ജാത്യാഭിമാനവും മതവിദ്വേഷവും കൊണ്ട് ഏതു കൊടുമയും ചെയ്യുന്ന സവർക്കറിസ്റ്റ് ബ്രാഹ്മണനായി കേരള നമ്പൂതിരിയെ ചിത്രീകരിക്കുകയും അത്തരമൊരു നമ്പൂതിരിയെ അമർച്ച ചെയ്യാൻ 'പ്രതികാരം അപരാധമല്ല' എന്നു കരുതുന്ന മുസ്ലിം യുവാക്കൾ തന്നെ വേണമെന്നു ചിത്രീകരിക്കുകയും ചെയ്യുന്ന 'പുഴു' എന്ന ചലചിത്രത്തിൻ്റെ പ്രമേയം ന്യൂനപക്ഷ - ഭൂരിപക്ഷ വർഗ്ഗീയതകളെ പരോക്ഷമായി പ്രബലപ്പെടുത്തുന്നതും അതുവഴി നവോത്ഥാന കേരളത്തെ അപമാനിക്കുന്നതുമായ ഒളി അജണ്ടകൾ നിറഞ്ഞതാണ് !
'പുഴു' എന്ന ചലച്ചിത്രം ഒട്ടേറെ ആഘോഷിക്കപ്പെടുന്നുണ്ട്. ഒട്ടേറെ വാഴ്ത്തലുകളും 'പുഴു' എന്ന ചലച്ചിത്രത്തിനു ലഭിക്കുന്നുണ്ട്. തീര്‍ത്തും അനര്‍ഹമാണ് വാഴ്ത്തലുകളെല്ലാം എന്നു പറഞ്ഞുകൂടാ. ഇന്ത്യ മുഴുവന്‍ ശ്രദ്ധേയനായ മഹാനടന്‍ മമ്മൂട്ടിയെ സുപ്രധാന കഥാപാത്രമാക്കി രത്തീന എന്ന സംവിധായികക്ക് ഒരു ചലച്ചിത്രം മലയാളികള്‍ക്ക് സമ്മാനിക്കാൻ കഴിഞ്ഞു എന്നതു വളരെ വാഴ്ത്തലുകള്‍ അര്‍ഹിക്കുന്ന സ്ത്രീശാക്തീകരണപരമായ അര്‍ത്ഥതലങ്ങളുള്ള കാര്യമാണ്. ആവിഷ്കാരപരമായ സാങ്കേതിക മേന്മകളും 'പുഴു' എന്ന ചലച്ചിത്രത്തിനുണ്ടെന്നതു അഭിനന്ദനാര്‍ഹമായ മറ്റൊരു കാര്യമാണ്. വിരസത ഉണ്ടാക്കാത്ത വിധത്തിൽ 'പറയാനുള്ളതു പറയുക' എന്നതാണ് ഏതു കലാസാഹിത്യരൂപത്തിൻ്റെയും മേന്മയെ നിര്‍ണ്ണയിക്കാനുള്ള പ്രധാനമായ മാനദണ്ഡങ്ങളിലൊന്ന് !
വിരസത ഇല്ലാത്തതിനെ മാത്രമേ ആസ്വദിക്കാനാവൂ. ഈ നിലയിലൊക്കെ 'പുഴു' എന്ന ചലച്ചിത്രത്തെ ഈ ലേഖകനും സഹൃദയനെന്ന നിലയില്‍ അനുമോദിക്കുന്നു. മമ്മുട്ടി, അപ്പുണ്ണി ശിവന്‍, പാര്‍വ്വതി എന്നിവരുടെ അഭിനയത്തെക്കുറിച്ച്, കഥാപാത്രമായി അവര്‍ നടത്തിയ പകര്‍ന്നാട്ടത്തെക്കുറിച്ച്, ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ വാഴ്ത്തലുകളെയും ഈ ലേഖകൻ മുഖവിലക്കെടുത്തു പിന്താങ്ങുന്നു.
