മാനവ ശരീരാധിഷ്ഠിതമായ ലിംഗ ഭാവനകളിലേക്ക് വിശ്വപ്രകൃതിയെ ചുരുക്കിയെടുക്കുന്നു എന്നിടത്താണ് ലൈംഗിക നിഷ്പക്ഷത പ്രകൃതി വിരുദ്ധമാണെന്നാ വാദം അസംബന്ധമാകുന്നത്. മാനവശരീരമാണ് വിശ്വപ്രകൃതി എന്നു കരുതുന്നത് ആനയെന്നാല്‍ കുഴിയാനയാണെന്നു കരുതുന്നതിനോളമെങ്കിലും അസംബന്ധമാണ്.
ലൈംഗിക നിഷ്പക്ഷത[Gender Neutrality] എന്നത് പ്രകൃതി വിരുദ്ധമാണെന്നാണ് ഗാന്ധിയന്‍ഗോള്‍വല്‍ക്കറിസ്റ്റ് ആയ രാഹൂല്‍ ഈശ്വര്‍ പറയുന്നത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന സ്വഭാവം പ്രകൃതിയില്‍ എവിടേയും കാണില്ലെന്നു കൂടി രാഹൂല്‍ ഈശ്വര്‍ പറയുന്നുണ്ട്. ഈ രണ്ടു വാദങ്ങളും അസംബന്ധങ്ങളാണ്. മാനവ ശരീരാധിഷ്ഠിതമായ ലിംഗ ഭാവനകളിലേക്ക് വിശ്വപ്രകൃതിയെ ചുരുക്കിയെടുക്കുന്നു എന്നിടത്താണ് രാഹൂല്‍ ഈശ്വറിന്റെ വാദം അസംബന്ധമാകുന്നത്. മാനവശരീരമാണ് വിശ്വപ്രകൃതി എന്നു കരുതുന്നത് ആനയെന്നാല്‍ കുഴിയാനയാണെന്നു കരുതുന്നതിനോളമെങ്കിലും അസംബന്ധമാണ്. മനുഷ്യനെന്നല്ല മൊത്തം സൗരയൂഥം തന്നേയും ഇല്ലാതായാലും തന്റെ അസ്തിത്വത്തിന് സാരമായ ഒരു കോട്ടവും ഉണ്ടാവാത്ത വിധത്തില്‍ അനന്തവൈഭവങ്ങളോടു കൂടിയ വിസ്മയനീയ വാസ്തവമാണ് വിശ്വപ്രകൃതി. വിശ്വപ്രകൃതിയിലെ 99.9% പ്രവര്‍ത്തനങ്ങളും ലൈംഗിക നിഷ്പക്ഷതയോടെയാണ് നടന്നു വരുന്നത്. ഉദാഹരണത്തിനു സൂര്യന്‍ പ്രവര്‍ത്തിക്കുന്നതും ചൂടും പ്രകാശവും പുറപ്പെടുവിക്കുന്നതും ലിംഗഭേദ സ്വഭാവത്തോടെയല്ല;ലിംഗ നിഷ്പക്ഷതയോടെയാണ്. ഇതുപോലെ പ്രാണവായുവും ജെന്‍ഡര്‍ ന്യൂട്രല്‍ ആയ പ്രകൃതി പ്രതിഭാസമാണ്. ആണുങ്ങള്‍ക്ക് ശ്വസിക്കാന്‍ ആണ്‍വായുവോ പെണ്ണുങ്ങള്‍ക്ക് ശ്വസിക്കാന്‍ പെണ്‍വായുവോ പ്രകൃതിയില്‍ നിലവിലില്ലല്ലോ. സൂര്യപ്രകാശവും പ്രാണവായുവും ഒക്കെ ഉള്‍പ്പെട്ട വിശ്വപ്രകൃതിയില്‍ എവിടേയും ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഇല്ല എന്നൊക്കെ ഒച്ചവെച്ചു പറയുന്നത് ശുദ്ധ മഠയത്തരമാണ്. യഥാര്‍ത്ഥത്തില്‍ സൗരോര്‍ജ്ജവും പ്രാണവായുവും വെളളവും ആണ് മനുഷ്യനുള്‍പ്പെട്ട ജീവരാശിയുടെ നിലനില്പിന്റെ അടിസ്ഥാന ശക്തി സ്രോതസ്സുകള്‍. ഈ ശക്തി സ്രോതസ്സുകളെല്ലാം ജെന്‍ഡര്‍ ന്യൂട്രലാണ്. ഇതുപ്രകാരം ചിന്തിച്ചാല്‍ നമ്മുടെ നിലനില്പിന്റെ അടിസ്ഥാന ശക്തി തന്നെ ജെന്‍ഡര്‍ ന്യൂട്രലിറ്റി സ്വഭാവമായ പ്രകൃതി പ്രതിഭാസങ്ങളാണെന്നേ മനസ്സിലാക്കാനാവൂ. അതിനാല്‍ തന്നെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി പ്രകൃതി വിരുദ്ധമാണെന്ന വാദം അസംബന്ധമാണ്- ജെന്‍ഡര്‍ ന്യൂട്രലായ പ്രാണവായു ശ്വസിച്ചു ജീവിക്കുന്ന ഒരു മനുഷ്യനും ഉയര്‍ത്താന്‍ പാടില്ലാത്തതുമാണ്. പക്ഷേ ജെന്‍ഡര്‍ ന്യൂട്രലായ പ്രാണവായുവിനെ പടച്ച ദൈവത്തെ പോലും 'അവന്‍' എന്നു വിളിച്ച് ആണാക്കി തീര്‍ക്കുന്ന ആണധികാര മത വ്യവസ്ഥകളുടെ പൗരോഹിത്യ തന്ത്രങ്ങള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ കലപില കൂട്ടി ആക്രോശിക്കും. ഇത്തരം ആക്രോശ വാണികള്‍ നിഷ്ക്കരുണം പ്രതിരോധിക്കേണ്ടതും നിയമപരമായി നിയന്ത്രണ വിധേയമാക്കേണ്ടതുമായ ശബ്ദമലിനീകരണ പ്രവര്‍ത്തനങ്ങളാണ്. ഇതു തിരിച്ചറിയുന്നതിനാലാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെപ്പറ്റി ഈ ലഘു പ്രബന്ധം എഴുതി പ്രതികരിക്കുന്നത്.
