Liberation @ Thinking

എഴുത്ത്, വിപണി, വിവാദം

  • Share this:
Literature - Media post-title

മലയാളിമനശാസ്ത്രം മുതലെടുത്ത് മഹാസംഭവമെന്ന പരസ്യത്തോടെ വെറും കച്ചവടം മുന്നിൽ കണ്ട പുസ്തകങ്ങളുടെ പലപതിപ്പുകൾ നിലവാരമില്ലാത്ത കടലാസിലും പ്രിൻ്റിംഗിലും കൂടിയ വിലയിട്ട് ഇറങ്ങിയത് വായനക്കാർക്കറിയാം. ഈ കച്ചവടക്കണ്ണാണോ സാഹിത്യത്തിൻ്റെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുന്നു എന്നു ഭാവിക്കുന്ന പ്രസാധകർക്ക് ഉള്ളത് ?

അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാൽ കൂടുതൽ വിറ്റഴിയും എന്ന് കഥാകാരൻ ടി പദ്മനാഭൻ അഭിപ്രായം പറയുമ്പോൾ അസഹിഷ്ണുതയെന്തിന് ? നമുക്ക് വിയോജിക്കാം യോജിക്കാം. പറഞ്ഞതിനു പിന്നിൽ എന്തെങ്കിലും യാഥാർത്ഥ്യങ്ങൾ ഉണ്ടെങ്കിൽ അതിനെ കാണാതിരിക്കണോ ? ഇതെല്ലാം മലയാളത്തിലെ ഏറ്റവും പ്രമുഖ പ്രസാധകർ തന്നെ ചെയ്തിട്ടുള്ള കാര്യങ്ങളാണെന്ന് നമ്മൾക്കറിയാത്തതാണോ ?

ലൈംഗികത കുത്തിനിറച്ചതാണെങ്കിൽ നന്നായി വിറ്റു പോകും എന്ന മലയാളിമനശാസ്ത്രം കച്ചവടക്കാർക്കെല്ലാം അറിയാവുന്നതാണ്. അതു മുതലെടുത്ത് പറ്റിയ ആളുകളെ വിളിച്ച് എഴുതിച്ച് ഇല്ലാത്ത പതിപ്പുകൾ മലയാളസാഹിത്യത്തിലെ മഹാസംഭവമെന്ന ലേബലിൽ വിറ്റഴിക്കുന്ന പ്രവണതയെ ആരും പരാമർശിക്കാൻ മടിക്കുന്നു എന്നതു കൊണ്ട് ഒരു കഥാകൃത്തിന് അനുഭവപ്പെട്ടത് തുറന്നു പറയാൻ പാടില്ല എന്നുണ്ടോ ?

ഈ ഒറ്റ അഭിപ്രായം കൊണ്ട് എത്ര പെട്ടന്നാണ് ഒരു വിഖ്യാത കഥാകാരൻ്റെ കഥകളൊക്കെ റദ്ദ് ചെയ്യപ്പെട്ടത് ?അദ്ദേഹത്തിൻ്റെ ഒരു കഥ പോലും വായിക്കാൻ കൊള്ളുന്നതായി ഇല്ലെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. അവർക്ക് ഇപ്പോഴാണ് ബോധോദയമുണ്ടായത്. നിങ്ങൾ ഒരു പുസ്തകമെഴുതൂ ഒരു കലാമൂല്യവും വേണ്ട. 'സാദനത്തിൽ' വേണ്ടത്ര ലൈംഗിക ചേരുവയുണ്ടെങ്കിൽ മലയാളത്തിലെ ഏറ്റവും വലിയ പ്രസാധകൻ നിങ്ങളെ തേടി വരും, ഇത് മലയാളത്തിന്റെ മാത്രം പുണ്യം.

നളിനീ ജമീലയുടെ ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥയും സിസ്റ്റർ ജെസ്മിയുടെ ആമേനും കെ .ആർ .ഇന്ദിരയുടെ സ്ത്രൈണ കാമസൂത്രവും ഉൾപ്പെടെയുള്ളവ മഹത്തായ ക്ലാസിക് കൃതികളെ പോലും പിന്തള്ളുന്നത്ര പതിപ്പുകൾ ഇറങ്ങിയത് നമ്മുടെ മുന്നിലുണ്ട്. അത്ര ഗ്ലാമറോടെ കൊട്ടിഘോഷിച്ചിറക്കാൻ മാത്രം എന്ത് സാഹിത്യമൂല്യമാണ് അതിലുള്ളത് ? കച്ചവട മൂല്യം മാത്രമാണവിടെ. ഈ കച്ചവടക്കണ്ണാണോ സാഹിത്യത്തിൻ്റെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുന്നു എന്നു ഭാവിക്കുന്ന പ്രസാധകർക്ക് ഉള്ളത് ? എങ്കിൽ അത് തുറന്നു പറയണം. കൂടുതൽ ആശയക്കുഴപ്പമില്ലാതെ കഴിക്കാമല്ലോ.