കാണുന്ന ചലച്ചിത്രങ്ങളെല്ലാം ഈ ലേഖകന്‍ 'രണ്ടു തവണ' കാണാന്‍ ശ്രമിക്കാറുണ്ട്. 'പുഴു' വും രണ്ട് തവണ കണ്ടു. 'ഒരു ചിത്രം എന്തിനു രണ്ടു തവണ കാണുന്നു' എന്നു ചോദിക്കാം. ആദ്യത്തെ തവണ ചിത്രം കാണുന്നത് ആസ്വദിക്കാനാണ്; രണ്ടാമതു ചിത്രം കാണുന്നത് വിശകലനം ചെയ്യാനാണ് എന്നാണ് മേല്‍ചോദ്യത്തിനുത്തരം.
'പുഴു' എന്ന ചിത്രം രണ്ടാമതു കണ്ടപ്പോള്‍, അഥവാ വിശകനം ചെയ്യാനായി കണ്ടപ്പോള്‍, ഉണ്ടായ ചില വിയോജിപ്പുകളാണ് ഈ ലേഖനത്തില്‍ അവതരിപ്പിക്കുന്നത്. നാരായണഗുരു നെടുനായകത്വം വഹിച്ച കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തേയും അത് ഉണ്ടാക്കിയ കേരളീയ പൊതുജീവിതത്തിലെ സാമൂഹിക സാംസ്‌കാരിക പരിണാമങ്ങളേയും ആ പരിണാമത്തിലെ 'മാനവികത' യേയും അപഹസിക്കുന്ന പ്രമേയവും കഥാപാത്രങ്ങളുമാണ് 'പുഴു' എന്ന ചച്ചിത്രത്തിൻ്റെത്.
എന്തുകൊണ്ടിങ്ങനെ പറയുന്നു എന്നത് വ്യക്തമാക്കാം. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം കോടിക്കണക്കിനു രൂപയുടെ കച്ചവടങ്ങള്‍ നടത്തുന്ന ആഢ്യനമ്പൂതിരിയും മുന്‍പോലീസ് ഓഫീസറുമാണ് !ഇദ്ദേഹത്തിൻ്റെ പൊന്നോമന പെങ്ങളായാണ് പാര്‍വ്വതി 'പുഴു' വില്‍ വേഷമിടുന്നത്. ആഢ്യനമ്പൂതിരി ഇല്ലത്തെ അന്തര്‍ജ്ജനമായ തൻ്റെ പെങ്ങള്‍ ലോകം അറിയുന്ന ഒരു നാടക കലാകാരനായ അവര്‍ണ്ണ യുവാവിൻ്റെ ഒപ്പം ഇറങ്ങിപ്പോയി ജീവിച്ച് ഗര്‍ഭവതിയായതറിയുന്ന മമ്മൂട്ടിയുടെ നമ്പൂതിരി ഏട്ടന്‍(ഓപ്പ) തൻ്റെ ഗര്‍ഭവതിയായ പെങ്ങളേയും അവളുടെ ഗര്‍ഭത്തിനുത്തരവാദിയായ അവര്‍ണ്ണ പുരുഷനേയും തലക്കടിച്ചു കൊല്ലുന്നു !. ഇതാണ് 'പുഴു' വിലെ കഥാതന്തു. ഈ കഥാതന്തുവിന് കേരളത്തിൻ്റെ സാമൂഹിക ജീവിതവുമായി വസ്തുനിഷ്ഠമായ എന്തെങ്കിലും ഭാവബന്ധം ഉണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്.