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും ജെന്‍ഡര്‍ ജസ്റ്റീസും
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ ലവലേശം അനുകൂലിക്കില്ലെന്നും സര്‍വ്വശക്തിയും സംഭരിച്ച് എതിര്‍ക്കും എന്നും പറഞ്ഞ് രംഗത്തു നില്ക്കുന്നത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും വി.ഡി. സതീശനും രാഹൂല്‍ ഈശ്വറും ഉള്‍പ്പെടെയുളള ഗാന്ധിയന്‍ ഗോല്‍വള്‍ക്കറിസ്റ്റുകളുമാണ്. എന്നാല്‍, ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ എതിര്‍ക്കുമ്പോഴും മേല്പറഞ്ഞവരെല്ലാം ജെന്‍ഡര്‍ ജസ്റ്റീസിനെ അംഗീകരിക്കുന്നു എന്നും അവകാശപ്പെട്ടു കാണുന്നു. സ്വാഭാവികമായും ഇവിടെ ഒരു ചോദ്യം ഉയര്‍ത്തേണ്ടി വരുന്നു. എന്താണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും ജെന്‍ഡര്‍ ജസ്റ്റീസും തമ്മിലുളള വ്യത്യാസം..? സ്വാഭാവികമായ ഈ ചോദ്യത്തിന് യുക്തിഭദ്രവും വസ്തുതാപരവുമായ ഒരു മറുപടിയും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ എതിര്‍ത്തുകൊണ്ട് ജെന്‍ഡര്‍ ജസ്റ്റീസിനെ അനുകൂലിക്കുന്നവരെന്നു മേനി നടിക്കുന്ന മത മാമൂല്‍ വാദികളോ അവരുടെ മൂടു താങ്ങികളോ പറഞ്ഞിട്ടില്ല. അവര്‍ക്കതു പറയാനാവില്ല എന്നതു കൊണ്ടാണ് അവരതു പറയാത്തത്.
'ആണിന് രണ്ടു വോട്ടു ചെയ്യാം; പെണ്ണിന് ഒരൊറ്റ വോട്ടേ ചെയ്യാന്‍ പാടൂ' എന്നോ പെണ്ണിന് രണ്ടു വോട്ട്; ആണിന് ഒറ്റ വോട്ട്' എന്നോ ജനാധിപത്യ വ്യവസ്ഥയിലെ പൗരാവകാശ നിയമ വ്യവസ്ഥ അനുശാസിക്കുന്നില്ല. ജനാധിപത്യ വ്യവസ്ഥയില്‍ ആണിനും പെണ്ണിനും ഒരൊറ്റ വോട്ടു ചെയ്യാനേ അധികാരവും അവകാശവും ഉളളൂ. എന്താണ് ഈ നിയമ വ്യവസ്ഥ നല്‍കുന്ന പാഠം..? ആണിനും പെണ്ണിനും വോട്ട വകാശം തുല്യമാണ് എന്നതാണ് ആ ജനാധിപത്യ പാഠം. ഇത് ഒരേ സമയം ലിംഗ നീതിയാണ് അഥവാ ജെന്‍ഡര്‍ ജസ്റ്റീസാണ്. അതോടൊപ്പം ആണെന്നും പെണ്ണെന്നുമുളള ലിംഗ പരിഗണനയെ ആശ്രയിച്ചല്ല ജനാധിപത്യത്തിലെ വോട്ടവകാശ നിയമം നടപടിയില്‍ വരുന്നത് എന്നതിനാല്‍ നമ്മുടെ വോട്ടവകാശ നിയമം ലിംഗ നിഷ്പക്ഷത അഥവാ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയേയും പ്രകാശിപ്പിക്കുന്നു. വോട്ടര്‍ എന്ന വാക്ക് ജെന്‍ഡര്‍ ജസ്ററീസിനേയും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയേയും ഒരേ സമയം പ്രതിനിധീകരിക്കുന്ന ജനാധിപത്യ ഭരണ വ്യവസ്ഥയിലെ ഏറ്റവും മൂല്യവത്തും മനോഹരവുമായ ശബ്ദമാണ്. വോട്ടര്‍, വോട്ടവകാശം എന്നീ പദങ്ങളെ മാത്രം കൂലങ്കഷമായി ചിന്തന ചെയ്താല്‍ തന്നെ ജെന്‍ഡര്‍ ജസ്റ്റീസും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും ഒരുമിച്ചേ നിലനില്ക്കൂ എന്ന് ബോധ്യമാകും. ഏതു പോലെ എന്നാല്‍ മസ്തിഷ്ക്കം തല്ലി തകര്‍ത്തിട്ടോ ഹൃദയം കുത്തിക്കീറിയിട്ടോ മനുഷ്യനു നിലനില്ക്കാനാവില്ല എന്നതു പോലെ എന്നാണ് ഉത്തരം. ജെന്‍ഡര്‍ ജസ്റ്റീസ് ഒഴിവാക്കിയിട്ട് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ നിലനിര്‍ത്താനോ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ ഒഴിവാക്കി ജെന്‍ഡര്‍ ജസ്റ്റീസു മാത്രം പരിരക്ഷിക്കാനോ ശ്രമിക്കുന്നവര്‍ ചൂടില്ലാത്ത തീയോ പ്രകാശമില്ലാത്ത തീയോ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന വിഡ്ഢികളാണ്. ഇത്തരം മൂഢ സ്വര്‍ഗ്ഗങ്ങളെ വിഭാവനം ചെയ്യാനും വാക്കിലൂടെ വിളംബരം ചെയ്യാനും മതമാമൂല്‍ വാദ ഭ്രാന്തര്‍ക്കല്ലാതെ കഴിയുകയും ഇല്ല. തീ ചൂടും പ്രകാശവും ഒരേ സമയം ഉണ്ടാക്കുന്ന പോലെ ലിംഗനീതിക്കായുളള ശ്രമങ്ങള്‍ ലിംഗ നിഷ്പക്ഷതയും ലിംഗ നിഷ്പക്ഷതക്കായുളള ശ്രമങ്ങള്‍ ലിംഗ നീതിയും ഒരേ സമയം സംഭവിപ്പിക്കും. പക്ഷേ ഇതു മനസ്സിലാക്കാനുളള വിവേകം മത മാമൂല്‍ ഭ്രാന്തി ബാധിച്ച ബുദ്ധിയുളളവര്‍ക്ക് ഉണ്ടാവാറില്ല. അതിനു കാരണം മത ധര്‍മ്മ വ്യവസ്ഥകളെല്ലാം ലിംഗ വിവേചനാധിഷ്ഠിതമായ ആണധികാര വ്യവസ്ഥകളായിരുന്നു എന്നതാണ്. ഈ വ്യവസ്ഥകള്‍ പെണ്ണിനെ കാണുന്നത് അടുക്കളയിലും കിടപ്പറയിലും പ്രസവമുറിയിലും മാത്രമാണ്-അരങ്ങിലോ അങ്ങാടിയിലോ അധികാര പീഠങ്ങളിലോ ഒരു മതധര്‍മ്മ വ്യവസ്ഥയും പെണ്ണിനെ കാണാന്‍ പഠിപ്പിക്കുന്നില്ല; പ്രചോദിപ്പിക്കുന്നില്ല;പരിശീലിപ്പിക്കുന്നുമില്ല. ഭൂമിയില്‍ ജനാധിപത്യം മാത്രമേ അടുക്കളയില്‍ എന്ന പോലെ അരങ്ങത്തും കിടപ്പറയില്‍ മാത്രമല്ലാതെ അധികാര പീഠങ്ങളിലും പെണ്ണിനെ കാണാനുളള അവസരവും അവകാശവും പൊതുവേ നല്‍കിയിട്ടുളളൂ. ഇക്കാര്യം അല്‍പ്പം വിശദീകരിക്കാം.
