ഇന്ത്യ മതങ്ങളുടെ മാതാവാണ്. പക്ഷേ ഇന്ത്യ എന്ന മതങ്ങളുടെ മാതാവ് പോലും പെറ്റിട്ടും പോറ്റാതെ ചവിട്ടി പുറത്താക്കിയ ഒരു മത ശിശുവുണ്ട് - ബുദ്ധമതമത്രേ അത്! താൻ പെറ്റ മത ശിശുവിനെ ചവിട്ടി പുറത്താക്കിയ ഇന്ത്യ എന്ന മതങ്ങളുടെ മാതാവ് പാഴ്സി മതത്തിനും ജൂതമതത്തിനും ക്രൈസ്തവ മതത്തിനും ഇസ്ലാമിക മതത്തിനും നല്ല പോറ്റമ്മയായിത്തന്നെ വർത്തിച്ചുവന്നു. ഇന്ത്യ എന്ന മതങ്ങളുടെ മാതാവിനാൽ പരിലാളിക്കപ്പെടുകയും പരിപോഷിക്കപ്പെടുകയും ചെയ്ത എണ്ണമറ്റ 'മതമക്കളാരും' തന്നെ 'ബുദ്ധമതമെന്ന കുഞ്ഞിനെ അമ്മ എന്തെ ചവിട്ടി പുറന്തള്ളി '? എന്നു ഇന്നേവരെ കാര്യഗൗരവത്തോടെ ചോദിച്ചിട്ടില്ല. ഈ ചോദ്യം 'ഇന്ത്യ എന്ന മതങ്ങളുടെ മാതാവിനോട്' ചോദിക്കുവാൻ ക്രൈസ്തവ, ഇസ്ലാമിക, പാഴ്സി, ഹിന്ദു മതസ്ഥരായ മുഴുവൻ ഇന്ത്യൻ പൗരന്മാരോടും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. എന്നാലേ അംബേദ്ക്കർ എന്ന ഭരണഘടനാ ശില്പിയോടു നീതി ചെയ്യുന്ന ഒരു ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പരമാധികാര രാഷ്ട്രമായി ഇന്ത്യക്ക് നിലനിൽക്കാനും അതിജീവിക്കുവാനും ആകൂ!
കാട്ടാന, നാട്ടാന, മദയാന എന്നീ മൂന്ന് ഭാവഭേദങ്ങൾ മതത്തിനുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യകൾ പുരോഗതി പ്രാപിക്കാതിരുന്ന കാലത്ത്, കുഗ്രാമം, ഗ്രാമം, കാട്, കൊടുങ്കാട് എന്നീ അവസ്ഥകൾക്കപ്പുറം ജീവിത സാഹചര്യങ്ങൾ വികസിക്കാതിരുന്ന കാലത്ത്, മനുഷ്യൻ്റെ ഭാവന സാമൂഹിക ജീവിത ക്രമീകരണത്തിനായി രൂപപ്പെടുത്തിയ സംഘടനയാണ് പൊതുജീവിതത്തെ സംബന്ധിച്ച് ഏതു മതവും! ഇത്തരം മതത്തെയാണ് നാം 'കാട്ടാന' എന്ന രീതിയിൽ മനസ്സിലാക്കേണ്ടത്. അത് അതിൻ്റെ സാഹചര്യങ്ങളിൽ സ്വച്ഛന്ദവിഹാരം ചെയ്തു. എന്നാൽ ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിച്ചപ്പോൾ, ഉദാഹരണത്തിന് തീവണ്ടികളും കപ്പലുകളും മോട്ടോർ വാഹനങ്ങളും കമ്പിത്തപാലും റേഡിയോയും ഒക്കെ നിലവിൽ വന്നപ്പോൾ, മനുഷ്യരുടെ സാമൂഹിക ഘടനക്കും ജീവിത ശൈലികൾക്കും ജീവിത വീക്ഷണങ്ങൾക്കും മാറ്റമുണ്ടായി.