കോണ്‍ഗ്രസ്സിൻ്റെ മൃദുഹിന്ദുത്വ രാഷ്ട്രീയത്തിനും ബി.ജെ.പി യുടെ സവര്‍ക്കറിസ്റ്റ് തീവ്രഹിന്ദുത്വരാഷ്ട്രീയത്തിനും സംഘടനാപരമായും രാഷ്ട്രീയമായും അധികാരപരമായും വലിയ മേല്‍ക്കൈ ഉണ്ടായിരുന്നിട്ടുള്ളതും ഇപ്പോഴും ഉള്ളതുമായ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാതീയമായ ഉചനീചത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള 'അഭിമാന കൊലകള്‍' (ദുരഭിമാന കൊലകള്‍) നൂറുകണക്കിനു നടക്കാറുണ്ട്. ജാതിമാറി പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നവരെ പിതാവും സഹോദരങ്ങളും ഉള്‍പ്പെടെയുള്ള ബന്ധു ജനങ്ങള്‍ തിരഞ്ഞു പിടിച്ചു ചെന്ന് ക്രൂരമായി അരുംകൊല ചെയ്യുന്നതിനെയാണ് മാധ്യമ ഭാഷയില്‍ 'ദുരഭിമാന കൊലകള്‍' എന്നു പറഞ്ഞത്! എന്നാല്‍ ഇത്തരത്തിലൊരു ദുരഭിമാന കൊലപാതകത്തിൽ പ്രതിയായി 1935 നു ശേഷം കേരളത്തില്‍ ഒരു നമ്പൂതിരിയും ഉണ്ടായിട്ടില്ല. ഇതിനു കാരണം നമ്പൂതിരി ഇല്ലങ്ങളിലെ യുവതികളോ യുവാക്കളോ ജാതി മാറിയോ മതം മാറിയോ ദേശം മാറിയോ പ്രണയത്തില്‍ ഏര്‍പ്പെടുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്ന പതിവേ ഇല്ല എന്നതല്ല. അത്തരം പ്രണയങ്ങളും വിവാഹങ്ങളുമൊക്കെ നവോത്ഥാന കേരളത്തില്‍ ധാരാളം സംഭവിച്ചിട്ടുണ്ട്.
സംഭവിച്ചുകൊണ്ടേയിരിക്കുന്നു. തൃക്കാക്കര എം.എല്‍.എ ആയിരിക്കേ മരണപ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് പി.ടി. തോമസിൻ്റെ ഭാര്യ ആഢ്യ സവര്‍ണ്ണ കുലജാതയായിരുന്നല്ലൊ ! പ്രശസ്ത ഇടതുപക്ഷ ചിന്തകനും പുരോഗമന കലാ സാഹിത്യ സംഘം നേതാവുമായ കെ. എ. എന്‍ കുഞ്ഞഹമ്മദിൻ്റെ ജീവിത പങ്കാളിയും ഒരു ആഢ്യ സവര്‍ണ്ണ കുലജാതയാണ്! നവോത്ഥാന ചരിത്രത്തിലെ അടയാളപ്പെട്ട വ്യക്തിത്വമായ വിടി. ഭട്ടതിരിപ്പാടിൻ്റെ പെങ്ങളെ വിവാഹം കഴിച്ചത് ഒരു താഴ്ന്ന ജാതിക്കാരനാണെന്നുള്ളത് പ്രസിദ്ധമാണ് ! ഇത്തരത്തില്‍ പ്രസിദ്ധമായില്ലെങ്കിലും 'മിശ്രവിവാഹ'ങ്ങള്‍ ധാരാളം കേരളത്തില്‍ അങ്ങോളമിങ്ങളം നടന്നിട്ടുണ്ട്; ഇപ്പൊഴും നടന്നു വരുന്നുമുണ്ട് !