മതധര്‍മ്മ വ്യവസ്ഥകളിലെ പെണ്ണ് അഥവാ രണ്ടാം ലിംഗം
രാഹൂല്‍ ഈശ്വറിനെപ്പോലുളള ഗാന്ധിയന്‍ ഗോല്‍വള്‍ക്കറിസ്റ്റുകള്‍ കൊണ്ടാടുന്ന സനാതന ഹിന്ദു പാരമ്പര്യത്തിന്റെ വ്യക്തി-സമാജ ധര്‍മ്മ വ്യവസ്ഥ എന്താണെന്നും എങ്ങിനെ ആയിരിക്കണമെന്നും അനുശാസിക്കുന്ന ഏറ്റവും പ്രമാണികവും പ്രചുര പ്രചാര നേടിയിട്ടുളളതുമായ ഗ്രന്ഥം മനുസ്മൃതിയാണ്. പാരമ്പര്യവാദികളുടെ ഏറ്റവും പ്രാമാണികമായ ഭരണഘടനയാണത്. മനുസ്മൃതിയിലെ സ്ത്രീ പുരുഷന്റെ നിഴലാണ്. പെണ്ണവിടെ സഹധര്‍മ്മിണിയാണ്;ധര്‍മ്മാചാര്യന്‍ പുരുഷനാണ്. സംവിധായകനും സഹസംവിധായകനും തമ്മിലുളള ഉച്ച നീച ബന്ധമാണ് മനുസ്മൃതിയില്‍ ആണും പെണ്ണും തമ്മിലുളളത്. സഹസംവിധായകന്റെ പ്രാധാന്യതയേ സഹധര്‍മ്മിണിയായ പെണ്ണിനു മനുവിന്റെ ധര്‍മ്മ വ്യവസ്ഥയിലുളളൂ. ബ്രാഹ്മണ സ്ത്രീക്കു പോലും ഉപനയനമോ മന്ത്ര ദീക്ഷയോ വേദ പഠനമോ യജ്ഞാധികാരമോ ഭരണാധികാരമോ മനു നല്‍കിയിട്ടില്ല. മേല്‍പ്പറഞ്ഞ ഉപനയനാദി അവകാശാധികാരങ്ങളേതും മനുവിന്റെ ധര്‍മ്മ സംഹിതയില്‍ ശുദ്ര വര്‍ണ്ണജരായ പുരുഷന്മാര്‍ക്കോ ചണ്ഡാളാദി അവര്‍ണ്ണര്‍ക്കോ മനു അനുവദിച്ചിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ലിംഗനീതി എന്നതു, മനു അനുശാസിച്ചതും ബ്രിട്ടീഷ് ഭരണ വാഴ്ച്ച സംഭവിക്കും വരെ ഭാരതത്തിലെ നാട്ടു രാജാക്കന്മാര്‍ ഭരണ നിര്‍വ്വഹണത്തിനായി ആശ്രയിച്ചിരുന്നതുമായ ധര്‍മ്മ വ്യവസ്ഥയില്‍ ഇല്ല. 'നാരകം നട്ടേടവും നാരി ഭരിച്ചേടവും മുടിയും' എന്നതായിരുന്നു രാഹൂല്‍ ഈശ്വറിനെപ്പോലുളളവര്‍ വാഴ്ത്തി കൊണ്ടാടുന്ന പരമ്പരാഗത മൂല്യ ധര്‍മ്മ വ്യവസ്ഥകളുടെ പൊതു സ്വഭാവം. അതിനാല്‍ രാഹൂല്‍ ഈശ്വറിനു ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന വാക്കൊക്കെ കേള്‍ക്കുമ്പോഴേക്കും കടവവ്വാലിനു പകല്‍ വെളിച്ചത്തിലെന്നപ്പോലുളള ആസ്വാസ്ഥ്യങ്ങളുണ്ടാവാതെ തരമില്ല.
രാഹൂല്‍ ഈശ്വറിനുളള അതേ ആസ്വാസ്ഥ്യമാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന വാക്കു കേള്‍ക്കുമ്പോള്‍ ഖുര്‍ആനിന്റേയും ഇസ്ലാമിന്റേയും പേരില്‍ മുസ്ലീലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഉണ്ടാവുന്നത്. ഇവര്‍കൊണ്ടാടുന്ന ഖുര്‍ആനിക ശരീഅത്ത് അധിഷ്ഠിതമായ ദീനി വ്യവസ്ഥയിലും പെണ്ണ് രണ്ടാം ലിംഗമാണ്. ആദം എന്ന ആണ്‍ലിംഗത്തിന്റെ അനുവര്‍ത്തിനിമാത്രമാണ് ഹവ്വ എന്ന രണ്ടാം ലിംഗം. ലിംഗ നീതി എന്നത് അവിടേയും ഇല്ല. കാരണം ഖുര്‍ആന്‍ അധിഷ്ഠിത ഇസ്ലാമിക ധര്‍മ്മ വ്യവസ്ഥയില്‍ ആണിനേക്കാള്‍ താഴെയാണ് പെണ്ണ്. ഈ ലിംഗ വിവേചനം [Gender discrimination] ദൈവീക പ്രമാണമായി വിശ്വസിക്കപ്പെടുന്നിടത്ത് എങ്ങിനെ ലിംഗനീതി സംഭവിക്കും..? സംഭവിക്കില്ല. എന്തെന്നാല്‍, വിവേചനം ഉളളിടത്ത് നീതിയില്ല. വിവേചനം എന്ന ഇരുട്ടും നീതി എന്ന വെളിച്ചവും ഒരിടത്ത് ഒരേ സമയം സംഭവിക്കില്ല. അമാവാസി രാവില്‍ പൗര്‍ണ്ണമി സംഭവിക്കില്ലല്ലോ.
