാത്തതിൻ്റെ പിന്നിലെ മനശ്ശാസ്ത്രം ഇതു തന്നെയാണ്.

സ്ത്രീ ശരീരം മാത്രമല്ല, സ്ത്രീയുമായി ബന്ധപ്പെട്ടതെന്തും ലൈംഗികതയായി മാറ്റപ്പെട്ടിരിക്കുന്നു. വസ്ത്രങ്ങൾ പോലും. മറ്റുള്ളവരുടെ ദൃഷ്ടിയിൽപ്പെടാത്ത എവിടെയെങ്കിലുമിട്ടാണ് മിക്ക സ്ത്രീകളും തങ്ങളുടെ അടിവസ്ത്രങ്ങൾ ഉണക്കിയെടുക്കുന്നത്. സ്ത്രീയുടെ സ്വാഭാവികമായ ശരീര ചേഷ്ടകൾക്കും അംഗചലനങ്ങൾക്കും വരെ ഇങ്ങനെ ഒരു നിറം ചേർക്കൽ വന്നിരിക്കുന്നു. മലർന്നു കിടക്കൽ, കാലുകൾ അകത്തി വച്ച് ഇരിക്കൽ ഇതൊന്നും സ്ത്രീക്ക് മറ്റുള്ളവരുടെ മുന്നിൽ വച്ച് ചെയ്യാൻ അനുവദിക്കപ്പെട്ട കാര്യങ്ങളല്ല. അമ്പലങ്ങളിൽ സ്ത്രീകൾക്ക് ശയനപ്രദക്ഷിണം അനുവദനീയമല്ലാത്തതിനു പിന്നിലും ഇതേ മനഃശാസ്ത്രം തന്നെയാണ്. ചുറ്റും നിൽക്കുന്ന പുരുഷ സമൂഹത്തിൻ്റെ കാമക്കണ്ണുകൾക്ക് വിലക്കേർപ്പെടുത്തു ന്നതിനേക്കാൾ സ്ത്രീക്ക് വിലക്കേർപ്പെടുത്തുന്നതാണല്ലോ എളുപ്പം. പർദ്ദയുടെ മനഃശാസ്ത്രം പോലെത്തന്നെ.

പാവ്ലോവും കണ്ടീഷനിംങ്ങും

പാവ്ലോവ് എന്ന റഷ്യൻ മനഃശാസ്ത്രജ്ഞൻ ഒരു പരീക്ഷണം നടത്തി. അദ്ദേഹം തൻ്റെ  പട്ടിക്ക് ഭക്ഷണം കൊടുക്കുന്നതിനു തൊട്ടുമുമ്പ് രണ്ട് ബെല്ലടിക്കും. ഭക്ഷണം കാണുമ്പോൾ സ്വാഭാവികമായും പട്ടിയുടെ വായിൽ വെള്ളമൂറും. ബെല്ലടിച്ചതിനു ശേഷം മാത്രം ഭക്ഷണം കൊടുക്കുക എന്ന രീതി കുറച്ചു ദിവസത്തേക്ക് അദ്ദേഹം തുടർന്നു. അതിനു ശേഷം ഭക്ഷണമില്ലെങ്കിലും ബെല്ലിൻ്റെ  ശബ്ദം കേൾക്കുമ്പോൾത്തന്നെ പട്ടിയുടെ വായിൽ വെള്ളമൂറും എന്ന സ്ഥിതി വന്നു.

ഇവിടെ പാവ്ലോവ് ചെയ്തത്. ഒരു തരം കണ്ടീഷനിങ്ങ് ആണ്. ഒരു ബെല്ലിൻ്റെ  ശബ്ദം കേട്ടാൽ പട്ടിയുടെ വായിൽ വെള്ളമൂറേണ്ട യാതൊരു കാര്യവുമില്ല. എന്നാൽ ഇവിടെ 'ബെല്ല് - ഭക്ഷണം എന്നൊരു ബന്ധം അതിൻ്റെ  മനസ്സിൽ ഉറച്ചു പോയതുകൊണ്ട് വായിൽ വെള്ളമൂറാൻ ബെല്ല് മതി, ഭക്ഷണം വേണ്ട എന്ന അവസ്ഥ വന്നു. ഈയൊരു കണ്ടീഷനിങ്ങ് തന്നെയാണ് പുരുഷൻ്റെ  മനസ്സിലും സംഭവിച്ചിരിക്കുന്നത്. സ്ത്രീയുടെ നഗ്നത - സെക്സ് എന്നൊരു ബന്ധം പുരുഷൻ്റെ  മനസ്സിൽ ഉറച്ചു പോയിട്ടുണ്ട്. ലൈംഗികതയുടെ സമയത്തു മാത്രമാണ് സ്ത്രീയുടെ നഗ്നത പുരുഷൻ കാണുന്നത്. ഭക്ഷണത്തിൻ്റെ  സമയത്തു മാത്രം പട്ടി ബെല്ലിൻ്റെ  ശബ്ദം കേട്ടതു പോലെ!