രാഹുല്‍ ഈശ്വര്‍ ദീപയെ വിവാഹം കഴിച്ചതും ഇത്തരം പ്രണയവിവാഹങ്ങളെ സംബന്ധിച്ച ചര്‍ച്ചയില്‍ ഓര്‍മ്മിക്കപ്പെടുവാന്‍ അര്‍ഹതയുള്ള കാര്യമാണ്. ഇവിടെയൊന്നും ഒരു ആഢ്യബ്രാഹ്മണനും 'മിശ്രവിവാഹം' ചെയ്തതിൻ്റെ പേരില്‍ ആരേയും അരുംകൊല ചെയ്തതായി നവോത്ഥാന കേരളത്തില്‍ കാണുന്നില്ല. കേരളത്തില്‍ സംഭവിച്ചിട്ടില്ലാത്ത കാര്യം കേരള നമ്പൂതിരി പുരുഷനില്‍ അടിച്ചേല്പ്പിക്കുവാനാണ് 'പുഴു'വിൻ്റെ തിരക്കഥാകൃത്തും സംവിധായികയും ഉള്‍പ്പെടെയുള്ള അണിയറ ശിൽപ്പികൾ ശ്രമിച്ചിരിക്കുന്നത്. വി.ടി. ഭട്ടതിരിപ്പാടിൻ്റെ 'ഉണ്ണിനമ്പൂരി'മാരിലേക്ക് സവര്‍ക്കറുടെ ആത്മാവിനെ പരകായ പ്രവേശം ചെയ്യിപ്പിക്കുവാനുള്ള 'പുഴു' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ കുത്സിത ശ്രമത്തെ തൊണ്ടതൊടാതെ വിഴുങ്ങുവാന്‍ ഏതു ശാരദക്കുട്ടി ടീച്ചര്‍ പറഞ്ഞാലും നവോത്ഥാന കേരളത്തിനു കഴിയില്ല. കഴിയണമെങ്കില്‍, ജാതിമാറി വിവാഹം കഴിച്ചതിൻ്റെ പേരില്‍ ഏതു ബ്രാഹ്മണനാണ് തൻ്റെ സഹോദരിയേയോ സഹോദരനേയോ പുത്രിയേയോ പുതനേയോ നാരായണഗുരുവിൻ്റെ കേരളത്തില്‍ അരുങ്കൊല ചെയ്തിട്ടുള്ളതെന്നു 'പുഴു' വിൻ്റെ അണിയറ ശില്പികള്‍ വ്യക്തമാക്കണം.
'കഥയില്‍ ചോദ്യമില്ല' എന്ന തൊടുന്യായമോ, സംഭവിച്ചതു വെച്ചു കഥമെനയല്‍ മാത്രമല്ല, 'സംഭവിക്കാനിടയുള്ളത് വെച്ച് കഥമെനയലും ആവിഷ്ക്കാരമാണ്' എന്നോ മറ്റോ പറഞ്ഞോ കേരള നമ്പൂതിരിയിലേക്ക് ഉത്തരേന്ത്യൻ സവർക്കറെ കുത്തിയിറക്കി നവോത്ഥാന കേരളത്തെ കൊഞ്ഞനം കുത്തുന്ന കഥ മെനഞ്ഞ 'പുഴു' വിൻ്റെ അണിയറ പ്രവർത്തകർ മുന്നോട്ടു വന്നാലും, അവരുടെ കഥ മെനയൽ ചരിത്രപരവും സാമൂഹികവുമായ കേരളീയ പൊതുജീവിതവുമായി പുലബന്ധമില്ലാത്തതാണെന്ന വസ്തുത അനിഷേധ്യമായിത്തന്നെ നിലനില്‍ക്കും !. വി.ടി. ഭട്ടതിരിപ്പാടും, എം.ആര്‍. ബി യും ഇ.എം.എസ്സു, പാലൂരും, വിഷ്ണുനാരായണന്‍ നമ്പൂതിരിയും പ്രേംജിയുമൊക്കെ ഉഴുതു മറിച്ച കേരളീയ നമ്പൂതിരിത്വത്തെ സവര്‍ക്കറുടേയും ഗോഡ്സേയുടേയും ഗോല്‍വാൾക്കറുടേയും ബ്രാഹ്മണത്വമായി മുദ്രകുത്തി താറടിക്കാനുള്ള നീക്കം മിതമായി പറഞ്ഞാല്‍ 'പട്ടിയെ പേപ്പട്ടിയാക്കി' തല്ലിക്കൊല്ലലാണ്. 'പുഴു'വിൻ്റെ കഥക്കും കഥാപാത്രങ്ങള്‍ക്കും രൂപം കൊടുത്തവരില്‍ അലിശരീഅത്തിയുടേയും മൗദൂദിയുടേയും ശ്വാസഗന്ധമുണ്ടെന്നു പറഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു കിട്ടും !