ഖുര്‍ആന്‍ അധിഷ്ഠിത ദീനി വ്യവസ്ഥയില്‍ സ്ത്രീ പുരുഷ ലിംഗ വിവേചനം ഉണ്ടെന്നു പറയുമ്പോള്‍, പരിഭവമോ പ്രതിഷേധമോ പലര്‍ക്കും തോന്നാം. തീര്‍ച്ചയായും ഇതൊരു അപവാദം പറച്ചില്‍ മാത്രമാണെങ്കില്‍ പ്രതിഷേധിക്കുകയോ പരിഭവിക്കുകയോ ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍, കല്‍ബുര്‍ഗ്ഗിയോടു ഹിന്ദുത്വ തീവ്രവാദികളും ജോസഫ് മാഷിനോടും സല്‍മന്‍ റുഷ്ദിയോടും ഇസ്ലാമിക തീവ്രവാദികളും ചെയ്തത് എന്നോടും ചെയ്യപ്പെടുമോ എന്ന ഭയത്താല്‍ ചരിത്രപരമായ വസ്തുതകള്‍ ഒരു മത വ്യവസ്ഥയെ സംബന്ധിച്ചും പറയാതിരിക്കാന്‍ ഈയുളളവന്‍ തയ്യാറല്ല. പക്ഷേ വര്‍ഗ്ഗീയത ആളിക്കത്തിക്കാനായി മാത്രം വസ്തുതാപരമായ ആധികാരികത ഇല്ലാത്ത പരദൂഷണങ്ങള്‍ ഒരു മതവ്യവസ്ഥയെ സംബന്ധിച്ചും പറയരുതെന്നും പറയുന്നവരെ ആശയപരമായി പ്രതിരോധിക്കണം എന്നും അഭിപ്രായമുളളയാളാണ് ഞാന്‍. അതിനാല്‍ അറിഞ്ഞിടത്തോളം വസ്തുതകള്‍ വെച്ചു തന്നെയാണ് ഇവിടെ ഖുര്‍ആനിക ദീനി വ്യവസ്ഥയില്‍ ആണ്‍ക്കൊയ്മാ പരമായ ലിംഗവിവേചനമുണ്ടെന്നു പറയുന്നത്. ഒരു ഉദാഹരണം പറയാം. ഖുര്‍ആനില്‍ പേരെടുത്ത് പറയുന്ന ഇരുപത്തഞ്ചു പ്രവാചകരും പേരു പറയാത്ത ഒരു ഒന്നേകാല്‍ ലക്ഷം പ്രവാചകരെപ്പറ്റിയും സൂചിപ്പിക്കുന്നുണ്ട്. പ്രവാചകര്‍ മാനവികതയുടെ മാര്‍ഗ്ഗ ദര്‍ശകരാണെന്നാണ് ഖുര്‍ആനിന്റെ വീക്ഷണം.പക്ഷേ പ്രവാചകത്വ നിയോഗം ലഭിച്ച ലക്ഷങ്ങളില്‍ ഒരു പെണ്ണെങ്കിലും ഉണ്ടെന്നു ഖുര്‍ആന്‍ വിദൂര സൂചനയായി പോലും പറയുന്നില്ല. മാനവികതക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നതിനുളള പ്രവാചകത്വ നിയോഗം ഒരു പെണ്ണിനു പോലും സിദ്ധിച്ചതായി പറയാത്ത ഖുര്‍ആനികതയുടെ ദീനി വ്യവസ്ഥയില്‍ ലിംഗ വിവേചന പരത ഇല്ലേയില്ലെന്ന് സത്യം പറയുന്നവര്‍ക്കെങ്ങിനെ സമ്മതിക്കാനാകും..?
ബൈബിളിലും പ്രവാചിക എന്ന പരികല്പനക്ക് ഇടമേയില്ല. പെണ്ണ് അവിടേയും രണ്ടാം ലിംഗമാണ്;തുല്യ ലിംഗമല്ല.അതുകൊണ്ടു തന്നെ സ്ത്രൈണ വ്യക്തിത്വം മദര്‍തേരസയായി ഔന്നത്യപ്പെട്ടാലും അവള്‍ക്ക് മാര്‍പാപ്പ പദവിയില്‍ അവരോധിതയാകാനാവില്ല. ഇങ്ങിനെ ഏതു മത വ്യവസ്ഥയെ അപഗ്രഥിച്ചാലും അതിലെല്ലാം ആണ്‍ക്കൊയ്മാപരമായ ലിംഗവിവേചനമേ കാണാനാകൂ. അതിനാല്‍ മതമൂല്യവ്യവസ്ഥകളോടുളള വിശ്വാസത്താല്‍ ഭ്രാന്തമായി തീര്‍ന്ന മനുഷ്യ മനസ്സുകള്‍ക്കൊരിക്കലും ജെന്‍ഡര്‍ ജസ്റ്റീസോ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയോ പൂര്‍ണ്ണ ഹൃദയത്തോടെ ഉള്‍ക്കൊളളാനോ നടപ്പില്‍ വരുത്താനോ നടപ്പില്‍ വരുത്തുന്നവരോടു അനുകൂല മനോഭാവം കൊളളാനോ കഴിയില്ല. എന്നു കരുതി മതവ്യവസ്ഥയുടെ ഭ്രാന്ത പരികല്പനകള്‍ പരിരക്ഷിക്കാനായി ഒരു ജനാധിപത്യ വ്യവസ്ഥക്ക് ജെന്‍ഡര്‍ ജസ്റ്റീസോ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയോ നടപ്പാക്കുതിരിക്കുവാന്‍ ആവില്ല. ആണ്‍ക്കൊയ്മയെ ചോദ്യം ചെയ്യുന്നത് യാഥാസ്ഥിതിക മതത്തിനെതിരാകാം;പക്ഷേ അതൊരിക്കലും ദൈവ വിരുദ്ധമാവില്ല. കാരണം ദൈവം ആണ്‍ക്കൊയ്മാ വാദിയായ ഒരു വലിയ ആണ്‍ ആളായ പുരോഹിതനല്ല-മനുവോ മാര്‍പാപ്പയോ ഖലീഫയോ അല്ല. ഇനി ദൈവം നേരത്തെ പറഞ്ഞ വിധം ഒരു ആണ്‍ ആളത്വമാര്‍ന്ന വലിയ പുരോഹിതനാണെങ്കില്‍, അത്തരമൊരു ദൈവത്തെ ജനാധിപത്യമാനവര്‍ക്ക് ആവശ്യവും ഇല്ല. ആണുങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്ന വിധത്തിലുളള പരിഗണനയോടെ പെണ്ണുങ്ങളുടെ പ്രാര്‍ത്ഥനയും കേള്‍ക്കുന്ന ദൈവത്തെ മാത്രമേ ശാസ്ത്ര സാങ്കേതിക ജനാധിപത്യയുഗത്തിലെ മാനവികതക്ക് മാനിക്കാനാവൂ.