റിവേഴ്സ് കണ്ടീഷനിങ്ങ്

ഇനി എന്താണിതിനൊരു പ്രതിവിധി? ബെല്ലിന്റെ ശബ്ദം കേട്ടാലുടൻ വായിൽ വെള്ളമൂറുന്ന പട്ടിയുടെ ശീലം മാറ്റിയെടുക്കാൻ എന്താണ് ചെയ്യേണ്ടത്? പ്രതിവിധി ഒരു റിവേഴ്സ് കണ്ടീഷനിങ്ങ് മാത്രമാണ്. ഇടക്കിടക്ക് ബെല്ലിൻ്റെ ശബ്ദം കേൾപ്പിച്ചു കൊണ്ടിരിക്കുക. ആദ്യമൊക്കെ വായിൽ വെള്ളമൂറും. എന്നാൽ ബെല്ലിനോടൊപ്പം ഭക്ഷണം ഇല്ല എന്ന് മനസ്സിലാകുമ്പോൾ 'ബെല്ല് - ഭക്ഷണം' എന്ന ബന്ധം അതിൻ്റെ മനസ്സിൽ ഇല്ലാതെയാകുന്നു.

അതായത് സ്ത്രീയുടെ നഗ്നത, ലൈംഗികതയുമായി ഒരു ബന്ധവുമില്ലാത്ത സാഹചര്യങ്ങളിലും പുരുഷൻ കാണാൻ തുടങ്ങിയാൽ സ്ത്രീ നഗ്നത - സെക്സ് എന്ന ബന്ധം അവൻ്റെ മനസ്സിൽ ഇല്ലാതെയാകും. റിവേഴ്സ് കണ്ടീഷനിങ്ങിനു ശേഷം ബെല്ലിൻ്റെ ശബ്ദം കേട്ടാലും പട്ടിക്ക് സലൈവേഷൻ ഉണ്ടാകാത്തതു പോലെ, പുരുഷന് സ്ത്രീയുടെ മാറിടമോ മറ്റു ശരീരഭാഗങ്ങളോ കണ്ടാലും ലൈംഗിക വികാരം ഉണ്ടാകാത്ത അവസ്ഥ വരും. പിന്നെ അവന് ലൈംഗികത ആസ്വദിക്കണമെങ്കിൽ സ്നേഹമോ പ്രണയമോ അത്യാവശ്യമായി വരും.  അതുകൊണ്ടു തന്നെ പെൺവാണിഭവും ബലാത്സംഗവും വേശ്യാലയ സന്ദർശനവുമെല്ലാം കുറയുകയും ചെയ്യും.

സ്ത്രീ ശരീരം എന്ന നിഗൂഢത

ഒരു ആൺകുട്ടി ജനിക്കുമ്പോൾ മുതൽ നാല് - അഞ്ച് വയസ്സു വരെ എപ്പോഴും കാണുന്നത് അവൻ്റെ അമ്മയുടെ മാറിടമാണ്. അതവന് ലൈംഗികതയുടെ ഭാഗമേ അല്ല. എന്നാൽ പിന്നീട് അമ്മയുടെ മാറിടം അവനിൽ നിന്ന് ഒഴിപ്പിക്കപ്പെടുന്നു. അമ്മയുടേതു മാത്രമല്ല, എല്ലാ സ്ത്രീകളുടേയും മാറിടം ഒളിപ്പിക്കപ്പെടേണ്ടതാണെന്നും, വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന സ്ത്രീയുടെ എല്ലാ ശരീരഭാഗങ്ങളും ലൈംഗികതയുമായി ബന്ധപ്പെട്ടതു മാത്രമാണെന്നു നാം അവനെ പഠിപ്പിക്കുന്നു.