ഈ മാറ്റം കൂടുതൽ ജനപങ്കാളിത്തവും ജനാശ്രയത്വവും ആവശ്യമുള്ള ഒരു സാമൂഹിക സംഘടനാ വ്യവസ്ഥയെ ഉണ്ടാക്കുക എന്നത് മനുഷ്യർക്ക് ഒഴിവാക്കാൻ പറ്റാത്ത നില ഉണ്ടാക്കിത്തീർത്തു. അങ്ങിനെയാണ് ജനാധിപത്യ സാമൂഹിക ഭരണ വ്യവസ്ഥകളും അതിൻ്റെ രാഷ്ട്രീയ സംഘടനാ രൂപങ്ങളും നിലവിൽ വന്നത്. മതം, ജാതി, കുലം, ഗോത്രം, ലിംഗം എന്നതിനേക്കാൾ 'പൗരത്വം മുഖമുദ്രയായ മനുഷ്യരുടെ സാമൂഹിക വ്യവസ്ഥയാണ് ജനാധിപത്യം. ജനാധിപത്യം പ്രബലപ്പെട്ടതോടെ ജനാധിപത്യത്തിനാൽ മെരുക്കപ്പെട്ട നില 'കാട്ടാന' ആയിരുന്ന മതങ്ങൾക്ക് വന്നുകൂടി. അങ്ങിനെയാണ് മതം 'നാട്ടാന' ആയത്! കാട്ടാന പരുവമുള്ള മതത്തെപ്പോലെ നാട്ടാന പരുവമുള്ള മതത്തിന് സ്വച്ഛന്ദ വിഹാരം സാധ്യമാവില്ല. കാട്ടാനയെ മെരുക്കി നാട്ടാനയാക്കുന്ന മനുഷ്യൻ ആന എന്ന വൻ ജീവിയെ തൻ്റെ ആവശ്യാർത്ഥം ഉപയോഗിക്കുന്നു. ഇതുപോലെ ജനാധിപത്യത്താൽ മെരുക്കപ്പെട്ട, നാട്ടാന പരുവമായി തീർന്ന മതങ്ങളെ ജനാധിപത്യ മാനവർ അവർക്ക് ആവശ്യമുള്ളിടത്തു മാത്രം ഉപയോഗിക്കുന്ന നില ഉണ്ടായി. നാട്ടാന തടിവലിക്കാനും ഉത്സവാഘോഷങ്ങളിൽ ഗാംഭീര്യം പകരാനുമൊക്കെ ഉപയോഗിക്കപ്പെടുന്ന പോലെയായിത്തീർന്നു ജനാധിപത്യത്താൽ മെരുക്കപ്പെട്ട മതങ്ങളുടെ നിലയും.
പക്ഷേ, എത്ര മെരുക്കിയാലും ആനക്ക് മദം പൊട്ടുമല്ലൊ.അതുപോലെ നാട്ടാന പരുവമായ മതങ്ങൾക്കും മദം പൊട്ടും. അങ്ങിനെ മതങ്ങൾക്ക് മദം പൊട്ടുന്ന നിലയാണ് സരസമായിപ്പറഞ്ഞാൽ 'വർഗ്ഗീയത'. താരതമ്യേന വലുപ്പം കുറഞ്ഞതെന്നു പറയാവുന്ന ആനക്കും വലുപ്പം കൂടിയതെന്നു പറയാവുന്ന ആനക്കും മദം പൊട്ടിയാൽ ഉണ്ടാവുന്ന അരക്ഷിതാവസ്ഥയും നാശനഷ്ടങ്ങളും പൊതുജീവിതത്തിന് വളരെ വലുതായിരിക്കും. ഇതുപോലെ ഭൂരിപക്ഷ വർഗ്ഗീയതയായാലും ന്യൂനപക്ഷ വർഗ്ഗീയതയായാലും ജനാധിപത്യപരമായ പൊതുജീവിതത്തിന് ഉണ്ടാവുന്ന സ്വൈര്യനഷ്ടം വളരെ വലുതാണ്.മദം പൊട്ടിയ നാട്ടാനയുടെ നിലയിൽ എത്തിയ മതങ്ങൾ ഏതും ഒരു മദയാന ഉണ്ടാക്കുന്ന ഭയവിഹ്വലതകൾ ജനാധിപത്യ സമൂഹത്തിന് നൽകുന്നുണ്ട്. മദയാനപ്പരുവമായിത്തീർന്ന നാട്ടാനകളാണ് ജനാധിപത്യ വ്യവസ്ഥയിൽ മതങ്ങൾ. ഇന്ത്യയിൽ പ്രത്യേകിച്ചും മതങ്ങൾ മദയാനകളായിത്തീർന്നിട്ടുണ്ട്. ഏതു മതവർഗ്ഗീയതയും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