ആണ്‍പെണ്‍ വ്യത്യസ്തകളും വസ്ത്രധാരണവും
ആണും പെണ്ണും തമ്മില്‍ വ്യത്യസ്തകളുണ്ട് എന്നത് സ്ത്രീയുടെ ഗര്‍ഭപ്പാത്രത്തില്‍ ബീജാവാപം ചെയ്യപ്പെട്ടു അവളുടെ യോനിദ്വാരത്തിലൂടെ ഭൂമിയില്‍ പിറന്നു വീണ ഒരു മനുഷ്യനും നിഷേധിക്കാനാകാത്ത സഹജവും ജൈവീകവും ആയ യാഥാര്‍ത്ഥ്യമാണ്. ഒരു മഹാത്മാഗാന്ധിക്കും കുഞ്ഞിനെ പ്രസവിക്കാനുളള കഴിവില്ല;അതുപോലെ ഏതു മഹാത്മാഗാന്ധിയേയും പ്രസവിച്ചത് ഒരു സ്ത്രീ ആയിരിക്കും. നമ്മുടെ അവതാര വ്യക്തിത്വങ്ങളുടേയും പ്രവാചക വരിഷ്ഠരുടേയും ഒക്കെ ജീവിതത്തോടു ചേര്‍ത്തു പ്രചുര പ്രചാരം നേടിയ അനേകം ദിവ്യാത്ഭുത പ്രകടന കഥകള്‍ വായിച്ചപ്പോഴൊക്കെ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യമുണ്ട്; അവര്‍ വടിയെ പാമ്പാക്കിയിട്ടുണ്ട്;വടിയാല്‍ പാറമേലടിച്ചു ജല സ്രോതസ്സുകള്‍ ഉണ്ടാക്കിയിട്ടുണ്ട്; ചന്ദ്രനെ നെടുകെ പിളര്‍ന്നിട്ടുണ്ട്; സൂര്യനെ ചക്രായുധത്താല്‍ മറച്ചിട്ടുണ്ട്; പര്‍വ്വതത്തെ പൊക്കിയെടുത്ത് കുടയായി ചൂടിയിട്ടുണ്ട്;മരിച്ചവരെ ഉയിര്‍പ്പിച്ചിട്ടുണ്ട്...അസമാന്യമായ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തു ജനതയെ ഇളക്കി മറിച്ച ഒരു അവതാരവും പ്രവാചകനും ഒരു കുഞ്ഞിനെ പ്രസവിച്ചു തന്റെ അസാമാന്യവും അലൗകികവും ആയ ദൈവീക സിദ്ധിയോ ശക്തിയോ പ്രകടിപ്പിച്ചതായി കഥകള്‍ ഇല്ല. കാരണം അവതാരങ്ങളും പ്രവാചകരും പുരുഷന്മാരായിരുന്നു. പുരുഷ ശരീരത്തിനു പ്രസവ സിദ്ധി ഉണ്ടാവില്ല എന്ന സാമാന്യ യുക്തിബോധം എല്ലാ മത വിശ്വാസങ്ങളും പുലര്‍ത്തിയിട്ടുണ്ട്. ആണവതാര പ്രവാചകരെക്കൊണ്ട് കുഞ്ഞിനെ പ്രസവിപ്പിക്കാതിരുന്നതിന് എല്ലാ മത വിശ്വാസ പാരമ്പര്യങ്ങളും ജനാധിപത്യവാദികളുടെ അഭിവാദ്യം അര്‍ഹിക്കുന്നു..! ഇത്രയും പറഞ്ഞത് ആണും പെണ്ണും തമ്മില്‍ വ്യത്യാസമുണ്ടെന്നു പെണ്ണു പെറ്റുണ്ടായ ഏതു മനുഷ്യനും തീര്‍ച്ചയാണെന്ന യാഥാര്‍ത്ഥ്യം അഖണ്ഡിതമായി പ്രഖ്യാപിക്കാനാണ്. വിശ്വാസിയോ അവിശ്വാസിയോ ഈ പ്രഖ്യാപനം നിഷേധിക്കുകയും ഇല്ല. പക്ഷേ പ്രശ്നം മറ്റൊന്നാണ്; ആണും പെണ്ണും തമ്മിലുളള വ്യത്യാസം ഏതെങ്കിലും വസ്ത്രം ധരിച്ചാല്‍ ഇല്ലാതാകുന്നതോ ഏതെങ്കിലും വസ്ത്രം ധരിച്ചാല്‍ മാത്രം നിലനിര്‍ത്താനാകുന്നതോ അല്ലെന്നതാണ് ആ പ്രശ്നം. വസ്ത്രം കൊണ്ടല്ല ആണ്‍ പെണ്‍ വ്യത്യാസം സംഭവിക്കുന്നതും നിലനില്‍ക്കുന്നതും.. ജൈവീകവും സഹജവുമാണ് ആണ്‍പെണ്‍ വ്യത്യാസം. എന്തുടുത്താലും ഒന്നും ഉടുത്തിലേലും ആ വ്യത്യാസം നിലനില്‍ക്കും. ഇത്രയെങ്കിലും മനസ്സിലാക്കിയാല്‍, വിദ്യാര്‍ത്ഥികള്‍ ആണ്‍പെണ്‍ ഭേദമന്യേ ഒരേ രീതിയില്‍ വസ്ത്രധാരണം ചെയ്യുന്നതു വഴി ആണ്‍പെണ്‍ വ്യത്യാസം ഇല്ലാതാവും തുടങ്ങിയ ശുംഭവാദങ്ങള്‍ പുലമ്പാനോ അതു കേള്‍ക്കാനോ ആരും ഉണ്ടാവാത്ത നിലവരും.
