ദൈവികമായ കലയുടെ വേദികളിലും വിലക്കുകളുമായി രംഗത്തു വരുന്ന അധികാര ശീലങ്ങൾക്കെതിരേ ഒരു നർത്തകിയുടെ പ്രതിഷേധക്കുറിപ്പ്.
മോഹിനിയാട്ടം ആണുങ്ങൾ ചെയ്യുമോ ?
വളരെ ആകാംക്ഷയോടെയുള്ള ഈ ചോദ്യം ഒരു സുഹൃത്തിൽ നിന്ന് കേട്ടപ്പോൾ എന്നിൽ തന്നെയുണ്ടായിരുന്ന സംശയനിവാരണം തേടിയുള്ള യാത്രയ്ക്കിടയിലായിരുന്നു ഞാൻ. തികച്ചും കേരളീയമെന്നു പറയാവുന്ന ഒരു കലാരൂപമാണല്ലോ മോഹിനിയാട്ടം. കലകളെല്ലാം എല്ലാവർക്കും ഉള്ളതല്ലേ ? അവിടെ ലിംഗഭേദമെന്തിന് ? ജാതിഭേദമെന്തിന് ? പിന്നെ, മോഹിനിമാർ മോഹിപ്പിക്കാൻ ചെയ്യുന്ന നൃത്തമാണ് മോഹിനിയാട്ടം എന്നൊരു വിചാരമുണ്ടെങ്കിൽ അത് ധാരണയുടെ കുഴപ്പം ആണ്. അങ്ങനെ ചിന്തിക്കേണ്ടതില്ല. ലിംഗപരമായ വേർതിരിവോടെ മോഹിനിയാട്ടത്തെ കാണേണ്ടതില്ല.
ചരിത്രം പരിശോധിച്ചാൽ അത്തരം ചില അപക്വചിന്തകളുടെ ഫലമായും മറ്റും നിരവധി അവമതിപ്പുകൾ നേരിടേണ്ടി വന്ന കലാരൂപമാണ് മോഹിനിയാട്ടം. എന്നാൽ സങ്കുചിത ചിന്തകളെ മറികടന്ന് മോഹിനിയാട്ടം ഇന്ന് വളർച്ചയുടെ പാതയിലാണ് എന്നു പറയാം. ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളെല്ലാം തന്നെ പല കാലങ്ങളിലൂടെ ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചു വന്നിട്ടുള്ളവയാണ്. വിപ്ലവകരമായ മാറ്റങ്ങൾക്കും സാദ്ധ്യതകൾക്കും വഴിതെളിച്ചു കൊണ്ട് ഇന്ന് സർവ്വകലാശാലകളിലെ പാഠ്യവിഷയമായി ഭരതനാട്യവും മോഹിനിയാട്ടവും കഥകും ഒക്കെ മാറിയിരിക്കുന്നു. ജനങ്ങളുടെ ഇടയിലാണ് ജനകീയതയിലാണ് ഇന്ന് കല.
കല അത്രമേൽ സാമൂഹ്യവൽകരിക്കപ്പെട്ടിട്ടും ജനകീയവൽകരിക്കപ്പെട്ടിട്ടും കലാകാരന്മാരുടെ കാര്യമെത്തുമ്പോൾ സ്ഥിതി വിചിത്രമാണ്. ജീവവായു പോലെ ഉപാസിക്കുന്ന തൻ്റെ കലയെ ജനങ്ങളുടെ മുന്നിലെത്തിക്കാൻ ശ്രമിക്കുമ്പോൾ നാളും പേരും നോക്കിയറിഞ്ഞ് കള്ളി തിരിച്ചു മാറ്റിനിർത്തപ്പെടുകയാണ് കലാകാരന്മാർ...ജനിച്ചു പോയ ജാതിയുടെ, മതത്തിൻ്റെ, ലിംഗത്തിൻ്റെ അടിസ്ഥാനത്തിൽ.
ജാതി മതങ്ങളുടെ അടിസ്ഥാനത്തിൽ കലാകാരനു മുന്നിൽ തടയപ്പെടുന്ന വേദികൾ. നാട്ടിൽ നിന്നു തന്നെ ഊരുവിലക്കപ്പെടുന്ന കലാകാരൻ പൗരൻ പോലുമല്ലേ ? മുദ്രാവാക്യ ധ്വനികളോടൊപ്പം നാരായണാ വിളികളും മുഴങ്ങിക്കേൾക്കുന്ന കരിവെള്ളൂരെന്ന പൂരക്കളി തട്ടകത്തിൽ നിന്നുയരുന്ന ചോദ്യങ്ങൾ നമ്മെ മഥിക്കേണ്ടതില്ലേ ?
