കാടിറങ്ങിയെത്തുന്ന ആനകൾ ജനവാസ കേന്ദ്രത്തിലേക്ക് കടന്നുകയറുകയാണ്. എന്നാൽ നേരെ തിരിച്ചാണ് മനുഷ്യരുടെ വനയാത്രയുടെ കാര്യത്തിൽ സംഭവിക്കുന്നത്. വനത്തിലൂടെയുള്ള റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ നാം പൂർണമായും അവരുടെ അധീന മേഖലയിലാണുള്ളത് എന്ന വിചാരം വേണം. അവർക്കാണ് പ്രാധാന്യവും മേൽക്കെയും. നാടിന് നിയമമുണ്ടെങ്കിലും ഇല്ലെങ്കിലും കാടിന് കൃത്യമായ നിയമങ്ങളുണ്ട്. അതറിയാതെ പറ്റില്ല. ആ കരുതൽ യാത്രയിലുടനീളം പാലിക്കുകയും വേണം
വാ നമക്കങ്ങട് പോയി നോക്കാം.... അത് ആനയാണ്. അൻ്റെ വാപ്പയല്ല അങ്ങട് പോയി നോക്കാൻ...
പശ്ചാത്തലത്തിൽ ഈ തമാശ ഡയലോഗ് മുഴങ്ങുമ്പോൾ കാറും ബൈക്കുമെല്ലാം പെട്ടെന്ന് മുന്നോട്ടെടുക്കുന്നു. പിറകേ റോഡിൽ തൊട്ടുതൊട്ടില്ലാ എന്ന മട്ടിൽ ഓടി വരുന്ന കൊമ്പനെ അതാ ഒരു ചെറുപ്പക്കാരൻ ഓടിത്തോൽപ്പിച്ചുകൊണ്ടെത്തുന്നു. ചിന്നം വിളിച്ചു പിറകിൽ ആന ഓട്ടം നിർത്തുന്നതോടെ ആൾ കഷ്ടിച്ചു രക്ഷപ്പെടുമ്പോൾ സാഹസിക രംഗങ്ങൾ തമാശയാകുകയാണ്. ഇത്തരം വീഡിയോകൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. നമ്മൾ കണ്ടുരസിക്കുന്നു. എന്നാൽ കളി കാര്യമായേക്കാവുന്ന അപകടം പിടിച്ച സന്ദർഭമാണ് വീഡിയോയിൽ. തെറ്റായ സന്ദേശങ്ങൾക്കിട നൽകുന്ന ഇത്തരം ചിത്രീകരണങ്ങൾക്കും പ്രചരണങ്ങൾക്കുമെല്ലാം കാരണം അജ്ഞത മാത്രമാണ്.
അടുത്ത കാലത്തായി സോഷ്യൽ മീഡിയയിലൂടെ രാത്രിയാത്രകൾക്കിടയിൽ ആനകളുടെ മുന്നിൽ പെടുന്നതിൻ്റെ ദൃശ്യങ്ങൾ ധാരാളമായിക്കാണുന്നു. ബസ് യാത്ര റോഡ് മുടക്കി നിൽക്കുന്ന ആനകളുടെ മുന്നിലെത്തി നിൽക്കുന്നു. ഡ്രൈവർ നിർത്തിയും വീണ്ടും ആനകളുടെ മുന്നിലേക്കെടുത്തും ബസ്റ്റാന്റിൽ എന്നതു പോലെ ഹോൺ മുഴക്കുകയാണ്. അതിനിടെ ആളുകൾ ഇറങ്ങുന്നതും കല്ലെറിഞ്ഞ് ആനയെ ഒരു വിധം തുരത്തുന്നതും കൂട്ട ബഹളങ്ങൾ കഴിഞ്ഞ് ശ്വാസം നേരെ വീഴുന്നതും.. വീഡിയോകളിൽ ആളുകളുടെ എന്തെല്ലാം വിക്രിയകളാണ്.
യഥാർത്ഥത്തിൽ ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസമേഘലകളിലെത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. അതിലും എത്രയോ മാരകമാണ് മനുഷ്യൻ സ്വയം ഉത്തരവാദിത്തമില്ലാത്ത അശ്രദ്ധ കൊണ്ട് ചെയ്തു കൂട്ടുന്നത്. പല ദുരന്ത സംഭവങ്ങളും ഗതികെട്ട മൃഗങ്ങളുടെ തിരിച്ചടിയാണ്. അവിടെയാണ് ചിന്തിക്കേണ്ടത്. പ്രകൃതി ദുരന്തങ്ങൾ നമുക്ക് ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിലും ശരിയായ അവബോധ പ്രക്രിയ ഒന്നു കൊണ്ടു മാത്രം ഇത്തരം മനുഷ്യ സൃഷ്ടമായ ദുരന്തങ്ങൾ ഒഴിവാക്കാവുന്നതാണ്.