ആണും പെണ്ണും തമ്മില്‍ മാത്രമല്ല ആണുങ്ങള്‍ തമ്മില്‍ തമ്മിലും പെണ്ണുങ്ങള്‍ തമ്മില്‍ തമ്മിലും വ്യത്യാസമുണ്ട്. തലച്ചോറിന്റെ വലുപ്പം, തൊലി നിറം, രക്ത ഗ്രൂപ്പ്, ഡി.എന്‍.എ, വിരലടയാളം എന്നിങ്ങനെ സൂക്ഷ്മവും സ്ഥൂലവുമായ ഒരുപാടു വ്യത്യാസങ്ങള്‍ ഒരേ ലിംഗത്തിലുളള വ്യക്തികള്‍ തമ്മിലുണ്ട്. ആണുങ്ങള്‍ തമ്മില്‍ തമ്മില്‍ മേല്പറഞ്ഞ വ്യത്യാസങ്ങള്‍ ഉണ്ട് എന്നതു കൊണ്ട് ആണുങ്ങള്‍ ഒരേ രീതിയിലുളള വസ്ത്രം ധരിക്കരുതെന്നു ആരും പറയാറില്ലല്ലോ.ആണുങ്ങള്‍ക്കിടയിലെ വ്യത്യസ്തകളെ പ്രതി ആണുങ്ങളുടെ വസ്ത്രധാരണം ഒരു പോലെ ആവരുതെന്നു പറയുന്നതില്‍ ന്യായമില്ല എന്നു അംഗീകരിക്കുന്ന നമ്മള്‍ക്ക് ആണ്‍പെണ്‍ വ്യത്യാസത്തെ പ്രതി ആണും പെണ്ണും ഒരേ രീതിയിലുളള വസ്ത്രം ധരിക്കരുതെന്നു ചിന്തിക്കാനും പറയാനും തോന്നാത്തത് എന്തുകൊണ്ടാണ്..?
ആണും പെണ്ണും തമ്മില്‍ ജൈവീക സഹജ[Bio-Natural]മായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അവര്‍ ഒരേ രീതിയില്‍ വസ്ത്രം ധരിക്കാം എന്നു നമ്മള്‍ക്ക് ചിന്തിക്കാന്‍ കഴിയാത്തത് ആണ്‍ക്കൊയ്മാപരമായ സമൂഹ വ്യവസ്ഥയില്‍ നിലനിന്നുവന്നിരുന്ന ആണ്‍ പെണ്‍ വിവേചനപരമായ വസ്ത്രധാരണം കണ്ടു പഴകി ശീലിച്ചതിനാലും ആ ശീലപ്പഴക്കത്തിനു അടിമപ്പെട്ടതിനാലുമാണ്. ഇത്തരം ഒട്ടേറെ ശീലപ്പഴക്കങ്ങളുടെ അടിമത്തത്തില്‍ നിന്നുളള മോചനം കൂടി യാഥാര്‍ത്ഥ്യമാകാതെ നമ്മള്‍ സ്വതന്ത്രരാവില്ല. ആണും പെണ്ണും ഒരേ രീതിയിലുളള വസ്ത്രം ധരിച്ചാല്‍ എന്താണു ഗുണം എന്നതിനും നാം ഉത്തരം പറയേണ്ടതുണ്ട്. സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം നടപ്പാക്കിയപ്പോള്‍ ഉണ്ടായ സാമൂഹിക പൊതുബോധത്തില്‍ സംഭവിച്ചതിനു തത്തുല്യമായ വ്യത്യാസം ലിംഗവിവേചനം പ്രകടമാക്കാത്ത വസ്ത്രധാരണം അഥവാ ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രസ് കോഡ് വഴിയും സമൂഹ ബോധത്തില്‍ ഉണ്ടാവും. ധരിക്കുന്ന വസ്ത്രത്തെ പ്രതി അപകര്‍ഷത[inferior]യോ ഔത്കൃഷ്ട്യ[superior]മോ തോന്നാത്ത നില വിദ്യാര്‍ത്ഥികളില്‍ രൂപപ്പെടുത്തുന്നതിനാണ് യൂണിഫോം നിലവില്‍ വന്നത്. ഇതിന്റെ തന്നെ പുരോഗമന രൂപമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണം. ആണ്‍ പെണ്‍ ഭേദമന്യേ വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഒരേ നിറ വിന്യസനങ്ങളുളള പേന്റും ഷെര്‍ട്ടും ധരിക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവികമായ സമത്വബോധം ആണ്‍ പെണ്‍ വിവേചനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട നിരവധി വൈകൃത ശീലങ്ങളുടെ പ്രകടന സാധ്യതകള്‍ ന്യൂനീകരിക്കും അഥവാ മയപ്പെടുത്തും.
ഇങ്ങിനെ ആണ്‍ പെണ്‍ വിവേചനത്തിന്റെ സൂക്ഷ്മ ബോധ മതിലുകള്‍ തകര്‍ന്നു വീണാല്‍ അത് വിവേകരഹിതമായ തുറന്ന ലൈംഗികത[free sex]യിലേക്ക് വരും തലമുറയെ കൊണ്ടെത്തിക്കുകയും അതു വഴി കുടുംബ ജീവിതത്തെ അപ്രസക്തമാക്കുകയും ചെയ്യും എന്നാണ് മതമൂല്യ സംരക്ഷണം വാക്കിലും നെഞ്ചകം നിറയെ ആണ്‍ക്കൊയ്മാ രാഷ്ട്രീയവും പേറുന്നവരുടെ വാദം. ഈ വാദം ഒന്ന് ഇഴവിടര്‍ത്തി പരിശോധിക്കേണ്ടതുണ്ട്.
ആണുങ്ങള്‍ തൊട്ടടുത്ത് ഇരുന്നാലും ഒന്നിച്ചു ഉണ്ടാലും ഉറങ്ങിയാലും ഒരേ മുറിയില്‍ കൂടിക്കഴിഞ്ഞാലും സ്വവര്‍ഗ്ഗ രതി വാസന വളരും എന്നും അതിനാല്‍ ആണുങ്ങള്‍ തൊട്ടു കൂടി ഇടപഴകരുതെന്നും ഏതെങ്കിലും മത പുരോഹിതനോ രാഷ്ട്രീയ നേതാവോ വിദ്യാര്‍ത്ഥി യുവജന സംഘടനകളോ അധ്യാപക രക്ഷകര്‍ത്തൃ സംഘടനകളോ അഭിപ്രായം പ്രകടിപ്പിച്ചു കേട്ടിട്ടുണ്ടോ..? എന്റെ അറിവില്‍ ഇല്ല. ആണുങ്ങള്‍ അടുത്തിടപഴകുന്നത് സ്വവര്‍ഗ്ഗ രതിക്ക് കാരണമാകില്ലെങ്കില്‍, ആണും പെണ്ണും അടുത്തിട പഴകിയാല്‍ ഉടനെ തന്നെ അത് സ്വതന്ത്ര ലൈംഗികതക്ക് കാരണമാകും എന്നെങ്ങിനെ പറയാനാകും..? മദ്രസകളിലും സെമിനാരികളിലും സന്ന്യാസ മഠങ്ങളിലും ആണുങ്ങള്‍ മാത്രമേയുളളൂ. അവര്‍ വളരെ തൊട്ടു തീണ്ടി ഇടപഴകുന്നുമുണ്ട്. ഇതിനെ പ്രതി എല്ലാ മത പഠന പരിശീലന കേന്ദ്രങ്ങളിലും സ്വവര്‍ഗ്ഗഭോഗികള്‍ പെരുകുന്നുണ്ടെന്നും സ്വവര്‍ഗ്ഗ ഭോഗം ഒളിച്ചു കടത്താനാണ് മതപാഠശാലകള്‍ നടത്തുന്നതെന്നും പറഞ്ഞാല്‍ മത നേതാക്കള്‍ അതു സമ്മതിക്കുമോ..?