തൊട്ടുകൂടായ്മ

സ്ത്രീയുടെ നഗ്നതയിൽ നിന്ന് മാത്രമല്ല, സ്പർശനത്തിൽ നിന്നും പുരുഷന് ലൈംഗിക വികാരം ഉണ്ടാകുന്നതിനു പിന്നിലും ഇതേ കണ്ടീഷനിങ്ങ് തന്നെയാണ് ഉള്ളത്. ഒരു ആൺകുട്ടി വളർന്നു തുടങ്ങുമ്പോൾത്തന്നെ എതിർ ലിംഗത്തിൽപ്പെട്ടവരുമായി സ്വാഭാവികവും സ്വാതന്ത്രവുമായ ഒരു ബന്ധം സ്ഥാപിക്കാൻ അവനെ നാം അനുവദിക്കുന്നില്ല. ഒന്നാം ക്ലാസ്സിൽ ചേർക്കുമ്പോൾ തന്നെ ആൺകുട്ടികളേയും പെൺകുട്ടികളേയും നമ്മൾ
വേർതിരിച്ച് ഇരുത്തുന്നു. ലൈംഗികത എന്ന ചിന്ത ആ ചെറുപ്രായത്തിൽത്തന്നെ അവരുടെ മനസ്സുകളിൽ കുത്തിവെക്കുകയാണ് നാം ചെയ്യുന്നത്. പെൺകുട്ടികളെ തൊടുന്നതിൽ, അവരുടെ അടുത്തിരിക്കുന്നതിൽ
എന്തോ അരുതായ്മയുണ്ട് എന്ന ധാരണ അപ്പോൾത്തന്നെ ഓരോ ആൺകുട്ടിയുടേയും മനസ്സിൽ നാം പാകിക്കഴിഞ്ഞു. മറ്റൊരു ആൺകുട്ടിയെ കാണുന്ന സ്വാഭാവികതയോടേയോടെയോ സ്വാതന്ത്ര്യത്തോടെയോ ഒരു പെൺകുട്ടിയെ കാണരുതെന്ന് നാം അവനെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ അരുതായ്മകൾ അവിടെ തീരുന്നില്ല. ബാല്യം കഴിഞ്ഞ് ആൺകുട്ടി അമ്മയുടേയോ സഹോദരിയുടേയോ കൂടെപ്പോലും കിടക്കരുത് എന്ന അരുതായ്മ കൂടിയാകുമ്പോൾ സ്ത്രീയെ തൊട്ടാലുടൻ ലൈംഗികതയാണെന്നും സ്ത്രീയെന്നാൽ ഒരു ലൈംഗിക വസ്തുവാണെന്നും നാമവനെ പൂർണ്ണമായും വിശ്വസിപ്പിച്ചു കഴിഞ്ഞു. വളർന്നു പുരുഷനായിത്തീരുന്നതിനൊപ്പം തന്നെ ഈ വിശ്വാസവും വളരുന്നു. അരുതെന്ന് വിലക്കപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിലാണ് മനുഷ്യമനസ്സിനു താൽപര്യം. സ്ത്രീ ലൈംഗിക വസ്തുവാണെന്നും സ്ത്രീയെ തൊട്ടാലുടൻ ലൈംഗികതയാണെന്നും വിശ്വസിക്കുന്ന ഒരു വ്യക്തി സ്ത്രീ ശരീരത്തെ കടന്നാക്രമിച്ചോ, വിലക്കു വാങ്ങിയോ, ഒളിഞ്ഞു നോക്കിയോ ലൈംഗിക സംതൃപ്തി നേടാൻ ശ്രമിക്കും. അതാണ് നാമിന്ന് സമൂഹത്തിൽ കാണുന്നതും,

വേശ്യാവൃത്തി പരിഹാരമോ?

