മുന്നേ തലമുറ ചെയ്ത മര്യാദകേടുകൾ നമ്മളെ തുടർന്നു വരുന്നവരോട് കാണിക്കാതിരിക്കാൻ സാമൂഹ്യ ബോധമുള്ളവർ സാധാരണമായി ശ്രദ്ധിക്കാറുണ്ട്. അതു പോലെ തന്നെ മുൻപേ പോയവർ ചെയ്തു കാണിച്ച മര്യാദകൾ വരുന്ന തലമുറയോട് ചെയ്യാനും മനുഷ്യരായ നാം ബാധ്യസ്ഥരാണ്.
ഓർമിച്ചു വെച്ച് നാം പുലർത്തേണ്ടുന്ന ഈ ബാധ്യതയെയാണ് സ്മരണ എന്നു പറയുന്നത്.
വികസന പരിപാടികൾ വരുമ്പോൾ തദ്ദേശീയരായ പ്രാകൃത ജനത പ്രതിഷേധ വീര്യം പൂണ്ട് അതിനെതിരേ ഞങ്ങൾ ബലിയാടായി മരിക്കുമെന്നു പറഞ്ഞു വന്നാൽ അതു മനസ്സിലാക്കാം. സാധാരണയായി അത്തരം സംഭവങ്ങൾ ഉണ്ടാകാറില്ല. കാരണം അത്ര സുബോധമില്ലാത്തവരല്ല ഒരു പ്രാകൃത ജനതയും. എന്നാൽ വികസന പദ്ധതികൾ നടപ്പാക്കിയാൽ ഞങ്ങൾ ചത്തുകളയുമെന്നു പറഞ്ഞ് മണ്ണെണ്ണക്കുപ്പിയുമായി രംഗത്തു വരുന്ന പുതുയുഗ മനുഷ്യരെ ഭയക്കണം. അവർ നിസ്സാരക്കാരല്ല. കെ റെയിൽ വിരുദ്ധ സമരരംഗത്ത് അതാണ് കാണുന്നത്. വികസനത്തിൻ്റെ കിട്ടിയ എല്ലാ ഗുണഫലങ്ങളും അനുഭവിക്കുന്ന മനുഷ്യൻ ഇനിയങ്ങോട്ടുള്ള വികസനത്തിന്റെ വഴി തടഞ്ഞു നിൽക്കുന്ന വിചിത്ര കാഴ്ചയാണത്.
റേഞ്ച് കിട്ടണം പക്ഷേ ഞങ്ങളുടെ വീടിനു സമീപം മൊബൈൽ ടവർ സമ്മതിക്കില്ല എന്നു പറഞ്ഞ് അവിടവിടെ സമരം നടത്തിയവരുടെ നാട്ടിലിരുന്നു കൊണ്ട് ഇതു പറയുമ്പോൾ കെ റെയിൽ വിഷയത്തിൽ പ്രത്യക്ഷമായ കക്ഷിരാഷ്ട്രീയ ബലങ്ങൾ കൂടി ഉൾച്ചേരുന്നുണ്ടെന്ന സവിശേഷതയുണ്ട്. കെ റെയിൽ വിരുദ്ധ സമരത്തിൻ്റെ പിൻനിരയിലേക്കു നോക്കിയാൽ കാണാം. ഭരണപക്ഷത്തിൻ്റെ കറുത്ത കൈകളെപ്പറ്റി ജനങ്ങളെ പിരികേറ്റിയും സമരത്തിൽ മുഷ്ടിച്ചരുട്ടിയെറിഞ്ഞും പ്രതിപക്ഷങ്ങളുടെ വിശുദ്ധ കരങ്ങളാണ് ഉയർന്നു കാണുന്നതത്രയും. അവരുടെ ഇടപെടൽ ശക്തിയെ ഭയന്നാൽ മാത്രം പോരാ. ജാഗ്രതയോടെ കാണേണ്ടിയും വരും.
ആളുകൾ തിങ്ങിപ്പാർക്കുന്ന ഞങ്ങളുടെ വീടിനടുത്തു തന്നെ നെറച്ചു റേഡിയേഷൻ വിടുന്ന ടവർ വേണമെന്ന് എന്താ ഇത്ര നിർബന്ധം ? വല്ല കാട്ടിലും കൊണ്ടു പോയി വെയ് നിങ്ങടെ കുന്തവും കൊടച്ചക്രവും എന്നതായിരുന്നു മലയാളിയുടെ ടവർ വിരുദ്ധ സമരങ്ങളിലെ സ്ഥിരം ശാസ്ത്രീയ ആക്രോശങ്ങൾ. ആളുകളുള്ള സ്ഥലത്തു തന്നെ റേഞ്ച് വേണമെന്നത് നിർബന്ധമുണ്ടോ എന്നും കാട്ടിൽ പോയി താങ്കൾ റേഞ്ച് പിടിച്ചു വരുമോ എന്നും ആൾക്കൂട്ടത്തിൽ തുള്ളി മറിയുന്ന ചേച്ചിമാരോടും ചേട്ടന്മാരോടും ഇവിടെ അന്നാരും ചോദിക്കാൻ ചെന്നില്ല.