ജനാധിപത്യം വിശ്വാസ സ്വാതന്ത്ര്യത്തിന്റെ മാത്രം ഭരണ വ്യവസ്ഥയല്ല
ഈ ചോദ്യത്തിന് മറുപടി പറയുവാന്‍ അവര്‍ തയ്യാറാകില്ല;എന്നാല്‍ മത വികാരം വ്രണപ്പെട്ടെന്നും പറഞ്ഞ് മുറവിളി കൂട്ടും. അത്തരം മത വികാരണ വ്രണ ബാധിതരുടെ നിലവിളികള്‍ തല്ക്കാലം എന്നിലെ ജനാധിപത്യ പൗരന്‍ പരിഗണിക്കാന്‍ തയ്യാറല്ല. അതിനു കാരണം മതനേതാക്കള്‍ക്കും അവരുടെ അണികള്‍ക്കും മാത്രമല്ല വികാരമുളളതെന്നും ജനാധിപത്യ മതേതര മാനവര്‍ക്കും വികാരങ്ങളുണ്ടെന്നും മതനേതാക്കള്‍ മനസ്സിലാക്കിയേ പറ്റൂ എന്നതാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ സ്ക്കൂളില്‍ ഒരേ ക്ലാസ് മുറിയില്‍ ഒരേ രീതിയിലുളള വസ്ത്രങ്ങള്‍ ധരിച്ച് ഇടപഴകാന്‍ അവസരമുണ്ടാക്കുന്നത് സ്വതന്ത്ര ലൈംഗികത ഒളിച്ചു കടത്താനാണെന്ന് അധിക്ഷേപിക്കുന്ന മതമാമൂല്‍ വാദ പരിഷകളാല്‍ അപമാനിക്കപ്പെടുന്നത് സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ ജനാധിപത്യമൂല്യങ്ങളാണ്. ജനാധിപത്യമൂല്യങ്ങളെ മതത്തിന്റേയും ദൈവത്തിന്റേയും വേദങ്ങളുടേയും ജീര്‍ണ്ണിച്ച ആണ്‍ക്കൊയ്മാധിഷ്ഠിത സദാചാര പോലീസിങിന്റേയും പേരിലും മറവിലും അപമാനിക്കലാണ് മത വിശ്വാസ സ്വാതന്ത്ര്യം എന്നു ഞങ്ങള്‍ ജനാധിപത്യ മാനവര്‍ ഇനിയും വകവെച്ചു തരുവാന്‍ തയ്യാറല്ല. മാറ്റത്തെ മാനിക്കാത്ത ദൈവത്തേയും മതത്തേയും വേദങ്ങളേയും വിശ്വാസങ്ങളേയും ഒന്നും പരിരക്ഷിക്കാനുളള യാതൊരു ബാധ്യതയും ജനാധിപത്യ മാനവര്‍ക്കില്ല. എന്തെന്നാല്‍. ജനാധിപത്യ മതേതര ഭരണ വ്യവസ്ഥ എന്നത് വിശ്വാസ സ്വാതന്ത്ര്യത്തെ മാത്രം പരിരക്ഷിക്കാനുളള ഭരണ വ്യവസ്ഥയല്ല; അവിശ്വസിക്കാനുളള സ്വാതന്ത്യത്തെ കൂടി പരിരക്ഷിക്കാനുളള ഭരണ വ്യവസ്ഥയാണ്. വിശ്വസിക്കണോ അവിശ്വസിക്കണോ എന്നു തീരുമാനിക്കേണ്ടത് പൗരനായ വ്യക്തിയാണ്. അതിനാല്‍ വ്യക്തി സ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അതിളക്കി പറിക്കാന്‍ ആള്‍ബലത്തിന്റെ ആക്രോശ വീര്യം കാട്ടി വിശ്വാസികളോ അവിശ്വാസികളോ ശ്രമിച്ചാല്‍ ജനാധിപത്യ പൗര മാനവികതക്ക് കണ്ണടച്ചവഗണിക്കാനാവില്ല. ഒരു ഹിന്ദു ഇസ്ലാം ആകുന്നതോ ഒരു മുസ്ലീം ക്രിസ്ത്യാനിയാകുന്നതോ ക്രിസ്ത്യാനി ഹിന്ദുവാകുന്നതോ വ്യക്തിയുടെ ജനാധിപത്യപരമായ സ്വാതന്ത്ര്യമാണെന്നു പറഞ്ഞാല്‍ അംഗീകരിക്കുന്ന മത നേതാക്കള്‍, ഒരു വ്യക്തി അവിശ്വാസി ആകുന്നതും ജനാധിപത്യ സ്വാതന്ത്ര്യമാണെന്ന് അംഗീകരിക്കാന്‍ തയ്യാറാകണം. അതിനുളള സന്നദ്ധത മതമാമൂല്‍ വാദികള്‍ക്ക് കുറവാണെന്നു കാണുമ്പോഴാണ് മതം വില്‍ക്കാനുളള ഒരു തുറന്ന അങ്ങാടി മാത്രമായിട്ടാണോ മത സംഘടനകളും നേതൃത്വങ്ങളും ജനാധിപത്യ മതേതര ഭരണ വ്യവസ്ഥയെ കാണുന്നത് എന്ന സന്ദേഹം ഉയര്‍ത്തേണ്ടി വരുന്നത്.
കോവിഡ് മഹാമാരിയാല്‍ സംഭവിച്ച സ്തംഭിത ജീവിതകാലത്തു എല്ലാ മതാരാധനാലയങ്ങളും അടച്ചു പൂട്ടി കിടന്നു. ഇതോടെ നിത്യവും ആരാധനാലയത്തില്‍ പോവുക എന്ന ശീലം ഒഴിവാക്കിയാലും ജീവിതം സാധ്യമാകും എന്ന പുതിയ ശീലം വിശ്വാസി സമൂഹങ്ങളിലുണ്ടായി. അതില്‍ വലിയ പരിഭ്രാന്തി മതനേതാക്കള്‍ക്കുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ കോവിഡ് മഹാവ്യാധിയുടെ വ്യാപനം കുറഞ്ഞപ്പോള്‍ വീണ്ടും സജീവമായി തീര്‍ന്ന സമൂഹത്തില്‍ , ഞങ്ങള്‍ മതക്കാര്‍ ശക്തരായി നിലവിലുണ്ടെന്നു ബോധ്യപ്പെടുത്താനുളള തീവ്ര ശ്രമം മതനേതാക്കള്‍ നടത്താനിടവന്നു. അതിന്റെ ഭാഗം കൂടിയാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ മത മാമൂല്‍ വാദികള്‍ 'ഒക്ക ചങ്ങാത്തത്തോ'ടെ നടത്തുന്ന ആക്രമണവാദങ്ങള്‍ എന്നു വേണം കരുതാന്‍.
