സാധാരണയായി ഒരു പ്രമുഖനെതിരേ മീ ടു ആരോപണം ഉണ്ടായാലുടനെ അയാളെ അധിക്ഷേപിച്ചും അസഭ്യങ്ങൾ വാരി വർഷിച്ചും ആളുകൾ കമൻ്റ് ബോക്സു നിറയ്ക്കുന്നതായാണ് കാണുന്നത്. ഇതെല്ലാം കണ്ടാൽ സ്ത്രീകളോടൊപ്പമുള്ള നിലപാടിലാണ് ഇവരെല്ലാം എന്നു കരുതുക വയ്യ. ജനമനസ്സിൽ രൂഢമൂലമായ ലൈംഗിക അസൂയാ മനോഭാവങ്ങളല്ലാതെ പൊതുവേ അത്തരം പ്രതികരണങ്ങളിൽ മറ്റൊന്നും തെളിഞ്ഞു കാണുന്നില്ല. സ്ത്രീപുരുഷന്മാരുടെ ഇടപഴക്കങ്ങൾ പുതിയ മനുഷ്യൻ്റെ അന്തസ്സിന് അനുഗുണമാകും വിധം മാറിവരാനുതകുന്ന പ്രയോജനപ്രദമായ ചർച്ചകൾ മീട്ടു ആരോപണങ്ങളുടെ തുടർച്ചയായി ഇവിടെ ഉയർന്നു വരുന്നതേയില്ല. അതു സംഭവിക്കണം.
സിനിമക്കാരും കവികളും ബുദ്ധിജീവികളും പുരോഹിതരും എന്നു വേണ്ട പേരും പ്രശസ്തിയുമുണ്ടാക്കി വിരാജിക്കുന്നവരുടെ മാന്യ താരപദവിക്കുമേൽ തൂങ്ങിയാടിക്കൊണ്ടിരിക്കുന്ന ഒരു ഡമോക്ലസിൻ്റെ വാൾ. ഈയർത്ഥത്തിലാണ് മീ-റ്റൂ പൊതുവെ നമുക്ക് പരിചിതം. ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമങ്ങൾ നേരിട്ടവരും മുൻപ് തങ്ങൾ ചൂഷണത്തിന് ഇരയായിട്ടുണ്ട് എന്ന് പിന്നീട് തിരിച്ചറിഞ്ഞവരും ഒക്കെ തങ്ങളുടെ അനുഭവങ്ങൾ തുറന്നുപറഞ്ഞുകൊണ്ട് അതിനെതിരെ വിരൽ ചൂണ്ടുന്ന ഘട്ടമാണത്. കരുതലും ആത്മവിശ്വാസവും പങ്കിടുന്ന ഒരിടം. ഏതായാലും, അതിക്രമങ്ങൾക്ക് ഇരയായി ആശയ കുഴപ്പത്തിലും മെൻ്റൽ ട്രോമയിലും നിൽക്കുന്നവര്‍ക്ക് മീ-റ്റൂവിലൂടെ കിട്ടുന്ന കരുത്തോ പ്രതികരണ സമാശ്വാസമോ ചെറുതല്ല.
ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പദമൂന്നി നിൽക്കുന്ന ലോക സ്ത്രീവാദ മുന്നേറ്റങ്ങളുടെ തുടർച്ചയായി വന്ന പ്രതിരോധ ക്യാമ്പെയ്നാണ് me too. അമേരിക്കയിൽ ആരംഭിച്ചു 2017 ലെത്തുമ്പോൾ സോഷ്യൽ മീഡിയാക്കാലത്ത് സ്റ്റാറ്റസും ഹാഷ് ടാഗുമായി ദശലക്ഷക്കണക്കിന് ആളുകൾ ലോകമെമ്പാടും അതേറ്റെടുക്കുന്നതായാണ് നാം കണ്ടത്.