വേശ്യാവൃത്തി ചെയ്യുന്നവരും അവരെ പിന്തുണക്കുന്നവരും വാദിക്കുന്നതു പോലെ ചുവന്ന തെരുവുകൾ ഉണ്ടാക്കി പരിഹരിക്കാൻ കഴിയുന്നതല്ല ഇവിടത്തെ പുരുഷൻമാരുടെ കാമവെറി. തീയെ എണ്ണയൊഴിച്ച് കെടുത്താം എന്ന് വിചാരിക്കുന്നതുപോലെയാണ് മനുഷ്യൻ്റെ വികാരങ്ങളെ തൃപ്തിപ്പെടുത്തൽ കൊണ്ട് ഇല്ലാതെയാക്കാം എന്നു ചിന്തിക്കുന്നതും. വേശ്യാലയങ്ങളിൽ പോകുന്ന ഒരു പുരുഷൻ ഒരു സ്ത്രീയേയും ബലാത്സംഗം ചെയ്യില്ലെന്നോ, കുട്ടികളെ പീഡിപ്പിക്കില്ലെന്നോ, ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കി
ല്ലെന്നോ ഉള്ളതിന് എന്താണുറപ്പ്? ഇതിനൊക്കെയുള്ള സാദ്ധ്യത കൂടുകമാത്രമാണ് ചെയ്യുന്നത്.
കാരണം വേശ്യാലയത്തിൽ പോകുന്തോറും സ്ത്രീയെന്നാൽ ഒരു ലൈംഗികവസ്തു മാത്രമാണെന്ന അവൻ്റെ വിശ്വാസം കൂടുതൽ ഉറപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ശരീരമാത്ര ലൈംഗികത ഇല്ലാതെയാക്കുന്നതിനും, പൂർണ്ണ വ്യക്തിത്വത്തിൻ്റെയും സ്നേഹത്തിൻ്റെയും പങ്കാളിത്തമുള്ള ലൈംഗിക സ്ഥാപിക്കപ്പെടുന്നതിനും, സ്ത്രീ-പുരുഷ ബന്ധം ആരോഗ്യകരമാക്കുന്നതിനും രണ്ട് പ്രതിവിധികൾ മാത്രമേ ഉള്ളൂ. ശരീരത്തിൻ്റെ അനാവശ്യമായ രഹസ്യാത്മകത ഒഴിവാക്കപ്പെടുക, സ്വാഭാവികമായ ആൺ-പെൺ ഇടപെടലുകൾക്ക് അവസരമുണ്ടാക്കുക.നമ്മുടെ ലൈംഗിക മനഃശാസ്ത്രജ്ഞർ അവകാശപ്പെടുന്നതുപോലെ ലൈംഗിക വിദ്യാഭ്യാസത്തിലൂടെ മാത്രം പരിഹരിക്കാൻ കഴിയുന്ന ഒരുപ്രശ്നമല്ല ഇത്.

പുരുഷ മനസ്സിൽ നടന്നിരിക്കുന്ന കണ്ടീഷനിങ്ങിനെ ഇതുവരെ ആരും തിരിച്ചറിയുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. ഫെമിനിസ്റ്റുകൾ പോലും ആ വഴിക്ക് ചിന്തിക്കുന്നതായി തോന്നുന്നില്ല. എന്നാൽ ബ്ലാക്ക് ആഫ്രിക്കൻ എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ 'കോലാബുഫ്' തൻ്റെ പുസ്തകത്തിന്റെ പിൻപുറം ചട്ടയിൽ നഗ്നയായി പ്രത്യക്ഷപ്പെട്ടു. അതിനെപ്പറ്റി അവർ പറയുന്നത് ഇങ്ങനെയാണ്. സ്ത്രീകളുടെ മുല മറക്കുന്നത് ദൈവത്തോടുള്ള അവമതിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാനൊരു ആഫ്രിക്കക്കാരിയാണ് എന്ന് എനിക്ക്നിങ്ങളോടു പറയേണ്ടതുണ്ട്. അതിനുള്ള മാർഗ്ഗം കൂടിയാണ് നഗ്നത.

ഒളിപ്പിച്ചു വച്ചതിലേക്കാണ് ഒളിഞ്ഞു നോക്കാൻ തോന്നുക, പരസ്യമായിരിക്കുന്ന ഒന്നിൽ ആർക്കും അനാവശ്യമായ താത്പര്യം ഉണ്ടാകില്ല. അറബി പുരുഷന് സ്ത്രീയുടെ മുടി കണ്ടാൽ പോലും ലൈംഗിക വികാരം  ഉണ്ടാകും. കാരണം, അവന് സ്ത്രീയുടെ മുടി പോലും കാണാൻ കിട്ടുന്നില്ല. അവന്റെ മനസ്സിൽ നടന്നിരിക്കുന്ന കണ്ടീഷനിങ്ങിൽ മുടിപോലും ലൈംഗികതയുമായി ബന്ധപ്പെട്ടതാണ്. എല്ലാം പർദ്ദക്കുള്ളിൽ പൊതിഞ്ഞു വച്ചിരിക്കുകയാണല്ലോ.