ഗോഡ്സേ ബ്രാഹ്മണനായിരുന്നു എന്നതിനാല്‍ അയാളെ 'ഗാന്ധി ഘാതകനെങ്കിലും രാജ്യസ്‌നേഹി' എന്നു വിലയിരുത്താന്‍ ഒരു ഹിന്ദുത്വ ഫാഷിസ്റ്റിനേ കഴിയൂ. അതുപോലെ വി.ടി. ഭട്ടതിരിപ്പാടും, ഉള്ളൂര്‍ എസ്സ് പരമേശ്വര അയ്യരും, സ്വാമി ആനന്ദതീര്‍ത്ഥനും ഇ.എം.എസ്സ് നമ്പൂതിരിപ്പാടൂം, ടി. സുബ്രഹ്മണ്യ തിരുമുമ്പും പൂന്താനം നമ്പൂതിരിയുമൊക്കെ ജീവിച്ചു താന്താങ്ങളുടെ ഇടപെടലുകളിലൂടെ കേരളത്തിൻ്റെ പൊതുജീവിതം തന്നെ മാറ്റിമറിച്ച കേരളത്തില്‍, 'നമ്പൂതിരിയെ മനുഷ്യനാക്കാന്‍' നമ്പൂതിരിമാര്‍ തന്നെ ഇറങ്ങിത്തിരിച്ച കേരളത്തില്‍, ജാതിമാറി വിവാഹം കഴിച്ചതിൻ്റെ പേരില്‍ പെങ്ങളേയും ഭര്‍ത്തവിനേയും അരുങ്കൊല ചെയ്യുന്ന ഗോഡ്‌സേ പ്രകൃതരായ നമ്പൂതിരിമാരാണ് ജീവിച്ചിരിക്കുന്നതെന്ന കഥ മെനയുവാന്‍ പുരോഗമനത്തിൻ്റെ ആട്ടിന്‍ തോലണിഞ്ഞ ജിഹാദി പ്രകൃതരായവര്‍ക്കേ കഴിയൂ.
ഇത്തരം കഥമെനയല്‍ ലളിതാംബിക അന്തര്‍ജ്ജനത്തിൻ്റെ ഉറ്റമിത്രമായിരുന്ന, 'പ്രേമലേഖനം 'എന്ന കഥ എഴുതിയ വൈക്കം മുഹമ്മദ് ബഷീറിനോ, 'ദൈവത്തിൻ്റെ കണ്ണ്' എന്ന നോവല്‍ എഴുതിയ എന്‍.പി.മുഹമ്മദിനോ ഒരിക്കലും കഴിയില്ല എന്നതിനാലാണ് 'പുഴു'വിൻ്റെ കഥക്ക് പിന്നിൽ 'ജിഹാദി പ്രകൃത'ക്കാരാണെന്നു എടുത്തു തന്നെ പറഞ്ഞത് !.
വി.ടി. ഭട്ടതിരിപ്പാടിനു ജാതിവ്യത്യാസം ഉണ്ടായിരുന്നില്ല. ഈഴവരും അവരില്‍ താഴ്ന്ന ജാതിശ്രേണിയിലുള്ളവരുമായ എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കാനുള്ള ഉത്തരവ് എഴുതി തയ്യാറാക്കിയത് മഹാകവി ഉള്ളൂര്‍ എന്ന തമിഴ് ബ്രാഹ്മണനാണ്. പറയ പുലയ വിഭാങ്ങളിലെ കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സ്ഥാപനങ്ങള്‍ ഉത്തര മലബാറില്‍ തുടങ്ങിയത് സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്ന തുളു ബ്രാഹ്മണകുല ജാതനാണ്. 'ബ്രാഹ്മണ്യം കൊണ്ടു കുന്തിച്ചു കുന്തിച്ചു / ബ്രഹ്മാവും തനിക്കൊക്കായെന്ന് ചിലര്‍' എന്നു നൂറ്റാണ്ടുകൾ മുന്നേ തന്നെ ബ്രാഹ്മണ്യത്തെ പരിഹസിച്ച് 'ജ്ഞാനപ്പാന' എഴുതി അനേകായിരങ്ങളെക്കൊണ്ടു പാടിച്ചത് പൂന്താനം നമ്പൂതിരിയാണ്. ഇവരുടെയൊക്കെ ഇടപെടലുകളിലൂടെ മറ്റു സംസ്ഥാനങ്ങളില്‍ കാണാത്ത വിധത്തിലുള്ള മനുഷ്യപ്പറ്റും പൊതുജീവിത സംസ്കാരവും കേരളത്തിലെ നമ്പൂതിരിമാര്‍ ആര്‍ജ്ജിച്ചിട്ടുണ്ട്.
