Liberation @ Thinking

കടുവയെ പിടിച്ച കിടുവ

  • Share this:
Cinema - Music post-title

സമൂഹത്തെ ഗുണപരമായി മുന്നോട്ടു നയിക്കാൻ ഉദ്ദേശിച്ചുള്ള പൊതുപരിപാടികളിൽ വന്ന് കാര്യകാരണമില്ലാത്ത പരമ അബദ്ധങ്ങൾ വെച്ച് വിളമ്പിയ ഒരാളെ ഔദ്യോഗികമായി തടയുമ്പോൾ അതിനോട് നാം സ്വീകരിക്കേണ്ട ഒരു നിലപാടുണ്ട്. യുക്തിപൂർവ്വം ആ തീരുമാനത്തിൻ്റെ സാംഗത്യം ബോധ്യപ്പെട്ട് ആ തീരുമാനത്തെ പിന്തുണയ്ക്കുക എന്നതാണത്. എന്നാൽ അവിടെ സംഭവിച്ചത് മറ്റൊരു മാധ്യമ മൂവ്മെൻ്റ്   ആയിരുന്നു.

ടുവ സിനിമയിലെ നായകകഥാപാത്രം ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയെ കുറിച്ച് നടത്തുന്ന ഒരു പ്രസ്താവന ഈയിടെ വലിയ വിവാദമായി മാറി. നമ്മള്‍ ചെയ്തുകൂട്ടുന്ന പാപങ്ങള്‍ നമ്മുടെ തലമുറകളായിരിക്കും അനുഭവിക്കുക എന്നതാണ് സിനിമയിലെ ആ സംഭാഷണ ഭാഗം. സിനിമയിൽ പറ്റിയ കൈപ്പിഴയാണെന്നും അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ അതിൻ്റെ മറ്റ് വശങ്ങളെക്കുറിച്ച് അത്രയ്ക്കങ്ങ് ചിന്തിച്ചില്ല എന്നും സംവിധായകന്‍ പറയുകയുണ്ടായി.

ആളുകളുടെ ഒരു പൊതുവിചാരം മാത്രമാണ് ആ സംഭാഷണത്തിൽ പറഞ്ഞത്, നായകൻ്റെ പ്രസ്താവന പോസിറ്റീവായല്ല സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നിങ്ങനെയെല്ലാം അതിന് പിന്നീട് വിശദീകരണങ്ങൾ വരികയുണ്ടായി. ഹിറ്റാകേണ്ട സിനിമയാണ്; ഉടനെ മാപ്പ് പറയുകയും ആ സംഭാഷണ ഭാഗം സിനിമയിൽ നിന്ന് ഒഴിവാക്കുകയുമൊക്കെ ചെയ്തു കണ്ടു. അത്രയും നല്ലത്.

പക്ഷേ, ആ സംഭാഷണ ഭാഗം; അത്ര നിഷ്കളങ്കമായ ഒന്നല്ല അതിലെ ഉള്ളടക്കം. മാതാപിതാക്കളുടെ കർമഫലം, പാപഫലം ഒക്കെയാണ് ജനിക്കുന്ന കുട്ടികളിൽ വരിക - ഇത്തരം പൊതു ധാരണകളാണ് അതിനു പിറകിൽ. 

അതിൻ്റെ സ്രോതസ്സ് അന്വേഷിച്ച് തൊട്ടു പുറകോട്ട് പോയാൽ കാണാം ... കേരളത്തിൽ ഉടനീളം സ്കൂളുകളിലുൾപ്പെടെ നടത്തിയ ഔദ്യോഗിക പരിപാടികളിലടക്കം പൊതുജനത്തെ, പ്രത്യേകിച്ച് പുതുതലമുറയെ സദാചാരം പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ച ഡോക്ടർ രജത് കുമാറിനെ പോലൊരു പ്രമുഖ പണ്ഡിതനെ - രജത് കുമാറിൻ്റെ പ്രസംഗത്തിൻ്റെ ഉള്ളടക്കമാണത്. അതേ വാചകമേള! അതേ ആശയം!

ശാസ്ത്രീയത എന്ന മട്ടിൽ ശാസ്ത്രീയമായി യാതൊരു പിൻബലവുമില്ലാത്ത കാര്യങ്ങൾ അക്കാദമിക് ബിരുദങ്ങളുള്ള പണ്ഡിതർ തട്ടിവിടുമ്പോൾ സാധാരണ ജനങ്ങൾ എന്തു ചെയ്യണം... അപ്പോൾ കുട്ടികളുടെ സ്ഥിതി എന്തായിരിക്കും... കെട്ട മത സങ്കൽപ്പങ്ങളും അടഞ്ഞ മനസ്സും ഒടുങ്ങാത്ത വാചക വീര്യവുമായിരിക്കും ഇത്തരക്കാർക്ക്.