ഇനിയൊരുകാലത്ത് ചൂഷണം നേരിടുമ്പോൾ തന്നെ അത് തിരിച്ചറിഞ്ഞ് കാലവിളംബം കൂടാതെ പ്രതികരിക്കുവാൻ സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിൻ്റെ കേന്ദ്ര ഉദ്ദേശ്യം. എങ്കിലും ചൂഷണങ്ങൾ അനുഭവിക്കുകയും മീ-റ്റൂ പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തു കൊണ്ട് കാലാകാലം മുന്നോട്ടുപോകുന്നത് പുരോഗമനപരമോ ഗുണപരമോ ആയ എന്തെങ്കിലും സാമൂഹിക പരിണാമം ആണെന്ന് ആരും വിചാരിക്കുന്നില്ല. മറിച്ച് ഇതുകൊണ്ടെല്ലാം സാഹചര്യങ്ങളും ഇടപെടലുകളും മാറി മറിയണം. അറിവും അവബോധവും കൊണ്ടു മാത്രമേ അതിനു കഴിയൂ.
അടുത്തകാലത്ത് സിനിമാതാരം വിനായകൻ്റെ പത്രസമ്മേളനങ്ങളിലാണ് മീ-റ്റൂ അധിക പ്രാധാന്യത്തോടെ ചർച്ചകളിൽ വന്നു നിറഞ്ഞത്. വിനായകന് സാംസ്കാരിക ബോധം അത്ര പോര എന്ന തോന്നലിലായിരുന്നു വെങ്കിലും ചില മാധ്യമപ്രമുഖർക്ക് വിനായകൻ്റെ ചെറിയ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാനുള്ള ഫാക്ച്വൽ വിവരം പോലുമില്ലാതെ കിടന്നു കുഴങ്ങേണ്ടി വന്നു.
സാധാരണയായി ഒരു വ്യക്തിക്കെതിരെ മീ ടു ആരോപണം ഉണ്ടായാലുടനെ അയാളെ അധിക്ഷേപിച്ചും അസഭ്യങ്ങൾ വാരി വർഷിച്ചും ആളുകൾ കമൻ്റ് ബോക്സു നിറയ്ക്കുന്നതായാണ് കാണുന്നത്. ഇതു കണ്ടാൽ സ്ത്രീകളോടൊപ്പമാണ് ഇവരെല്ലാം എന്നു കരുതുക വയ്യ.ജനമനസ്സിൽ രൂഢമൂലമായ ലൈംഗിക അസൂയാ മനോഭാവങ്ങളല്ലാതെ പൊതുവേ അത്തരം പ്രതികരണങ്ങളിൽ മറ്റൊന്നും തെളിഞ്ഞു കാണുന്നില്ല. സ്ത്രീപുരുഷന്മാരുടെ ഇടപഴക്കങ്ങൾ പുതിയ മനുഷ്യൻ്റെ അന്തസ്സിന് അനുഗുണമാകും വിധം മാറിവരാനുതകുന്ന പ്രയോജനപ്രദമായ ചർച്ചകൾ മീട്ടു ആരോപണങ്ങളുടെ തുടർച്ചയായി ഇവിടെ ഉയർന്നു വരുന്നതേയില്ല. തീർച്ചയായും ആ വഴിക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു.
മനുഷ്യാന്തരബന്ധങ്ങൾ സമൂഹജീവി എന്ന നിലയിൽ ആർക്കും ഒഴിവാക്കാൻ പറ്റുന്നതല്ല. അവിടെ അപ്പുറമുള്ളയാൾ സ്ത്രീയോ പുരുഷനോ എന്നതിൽ കാര്യവുമില്ല. പുതിയ ലോകം ഊർജസ്വലമാകുന്നതിന് സ്ത്രീയും പുരുഷനും തോളോടു തോൾ ചേർന്ന് പ്രവർത്തിക്കാതെയും സഹവർത്തിക്കാതെയും വയ്യ. എന്നാൽ സ്ത്രീപുരുഷ ഇടപഴക്കങ്ങളിലെ അന്തസും ഓജസ്സും പരസ്പര ബഹുമാനവും സ്വതന്ത്രതയും സുരക്ഷിതത്വവും പുതിയമനുഷ്യന് യോജിച്ച വിധത്തിൽ അന്തസ്സുറ്റതാകണം. ഒരാൾ മറ്റൊരാളെ എന്തുകാര്യത്തിന് സമീപിക്കുന്നു എന്നതെക്കാൾ ഏതു വിധത്തിൽ സമീപിക്കുന്നു എന്നതുകൂടി ആദ്യന്തം പ്രധാനമാണ്. അതിനിടയിൽ ചൂഷണവും കാപട്യ കൗശലങ്ങളും കടന്നുവരുന്നത് ഒട്ടും ആശാസ്യമല്ല. അവിടെ വ്യക്തി ബന്ധങ്ങളിൽ സ്വാഭാവിക സുതാര്യത ഉണ്ടാവേണ്ടതാണ്.