ആന കൗതുകവും ആവേശവും ആനന്ദവും ഒക്കെ പ്രദാനം ചെയ്യുന്ന വലിയ ജീവിയാണ്. 'ചെറുതാണ് സുന്ദരം' എന്നെഴുതിയ ഷൂമാക്കർ പോലും കൊതുകു ചെറുതാണെന്നതിനാൽ വലുതായ ആനയേക്കാൾ കൊതുകിനാണു സൗന്ദര്യം എന്ന് എഴുതുവാനുള്ള സിദ്ധാന്തശാഠ്യം കാണിക്കുമെന്ന് തോന്നുന്നില്ല. അതോ അനിഷേധ്യമാം വിധം ആന സുന്ദരജീവിയാണ്. പക്ഷെ, ആനയെ മെരുക്കി വളർത്തുവാൻ ചെലവേറെയാണ്; അങ്ങിനെ ചെയ്താൽ കിട്ടുന്ന വരുമാനവും വളരെ വലുതാണ്. എന്നാൽ ഇതൊക്കെ ഇരിക്കെ തന്നെ എത്ര കടുത്ത ആന പ്രേമിയും മദയാനയെ മയക്കുവെടി വെച്ചു വീഴ്ത്തി തളക്കരുത് എന്ന് പറയില്ല. മയക്കുവെടി ഏറെ വെച്ചിട്ടും മയങ്ങിവീഴാത്ത മദയാനയെ 'കൊലയാന'യായിക്കണ്ടു കൊന്നുകളയുവാനും ഏത് ആനപ്രേമിയും നിർബന്ധിതനാകും. വർഗ്ഗീയതയാൽ മദയാനപ്പരുവത്തിലായ മതങ്ങളേയും മയക്കുവെടിവെച്ചു വീഴ്ത്തി തളയ്ക്കേണ്ട നിർബന്ധിതാവസ്ഥയിലാണ് ഫ്രാൻസും ഇന്ത്യയും ഉൾപ്പെടെയുള്ള മിക്കവാറും ജനാധിപത്യ രാഷ്ട്രങ്ങളും ഇന്നെത്തിപ്പെട്ടിരിക്കുന്നത്. മദയാനയെ പേടിക്കുന്നപോലെ വർഗ്ഗീയഭ്രാന്തു പിടിച്ച മതങ്ങളെ പേടിക്കേണ്ട അവസ്ഥ വിശ്വാസികളും അവിശ്വാസികളുമായ മുഴുവൻ ജനാധിപത്യ മാനവർക്കും ഇന്നു വന്നുപെട്ടിരിക്കുന്നു. ഇവിടെ ഒരു കാര്യം എടുത്ത് പറയേണ്ടതുണ്ട്; മനുഷ്യൻ മദയാനയെ പേടിക്കുന്നത് ആനയോടുള്ള വിരോധം കൊണ്ടോ വെറുപ്പുകൊണ്ടോ അല്ല. ഇതുപോലെ ആധുനിക ജനാധിപത്യ മാനവർ വർഗ്ഗീയ ഭ്രാന്തു ബാധിച്ച മതങ്ങളെ ഏതിനേയും പേടിക്കുന്നത് മതത്തോടുള്ള വിരോധമോ വെറുപ്പോ കൊണ്ടല്ല. നാട്ടാനയെ ആരും പേടിക്കാറില്ല. പക്ഷെ, മദയാനയെ ഏതു ആനപ്രേമിയും പേടിക്കും. ഇതുപോലെ വർഗ്ഗീയ ഭ്രാന്ത ബാധയുള്ള ഏതു മതത്തെയും ജീവനിൽ കൊതിയുള്ള ഏതു മതവിശ്വാസിയും പേടിക്കും. ഇതാണ് ജനാധിപത്യ മാനവസമൂഹങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇനി അതിതീവ്രമായ ആനപ്രേമത്താൽ ഒരാൾ മദയാനയെ അവഗണിച്ചാൽ അയാൾ ചവിട്ടി അരക്കപ്പെടും ഇതുപോലെ അതിതീവ്രമായ മത വിശ്വാസത്താൽ വർഗ്ഗീയത എന്ന മദം ബാധിച്ച മതങ്ങളെ അവഗണിച്ചാൽ അവഗണിക്കുന്ന ആൾ ചവിട്ടി അരക്കപ്പെട്ടു ചത്തുപോകും! ഗാന്ധിജിക്ക് ഇന്ത്യയിൽ അതാണ് സംഭവിച്ചത്. ഗാന്ധിജിയെ പോലെ മതങ്ങളേയും മതവിശ്വാസികളേയും പ്രേമിച്ച ഒരു രാഷ്ട്രീയ പൊതുപ്രവർത്തകൻ ഇല്ല.
