Liberation @ Thinking

നായയെ അറിയൂ

  • Share this:
Environment - Development post-title

പരിഭ്രാന്തനായ ഇരയെ ആക്രമിക്കാനുള്ള ചെന്നായ പ്രവണത തെരുവുനായ്ക്കൾക്കുണ്ട്. മറ്റു മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായുള്ള അക്രമണോത്സുക പാക്ക് സ്വഭാവവും ചെന്നായ്ക്കളുമായുള്ള  വംശബന്ധത്താൽ നായകളിലുണ്ട്... ഒളിഞ്ഞും തെളിഞ്ഞും അതുണ്ട്. ഒറ്റ തിരിഞ്ഞുള്ളപ്പോൾ അത്ര പ്രകടമല്ലെന്നു വന്നാലും കൂട്ടം ചേരുമ്പോൾ ഈ ത്വര കാണപ്പെടുമാറ് വർദ്ധിതമാനമാകും.

തെരുവുനായ ആക്രമണങ്ങളുടെ ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന കണക്കുകൾ ആരെയും ഗൗരവപ്പെടുത്തുന്നുണ്ട്. നായ്ക്കളുടെ എണ്ണം പെരുകിയതായും അവ മുൻപില്ലാത്ത വിധം അക്രമകാരികളായതായും പൊതുവിൽ പറയപ്പെടുമ്പോൾ കാര്യങ്ങളെ ഒന്നു കൂടി വ്യക്തതയിൽ മനസ്സിലാക്കേണ്ടതുണ്ട്. ഇതിനു മുൻപും നാട്ടിൽ അവിടിവിടെയായി സംഭവിച്ചിരുന്ന ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമായി ഗണിക്കപ്പെട്ടിരുന്നത് ഇപ്പോൾ അങ്ങനെയല്ല. പലയിടങ്ങളിലും സംഭവിക്കുന്ന വാർത്തകൾ മാധ്യമദ്വാരാ എല്ലായിടത്തും അറിയുന്നു. അങ്ങനെ മുൻപത്തെ അപേക്ഷിച്ച് ആക്രമണം അധികമാണെന്ന ധാരണയിലേക്ക് സ്ഥിതിഗതികൾ വന്നു ചേരുന്നുണ്ട്.

വാക്സിൻ എടുത്തിട്ടു പോലും കടിയേറ്റവർ മരിക്കുന്നുണ്ടത്രേ. ഇത്തരം കേട്ടറിവുകളും വാർത്തകളും ആളുകളെ പൊതുവിൽ പരിഭ്രാന്തരാക്കിയിട്ടുണ്ട്. വഴിയിൽ തെരുവു നായകളെ കാണുമ്പോൾ ഇതെല്ലാം ഉള്ളിൽ വെച്ച് ആളുകൾ പലപ്പോഴും അസ്വാഭാവികമായി പെരുമാറിപ്പോകും.  

തുറിച്ചു നോട്ടമോ വിചിത്രമായ നമ്മുടെ അംഗചലനങ്ങളോ മാത്രം മതിയാകും അവിടെ.ശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തുന്നതു നോക്കൂ. പരിഭ്രാന്തനായ ഇരയെ ആക്രമിക്കാനുള്ള ചെന്നായ പ്രവണത തെരുവുനായ്ക്കൾക്കുണ്ട്. നമ്മുടെ കണ്ണുകളിൽ നിന്ന് ഉള്ളിലെ ഭീതി വായിച്ചറിയാൻ അവയ്ക്ക് പ്രത്യേക കഴിവുമുണ്ട്. ഒരല്പം ദുർബലൻ എന്ന് തോന്നുന്ന ആളെ - പ്രത്യേകിച്ച് സ്ത്രീകളെ, കുട്ടികളെ, അല്ലെങ്കിൽ തങ്ങളെ നിരീക്ഷിക്കുന്നതായി തോന്നുന്നയാളെ പിറകേ കൂടി ആക്രമിക്കാൻ നായ്ക്കൾക്ക് മറ്റു കാരണങ്ങൾ വേണോ. സ്വാഭാവികമായും ആക്രമങ്ങളുടെ എണ്ണം കൂടുന്നു. 