നൃത്തവേദിയിലേക്കു തന്നെ വരാം. ഡോ. ആർഎൽവി രാമകൃഷ്ണൻ എപ്പോഴുമുണ്ടവിടെ. മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയ കലാകാരനാണ്. എന്നാൽ ജാതിയുടെ പേരിൽ തനിക്ക് വേദികൾ നഷ്ടമായ നിസ്സഹായതയുടെ കഥകൾ അദ്ദേഹം തന്നെ പറയുന്നത് കേൾക്കണം.
ഭരതനാട്യത്തിൽ ഗവേഷണം നടത്തുന്ന ഉജ്ജ്വല നർത്തകി മൻസിയ വി പി തീരുമാനിക്കപ്പെട്ട വേദിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണ് ഇപ്പോൾ കേൾക്കുന്നത്. നൃത്തം ചെയ്തതിൻ്റെ പേരിൽ അമുസ്ലീമാക്കി, ഉമ്മയുടെ കബർ നിഷേധിക്കപ്പെട്ട ഈ കലാകാരി മറ്റൊരിടത്ത് 'അഹിന്ദു' ആണെന്ന പേരിൽ ഒഴിവാക്കപ്പെടുന്നത് നാം കാണുന്നു. കൂടൽമാണിക്യ ക്ഷേത്ര ദേവസ്വം മുൻ നിശ്ചയിച്ച നൃത്ത പരിപാടി ചെയ്യുന്നതിൽ നിന്നും അവരെ വിലക്കിയതായറിയിച്ച സംഭവം ചെറുതല്ല.
ഒരു സമൂഹമെന്ന നിലയ്ക്ക് നാം മുന്നോട്ടാണോ അതോ പിറകോട്ടാണോ പോയിക്കൊണ്ടിരിക്കുന്നത് ? എന്തുതരം നവോത്ഥാനമാണ് നാം അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത് ?
ഇതേ ക്ഷേത്രത്തിൽ നൃത്തം ചെയ്യാൻ വിലക്കപ്പെട്ട മറ്റൊരു നർത്തകി, അല്ല.... ക്രിസ്ത്യാനി...സൗമ്യ സുകുമാരനെ നോക്കൂ. മതവും ജാതിയും മാത്രമേ നിങ്ങൾ നോക്കുന്നുള്ളൂ. അധികാരികൾ അതു നോക്കി കാര്യങ്ങൾ നിശ്ചയിക്കുമ്പോൾ ഇതോ ജനാധിപത്യകാലത്തിൻ്റെ വിശേഷം എന്ന ചോദ്യം വീണ്ടും വീണ്ടും ഉയർത്തേണ്ടതുണ്ട്.
മതാധിഷ്ഠിത രാജവാഴ്ചയുടെയും മറ്റും കാലം ഇതിലും ഭേദമായിരുന്നു എന്നിങ്ങനെയുള്ള ചിന്തകൾ എവിടെയെങ്കിലും രൂപപ്പെട്ടു വരുന്നുണ്ടെങ്കിൽ അതിനു നാം ആരെ കുറ്റപ്പെടുത്തണം ? നീണ്ട വർഷങ്ങൾ സഹനസാധനകളിലൂടെ സാക്ഷാത്കരിക്കപ്പെടുന്ന ഒന്നാണ് കലാകാരിയെ സംബന്ധിച്ച് കല. ആ കലയോടുള്ള അധികാരികളുടെ നടപടി ഇത്തരത്തിലാണെങ്കിൽ ഒരു കലാകാരി എന്ന നിലയിൽ അതിനോട് ശക്തമായി വിട്ടുവീഴ്ചയില്ലാതെ പ്രതിഷേധിച്ചു പ്രതികരിക്കുന്നു.
ലോക പൈതൃകമായി യുനെസ്കോയുടെ അംഗീകാരം ലഭിച്ച ആദ്യത്തെ ഭാരതീയ കലാരൂപമാണ് കൂടിയാട്ടം. അന്താരാഷ്ട്ര വേദികളിൽ പോലും കൂടിയാട്ടം അവതരിപ്പിച്ച കലാകാരി കപില വേണുവിന് ചാക്യാർ ജാതിയിൽപെട്ടതല്ല എന്ന ഒറ്റക്കാരണത്താൽ കേരളത്തിലെ കൂത്തമ്പലങ്ങളിൽ കൂടിയാട്ടം അവതരണത്തിന് തടസ്സം നേരിട്ടിട്ടുള്ള വിഷയവും ഇവിടെ ഓർക്കാതെ വയ്യ.