ന്യൂനപക്ഷ സംരക്ഷണവും ജനാധിപത്യവും
മതമാമൂല്‍ വാദികള്‍ അവരുടെ സംഘടിത ശക്തിയുടെ തീവ്രത തെളിയിക്കാന്‍, ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരിലും എല്‍.ജി.ബി.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരേയും നടത്തുന്ന അസംബന്ധാഭാസ ജല്പനങ്ങളെ പരിധിയില്‍ കവിഞ്ഞു പരിഗണിച്ചു ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കു വേണ്ടിയുളള നടപടികളില്‍ നിന്നു മതേതര ജനാധിപത്യ സര്‍ക്കാര്‍ പിന്‍വലിയരുത്. പിന്‍വലിഞ്ഞാലതു സമൂഹ പുരോഗതിയെ സ്തംഭിപ്പിക്കലാവും;മതമാമൂല്‍ വാദികള്‍ക്കു കീഴ്പ്പെട്ടു നയനിലപാടുകള്‍ പിന്‍വലിക്കുന്നത് മതേതര ജനാധിപത്യ വ്യവസ്ഥയെ അപമാനിക്കലും ആകും. മതന്യൂനപക്ഷ സംരക്ഷണം മാത്രമല്ല ജനാധിപത്യ സര്‍ക്കാറിന്റെ ഉത്തരവാദിത്വം;എല്‍.ജി.ബി.ടി എന്ന ലൈംഗിക ന്യൂനപക്ഷങ്ങളേയും അവിശ്വാസികളെന്ന പ്രത്യയശാസ്ത്ര ന്യൂനപക്ഷങ്ങളേയും കൊങ്ങിണി പോലുളള ഭാഷാപരമായ ന്യൂനപക്ഷങ്ങളേയും ഒക്കെ പരിരക്ഷിക്കേണ്ട ബാധ്യതയും മതേതര ജനാധിപത്യ സര്‍ക്കാറുകള്‍ക്കുണ്ട്. ജവാന്മാരെ മാത്രമല്ല കിസാന്‍മാരെ പരിരക്ഷിക്കാനും സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ ഈ ബാധ്യത ഒന്നും, ന്യൂനപക്ഷ സംരക്ഷണം എന്നാല്‍ അദാനി അംബാനി തുടങ്ങിയ സഹസ്രകോടീശ്വരന്മാരായ സാമ്പത്തിക ന്യൂനപക്ഷത്തെ, ബഹുഭൂരിപക്ഷത്തേയും ഞെരിച്ചമര്‍ത്തിയുറ്റി സ്വരൂപിക്കുന്ന നികുതിപ്പണം വായ്പയായി നല്‍കി പരിരക്ഷിക്കല്‍ മാത്രമായി കരുതുന്ന കേന്ദ്ര സര്‍ക്കാറിനു മനസ്സിലാകുന്നില്ലെങ്കിലും ജനാധിപത്യ പൗര മാനവര്‍ക്ക് മനസ്സിലാക്കാനാകണം.
ഇന്ത്യയിലെ ജനാധിപത്യം അവിശ്വാസാധിഷ്ഠിതമായ മതേതരത്വമല്ല വിശ്വാസികളെ കൂടി ഉള്‍ക്കൊളളുന്ന ഗാന്ധിയന്‍ ജനാധിപത്യമാണെന്നൊക്കെ പറയുന്ന കൗശലഭാഷ മാത്യൂകുഴല്‍ നാടന്‍, എം.ലിജു, രാഹൂല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രകടിപ്പിക്കാറുണ്ട്. പക്ഷേ ചാതുര്‍വ്വര്‍ണ്ണ്യസിദ്ധാന്തത്തെ തളളിപ്പറയാത്ത ജനാധിപത്യ ബോധമാണ് ഗാന്ധിജിയുടേത്. ചാതുര്‍വ്വര്‍ണ്ണ്യത്തെ നിരാകരിക്കാത്ത ജനാധിപത്യത്തിനു അതിന്റെ മൃദു സ്വരൂപത്തില്‍ ഗാന്ധിജിയേയും തീവ്ര സ്വരൂപത്തില്‍ ഗോഡ്സേയേയും മാത്രമേ ഉല്പാദിപ്പിക്കാനാവൂ. ചാതുര്‍വ്വര്‍ണ്ണ്യം പോലുളള മതമാമൂലുകളുടെ വ്യവസ്ഥയെ നിരാകരിച്ചുകൊണ്ടുളള ജനാധിപത്യ വ്യവസ്ഥക്കു മാത്രമേ ഭഗത് സിംഗിനേയും അംബേദ്ദ്ക്കറേയും തന്തൈപെരിയോറിനേയും അയ്യങ്കാളിയേയും സഹോദരന്‍ അയ്യപ്പനേയും ശ്രീനാരായണഗുരുവിനേയും സ്വാമി സഹജാനന്ദ സരസ്വതിയേയും ജവഹര്‍ ലാല്‍ നെഹ്റുവിനേയും എം.എന്‍. റോയിയേയും രാം മനോഹര്‍ ലോഹ്യയേയും ഇ.എം.എസ്സിനേയും അസ്ഗര്‍ അലി എന്‍ഞ്ചിനീയറേയും ദാക്ഷായണി വേലായുധനേയും അമ്മു സ്വാമി നാഥനേയും ഗോദാവരി പരുളേക്കറേയും അരുന്ധതി റായിയേയും ഇ.എ. ജബ്ബാറിനേയും സനല്‍ ഇടമറുകിനേയും ഒക്കെ വാര്‍ത്തെടുക്കാനാവൂ. നമ്മള്‍ക്ക് ഗാന്ധിമാരോ ഗോഡ്സേമാരോ മാത്രം ഉണ്ടാവുന്ന ഒരു സമൂഹമല്ല വേണ്ടതെങ്കില്‍, മതമാമൂലുകളുടെ ആക്രോശ വാണികള്‍ക്കു ആമേന്‍ പറയാത്ത ജനാധിപത്യ മതേതര രാഷ്ട്രീയവും സര്‍ക്കാറുകളും തന്നെ നിലവില്‍ വരണം.
Comments