ഈയൊരു ധാരണയിലേക്ക് എല്ലാ തരക്കാരായ മനുഷ്യരും ചുവടുവച്ചാൽ മാത്രം സംഭവിക്കുന്ന ഒരു സാംസ്കാരിക പാക്കേജ് മാത്രമാണ് എല്ലാവർക്കും വ്യക്തിത്വവും ആത്മാഭിമാനവും തുല്യതയും സ്വാഭാവികമായി ലഭ്യമാകുന്ന 'പുരോഗമനം'. സിനിമയിലും രാഷ്ട്രീയത്തിലും മത അരമനകളിലും ഈ മനുഷ്യ അന്തസിൻ്റെ വെളിച്ചമെത്തണം.
No എന്നു പറയാനുള്ള കഴിവ്
വ്യക്തിബന്ധങ്ങളിൽ - സാമൂഹ്യ ബന്ധങ്ങളിൽ പോസിറ്റീവായ ഗുണങ്ങൾ കൊണ്ടുവരുന്ന വ്യക്തിത്വമുള്ള നിലപാടിൻ്റെ ആപ്തവാക്യവും സൂത്രവാക്യവും ആണല്ലോ No എന്ന വാക്ക്. ഒരു വ്യക്തിക്ക് അനിഷ്ടകരമായി എന്തൊന്ന് മറ്റൊരാളിൽ നിന്നുണ്ടായാലും No എന്ന ഒറ്റവാക്കിൽ രണ്ടു പേർക്കുമിടയിലെ പരസ്പര ധാരണ പ്രകാരം കാര്യങ്ങൾ പരിഹരിക്കാൻ സാധിക്കേണ്ടതാണ്. ആ ധാരണയുടെ വെളിച്ചം വീണു കഴിഞ്ഞാൽ തുടർന്ന് മുന്നോട്ടു പോകാം. അല്ലാ ഇനി പിന്നോട്ടാണെങ്കിലും നടക്കാം. ബന്ധങ്ങൾ കൈമോശം വന്ന് കാര്യങ്ങൾ കൂടിക്കുഴഞ്ഞ് പ്രശ്നമായ ശേഷം മുട്ടിലിഴയുന്നതിലും എത്രയോ നല്ലതാണ് No എന്ന ഒറ്റവാക്ക് ഉച്ചരിച്ച് തിരിച്ചു നടക്കുന്നതു പോലും.
പെണ്ണിൻ്റെ ആത്മധാരണയിൽ നിന്ന് പുറപ്പെടുന്നതായാൽ No എന്നതിനോളം ശക്തി മറ്റൊന്നിനുമില്ല. നടക്കരുതാത്തതിനും പാടില്ലാത്തതിനും Yes പറയേണ്ടി വരുന്നത് അല്പലാഭം പെരും ചേതം എന്ന അവസ്ഥയിൽ എത്തിക്കാതിരിക്കില്ല. അവൾക്കിഷ്ടമല്ലാത്ത കാര്യത്തെ No എന്ന വാക്കിനല്ലാതെ മറ്റേതു വാക്കിനാണ് പ്രതിനിധീകരിക്കുവാൻ സാധിക്കുക. അത് ഗതികേടോ ദൗർബല്യമോ അല്ല. ആണെന്ന് കരുതേണ്ടതില്ല. മറ്റെയാൾ എന്തു കരുതും ഇതെങ്ങനെ വിലയിരുത്തപ്പെടും എന്നു കരുതി നനഞ്ഞ കളികളിലേക്കും അയഞ്ഞ നിലപാടുകളിലേക്കും കൂപ്പുകുത്തുന്നതിനു പകരം വാക്കുകൊണ്ട് തടയാനുള്ള ശേഷിയിലേക്ക് ബോധപൂർവം വളരേണ്ടതുണ്ട്. നമ്മുടെ ആ ശേഷിയില്ലായ്മയിലാകാം പലപ്പോഴും മറുവശത്ത് നിൽക്കുന്നയാളിലെ പീഡകൻ ആത്മവിശ്വാസം നേടിവളരുന്നത്.