ഒരു തലമുറ മുമ്പു വരെ, നമ്മുടെ നാട്ടിലെ പെൺകുട്ടികളും യുവതികളും വൃദ്ധകളുമെല്ലാം കുളക്കടവിലോ പുഴക്കടവിലോ ആണ് കുളിച്ചിരുന്നത്. അതൊരു സ്വാഭാവികമായ കാഴ്ചയായിരുന്നു. കുളിമുറി സംസ്ക്കാരം
വന്നതിൽപ്പിന്നെ, ഒരു പെണ്ണ് കുളിക്കുന്ന കാഴ്ച തന്നെ അസ്വാഭാവികമായി മാറിയിരിക്കുന്നു. അത് മതി പുരുഷന് ലൈംഗിക സംതൃപ്തി നൽകാൻ എന്ന അവസ്ഥ വന്നു. തീയറ്ററിലെ ഇക്കിളിപ്പടത്തിൽ ഷക്കീലയുടെ കുളികാണാൻ ഇത്രയും ആളുകൾ തിങ്ങിക്കയറിയത്. ഇതുകൊണ്ട് മാത്രമാണ്..ലൈംഗിക വസ്തുവായി മാറ്റപ്പെട്ടതു കൊണ്ടു തന്നെ കമ്പോളത്തിൽ വിറ്റഴിക്കപ്പെടുന്നത് പെൺശരീരമാണ്. ദൃശ്യമാധ്യമങ്ങളിലും പെൺവാണിഭശാലകളിലും പുരുഷ ശരീരത്തിനുമേൽ വിലപേശാൻ, ഇന്നത്തെ അവസ്ഥയിൽ സ്ത്രീക്ക് സാധ്യമല്ല. ലൈംഗിക ചന്തയിൽ അവൾ ഒരിക്കലും വാങ്ങൽ ശേഷിയുള്ളവളല്ല.

സ്ത്രീ ശരീര സൗന്ദര്യ മത്സരങ്ങൾ പുരുഷൻ്റെ കാമക്കാഴ്ചയെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ളതാണ്. അവൻ്റെ സൗന്ദര്യ സങ്കൽപ്പങ്ങൾക്കു തന്നെയാണ്. അവിടെ പ്രാധാന്യവും. എന്നാൽ പുരുഷ ശരീര സൗന്ദര്യ മത്സരങ്ങൾ ഒരിക്കലും സ്ത്രീയുടെ ഇഷ്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. സുന്ദരമായ പുരുഷ ശരീരത്തിനോടാണ് സ്വാഭാവികമായും സ്ത്രീകളുടെ ആകർഷണം എന്നിരിക്കെ, മസ്സിലു പെരുപ്പിച്ച് വികൃതമായ ശരീരങ്ങളിലാണ് സൗന്ദര്യം എന്ന് വരുത്തിത്തീർക്കാൻ ഇത്തരം സൗന്ദര്യമത്സരങ്ങൾ ശ്രമിക്കുന്നു.

മാറുമറയ്ക്കൽ

സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ വസ്ത്രധാരണരീതി വേണ്ട എന്ന വിനയയെപ്പോലുള്ളവരുടെ വാദം അംഗീകരിക്കാം. എന്നാൽ അപ്പോഴും വസ്ത്രം ധരിച്ച് നടക്കുമ്പോൾ മാത്രമേ സമത്വമുള്ളൂ. വസ്ത്രം അഴിച്ചു കഴിഞ്ഞാലുള്ള സമത്വമില്ലായ്മയെക്കുറിച്ചു കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പാൻ്റും ഷർട്ടും ധരിച്ച് പുരുഷനോടൊപ്പം സമത്വബോധത്തോടെ നടക്കുവാൻ സ്ത്രീക്കു കഴിയുമായിരിക്കും. എന്നാൽ പുരുഷനെപ്പോലെ വസ്ത്രം അഴിച്ചു കളയുവാനുള്ള സ്വാതന്ത്ര്യം സ്ത്രീക്കുണ്ടോ?

കേരള നവോത്ഥാനത്തിൻ്റെ ഒരു ചവിട്ടുപടിയായി കണക്കാക്കപ്പെടുന്ന, 150 വർഷങ്ങൾക്ക് മുമ്പ് നടന്ന മാറുമറക്കൽ സമരം, (ചാന്നാർ ലഹള) അയിത്തം കൽപ്പിക്കപ്പെട്ട, നാടാർ സമൂഹത്തിലെ സ്ത്രീകൾക്ക് മാറുമറക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു. ഈ സമരത്തിലൂടെ താഴ്ന്ന ജാതിയിലെ സ്ത്രീകൾ മാറുമറക്കാനുള്ള സ്വതന്ത്ര്യം നേടിയെടുക്കുകയും ചെയ്തു. സ്ത്രീയുടെ ശരീരം മറക്കപ്പെട്ടാൽ മാത്രമേ സമുദായത്തിന്റെ അന്തസ്സ് വീണ്ടെടുക്കാൻ കഴിയൂ എന്ന പുരുഷാധിപത്യ ചിന്തയാണ് ആ
സമരത്തെ നയിച്ചതും ഭരിച്ചതും. അങ്ങനെയൊരു സമരത്തെ, പക്ഷേ, നാമിപ്പോഴും, സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെ ചവിട്ടുപടിയായിട്ടാണ് ഇതിനെ കാണുന്നത്. മാറുമറക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ സ്ത്രീകൾ നേടിയെടുത്തപ്പോൾ അറിയാതെയാണെങ്കിലും മാറുമറക്കാതെ നടക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തു
കയാണ് ചെയ്തത്. അമേരിക്കയിൽ ഫെമിനിസ്റ്റുകൾ നടത്തിയത് ബ്രെസിയർ കത്തിക്കൽ സമരമാണ്.

വസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള മനുഷ്യൻ്റെ ലൈംഗികതക്ക് വികാരങ്ങൾക്ക് നാം വിചാരിക്കുന്ന പഴക്കമല്ല ഉള്ളത്. അത് രൂപപ്പെട്ടിട്ട് യുഗങ്ങൾ തന്നെ ആയിട്ടുണ്ടാകും. പുരാണങ്ങളുടെ പഴക്കം എന്തായാലും അതിനുണ്ട്. ബ്രഹ്മാവിനെ പ്രീതിപ്പെടുത്താൻ സ്വർഗലോകത്തിൽ വച്ചു നടത്തിയ യാഗത്തിൽ ഇക്ഷ്വാകു വംശത്തിൽ പെട്ട മഹാഭിഷ എന്ന രാജാവും പങ്കെടുത്തു. യാഗത്തിനു എത്തിച്ചേർന്നിരുന്ന ദേവകൾക്കിടയിൽ പട്ടുചേലയണിഞ്ഞ് ഗംഗാദേവിയുമുണ്ടായിരുന്നു. പെട്ടെന്നു വന്ന ഒരു കാറ്റിൽ ഗംഗയുടെ വസ്ത്രം ശരീരത്തിൽ നിന്ന് മാറിപ്പോയപ്പോൾ മഹാഭിഷ രാജാവ് അവളുടെ ശരീരാവയവഭംഗി ആസ്വദിച്ചു കൊണ്ടു നിന്നു. ഗംഗയാകട്ടെ,
ഇതറിഞ്ഞിട്ടും വസ്ത്രം നേരെയിടാൻ കൂട്ടാക്കിയില്ല. കോപിഷ്ഠനായ ബ്രഹ്മാവിൻ്റെ കോപം കൊണ്ട് ഇരുവരും ഭൂമിയിൽ മനുഷ്യരായി പിറക്കേണ്ടി വന്നു. (ശാന്തനുവും ഗംഗയും - ഭീഷ്മരുടെ അച്ഛനും അമ്മയും), പിന്നീടിങ്ങോട്ട് വന്നാൽ പാഞ്ചാലി വസ്ത്രാക്ഷേപവും നമുക്കു കാണാം. പാണ്ഡവരുടെ മാനം കളയാൻ ദുശ്ശാസനൻ അഴിക്കുന്നത്. ഭീമൻ്റെയോ അർജ്ജുനൻ്റെയോ വസ്ത്രമല്ല, കൂടെ ജീവിക്കുന്ന സ്ത്രീയുടെ വസ്ത്രമാണ്. വസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള മാനവും മാനക്കേടും സ്ത്രീക്കു മാത്രമേ ഉള്ളൂ. പുരുഷനില്ല എന്നർത്ഥം.

സ്ത്രീയുടെ വസ്ത്രമഴിഞ്ഞു വീണാൽ നഷ്ടപ്പെടുന്നത് സ്ത്രീയുടെ മാത്രം മാനമല്ല, ഭർത്താവോ, സഹോദരനോ അച്ഛനോ ആയ പുരുഷൻ്റെ മാനം കൂടിയാണ്. പുരുഷന് തൻ്റെ വസ്ത്രം അഴിഞ്ഞ് വീണാൽ പോലും ഈ മാനനഷ്ടമില്ല എന്നോർക്കണം. അതു കൊണ്ടു തന്നെ സ്ത്രീയുടെ വസ്ത്രം അഴിഞ്ഞു വീഴാതെ നോക്കേണ്ടത് അവൾ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിൻ്റെ മുഴുവൻ ഉത്തരവാദിത്വമാണ് എന്നു വരുന്നു.