പക്ഷേ, അദ്ദേഹത്തിനു നാഥുറാം വിനായക് ഗോഡ്സേ എന്ന ഹിന്ദുമതഭ്രാന്തനാൽ കൊല്ലപ്പെടേണ്ടിവന്നു. അതിനാൽ മതവിശ്വാസികൾക്ക് ഗാന്ധിജിയുടെ ഗതി വരാതിരിക്കണമെങ്കിൽ അവയെ മയക്കുവെടിവെച്ചു വീഴ്ത്തി മദം ശമിക്കും വരെ തളയ്ക്കാനും, വേണ്ടുന്നത് ചെയ്യുവാനും, ചെയ്യുന്നവരെ അനുകൂലിക്കാനും, സർവ്വാത്മനാ സഹകരിക്കണം. മതത്തോടുള്ള പ്രേമംകൊണ്ട് വർഗ്ഗീയതയോട് സഹകരിക്കാതിരിക്കുകയും വേണം.
മതവിശ്വാസം ഗാന്ധിജിമാരെ ഉണ്ടാക്കിയാൽ അത് ജനാധിപത്യത്തിന് വലിയ കുഴപ്പമൊന്നും ഉണ്ടാക്കില്ല, എന്തെന്നാൽ ഗാന്ധിജിമാരെ ഉണ്ടാക്കുന്ന മതവിശ്വാസം നാട്ടാനയെപ്പോലെയാണ്! പക്ഷേ ഗോഡ്സേമാരെ ഉണ്ടാക്കുന്ന മത വിശ്വാസം - വർഗ്ഗീയ ഭ്രാന്തമായ മതവിശ്വാസം - മദയാനയെപ്പോലെയാണ്. മദയാന ആനപ്രേമിയെ എന്നപോലെ വർഗ്ഗീയഭ്രാന്തമായ മത വിശ്വാസം മതപ്രേമിയേയും ആക്രമിച്ചു ജീവാപായം വരുത്തും. അതിന് ഇടയുണ്ടാക്കാൻ ഇടവരുത്തിക്കൊണ്ട് ജനാധിപത്യ സാമൂഹിക ഭരണ വ്യവസ്ഥകൾക്ക് നിലനിൽക്കാനാവില്ല. അതിനാൽ ഏതു മതഭ്രാന്തും മദയാനയെപ്പോലെത്തന്നെ തളയ്ക്കപ്പെടണം!