അതു കൊണ്ടു സംഭവിക്കുന്ന നഷ്ടം ഒരു നഷ്ടവുമല്ല. ഇനി തുമ്മിയാൽ തെറിക്കുന്നതാണെങ്കിൽ ആ മൂക്കങ്ങ് തെറിച്ചു പൊക്കോട്ടെ. Me too എന്ന രണ്ടു വാക്കുകളെക്കാളും No എന്ന ഒറ്റവാക്കാണ് എന്തുകൊണ്ടും എളുപ്പവും അഭികാമ്യവും.
കഴിഞ്ഞില്ല, ഒരാൾ ഒരുക്കമില്ലായ്ക പ്രകടിപ്പിക്കുമ്പോൾ, സമ്മതമില്ലായ്മ പറയുമ്പോൾ അതിനെ അങ്ങനെ തന്നെ ഉൾക്കൊള്ളാനുള്ള മാനസികശേഷിയിലേക്ക് കൂടി സമാന്തരമായ വളർച്ച ഉണ്ടാവണം. ഒരാൾ തടയുമ്പോൾ ആത്മാഭിമാനവും അഹന്തയും മുറിവേൽക്കുകയല്ല വേണ്ടത്. മറിച്ച്, തന്നെ യുക്തിയും ചിന്താശേഷിയും ഉള്ള ഒരു വ്യക്തിയെന്ന നിലയിൽ പരിഗണിച്ചാണ് അയാൾ തടഞ്ഞതെന്ന് മറ്റേയാളും തിരിച്ചറിയേണ്ടതുണ്ട്. അത്തരത്തിൽ വ്യക്തിബന്ധങ്ങൾ സുതാര്യമായ പരസ്പര ധാരണയിലേക്ക് എത്തുക തന്നെ വേണം.
തൻ്റെ മന: ശരീരങ്ങളിൽ തനിക്കുള്ള മതിപ്പിനെ മാനിക്കാത്ത വിഷയവുമായി മറ്റേയാൾ വന്നാൽ അതിനോട് No പറയാനുള്ള കഴിവ്, അത്തരമൊരു അവബോധത്തിലേക്ക് നമ്മുടെ പെൺകുട്ടികൾ ചെറിയ പ്രായത്തിൽ തന്നെ ഒരുക്കി നിർത്തപ്പെടേണ്ടതുണ്ട്.
സ്ത്രീ സ്വത്വം / പൗരബോധം എന്നിവയിൽ നിലയുറക്കുക
പീഡനത്തിനിരയായവർ അതു തുറന്നു പറയാൻ തയ്യാറാകുമ്പോൾ അവർ കന്യാസ്ത്രീ ആയാലും സിനിമാനടി ആയാലും ലൈംഗിക തൊഴിലാളി ആയാലും വീട്ടമ്മയായാലും ഉദ്യോഗസ്ഥയായാലും വിദ്യാർത്ഥിനി ആയാലും അവർ സ്ത്രീ, പൗര മുതലായ സാമൂഹിക അന്തസ്സിലേക്ക് ഉയരുകയാണ് ചെയ്യുന്നത്. അല്ലാതെ തരം താഴുകയല്ല.