കാടിറങ്ങി നാട്ടിലെത്തുന്ന മൃഗങ്ങളിൽ വലിപ്പം കൊണ്ടും കരുത്ത് കൊണ്ടും നിയന്ത്രിക്കാൻ കൂടുതൽ ബുദ്ധിമുട്ടുള്ളത് ആനകളെയാണ്. അതു കൊണ്ടു തന്നെ ഏറ്റവും അപകടകാരികളും ഇവരാണ്. കാടിറങ്ങിയെത്തുന്ന ആനകളുടെ ലക്ഷ്യം മിക്കവാറും ഭക്ഷണമായിരിക്കും. അതും അടിസ്ഥാന അളവ് ഭക്ഷണം മാത്രം, അധിക ഭക്ഷണം അല്ല. ഇടങ്ങൾ കൈയ്യേറുക എന്നതും മറ്റും അവയുടെ ഉദ്ദേശ്യമേയല്ല. കാട്ടാനകളുടെ ജീവിതത്തിനുതകുന്ന യാതൊരു സാഹചര്യവും സാധ്യതയും നാട്ടിൽ അവയ്ക്ക് കിട്ടാനുമില്ല. അതിനാൽ തന്നെ കാര്യം കണ്ട് അവർ വന്നതുപോലെ തിരിച്ചുപോവുകയും ചെയ്യും. പ്രാഥമികമായി ഇത്തരം കാര്യങ്ങൾ ഓർമ്മവച്ചാൽ കാട്ടാനകൾ ഭക്ഷണമന്വേഷിച്ച് നാട്ടിലെത്തുന്നതിനെ പരിശോധിക്കാം.
കാടിനുള്ളിലെ ആവാസവ്യവസ്ഥ താളം തെറ്റുന്നതാണ് ഇവയുടെ നാടിറക്കത്തിനു പ്രധാന കാരണം. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം (2019) കേരളത്തിൻ്റെ വനവിസ്തൃതിയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ വനത്തിനുള്ളില്‍ ഫലവൃക്ഷങ്ങള്‍ തീരെ കുറയുകയും തേക്കും യുക്കാലിയും ഉൾപ്പെടെയുള്ള വൃക്ഷങ്ങളുടെ എണ്ണം കൂടുകയും ചെയ്തതോടെ വന്യജീവികളുടെ തനതു ജീവിത വ്യവസ്ഥകൾ തകിടം മറിഞ്ഞു. കാട്ടാനകളുടെ എണ്ണത്തിലും പരിഗണനീയമായ വർദ്ധനമാണ് ഉണ്ടായിട്ടുള്ളത്. വന്യമൃഗങ്ങൾക്ക് മുമ്പത്തേക്കാൾ കൂടുതൽ സംരക്ഷണം കിട്ടുന്നതോടെ അവരുടെ ജീവന് ഭീഷണി ഇല്ലാതാകുന്നതും പെറ്റു പെരുകുന്നതിനു കാരണമായിട്ടുണ്ട്. സാന്ദ്രത കൂടിയപ്പോൾ സ്വാഭാവികമായും ഭക്ഷണ ലഭ്യത കുറഞ്ഞു. ഒപ്പം കാലാവസ്ഥമാറ്റവും സംഭവിച്ചതോടെ അവ നെട്ടോട്ടത്തിലായി. കാടിനുള്ളിലെ സ്വാഭാവികമായ ആനത്താരകളുടെ നാശവും വെല്ലുവിളികളുയര്‍ത്തുകയാണ്. കൂടാതെ, മൈനിങ്, കരിങ്കൽ ക്വാറികൾ, ടൂറിസം മുതലായവയും കാട്ടാനകളുടെ സ്വൈരവിഹാരത്തെ തടസ്സപ്പെടുത്തി അവയെ സംഘർഷത്തിൽ ആക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ വളരെ അസുഖകരമായ അവസ്ഥയിലാണ് നമ്മുടെ കണ്ണിൽപ്പെടുന്ന കാട്ടാനകൾ ഉള്ളത്. അവ ആക്രമണകാരികളാകുന്നതിൽ അതിശയം വേണ്ടതില്ല. ബുദ്ധിപൂർവ്വം അതേസമയം വളരെ ശാന്തമായി രംഗം കൈകാര്യം ചെയ്യാവുന്നതേയുള്ളൂ എന്നതാണ് വസ്തുത. അതിന് അവയെ ആകപ്പാടെ മനസ്സിലാക്കിയിട്ടു വേണം ഇടപെടാൻ. മനുഷ്യബുദ്ധിയിൽ അതിനുള്ള നിലവാരം ഉണ്ട്.
വനങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഇവയുടെ അക്രമണത്തിൽ നിന്നും രക്ഷ നേടാൻ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളെങ്കിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ആനയ്ക്ക് ഏകദേശം 20 മീറ്റർ മാത്രമാണ് കാഴ്ച്ചദൈർഘ്യം ഉള്ളത്. അതിനാൽ അവ ഗന്ധം ശ്രദ്ധിച്ചും വളരെ വലിയ ചെവി വട്ടം പിടിച്ച് ശബ്ദം കേട്ടും ആണ് ഇതര ജീവികളുടെ സാന്നിധ്യമോ ശത്രു സാന്നിധ്യമോ തിരിച്ചിയുന്നത്. ബഹളം വയ്ക്കുക, പടക്കം പൊട്ടിക്കുക, തീയ് കൂട്ടുക, തീയെറിയുക മുതലായ കാര്യങ്ങളൊക്കെ പ്രശ്നമുണ്ടാക്കുകയാണ്.
തൽകാലം എങ്ങോട്ടെങ്കിലും മാറി ആളുകൾക്കിടയിൽ നിന്നും രക്ഷപ്പെടാൻ നോക്കുന്ന ആനയെ ഇതെല്ലാം അസ്വസ്ഥമാക്കുകയും കൂടുതൽ നാശനഷ്ടങ്ങൾക്ക് ഇടയാക്കുകയും ചെയ്തേക്കാം എന്നത് പ്രത്യേകം ഓർക്കുക. സംഗതി ശ്രദ്ധയിൽ പെട്ട ആൾക്കാർ ബഹളം തുടങ്ങുന്നതോടെ ഇവിടം അത്ര പന്തിയല്ല എന്ന് അവർ തിരിച്ചറിയും. കൊതിയൂറുന്ന ഭക്ഷ്യ ശേഖരത്തിൽ കണ്ണില്ലെങ്കിൽ മിക്കവാറും അവയെ തന്ത്രപൂർവ്വം പിന്തിരിപ്പിക്കാൻ കഴിഞ്ഞേക്കും.
നാട്ടിലെത്തിയാൽ ആനകൾ പ്രവചനാതീതമായി പെരുമാറിയേക്കാം എന്നതിനാൽ അവയിൽ നിന്ന് ഏകദേശം 100 മീറ്ററോളം അകലം പാലിച്ചു നിൽക്കുന്നതാണ് സുരക്ഷിതം. ഈ സുരക്ഷിത അകലമില്ലാതെ വീര പ്രവൃത്തികൾക്ക് തുനിയുന്നവർ അപകടം ക്ഷണിച്ചു വരുത്തുന്നവർ തന്നെ.
നാട്ടിലെത്തുന്ന ആനകൾ ജനവാസ കേന്ദ്രത്തിലേക്ക് കടന്നുകയറി വന്നെത്തുകയാണ്. എന്നാൽ നേരെ തിരിച്ചാണ് മനുഷ്യരുടെ വനയാത്രയുടെ കാര്യത്തിൽ സംഭവിക്കുന്നത്. വനത്തിലൂടെയുള്ള റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ നാം പൂർണമായും അവരുടെ അധീന മേഖലയിലാണുള്ളത് എന്ന വിചാരം വേണം. അവർക്കാണ് പ്രാധാന്യവും മേൽക്കെയും. നാടിന് നിയമമുണ്ടെങ്കിലും ഇല്ലെങ്കിലും കാടിന് കൃത്യമായ നിയമങ്ങളുണ്ട്. അതറിയാതെ പറ്റില്ല. ആ കരുതൽ യാത്രയിലുടനീളം പാലിക്കണം.