ഇന്ത്യ എന്ന നമ്മുടെ രാഷ്ട്രം, അഥവാ ഹിമാലയം മുതൽ കന്യാകുമാരി വരെയുള്ള ഈ ഭൂപ്രദേശം ആയിരക്കണക്കിനു വർഷങ്ങളായി നിരവധി മതങ്ങളുടെ പെറ്റമ്മയും പോറ്റമ്മയും ആയിരുന്നിട്ടുണ്ട് - സ്വാമി വിവേകാനന്ദൻ്റെ ഭാഷയിൽ പറഞ്ഞാൽ "ഇന്ത്യ മതങ്ങളുടെ മാതാവാണ്". പക്ഷേ ഇന്ത്യ എന്ന മതങ്ങളുടെ മാതാവ് പോലും പെറ്റിട്ടും പോറ്റാതെ ചവിട്ടി പുറത്താക്കിയ ഒരു മത ശിശുവുണ്ട് - ബുദ്ധമതമത്രേ അത്! താൻ പെറ്റ മത ശിശുവിനെ ചവിട്ടി പുറത്താക്കിയ ഇന്ത്യ എന്ന മതങ്ങളുടെ മാതാവ് പാഴ്സി മതത്തിനും ജൂതമതത്തിനും ക്രൈസ്തവ മതത്തിനും ഇസ്ലാമിക മതത്തിനും നല്ല പോറ്റമ്മയായിത്തന്നെ വർത്തിച്ചുവന്നു. ഇന്ത്യ എന്ന മതങ്ങളുടെ മാതാവിനാൽ പരിലാളിക്കപ്പെടുകയും പരിപോഷിക്കപ്പെടുകയും ചെയ്ത എണ്ണമറ്റ 'മതമക്കളാരും' തന്നെ 'ബുദ്ധമതമെന്ന കുഞ്ഞിനെ അമ്മ എന്തെ ചവിട്ടി പുറന്തള്ളി '? എന്നു ഇന്നേവരെ കാര്യഗൗരവത്തോടെ ചോദിച്ചിട്ടില്ല. ഈ ചോദ്യം 'ഇന്ത്യ എന്ന മതങ്ങളുടെ മാതാവിനോട്' ചോദിക്കുവാൻ ക്രൈസ്തവ, ഇസ്ലാമിക, പാഴ്സി, ഹിന്ദു മതസ്ഥരായ മുഴുവൻ ഇന്ത്യൻ പൗരന്മാരോടും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. എന്നാലേ അംബേദ്ക്കർ എന്ന ഭരണഘടനാ ശില്പിയോടു നീതി ചെയ്യുന്ന ഒരു ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പരമാധികാര രാഷ്ട്രമായി ഇന്ത്യക്ക് നിലനിൽക്കാനും അതിജീവിക്കുവാനും ആകൂ!
വൈദിക യാജ്ഞിക മതം അഥവാ ബ്രാഹ്മണമതം എന്ന മൂത്തപുത്രനുവേണ്ടി ബൗദ്ധമതം എന്ന താൻ പെറ്റ ഇളയപുത്രനെ പോലും തന്നിൽ നിന്ന് ചവിട്ടിമാറ്റി പുറന്തള്ളിയ ഒരു ക്രൂരകഠിനമായ ഹൃദയം 'ഇന്ത്യ എന്ന മതങ്ങളുടെ മാതാവി'നുണ്ട്! ഇക്കാര്യം മറന്നുകൊണ്ട് പെരുമാറുന്നവർക്കൊന്നും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ശക്തി തിരിച്ചറിയാനോ അതിനൊത്ത പ്രതിരോധശക്തി ആർജ്ജിക്കുവാനോ കഴിയില്ല.
ഗാന്ധാരിക്ക് നൂറ്റൊന്നു മക്കൾ ഉണ്ടായിരുന്നെങ്കിലും മൂത്ത പുത്രനായ ദുര്യോധനനോട് പ്രത്യേകമായ തീവ്രമമത ഉണ്ടായിരുന്നതു പോലെ ഇന്ത്യ എന്ന മതങ്ങളുടെ മാതാവിന് വൈദിക യാജ്ഞിക മതം എന്ന ബ്രാഹ്മണമതത്തോടു കാലപ്പഴക്കത്താൽ ഘനീഭൂതവും ശിലാദാർഢ്യമാർന്നതുമായ ഒരു അതിതീവ്ര മമതാബന്ധം ഉണ്ട്. അതിനാൽ ഇന്ത്യ എന്ന മതങ്ങളുടെ മാതാവ് വൈദിക യാജ്ഞിക മതത്തെ വകവെക്കാത്ത, ചോദ്യം ചെയ്യുന്ന യാതൊന്നിനേയും തൻ്റെ മടിത്തട്ടിൽ ഏറെക്കാലും നിലനിർത്തില്ല. ബുദ്ധമതം വൈദികയാജ്ഞിക മതത്തെ വിമർശിച്ചപ്പോൾ അതിനെ ഇന്ത്യ പുറന്തള്ളി. ജീവിതാവസാന കാലത്ത് ബുദ്ധമതം സ്വീകരിച്ച ഡോ. അംബേദ്ക്കറാണ് "വൈദികമത വിരുദ്ധമായതിനെ ഒന്നും വളരാൻ വിടില്ല" എന്ന ഇന്ത്യ എന്ന മതങ്ങളുടെ മാതാവിൻ്റെ ദുശ്ശാഠ്യത്തെ കാര്യമാത്ര പ്രസക്തമാം വിധം നിയന്ത്രണ വിധേയമാക്കിയ ജനാധിപത്യ മതേതര ഭരണഘടന തയ്യാറാക്കുന്നതിൽ നിർണ്ണായകവും നേതൃത്വപരവുമായ പങ്കു വഹിച്ച മഹാമതി. ഇതോടെ വൈദിക മതത്തെ വിമർശിച്ചാലും ചവിട്ടിപ്പുറത്താക്കപ്പെടുകയില്ല എന്ന നില സർവ്വ ഭാരതമക്കൾക്കും ഉണ്ടായി. പക്ഷേ, വൈദികമതങ്ങളെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല ആധുനിക ഇന്ത്യയുടെ ജനാധിപത്യ ഭരണഘടന ഉറപ്പാക്കിയിരിക്കുന്നത് - ഏതു മതത്തേയും വിമർശിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന ഏതു പൗരനും നൽകുന്നുണ്ട്. അതുപോലെത്തന്നെ ഏതു മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന ഏതു പൗരനും നൽകുന്നുണ്ട്.
മതവിശ്വാസ സ്വാതന്ത്ര്യം വർഗ്ഗീയഭ്രാന്താവേശത്താൽ മദയാനയാകാതിരിക്കാൻ തക്കവിധം മത വിമർശന സ്വാതന്ത്ര്യത്താൽ സന്തുലപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യൻ ഭരണഘടനയും ജനാധിപത്യ ഭരണവ്യവസ്ഥയും ഇക്കഴിഞ്ഞ 75 വർഷമായി ഇവിടെ നിലനിന്നു വരുന്നത്. ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയുടെ നിലനിൽപ്പിന് വലിയ ഭീഷണിയാണ് തൊട്ടതിലും പിടിച്ചതിലുമെല്ലാം 'മതവികാരം വ്രണ'പ്പെടൽ കാണുന്ന മതവിശ്വാസികളുടെ സമീപനം! ഇത് ഇന്ത്യൻ ജനതയെ മതധ്രുവീകരണപരമായ വർഗ്ഗീയതക്ക് ഏറെ കീഴ്പ്പെടുത്തിയിട്ടുണ്ട്. ഈ മതവികാരം വ്രണപ്പെടൽ പകർച്ചവ്യാധി, കൊറോണ മഹാമാരി മാനവജീവന് എന്നതിനേക്കാൾ ഇന്ത്യൻ മതേതര ജനാധിപത്യത്തിൻ്റെ ജീവനും ജീവിതത്തിനും ഭീഷണിയാണ്. അതിനാൽ 'മത വികാരം വ്രണപ്പെടൽ' എന്ന പകർച്ചവ്യാധി ബാധിക്കാൻ ഇടവരാത്ത വിധത്തിലുള്ള പ്രതിരോധ നടപടികൾ, ഭരണഘടനാനുശാസിതമായ 'മതവിശ്വാസ സ്വാതന്ത്ര്യത്തെ' ആരോഗ്യകരമായി നിലനിർത്തുവാൻ മുഴുവൻ മതവിശ്വാസികളും സൂക്ഷ്മതയോടെ കൈക്കൊള്ളണം! ആരും ബുദ്ധമതത്തെ പോലെ പുറന്തള്ളപ്പെടാത്തതും ആരും ഗാന്ധിജിയെപ്പോലെ വെടിയേറ്റു കൊല്ലപ്പെടാത്തതും ആർക്കും അംബേദ്ക്കറെപ്പോലെ ഇഷ്ടമുള്ള മതം സ്വീകരിക്കാൻ കഴിയുന്നതുമായ ഒരിന്ത്യയുടെ നിലനിൽപ്പിന് 'മതവികാരം വ്രണപ്പെടൽ മഹാവ്യാധി ' ഒരു മതവിശ്വാസിയേയും ബാധിക്കാതിരിക്കാനുള്ള ജാഗ്രത കൊണ്ടേ കഴിയൂ...
Comments