അതുവരെ ഇപ്പറഞ്ഞ സന്യാസ മഠം / ഷൂട്ടിങ് സെറ്റ് തുടങ്ങിയ തങ്ങളുടെ നിയത സ്ഥാനങ്ങളായിരിക്കും അവരുടെ സ്വർഗ്ഗം. മിക്കപ്പോഴും തങ്ങൾ നിൽക്കുന്ന ഇത്തരം ഇൻസ്റ്റിറ്റ്യൂഷനുകളുടെ വൃത്തപരിധിയിൽ നിന്ന് പുറത്തേക്ക് വന്നാലാണ് അവർക്ക് പ്രതികരിക്കാനോ സഹായം അഭ്യർത്ഥിക്കാൻ പോലുമോ കഴിയുക. താൻ നിൽക്കുന്ന നിയതമായ ഇൻസ്റ്റിറ്റ്യൂഷൻ്റെ ഭാഗമായും അതിലുപരി വിശാലമായ പൊതു സമൂഹത്തിൻ്റെ ഭാഗമായും ഒരേസമയം ഇരിക്കാൻ കഴിയേണ്ടതുണ്ട്. വ്യക്തി എന്ന ഏകകം വിശാലമായ പൗരത്വ ബോധത്തിൽ നിലയുറപ്പിക്കപ്പെട്ടതായിരിക്കണം.
അവനവനെ കേവലം ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂഷൻ്റെ ഭാഗമായി മാത്രം ധരിക്കുന്നിടത്തോളം കാലം താൻ ഒരു സ്വതന്ത്ര വ്യക്തിയെന്ന ധാരണ പോലും അവർക്കുണ്ടായെന്നു വരില്ല. അവിടെ കുഞ്ഞാട് /എക്സ്ട്രാ നടി /ശിഷ്യ / പാദസേവിക /ഭാര്യ എന്നിങ്ങനെയുള്ള കീഴാളനിലകളിൽ പോലും ആയിരിക്കാം അവർ.അങ്ങനെ ചിന്തിക്കുന്നിടത്തോളം കാലം അത്രമാത്രമേ കഴിയുകയുള്ളൂ. അതെ. ഹീന കീഴാളബോധത്തിൽ കൂച്ചുവിലങ്ങിട്ടു നിർത്താനാണ് സുരക്ഷിത താവളങ്ങളായി അവൾക്ക് ഇടമൊരുക്കുന്ന പല സാമൂഹ്യസ്ഥാപനങ്ങളുടെയും സംവിധാനങ്ങൾ ഇരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂഷൻ്റെ അധികാരിയെ മറ്റുള്ളവർക്കുമുന്നിൽ കുറ്റക്കാരനാക്കാൻ മടിക്കുന്ന വിധേയത്വം മറികടന്ന് അവനവനു ലഭിക്കേണ്ട നീതിയെപ്പറ്റി ധാരണയുണ്ടാകുക എന്നത് എളുപ്പമല്ലെങ്കിലും സാധ്യമാവേണ്ട വിപ്ലവമാണ്. ഈ വിപ്ലവത്തിൻറെ ആദ്യപടി ഒരു വ്യക്തിയെ NO എന്നു പറയാൻ പ്രാപ്തയാക്കുക എന്നതു തന്നെ.
പൗരൻ എന്ന പ്രാഥമിക സ്വത്വത്തിനുശേഷമേ മറ്റെന്ത് സാമൂഹിക അസ്തിത്വവും വ്യക്തിക്ക് ഉള്ളൂ. വ്യക്തമായ പൗരബോധം എവിടെ ആരംഭിക്കുന്നോ അവിടെ മുതൽ മാത്രമേ സ്ത്രീക്ക് വിമോചനവും സാധ്യമാകൂ. തികച്ചും അവബോധപരമാണത്. സ്ത്രീയെ പുരുഷനൊപ്പം തുല്യമാക്കി നിർത്തുന്ന ജെൻഡർ ഇക്വാലിറ്റിയുടെ രാഷ്ട്രീയമാണത്. നമ്മുടെ സർവ്വോന്നത ഭരണഘടനയാണ് അതിനാധാരം.