"വസ്ത്രങ്ങൾക്കുള്ളിൽ എല്ലാ മനുഷ്യരും നഗ്നരാണ് എന്ന് ഒരു മഹാൻ പറഞ്ഞിട്ടുണ്ട്. നഗ്നതയാണ് സ്വാഭാവികത. വസ്ത്രങ്ങൾ പിന്നീട് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്. വസ്ത്രമാണ് നഗ്നതയെ അസ്വാഭാവിക മാക്കിയത്. സ്ത്രീ ശരീരത്തിന് ഇല്ലാത്ത മൂല്യം നൽകിയതും കച്ചവടച്ചരക്കാ ക്കിയതും വസ്ത്രമാണ്. ചുരുട്ടിപ്പിടിച്ച് കൈക്കുള്ളിൽ എന്താണെന്നറിയാനുള്ള ജിജ്ഞാസ അത് നിവർത്തിക്കഴിയുമ്പോൾ അവസാനിക്കുന്നു!.

മധുവിധു കാലത്തിനു ശേഷം ദമ്പതികൾക്കിടയിൽ ഒരു തരം വിര ക്തിയുണ്ടാകുന്നു. പുരുഷൻ്റെ ലൈംഗീകത, ഒളിപ്പിച്ചു വച്ച് ശരീരത്തിനോടുള്ള ജിജ്ഞാസയെയും താത്പര്യത്തെയും അടിസ്ഥാനപ്പെടുത്തിയായതു കൊണ്ട് അതു കുറച്ചു ദിവസം ഭാര്യയുടെ ശരീരം കണ്ടു കഴിയുമ്പോൾ തീരുന്നു. ഇതിനു പ്രതിവിധിയായി സ്നേഹത്തേയും പ്രണയത്തെയും അടിസ്ഥാനമാക്കിയുള്ള ലൈംഗീകത നാം പഠിച്ചെടുക്കേണ്ടിയിരിക്കുന്നു.

ഗാന്ധിയും പ്യൂരിറ്റനും

മനുഷ്യനിൽ അനാവശ്യമായ ജിജ്ഞാസയും ലജ്ജയും സൃഷ്ടിക്കാൻ മാത്രമേ വസ്ത്രങ്ങൾ ഉപകരിക്കൂ എന്ന് അവസാന കാലഘട്ടത്തിൽ ഗാന്ധിജി വിശ്വസിക്കാൻ തുടങ്ങിയിരുന്നു. പലപ്പോഴും പരസ്യമായിത്തന്നെ നഗ്നനായി അദ്ദേഹം കുളിക്കുമായിരുന്നു. (Freedom at midnight by Larry Collinsand Dominic Lapier). വസ്ത്രം ധരിക്കാൻ തുടങ്ങിയതു മുതൽ മനസ്സിനെ കീഴടക്കിയ ലജ്ജയിൽ നിന്നും സ്വയം മോചിതനാകാനുള്ള ഒരു ശ്രമമായിരുന്നു അത്.

ഇംഗ്ലണ്ടിൽ 1649 ൽ ചാൾസ് ഒന്നാമനെ വധിച്ച് അധികാരത്തിൽ കയറിയ പ്യൂരിറ്റൻ വിഭാഗക്കാർ കടുത്ത മതവാദികൾ ആയിരുന്നു. അവർ നാടക ശാലകൾ അടച്ച് പൂട്ടുകയും കലകളെ നിരോധിക്കുകയും ചെയ്തു.
ലൈംഗീകതയെ ഏറ്റവും വലിയ പാപമായി കണ്ട് അവർ മേശയുടെ കാലുകൾ പോലും തുണികൊണ്ട് മൂടിപ്പൊതിഞ്ഞിരുന്നുവത്രേ. കാലുകാണുന്നത്, അത് മേശയുടേതാണെങ്കിൽ പോലും, ലൈംഗീകതയാണെന്ന്
വിശ്വസിച്ചിരുന്നു. അവർ തുണികൊണ്ട് മറച്ചിട്ടില്ലാത്ത മേശയുടെ കാലിൽ സെക്സ് കണ്ടത്തിയ പ്യൂരിറ്റൻ്റെ അതേ മനോവൈകൃതം തന്നെയാണ് സ്ത്രീ ശരീരത്തിൽ ലൈംഗീകത മാത്രം കണ്ടെത്തുന്ന നമ്മുടെ സമൂഹത്തിനുമുള്ളത്.