റോഡിൽ ആനക്കൂട്ടത്ത കാണുകയാണെങ്കിൽ അവ കടന്നു പോകുന്നതിന് കുറഞ്ഞത് 20 മിനിറ്റ് എങ്കിലും കാത്തുനിൽക്കേണ്ടിവരും. ബഹളം വയ്ക്കുക, ആന നിൽക്കുന്നതിന് അപ്പുറത്തുള്ളവരെ ഇവിടെ നിന്നു കൊണ്ട് അലറി വിളിച്ചറിയിക്കാൻ ശ്രമിക്കുക, തുടർച്ചയായ ഹോൺ മുഴക്കുക, ഫോട്ടോയും വീഡിയോയും എടുക്കാൻ തുനിഞ്ഞിറങ്ങുക, ഇതൊന്നും അരുത്. ആന നിൽക്കുന്ന സ്ഥലത്തിന് ഇരുവശവും അല്ലെങ്കിൽ ആന കടന്നുപോകാൻ ഉദ്ദേശിക്കുന്ന റോഡിനിരുവശം ഒരുപക്ഷേ കട്ടിംഗ് കയറ്റമോ കുഴിയോ ആവാം. അതുകൊണ്ട് അവ നമുക്ക് നേരെ വരാനും സാധ്യതയുണ്ട്. നിരപ്പുള്ള സ്ഥലമാണെങ്കിൽ അവ താരതമ്യേന വേഗത്തിൽ കടന്നു പൊയ്ക്കൊള്ളും. വാഹനം ഡോറടച്ച് ലൈറ്റണച്ച് കാത്തിരിക്കുക. അവരുടെ ലക്ഷ്യം മറ്റൊന്നാണ് നമ്മെ അക്രമിക്കലല്ല എന്ന വിചാരം ഉണ്ടെങ്കിൽ ഭയവും വേണ്ടതില്ല. അവ സ്വസ്ഥമായി ഉദ്ദേശിക്കുന്നിടത്തേക്ക് പോകട്ടെ. അവരുടെ സാമ്രാജ്യമാണത്.
ആനക്കൂട്ടത്തിൽ ആരോഗ്യമുള്ള ആനകളും കുട്ടികളും ആണ് ആദ്യം വരിക. പ്രായമായവരും ശരീരിക ബുദ്ധിമുട്ടുള്ളവരും ഒടുവിൽ ആയിരിക്കും. ഏറ്റവും പ്രധാന കാര്യം, വനമേഖലകളിലൂടെ യാത്ര നടത്തുമ്പോൾ സമയം രാവിലെ 9 മണി കഴിഞ്ഞും ഉച്ചയ്ക്ക് ശേഷം 3 മണി വരെയും മാത്രം തിരഞ്ഞെടുക്കുക. അതിനു മുമ്പും ശേഷവും ഉള്ള അടിയന്തര സാഹചര്യത്തിൽ അല്ലാത്ത യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്.
അവയുടെ പോക്കുവരവുകൾ, പെരുമാറ്റ രീതികൾ മനസ്സിലാക്കുകയും പരിഗണിക്കുകയും സമാധാനത്തോടെ അവയെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. കിഴക്കൻ മേഖല നീളത്തിൽ അങ്ങു തൊട്ടിങ്ങു വരെ പശ്ചിമഘട്ട വനങ്ങളാൽ ചൂഴ്ന്നു നിൽക്കുന്ന കേരളം പോലൊരു ഭൂവിഭാഗത്തിൽ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള ബന്ധം, നമ്മുടെ ഇടപെടൽ കൂടുതൽ ശാസ്ത്രീയമാകാതെ ഇനിയങ്ങോട്ട് വളരെ ബുദ്ധിമുട്ടായിരിക്കും. വന്യമൃഗങ്ങളാണ് പ്രശ്നം എന്നു പറയുമ്പൊഴും നാം ഒന്നോർക്കണം. അവയുടെ എല്ലാ രീതികളും പ്രകൃത്യാ സ്വാഭാവികം മാത്രമാണ്. മനുഷ്യൻ സ്വാഭാവികനാകുന്നതോ അവബോധത്തിലൂടെ മാത്രവും. അറിവും തിരിച്ചറിവുമായി പ്രകൃത്യാനുസാരിയായ മനുഷ്യന്റെ അവബോധം വികസിക്കണം.
കാടിറങ്ങി മൃഗങ്ങൾ നാട്ടിലെത്തുന്നതു പോലും മാറുന്ന പരിതസ്ഥിതിയിൽ സ്വാഭാവികമാണെന്നു കാണാം... അത് നമുക്ക് പ്രയാസമാണെങ്കിലും. അതിജീവനമാർഗ്ഗങ്ങൾ ആരായുകയാണവ. മാറാതെ അവർക്ക് അതിജീവനം സാധ്യമല്ല. അതറിഞ്ഞ് ജീവിതത്തിൽ ശാസ്ത്രീയ ക്രമീകരണങ്ങൾ കൊണ്ടുവരുന്നതാണ് നമ്മുടെ ബുദ്ധി. ജീവികൾക്കിടയിലുണ്ടാകേണ്ട സഹവർതിത്വത്തെക്കുറിച്ച് നമ്മുടെ ധാരണകൾ വളരണം. ജലക്ഷാമം, ഭക്ഷ്യദൗർലഭ്യം, ആഗോളതാപനം,പ്രളയം, രോഗപീഢകൾ...
ഓർക്കുക. ഭൗമാന്തരീക്ഷഗതി മാറുന്ന ചുറ്റുപാടിൽ അവയും നമ്മളും ഒരു പോലെ അതിജീവനത്തിൻ്റെ പാതയിലാണ്.
Comments