I am always imperfect at home എന്ന പ്രമാണത്തോടെ വ്യക്തികൾക്ക് ഒളിത്താവളമൊരുക്കുന്ന വിവാഹ സംവിധാനത്തിൽ തന്നെ സംഭവിക്കേണ്ട ഒരു ലിബറേഷൻ്റെ ആദ്യപടിയാണ് ഈ പറയുന്നത്. ആദ്യമാദ്യം ഒരു ദേഹോപദ്രവമോ അധിക്ഷേപമോ അനുഭവിക്കേണ്ടിവന്നാൽ അച്ഛൻ അമ്മ ഭർത്താവ് സഹോദരൻ സഹോദരി മുതലായ ഇതര വൈകാരിക പരിഗണനകൾ കൂടാതെ NO പറയാൻ മാത്രം സ്വാതന്ത്ര്യ ബോധത്തിലേക്ക്, വെറും ഭാര്യയും വെറും മകളും ഒക്കെയായിരിക്കുന്ന പതിവിൽനിന്ന് വ്യക്തിത്വമുള്ള ഒരു പൗരയിലേക്ക് സ്ത്രീ ആദ്യമേ ഉയരണം.
Me too എന്നു പറയുമ്പോൾ മറ്റൊരാളെ കുറ്റാരോപിതൻ ആക്കേണ്ടി വരുന്നുണ്ട്. എന്നാൽ No എന്നത് മറ്റൊരാളെ കുറ്റവാളിയാകാൻ അനുവദിക്കാത്ത വിധം അടച്ചുറപ്പുള്ള സ്വയം ഉത്തരവാദിത്തത്തിൻ്റെ കരുത്തുറ്റ ശബ്ദമാണ്. ഒരു സന്ദർഭത്തിൽ പറയുന്ന No താൽകാലികമായി അസുഖകരമായി തോന്നിയാലും പിന്നീട് വലിയ ശരിയായി മാറും എന്ന ബോധ്യം അവനവന് ഇല്ലാതെ പറ്റില്ല. അതുണ്ടെങ്കിൽ No എന്നു പറഞ്ഞ നിങ്ങളിലെ വ്യക്ത്യഭിമാനം പിന്നീട് അപരന് നിങ്ങളോടുള്ള ബഹുമാനം പോലും ആയി ഉയർന്നേക്കാം.
നോക്കൂ, മീ ടൂവിൽ എത്തിച്ചേരുന്ന മിക്കതും പരിചിതർക്കിടയിലെ സംഭവങ്ങളാണ്. പരിചിതനായ ഒരാളെ പലതവണ തെറ്റിൽ നിന്ന് വിലക്കാൻ പറ്റാതെ വരിക അത്ര സ്വാഭാവികമല്ല. പരിചയത്തിൻ്റെ പേരിൽ ഒരാൾ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ കൈവയ്ക്കുന്നതെങ്കിൽ അത് അപ്പോൾ തന്നെ തടഞ്ഞാൽ അയാളെ കുറ്റാരോപിതൻ ആക്കേണ്ടി വരുന്ന ഗതികേട് ഇല്ലാതെ കഴിക്കാം. മനുഷ്യബന്ധങ്ങൾ കൂടുതൽ സജീവമാകുന്നതിൻ്റെ ലക്ഷണമാണത്. മറ്റേയാൾ ബന്ധത്തെ മുതലെടുക്കുവാൻ ശ്രമിക്കുമ്പോൾ അതിനനുവദിക്കാത്ത സ്ത്രീയുടെ കരുത്തുറ്റ ഊർജ്ജനിലയാണ് No.
സ്വാതന്ത്ര്യബോധവും പുരോഗമനനാട്യവും ചൂഷണ ഉപാധിയാകുന്നുണ്ടെങ്കിൽ അതും ശരിയല്ലെന്ന് ഇവിടെത്തന്നെ ചേർത്തു പറയേണ്ടതുണ്ട്. അത്തരം പുരോഗമനങ്ങളെ വേർതിരിച്ച് അറിയുവാനുള്ള സാംസ്കാരിക യുക്തി കൂടി വളരണം.
മേലങ്കികൾ അണിഞ്ഞുള്ള വേട്ടകൾ
ബിഷപ്പ് -കന്യാസ്ത്രീ ആയാലും അധ്യാപകൻ - വിദ്യാർത്ഥിനി ആയാലും ആത്യന്തികമായി സ്ത്രീയോ പുരുഷനോ ഭിന്നലിംഗക്കാരോ ഒക്കെ ആണ്. അതിനും മേലെ പൗരനാണ്. പൗരത്വമാണ് അടിസ്ഥാനപരവും ആത്യന്തികവുമായ സാമൂഹിക അസ്തിത്വം. ഇതൊന്നും അംഗീകരിക്കേണ്ടതില്ല എന്ന വിചാരം അവരവരുടെ കുടുസ്സായ സുരക്ഷിത ഇടങ്ങൾ തകരുന്നിടം വരെ മാത്രമേയുള്ളൂ. ഒരാൾക്ക് ഇൻസ്റ്റിറ്റ്യൂഷൻ്റെ ഉള്ളിൽ നിന്ന് അരക്ഷിതാവസ്ഥ ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ മഹത്തായ തൻ്റെ ഇൻസ്റ്റിറ്റ്യൂഷൻ്റെ ഭാഗമാണ് ഞാൻ എന്ന് അഭിമാനിച്ചിരിക്കാം. വിശ്വസിക്കാം. അപ്പോൾ നിങ്ങൾ കുഞ്ഞാടോ വത്സല ശിഷ്യയോ ഒക്കെ ആയിരിക്കും. പക്ഷേ അത് ഒളിച്ചു കളി മാത്രമാണ്. എന്തെങ്കിലും ഒരു വെല്ലുവിളി തട്ടകത്തിൽ നിന്നു തന്നെ സ്ത്രീ എന്ന നിലയിൽ നിങ്ങളുടെ നിലനിൽപിനു വന്നു ഭവിച്ചാൽ തീർച്ചയായും നിങ്ങൾക്ക് സ്ത്രീയും പൗരയുമായേ രക്ഷയുള്ളൂ. പോം വഴിയുള്ളൂ.
സ്ത്രീയുടെ വിമോചനത്തിൻ്റെ തുടക്കവും ഒടുക്കവുമായ പടിയാണ് ആധുനിക ജനാധിപത്യത്തിലെ പൗരബോധവും സ്ത്രീയെന്ന അസ്തിത്വ ബോധവും. ഇവ അഭിമാനകരമായി ആദ്യം മുതലേ എടുത്തണിയുക എന്നതാണ് അവശ്യം ചെയ്യേണ്ടത്. ഓർക്കുക, ഒരു മഠവും ഒരു മതവും അതിൻ്റെ അധികാര ഘടനയിൽ ഒരിക്കൽ പോലും സ്ത്രീക്ക് പുരുഷനൊപ്പം തുല്യത വാഗ്ദാനം നൽകുന്നില്ല. പിന്നെയാണോ അതു പ്രവൃത്തിപഥത്തിൽ പ്രതീക്ഷിക്കുന്നത്.
എന്നാൽ നമ്മുടെ ഭരണഘടന അതിൻ്റെ ആമുഖത്തിൽ തന്നെ പ്രാധാന്യത്തോടെ പ്രസ്താവിച്ചിരിക്കുന്ന ഭരണഘടനാ മൂല്യമാണ് സ്ത്രീപുരുഷ തുല്ല്യത. സ്ത്രീ,സ്ത്രീ എന്ന തൻ്റെ അടിസ്ഥാന സ്വത്വത്തെ തിരിച്ചറിഞ്ഞേ പറ്റൂ. അത് അനുവദിക്കപ്പെടുകയല്ല, അവൾ തിരിച്ചറിഞ്ഞ് സ്വയം അവരോധിക്കപ്പെടണം. എങ്കിലേ തുല്യതയെപ്പറ്റി ചിന്തിക്കാൻ തന്നെ കഴിയൂ. സ്ത്രീ പുരുഷ തുല്യത എന്നാൽ പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ സ്ത്രീ കൂടുതൽ തുല്യത അർഹിക്കുന്നു എന്നു കൂടി അർത്ഥമുണ്ട്.