ടി .പദ്മനാഭൻ്റെ പരാമർശം വന്നതിന് ശേഷം അദ്ദേഹത്തിൻ്റെ സ്വഭാവവും വ്യക്തിജീവിതവുമാണ് ചുഴിഞ്ഞു നോക്കുന്നത്. ഒരെഴുത്തുകാരൻ്റെ സ്വഭാവമാണോ അദ്ദേഹത്തിൻ്റെ കൃതികളാണോ വിലയിരുത്തപ്പെടേണ്ടത്? ആളെ നോക്കിയും പെരുമാറ്റം നോക്കിയും, ആൺ പെൺ വേർതിരിവോടെയും സാഹിത്യം കൊണ്ടാടപ്പെടുന്ന പ്രവണതയോടു കൂടിയാണ് കഥാകൃത്ത് ഇടയുന്നത്. സ്ത്രീകൾ ഇടപെട്ട വിഷയങ്ങളിൽ ഒരു വിരുദ്ധാഭിപ്രായം പറയുമ്പോൾ പെട്ടെന്ന് അതിന് സ്ത്രീവിരുദ്ധത ചാർത്തിയാലെങ്ങനെ ?

നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റവാളി എത്ര വലിയവനായാലും ഒരു ദാക്ഷിണ്യവും അർഹിക്കുന്നില്ലെന്നു കഥാകൃത്ത് അഭിപ്രായപ്പെട്ടത് അൽപ്പം മുമ്പായിരുന്നു. ഇത്തരം പ്രവൃത്തി ചെയ്തവർക്ക് അധികകാലം താര ചക്രവർത്തിമാരായി വാഴാനാകില്ലെന്നും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെട്ടേ മതിയാകൂവെന്നും കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയിലാണ് അദ്ദേഹം പറഞ്ഞത്. സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ സമിതിയുടെ റിപ്പോർട്ട് പുറത്തു വിട്ടില്ലെങ്കിൽ കാലം മാപ്പു നൽകില്ലെന്നും അദ്ദേഹം ഉറച്ചു പറഞ്ഞിരുന്നു. സർക്കാരിനെതിരെ പോലും വിമർശന പരാമർശമുണ്ടായി. അവിടെയെല്ലാം നിലപാടു വ്യക്തമാക്കിയ കഥാകൃത്ത് സ്ത്രീ വിരുദ്ധനല്ലായിരുന്നില്ലെങ്കിൽ ഇപ്പോൾ പറഞ്ഞതിലും സ്ത്രീ വിരുദ്ധതയല്ല കാണേണ്ടത്. നിലപാടു മാത്രമാണ്. ഒരു പ്രത്യേക വിഷയത്തിൽ പറഞ്ഞ ഒരഭിപ്രായത്തിന്റെ പേരിൽ പറഞ്ഞയാളെ സ്ത്രീവിരുദ്ധനാക്കുന്ന പ്രവണത അത്ര നല്ലതായി തോന്നുന്നില്ല.

ഇത്തരം പുസ്തകങ്ങൾ മഹാസംഭവമെന്ന പരസ്യത്തോടെ പലപതിപ്പുകൾ നിലവാരമില്ലാത്ത കടലാസിലും പ്രിൻ്റിംഗിലും കൂടിയ വിലയിട്ട് ഇറങ്ങിയത് വായനക്കാർക്കറിയാം. എന്തായാലെന്താ. സംഗതി മലയാളിക്കു വേണ്ട മട്ടിൽ ലൈംഗിക ചേരുവകളോടെ തയ്യാറാക്കിയതാണ്. വിറ്റു പൊയ്ക്കോളും.

സാഹിത്യവും പുസ്തകവുമെല്ലാം വലിയ തോതിൽ മാർക്കറ്റ് ചെയ്യപ്പെടുന്ന കച്ചവടമാകുമ്പോൾ ആ കച്ചവടത്തിൻ്റെ ദുസ്വാഭവങ്ങളെ ചോദ്യം ചെയ്യുന്ന വാക്കുകൾ എഴുത്തുകാരനിൽ നിന്ന് പുറപ്പെടുക സ്വാഭാവികമാണ്. ധീരമാണത്.

വ്യാമോഹങ്ങൾ വെച്ചു നീട്ടുക.. പരസ്യങ്ങളിലൂടെ എന്തെങ്കിലുമൊക്കെ ജനങ്ങളുടെ തലയിൽ കെട്ടിയേൽപ്പിക്കുക. ഇത്തരുണത്തിൽ, ലോകത്ത് ഏറ്റവും വലിയ അശ്ലീലം മുതലാളിത്തത്തിൻ്റെ ചന്തമിടുക്കാണ് എന്നു പറഞ്ഞ കാറൽ മാർക്സിനെ ഇവിടെ സന്ദർഭവശാൽ ഓർത്തു പോകുന്നു.