പക്ഷേ കെ റെയിൽ വിഷയത്തിൽ സമരക്കാരോട് ചോദിക്കേണ്ടതുണ്ട്. ചിലത് ഓർമിപ്പിക്കേണ്ടതുണ്ട്. മുന്നേ തലമുറ ചെയ്ത മര്യാദകേടുകൾ നമ്മളെ തുടർന്നു വരുന്നവരോട് കാണിക്കാതിരിക്കാൻ സാമൂഹ്യബോധമുള്ളവർ സാധാരണമായി ശ്രദ്ധിക്കാറുണ്ട്. അതു പോലെ തന്നെ മുൻപേ പോയവർ ചെയ്തു കാണിച്ച മര്യാദകൾ വരുന്ന തലമുറയോട് ചെയ്യാനും മനുഷ്യരായ നാം ബാധ്യസ്ഥരാണ്. ഓർമിച്ചു വെച്ച് നാം പുലർത്തേണ്ടുന്ന ഈ ബാധ്യതയെയാണ് സ്മരണ എന്നു പറയുന്നത്. സ്മരണ വേണം സ്മരണ. ഓർമകൾ ഉണ്ടായിരിക്കണം!
തലശ്ശേരി ജഗന്നാഥ ക്ഷേത്രപ്രതിഷ്ഠ കഴിഞ്ഞപ്പോൾ ഇത്തരമൊരു സ്മരണയില്ലായ്കയെ ശ്രീ നാരായണ ഗുരുസ്വാമികൾ പിഴുതെറിഞ്ഞു കളഞ്ഞ സംഭവമുണ്ട്. നാനാജാതികൾക്കും പ്രവേശനം നൽകും വിധമുള്ള ചൈതന്യ മഹാപ്രഭുവിൻ്റെ പുരി ജഗന്നാഥ ക്ഷേത്രമായിരുന്നു മാതൃക. പക്ഷേ ഇവിടെ ക്ഷേത്ര ഭാരവാഹികളിൽ ഭൂരിഭാഗത്തിനും ഈഴവരിൽ താഴെ കിടക്കുന്ന അവർണരെ ക്ഷേത്രത്തിൽ കയറ്റാൻ താത്പര്യമില്ല.
മൂർക്കോത്തു കുമാരനെപ്പോലെ കയറ്റണമെന്ന വിചാരം ആർക്കുണ്ട് ?
കാല പ്രമാണം കയ്യിലുള്ള മഹാഗുരു ഇടപെട്ടു ചോദിച്ചു.
എപ്പോ കയറ്റുമെന്ന് മാത്രം പറയൂ...
ഗുരുവിൻ്റെ ചോദ്യമാണ്.
ഒരു വർഷം കഴിഞ്ഞാൽ നോക്കാമെന്ന ഒഴികഴിവാണ് കൂടിനിന്നവരിൽ നിന്നുണ്ടായത്.
പെട്ടെന്ന് ഒരു മഴ ...
ചർച്ച തീരുമാനമാകുന്നില്ല.
മഴ വന്നു പോയി.
ദീർഘ മൗനത്തെ ഭഞ്ജിച്ചു കൊണ്ട് ഗുരു പൊടുന്നനെ ചോദിച്ചു.
നോക്കൂ...ഒരു വർഷം എത്ര വേഗം കടന്നു പോയി.
ഇനി ഇവരെ കയറ്റുന്നതിൽ എന്തുണ്ട് തടസ്സം ?
എന്തേ കുമാരാ ?
ഗുരുവരുളുണ്ടായാൽ തടസ്സമെന്തിനി ?
മൂർക്കോത്തു കുമാരൻ ഗുരുസമക്ഷം സാഷ്ടാംഗം പ്രണമിച്ചു.
അപ്പോൾ പ്രതിഷ്ഠ കഴിഞ്ഞ സന്നിധിയിലേക്ക്; നവയുഗസന്ധിയിലേക്ക് ജഗന്നാഥൻ്റെ, കാത്തു നിന്ന കറുത്ത മക്കൾ തൊഴുതു കയറിയത് തലശ്ശേരിയിലെ ചരിത്രം.
ഗുരുവിൻ്റെ പ്രതിഷ്ഠയുടെ സമയത്തുണ്ടായ പോലെ ഒരു സ്മരണയില്ലായ്ക കെ റെയിൽ കല്ലിടുന്ന സ്ഥലത്തും കാണാവുന്നതാണ്. എന്താണാ സ്മരണക്കുറവ്. സംഭവം പൊലിപ്പിക്കാൻ മാധ്യമപ്രവർത്തകരും സമരക്കാരുമൊക്കെ വന്നു നിരക്കുന്ന ഈ റോഡുണ്ടല്ലോ. പൊതുവഴികളുണ്ടല്ലോ.
കേരളമങ്ങോളമിങ്ങോളം നീണ്ടു കിടക്കുന്ന നിലവിലുള്ള റെയിലുണ്ടല്ലോ. അത് ഒരിക്കൽ ആരുടെയൊക്കെയോ കുടികിടപ്പു ഭൂമിയായിരുന്നു.