ഈ മനുഷ്യപ്പറ്റിനെ വിലമതിക്കാതെ കേരള നമ്പൂതിരിയെ ഗോഡ്‌സേ പ്രകൃതനാക്കുന്ന പാത്ര സൃഷ്ടിയാണ് 'പുഴു' വില്‍ മമ്മുട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ! അത്തരം ഒരു കഥാപാത്രത്തെ മെനഞ്ഞുണ്ടാക്കിയത് 'ബോധപൂര്‍വ്വമല്ല' എന്നു പറയണമെങ്കില്‍ 'സിനിമാക്കഥ എഴുതുവാന്‍ ബോധം വേണ്ട' എന്നു സമ്മതിക്കേണ്ടി വരും !. അതിനു 'പുഴു'വിൻ്റെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാവില്ല എന്നാണ് വിശ്വാസം !
ഇനി, ജാതീയമായ ദുരഭിമാനത്താല്‍ ജാതിമാറി വിവാഹം ചെയ്ത പെങ്ങളേയും ഭര്‍ത്തവിനേയും കൊല്ലുന്ന ആഢ്യ നമ്പൂതിരി മാത്രമല്ല 'പുഴു' വിലെ മമ്മുട്ടി കഥാപാത്രം.മുസ്ലീങ്ങളേയും ക്രൈസ്തവരേയും കള്ളക്കേസില്‍ കുടുക്കി മരണത്തിലേക്ക് എത്തിക്കുന്ന 'ക്രൂരനായ' നമ്പൂതിരി പോലീസ് ഓഫീസറുടെ ഒരു ഭൂതക്കാലം കൂടി 'പുഴു'വില്‍ മമ്മുട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിനുണ്ട് !
ഈ ക്രൂരനായ പോലീസുകാരനെ 'പ്രതികാരം അപരാധമല്ല' എന്ന മനോഭാവമുള്ള ഒരു മുസ്ലിം യുവാവ് തൻ്റെ ഉപ്പയുടെ മരണത്തിനു പക വീട്ടാനായി കൊല്ലുന്നു.ജാത്യാഭിമാനവും മതവിദ്വേഷവും കൊണ്ട് ഏതു കൊടുമയും ചെയ്യുന്ന സവര്‍ക്കറിസ്റ്റ് ബ്രാഹ്മണനായി കേരള നമ്പൂതിരിയെ ചിത്രീകരിക്കുകയും അത്തരമൊരു നമ്പൂതിരിയെ അമര്‍ച്ച ചെയ്യാന്‍ 'പ്രതികാരം അപരാധമല്ല' എന്നു കരുതുന്ന മുസ്ലിം യുവാക്കള്‍ തന്നെ വേണമെന്നു ചിത്രീകരിക്കുകയും ചെയ്യുന്ന 'പുഴു' എന്ന ചലചിത്രത്തിന്റെ പ്രമേയം ന്യൂനപക്ഷ - ഭൂരിപക്ഷ വര്‍ഗ്ഗീയതകളെ പരോക്ഷമായി പ്രബലപ്പെടുത്തുന്നതും അതുവഴി നവോത്ഥാന കേരളത്തെ അപമാനിക്കുന്നതുമായ ഒളി അജണ്ടകള്‍ നിറഞ്ഞതാണ് !.
ഇതിനെ നിശിതമായി വിചാരണ ചെയ്തു തുറന്നു കാട്ടിയേ തീരൂ !
Comments