പെണ്ണുങ്ങൾ ജീൻസ് ധരിച്ചാൽ ഭാവിയിൽ അവർക്കുണ്ടാകാനിരിക്കുന്ന കുട്ടികളിലെ പ്രശ്നങ്ങൾ, സ്ത്രീകൾ ഓടുന്നതിൻ്റെയും ചാടുന്നതിൻ്റെയും പ്രശ്നം തുടങ്ങി, ഗർഭം, പ്രസവം, കുടുംബം, ഇത്യാദി വിഷയങ്ങളിലെ എമണ്ടൻ ആദർശങ്ങളുമായി പറന്നു നടന്ന് കേരളത്തിൻ്റെ മുഖ്യധാരയിൽ ജ്ഞാനബിംബമായി മാറുകയായിരുന്നു അയാൾ. ബ്ലാക്ക് മെയിൽ ടൈപ്പ് ഡയലോഗ് പറഞ്ഞ് പുതു തലമുറ കുട്ടികളെ കരയിച്ച് വീണ്ടുവിചാരം വരുത്തി സദാചാരം പഠിപ്പിക്കൽ ആയിരുന്നു ഇദ്ദേഹത്തിൻ്റെ താത്വികരീതി. 

പി എച്ച് ഡി യോട് കൂടി കേരളത്തിലെ പുകൾപെറ്റ ആർട്സ്  ആൻഡ് സയൻസ് കോളേജിലെ അധ്യാപകനായിരുന്നു ഇയാൾ എന്നതാണ് തമാശ. പേരിനു വാലായി ഡോക്ടറും വിചിത്ര രൂപവും വെള്ളത്താടിയും അധ്യാപകൻ എന്ന വെള്ളരിപ്രാവ് പൊസിഷനും കൂടിയാകുമ്പോൾ ഇയാൾ പടച്ചുവിടുന്ന മണ്ടത്തരങ്ങൾക്കും നല്ല സ്വീകാര്യതയുണ്ടായി.  അനവധി നിരവധി ഗ്രന്ഥങ്ങളും ഇദ്ദേഹത്തിൻ്റെ ക്രെഡിറ്റിൽ വിപണിയിലുണ്ടത്രേ. തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ പ്രഭാഷണത്തിനു വന്ന ഇദ്ദേഹത്തിൻ്റെ ആണത്ത പ്രഘോഷണത്തിൽ സ്ത്രീവിരോധം അതിരുകവിഞ്ഞപ്പോൾ കൂവി പ്രതികരിക്കാൻ അധ്യാപകരടക്കമുള്ള സദസ്സിൽ ചുണയുള്ള ഒരു പെൺകുട്ടി തന്നെ വേണ്ടി വന്നു. ആര്യ സുരേഷ് എന്നാണ് കൂവി ഇറങ്ങിപ്പോയ അന്തസ്സാർന്ന ആ പെൺകുട്ടിയുടെ പേര്.

എല്ലാവരും എക്കാലവും ഒരുപോലെ മണ്ടന്മാർ അല്ല എന്നതു കൊണ്ട് ഇയാൾ പറയുന്ന സ്റ്റേറ്റ്മെൻ്റുകളുടെ വാലിഡിറ്റി പരിശോധിച്ച്  പൊള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ പലരും തയ്യാറായി. ഗവൺമെൻ്റിന് പ്രശ്നം ബോധ്യപ്പെട്ടു. ഇത്തരക്കാരെ അഴിച്ചുവിടുന്നത് സമൂഹത്തിൻ്റെ പുരോഗതിക്ക് അപകടമാണെന്ന് മനസ്സിലായതോടെ ഡോക്ടർ രജിത് കുമാറിനെ സർക്കാരിൻ്റെ പൊതുപരിപാടികളിൽ നിന്നും ഒഴിവാക്കിക്കൊണ്ട് അന്നത്തെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ പ്രസ്താവന ഇറക്കി. ട്രാൻസ് ജെൻഡർ വിരുദ്ധത, സ്ത്രീത്വത്തെ അവഹേളിക്കൽ - നിരന്തരമായ സാമൂഹ്യവിരുദ്ധ പ്രസ്താവനകളുടെ പേരിൽ ഇയാൾക്കെതിരേ കേസെടുക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും അന്ന് മന്ത്രി അറിയിച്ചു.