അവരുടെ അച്ഛനമ്മമാരെ കൂടിയിരുത്തിയ മണ്ണായിരുന്നു. അവരുടെ ദൈവങ്ങളെ പീഠം വെച്ചിരുത്തിയ പുണ്യസങ്കേതങ്ങളായിരുന്നു. അതിലൊക്കെ എത്രയോ വലുതായിരുന്നു അന്ന് വികസനം എന്ന സ്വപ്നം. മടിച്ചായാലും അവർ വിട്ടു കൊടുത്തൊഴിഞ്ഞു പോയ സ്ഥലമാണിത്. ആ സ്ഥലത്താണ് നമ്മുടെ കാറുകൾ പാർക്കു ചെയ്തിരിക്കുന്നത്. വലിയ പൊതുക്കാര്യം വരുന്നതിനു വേണ്ടി അവർ ത്യാഗം ചെയ്യാൻ തയ്യാറായതിൻ്റെ ഫലമാണ് നമ്മുടെ അന്തസ്സോടു കൂടിയ ഓരോ സുഖയാത്രകളും. ആ സ്മരണ നമുക്കുണ്ടോ ? അന്നവർക്ക് വേണ്ടത്ര നഷ്ടപരിഹാരം പോലും കിട്ടിയിട്ടുണ്ടാകില്ല.
നമ്മൾ അതന്വേഷിച്ചോ ? കെ റെയിലിൽ സർക്കാർ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും തയ്യാറാക്കിയിട്ടു പോലും നമ്മൾ എന്താണിങ്ങനെ മര്യാദകേടിൻ്റെ രാഷ്ട്രീയം പയറ്റുന്നത് ?
വേഗം ഒരു അത്യാവശ്യം തന്നെയായ കാലമാണ്. എല്ലാവർക്കും പെട്ടെന്നു പെട്ടെന്നു കാര്യങ്ങൾ ചെയ്തു തീർക്കണം. ഉദ്ദേശിച്ച സ്ഥലങ്ങളിൽ പോയി മടങ്ങിയെത്തണം. അങ്ങനെ വേണമെന്നില്ലാത്ത ആരുണ്ട് ?
ചിന്തിക്കുക. കാലത്തോടും പിൻ തലമുറകളോടുമുള്ള ബാധ്യത കണക്കിലെടുക്കാതെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി വിട്ടുവീഴ്ചാമനോഭാവത്തോടു കൂടി പെരുമാറാത്തത് നമ്മുടെ സ്മരണക്കുറവും സ്ഥലകാല ബോധക്കുറവും തന്നെയാകുന്നു.
എല്ലാവർക്കും വേണ്ടിയുള്ള വികസനം വരുമ്പോൾ ചിലർക്ക് താൽകാലിക പ്രയാസങ്ങളുണ്ട്. അതൊരു യാഥാർത്ഥ്യമാണ്. കെ റെയിലിൽ സർക്കാർ സംവിധാനങ്ങളാകട്ടെ അതിനുള്ള ബാധ്യതയിൽ നിന്നും പിറകോട്ടു പോകുന്നുമില്ല. എന്നിട്ടും പൗരബോധമില്ലാത്തവരെപ്പോലെ നാട്ടിലെ സാധാരണ മനുഷ്യരെക്കൊണ്ട് റവന്യൂ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തലും അവരെ തെറിവിളിച്ച് ഓടിക്കലുമെത്തുന്നു സമര മുറകൾ.
പിഞ്ചുകുട്ടികളെ വെച്ചുള്ള കളികളും മണ്ണെണ്ണ നാടകങ്ങളും അടങ്ങുന്ന സമരാഭാസങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിക്കണ്ടത്. ബാലാവകാശങ്ങൾ ചിലതുണ്ട്. വികസിത സമൂഹത്തിൽ പാടില്ലാത്ത രീതികളാണ് സമരമുറകളായി കാണുന്നത് .
ഇതിനെല്ലാം പ്രേരിപ്പിക്കുന്ന മുതലെടുപ്പുരാഷ്ട്രീയക്കാർ ജനതയെ മറ്റൊരു വഴിക്കാണ് നടത്തുന്നത്. സ്മരണയില്ലായ്കയിലേക്കാണത് ചെന്നെത്തുന്നത്. കാലത്തിനു മുന്നിൽ അവരതിനു തീർച്ചയായും മറുപടി പറയേണ്ടി വരിക തന്നെ ചെയ്യും. കാല-സ്ഥലരാശികളുടെ പ്രശ്നമാണ് ഇതെല്ലാം. അവിടെ സ്ഥലകാല ബോധം ഉണ്ടായാൽ ആയി. ഓർക്കുക നിർദ്ദിഷ്ട കെ റെയിൽ നടപ്പായി വണ്ടികൾ ഓടിത്തുടങ്ങിയാൽ അതിൽ കയറാത്തവരല്ല നമ്മളിൽ ആരും.
Comments