പ്രശസ്തയായ മോഹിനിയാട്ടം നർത്തകി ഡോ.നീന പ്രസാദിന് ഈയടുത്ത് നേരിടേണ്ടി വന്ന അപമാനകരമായ അനുഭവവും വ്യത്യസ്തമല്ല. നിരവധി കലാകാരന്മാർക്ക് ജന്മം നല്കിയ പാലക്കാട് നഗരത്തിൽ നിന്നാണ് വാർത്ത. സഖ്യം എന്ന ഒരു സർഗാത്മകരചനയുടെ ദൃശ്യാവിഷ്കാരം ഉൾപ്പെടുത്തിയുള്ള മോഹിനിയാട്ടക്കച്ചേരി ആരംഭിച്ച് കുറച്ചു സമയത്തിനുള്ളിൽ , ശബ്ദമലിനീകരണം കാരണം പരിപാടി നിർത്തിവയ്ക്കാൻ ന്യായാധിപൻ്റെ ഉത്തരവുണ്ടായി. അനുസരിക്കാതെ പറ്റില്ല. രാത്രി പത്തു മണി വരെ മൈക്ക് ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നിട്ടും എട്ടര ആയപ്പോഴേ മൈക്ക് നിർത്താൻ ഉത്തരവിട്ട ന്യായാധിപനിൽ നിന്ന് വാസ്തവത്തിൽ ശബ്ദമലിനീകരണത്തേക്കാൾ എത്രയോ അപകടകരമായ ഫാസിസം എന്ന മലിനീകരണമല്ലേ പുറത്തുവന്നത് ?
ഒരിക്കലും ആധുനിക ജനാധിപത്യത്തിനു ചേർന്ന നിലവാരമല്ല അതിൽ കണ്ടത്. മറിച്ച് കലയോടും കലാകാരനോടും വരെ അധികാരത്തിൻ്റെ ദണ്ഡം ചുഴറ്റി വരുന്ന പോയകാല അധികാര അഹന്തകളുടെ രീതിയാണത്. കലയോടും ആവിഷ്കാര സ്വാതന്ത്ര്യത്തോടുമുള്ള ആധുനിക ജനാധിപത്യ ധാരണകളോട് നീതിപൂർവ്വമായല്ലാതെയുള്ള ഇത്തരം നടപടികൾ ഏതു ന്യായാധിപൻ്റെ ഭാഗത്തു നിന്നായാലും ഒരു കലാകാരി എന്ന നിലയിൽ അതിനോട് രാജിയാകാൻ കഴിയില്ല.
കലകൾക്ക് വളരെ പ്രാചീനത്വമുണ്ടെന്നല്ലാതെ അവയുടെ ആവിർഭാവം ഏതു കാലത്താണെന്ന് നിർണ്ണയിക്കുക സാദ്ധ്യമല്ല.
വാക്കിനാൽ സാദ്ധ്യമേതെല്ലാം
വിദ്യാഭിധമതൊക്കെയും
മൂകനും സാദ്ധ്യമാം കർമ്മം
കലയെന്നു മനീഷികൾ
കേവലം കലകൾക്കില്ലാ
നാമവും ലക്ഷണങ്ങളും
കലകൾക്കുള്ളതാം ഭേദം
ക്രിയാ ഭേദം നിമിത്തമാം
ചെയ്യും ക്രിയാഭിധാനത്താൽ
കലാനാമവുമോതിടും.
എന്നിങ്ങനെ ശുക്രനീതിയിൽ പറഞ്ഞിരിക്കുന്നതു ശരിയെങ്കിൽ കല വ്യാപാരാത്മകമാണെന്നു സിദ്ധിക്കുന്നു. അതെ. ആഹ്ലാനകമായ ക്രിയാവിശേഷമാണ് കലയെന്നു സാമാന്യമായിപ്പറയാം. ഇതാണ് കലാ വിദ്യാവിവരണം പറയുന്നത്. ഈ ആനന്ദം അഭേദദർശനമായ ജ്ഞാനത്തിൽ നിന്നാണ് ഉദിക്കേണ്ടത്. അതിന് ജാതി- മത-വർഗ-വർണ- ലിംഗ വിവേചന ബുദ്ധി ഒഴിവാക്കിയെടുക്കേണ്ടതുണ്ട്...കാലാനുസൃതമായ പരിഷ്കാരം എന്ന നിലയിലെങ്കിലും.
കലാകാരൻ്റെ ആവിഷ്കാര സ്വാതന്ത്ര്യം, തൊഴിൽ സ്വാതന്ത്ര്യം ഒക്കെ മികച്ച പരിഗണനയോടെ കാണേണ്ടതുണ്ട്. ഇനിയെങ്കിലും ഒരു കലാകാരന്റെയും ഹൃദയം വിലക്കുകളാൽ മുറിവേൽക്കപ്പെടാതിരിക്കണം. ഊരുവിലക്കുകളാൽ തലതാഴാതെ കലാകരൻ്റെ അഭിമാനം നിലനിൽക്കണം. കലയെയും സംസ്കാരത്തെയും മഹത്തരമെന്ന് ഘോഷിക്കുമ്പോഴും അധികാരിവർഗത്തിന് ഈ ജനാധിപത്യകാലത്തെങ്കിലും അതിനുള്ള അറിവും ബോധവും ഉണ്ടാകേണ്ടതില്ലേ ? അതിനായി കലാദേവതയോടു തന്നെ പ്രാർത്ഥിക്കുന്നു.
Comments