അപരർ മേധാവിയോ സഹപ്രവർത്തകരോ സഹായികളോ കീഴ്ജീവനക്കാരോ പരിചിതരോ ഒക്കെ ആയിരിക്കെ ബഹുമാന്യരുമായിക്കോട്ടെ. പക്ഷേ ആ സ്ഥാന വിഭജനം, അതു വഴിയുണ്ടാകാവുന്ന ബഹുമാന വഴക്കങ്ങൾ വിധേയത്വത്തിനു കാരണമായിക്കൂടാ. ബഹുമാനം നിലനിൽക്കെ മാത്രമാണ് തുല്യതയ്ക്ക് പ്രസക്തിയുള്ളത്. കാരണം സമത്വം തുല്യത എന്നിവ നവീന മനുഷ്യൻ സാംസ്കാരിക പുരോഗതിയിലൂടെ ആർജ്ജിച്ചെടുത്ത ഒരു വികസിത മൂല്യമാണ്. തീർച്ചയായും ബഹുമാനവും തുല്യതയും ഒരുമിച്ചു പോകേണ്ടിയിരിക്കുന്നു.
എൺപതു തികഞ്ഞ ബുദ്ധിജീവി കവി ഇരുപതോ ഇരുപത്തഞ്ചോ വയസ്സുള്ള പെൺകുട്ടിയെ സംബന്ധിച്ച് തുല്യതയിലാകുന്നതെങ്ങനെ? നിലപാടുകൊണ്ടും പരിഗണനകൊണ്ടുമാണത്. അതേസമയം പ്രണയം, പോരാട്ടം, തുടങ്ങി ഏതു ജീവിതാനുഭവ അനുഭവമണ്ഡലത്തിലും 80 പിന്നിട്ട വയോധികകവിയും 20 കാരിയും തമ്മിൽ അജഗജാന്തരമുണ്ട്. ശാരീരിക മാനസിക യാഥാർത്ഥ്യങ്ങൾ തുല്യമല്ലവിടെ. അദ്ദേഹത്തെ കാണുമ്പോൾ വിശാലമായ ഒരു നമസ്കാരം പറഞ്ഞ് 'നീണ്ടു നിവർന്ന് ഒന്നു തൊഴുക'യാണ് വേണ്ടത്. കാരണം അയാൾ പറയുന്ന തുല്യതയ്ക്ക് മൂല്യവിചാരവും മറ്റുമായിട്ടൊന്നും വിശേഷിച്ചൊരു ബന്ധവുമില്ല തന്നെ.
ബഹുമാന്യത വഴി തുല്യത മറക്കരുത്. മറക്കാൻ അനുവദിക്കരുത്. ആശ്രമ മഠങ്ങളും അരമനകളും മാത്രമല്ല കോർപ്പറേഷൻ ചെയർമാൻ്റെ ഓഫീസ് കാര്യ നിർവഹണത്തിനുള്ള ക്യാബിൻ വരെ ജനാധിപത്യ സംവിധാനങ്ങൾക്ക് ഭൂഷണമായ രീതിയിൽ കണ്ണാടിക്കൂടു പോലെ സുതാര്യമായിരിക്കുന്നതാണ് നല്ലത്. എന്നാൽ ഇത്തരം അധികാര സ്ഥാപനങ്ങളുടെ ഇടങ്ങളെല്ലാം ജനങ്ങൾക്ക് എപ്പോഴും പ്രാപ്യമായിരിക്കുന്നതിനു പകരം രാവണൻ കോട്ട പോലെ കെട്ടി വേർതിരിച്ചു വെച്ച നിലയിലാണ് കൂടുതലും കാണാൻ കഴിയുന്നത്.ആ സുതാര്യതക്കുറവ് സ്ത്രീസൗഹൃദപരമായ അന്തരീക്ഷങ്ങൾ അന്യമാകാൻ കാരണമാകാം. അവിടെയും മാറ്റങ്ങൾ അനുപേക്ഷണീയം തന്നെ.
Comments