സമൂഹത്തെ ഗുണപരമായി മുന്നോട്ടു നയിക്കാൻ ഉദ്ദേശിച്ചുള്ള പൊതുപരിപാടികളിൽ വന്ന് കാര്യകാരണമില്ലാത്ത പരമ അബദ്ധങ്ങൾ വെച്ച് വിളമ്പിയ ഒരാളെ ഔദ്യോഗികമായി തടയുമ്പോൾ അതിനോട് നാം സ്വീകരിക്കേണ്ട ഒരു നിലപാടുണ്ട്. യുക്തിപൂർവ്വം ആ തീരുമാനത്തിൻ്റെ സാംഗത്യം ബോധ്യപ്പെട്ട് ആ തീരുമാനത്തെ പിന്തുണയ്ക്കുക എന്നതാണത്. എന്നാൽ അവിടെ സംഭവിച്ചത് മറ്റൊരു മാധ്യമ മൂവ്മെൻ്റ്   ആയിരുന്നു. ഇവിടത്തെ പ്രമുഖ വലതുപക്ഷ മാധ്യമങ്ങൾ പ്രഭാഷണ പരിപാടികളിലൂടെയും റിയാലിറ്റി ഗെയിം ഷോകളിലൂടെയും അയാൾക്ക് മറ്റൊരു വിധത്തിൽ ജനങ്ങളിലേക്ക് എൻട്രിയുണ്ടാക്കി പ്രമോഷൻ കൊടുത്തുകൊണ്ടേയിരുന്നു. വൈകാതെ തന്നെ അയാൾക്ക് ഫാൻ ബേസും ആർമിയും ഒക്കെ രൂപപ്പെടാൻ മാത്രം ജനപിന്തുണയുണ്ടാക്കുന്നതു വരെ ഇവിടത്തെ വലതുപക്ഷ മാധ്യമ അജണ്ടകൾ കിണഞ്ഞുദ്യമിച്ചു.

ഷോറും ഉദ്ഘാടനങ്ങൾ, അവിടെ ഫാൻസ് വിക്രിയകൾ രജത് കുമാർ ഉയിർ മുദ്രാവാക്യങ്ങൾ, വെടിക്കെട്ട്, രജത് ആർമി ആറാട്ട്, റോഡ് ബ്ലോക്ക്... സിനിമയിൽ താരനായകനായതുൾപ്പെടെ ആളുടെ വളർച്ച ചെന്നെത്തി. 

അയാൾ പടച്ചുവിട്ട സകല അബദ്ധധാരണകളും പിന്നെയും ബാക്കി. താരാരാധന പ്രവണത ഒന്നു കൊണ്ട് മാത്രം ചിലരെ വല്ലാതെ മഹത്വവൽക്കരിക്കുന്ന പൊതുബോധത്തെ ഇത്തരം മാധ്യമങ്ങൾക്ക് നന്നായറിയാം അങ്ങനെയാണ് പ്രമുഖ ചാനലിൻ്റെ ബിഗ് ബോസ് 2 ൽ ഈവിധ സരോജ് കുമാർ വിക്രിയകൾ അവർ അരങ്ങേറ്റിയത്. അതായത് തലയിലേക്ക് കയറുന്ന ഇത്തരം പരാദസ്വഭാവികളെ തിരിച്ചറിഞ്ഞ് പടിക്കു പുറത്താക്കുന്ന കേരളത്തിൻ്റെ പ്രബുദ്ധത ജാഗ്രതയോടെ വിജയിക്കുമ്പോൾ ഇത്തരം കള്ളനാണയങ്ങൾക്ക് മറ്റൊരു വഴി തുറന്നു കൊടുത്ത് പുരോഗമന കേരളത്തിന് അക്ഷരാർത്ഥത്തിൽ അള്ളുവെക്കുകയായിരുന്നു മാധ്യമങ്ങളിൽ ചിലർ ചെയ്തത്.

ഇമ്മാതിരി കപട ആദർശക്കാരുടെ സ്വാധീനമാണ് ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ പൊതുബോധത്തെ കൊണ്ട് "നമ്മള്‍ ചെയ്തു കൂട്ടുന്ന പാപങ്ങള്‍ നമ്മുടെ തലമുറകളായിരിക്കും അനുഭവിക്കുക" പോലുള്ള ഡയലോഗുകൾ പറയിപ്പിക്കുന്നത്.  " മാതാപിതാക്കളുടെ പാപങ്ങളാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ ജനനത്തിന് കാരണം " എന്ന പണ്ഡിത അഭിപ്രായം അങ്ങനെ തന്നെ പറയാൻ ഭയമുള്ളതുകൊണ്ടാണ് അതൊന്ന് ഭംഗി വരുത്തി നമ്മുടെ പാപങ്ങൾ, തലമുറ, വിധി, ഗതി എന്നൊക്കെ പറഞ്ഞ് മോഡിഫൈഡ് സ്ക്രിപ്റ്റായി സിനിമയിലൂടെയും മറ്റും വിപണിയിൽ ഇറങ്ങുന്നത്.