പുതിയ അവബോധം

നഗ്ന ചിത്രങ്ങൾ ക്യാമറയിൽ പകർത്തുപ്പെടുകയോ ഇൻ്റർനെറ്റിലൂടെ പ്രചരിക്കപ്പെടുകയോ ചെയ്തതിൻ്റെ പേരിൽ അത്മഹത്യ ചെയ്ത പെൺകുട്ടികളുടെ എണ്ണം, പ്രതികരിച്ചവരേക്കാൾ കൂടുതലാണ്. കുളിക്കുമ്പോഴോ,
വസ്ത്രം മാറുമ്പോഴോ, ശാരീരിക ബന്ധത്തിലേർപ്പെടുമ്പോഴോ, ഒളിച്ചുവച്ച മൊബൈലിൽ പകർത്തിയ ചിത്രങ്ങളുമായി ആരെങ്കിലും ബ്ലാക്മെയിൽ ചെയ്താൽ, ജീവിതം പോയി എന്നു കരുതി പറയുന്നതെന്തും അനുസരിക്കാൻ തയ്യാറാകുന്നു നമ്മുടെ പെൺകുട്ടികൾ. പെൺകുട്ടികളിലും സ്ത്രീകളിലും നാം പുതിയ ഒരു അവബോധം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

എൻ്റെ ശരീരത്തിൽ ഞാൻ ഒരു അശ്ലീലവും ഒളിപ്പിച്ചു വച്ചിട്ടില്ല. അതുകൊണ്ട് തന്നെ അത് മറ്റാരെങ്കിലും കണ്ടാലോ എന്നോർത്ത് ഭ്രാന്തുപിടിക്കാൻ ഞാൻ തയ്യാറുമല്ല. ഇനി കണ്ടെങ്കിൽത്തന്നെ അതെന്നെ ബാധി
ക്കുന്ന കാര്യമേയല്ല. ഒരു സ്ത്രീയുടെ ശരീരത്തിൽ എന്തൊക്കെയുണ്ടാകുമെന്ന് നിങ്ങൾക്കറിയാം. നിങ്ങൾക്കറിയാവുന്നതിൽ കൂടുതൽ ഒന്നും തന്നെ എൻ്റെ ശരീരത്തിലില്ല. അശ്ലീലം എൻ്റെ ശരീരത്തിലല്ല. നിങ്ങളുടെ മനസ്സിലാണ്. ഒളിഞ്ഞു നോട്ടങ്ങളിലും ഒളിക്യാമറകളിലും ശരീരഭാഗങ്ങൾ പെട്ടുപോകാതെ എപ്പോഴും ജാഗരൂകരായി നടക്കാനുള്ള ഭീതികലർന്ന നിർദ്ദേശങ്ങൾക്കു പകരം ഈ ആത്മവിശ്വാസമാണ് നാം നമ്മുടെ പെൺകുട്ടികൾക്ക് നൽകേണ്ടത്.

ബലാത്സംഗക്കാരും പെൺവാണിഭക്കാരും ശിക്ഷിക്കപ്പെടുക തന്നെചെയ്യണം. എന്നാൽ നിയമപരമായ ശിക്ഷയിലൂടെ മാത്രം ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാൻ കഴിയില്ല. ഓരോ കൊതുകിനെയും അടിച്ചു
കൊന്ന് കൊണ്ട് കൊതുകു ശല്യം തീർക്കാൻ കഴിയില്ല. അടിസ്ഥാനപരമായ കാരണം കെട്ടിക്കിടക്കുന്ന മലിന ജലമാണ്. അതു തുടച്ചു നീക്കേണ്ടിയിരിക്കുന്നു. ആൺകുട്ടിയെ വളർത്തിയെടുക്കേണ്ട രീതിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. വളർന്നു കഴിയുമ്പോൾ സ്ത്രീയെ ഏതു രീതിയിൽ കാണണമെന്നു തീരുമാനിക്കുന്നത് അവൻ്റെ മനസ്സിൽ ചെറുപ്പത്തിലെ തന്നെ നടക്കുന്ന കണ്ടീഷനിങ്ങ് ആണ്.

പെട്ടെന്നു തന്നെയുള്ള ഒരു സാമൂഹിക മാറ്റത്തിലൂടെ സ്ത്രീ ശരീരത്തിൻ്റെ രഹസ്യാത്മകത ഇല്ലാതെയാക്കാം എന്നും പുരുഷൻ്റെ കാഴ്ചപ്പാടിനെ മാറ്റിമറിക്കാമെന്നും ചിന്തിക്കുന്നത് പ്രായോഗികമല്ല. കാരണം കാമക്ക
ണ്ണിലൂടെ മാത്രം സ്ത്രീയെ കാണാൻ ശീലിച്ച ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ പടിപടിയായുള്ള ഒരു മാറ്റം തീർച്ചയായും സാധ്യമാണ്. പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചിടപഴകി വളരട്ടെ. ശരീരത്തിൽ എവിടെയും അശ്ലീലം ഒളിച്ചു വച്ചിട്ടില്ലെന്ന് അവർ തിരിച്ചറിയട്ടെ. അടുത്ത തലമുറയിലെങ്കിലും നമുക്ക് പരിവർത്തനം സൃഷ്ടിക്കാം.