മാധ്യമങ്ങൾ നമ്മുടെ പൊതുബോധത്തിൽ ചെയ്തുകൂട്ടുന്ന അപരാധങ്ങൾ എന്തെല്ലാമെന്നതിന് ചെറിയൊരു ഉദാഹരണം മാത്രമാണിത്. രജിത് കുമാർ ഒരു ലക്ഷണം മാത്രമാണ്. രോഗം അതിനുമപ്പുറം ഉള്ളടങ്ങിയ വികലമായ മതധാരണകളാണ്.

പ്രയാസങ്ങൾ തരണം ചെയ്യുന്ന കുട്ടികളെ ഭിന്നശേഷിയുള്ളവർ - differently abled എന്ന് യുക്തിയുക്തം സംബോധന ചെയ്തു കൊണ്ട് ആധുനിക സമൂഹം ചേർത്തു പിടിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം മതധാരണകളുടെ ബുദ്ധിമുട്ടുള്ള ചില പുരോഹിതരും അക്കാദമിക് പണ്ഡിതരും ശാപവാക്കുകൾ ചൊരിയുകയാണ്. ശാപവാക്കുകളിലൂടെ മനോമാലിന്യങ്ങൾ ചൊരിയുക എന്നതാണവരുടെ ധാർമിക പരിപാടി. ഇത്തരം മനസ്സിനുടമകൾക്ക് വിവേചന ബുദ്ധിയോ ഇല്ല; കണ്ണിൽ ചോരയുമില്ല എന്നു മാത്രം തിരിച്ചറിയുക. 

ഇവിടത്തെ ധ്യാനകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള മതപ്രചരണ സദാചാര സമ്മേളനങ്ങളിൽ കാലാകാലങ്ങളായി കേട്ടു വരുന്ന വികല ധാരണകളാണിതെല്ലാം . അണക്കര ധ്യാനകേന്ദ്രത്തിലെ ഫാ. ഡൊമിനിക് വളവനാൽ ഇതേ കാര്യം ഓട്ടിസം ബാധിച്ച കുട്ടികളെപ്പറ്റി തീരെ അലവലാതിത്ത ഭാഷയിൽ പറഞ്ഞത് സോഷ്യൽ മീഡിയ പൊളിച്ചടുക്കി വായുവിൽ പറത്തിയതും ഓർക്കുമല്ലോ. മാതാപിതാക്കൾക്കുള്ള സ്ഥിരം ദൈവിക ഭീഷണികളാണ് ഭിന്നശേഷിയുള്ള കുട്ടികളെപ്പറ്റിയുള്ള അശാസ്ത്രീയ പരാമർശങ്ങൾ. എന്തൊരു ദുരന്ത മനസ്സാണ് ഇവരെല്ലാം...

അതിൻ്റെ അൾട്രാ മോഡേൺ തുടർച്ചയുടെ കണ്ണിയാണ് ഇവിടത്തെ വലതുമാധ്യമങ്ങൾ ഊതിവീർപ്പിച്ച ഡോ.രജത് കുമാർ. നാടിൻ്റെ പുരോഗമന ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കാൻ ഒറ്റക്കെട്ടായ മതപൗരോഹിത്യവും മാധ്യമ വൃന്ദവും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിനുള്ള അസ്സൽ തെളിവാണിതെല്ലാം.

തുടർന്നു വരുന്ന ഈ കണ്ണികളിൽ അവസാനത്തെ കണ്ണി ആകാനുള്ള യോഗ്യതയും നിശ്ചയമായും മേൽപ്പറഞ്ഞവർക്കുണ്ട്.ആ പേരുകൾ ഒന്നു കൂടി ഓർത്തു തള്ളിക്കളയുവാൻ, അറിയാതെ കടന്നു കൂടിയെന്ന് തിരിച്ചറിഞ്ഞ് ഉത്തരവാദികളാൽ തന്നെ നീക്കം ചെയ്യപ്പെട്ട കടുവയിലെ ആ ഡയലോഗ് കാരണമാകട്ടെ.

 

About author
Creative Writer
Comments
Leave a comment