എന്താണ് ചെന്നായക്കൂട്ട പ്രവണത അഥവാ Pack attitude അഥവാ Pack behavior

തങ്ങളുടെ ആവാസ വ്യവസ്ഥയിൽ അതിജീവനത്തിന് വേണ്ടി ഒരു സംഘം രൂപീകരിക്കാനുള്ള ചെന്നായ വർഗങ്ങളുടെ ജൈവ സ്വഭാവമാണ് Pack attitude / Pack behavior. ഇരയും ഇണയും എന്നതിലപ്പുറം വേട്ടയാടുക എന്ന ലക്ഷ്യം കൂടി ഇതിലുണ്ടായി വരുന്നു. ഇരയെ സംഘം ചേർന്ന് ആക്രമിക്കുകയാണ് രീതി. കേവലം ഭക്ഷണത്തിനു വേണ്ടിയുള്ള വേട്ട മാത്രമല്ല അതിൽ മൃഗയാ വിനോദം എന്ന വാക്ക് തന്നെ ഉചിതം. ഇരയെ ഭയപ്പെടുത്തി ദുർബലനാക്കുക, ഇര ദുർബലൻ ആകുന്തോറും വേട്ടക്കാർ കൂടുതൽ അക്രമകാരികളാവുക, ആക്രമണത്തിൽ ആനന്ദം കണ്ടെത്തുക മുതലായ ചെന്നായ്ക്കളുടെ ജൈവപ്രവണതകൾ ഇതിൽ ഉണ്ട്. 

മറ്റു മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായുള്ള ഇത്തരം അക്രമണോത്സുക പാക്ക് സ്വഭാവം വംശബന്ധത്താൽ നായകളിലും നന്നായുണ്ട്... ഒളിഞ്ഞും തെളിഞ്ഞും അതുണ്ട്. ഒറ്റ തിരിഞ്ഞുള്ളപ്പോൾ അത്ര പ്രകടമല്ലെന്നു വന്നാലും കൂട്ടം ചേരുമ്പോൾ ഈ ത്വര കാണപ്പെടുമാറ് വർദ്ധിതമാനമാകും.

ഇതൊന്നുമില്ലെങ്കിൽ തന്നെയും മുൻപ് എപ്പോഴെങ്കിലും ആക്രമിക്കപ്പെട്ടതോ ഭയപ്പെട്ടതോ ആയ നായ സമാന പ്രതീതി തോന്നുന്ന ഇടങ്ങളിൽ മറ്റൊരു പ്രേരണയും കൂടാതെ അക്രമകാരിയായി മാറാം. മറ്റൊരു പ്രധാന കാര്യം, നമ്മളിലെ ഭയമോ സ്നേഹമോ എന്തും ഏറ്റവും എളുപ്പം പ്രതിഫലിക്കുന്ന തരക്കാരായി തീർന്നിട്ടുണ്ട് കാലാന്തരങ്ങളായിട്ടുള്ള മനുഷ്യസഹവാസത്താൽ പട്ടികളുടെ സ്വഭാവം. നമ്മൾ പേടിയോടെ യോ വെറുപ്പോടെയോ നോക്കിയാൽ അവർ പിന്നെ ഇങ്ങനെയല്ലാതെ മറ്റൊരു രീതിയിൽ പെരുമാറുന്നതെങ്ങനെ ?

തങ്ങളുടെ അധീനമേഖലയോ ഭക്ഷണമോ  നഷ്ടപ്പെടും അല്ലെങ്കിൽ കുഞ്ഞുങ്ങൾ ആക്രമിക്കപ്പെടുമെന്ന സ്ഥിതി ഉണ്ടാകുമ്പോഴുമെല്ലാം  നായ്ക്കൾ ആക്രമണത്തിനു മുതിരും. ചുരുക്കിപ്പറഞ്ഞാൽ ഭയ സംഭ്രമ വിഹ്വലതകളുടെ പരിസരം ആക്രമണങ്ങളെ വർദ്ധിപ്പിക്കാനുള്ള കാരണമാകും. മനുഷ്യനും പട്ടികളും പരസ്പരം ഭയന്ന് പരാക്രമ സ്വഭാവം പൂണ്ടാലോ. ചിലയിടങ്ങളിൽ ഭയാക്രാന്തരായ നാട്ടുകാർ പരാക്രമികളായി നായ്ക്കളെ കൂട്ടത്തോടെ വകവരുത്തുന്നതിലേക്ക് എത്തിയതും നാം കണ്ടു.

നായകളുടെ ആക്രമണം വന്നാൽ അതിൽ നിന്ന് രക്ഷപ്പെടാൻ തികച്ചും ബുദ്ധിപരമായ നീക്കം വേണ്ടി വരും എന്നതിനാലാണ് ബോധവൽകരണം വേണ്ടി വരുന്നത്. കുട്ടിക്കളിയും കൊഞ്ചൽ വിളയാട്ടവുമുള്ള വളർത്തു ജീവിയാണ് നായ. അതേസമയം വേട്ടയാടുന്ന ജീവിയും. ഈ രണ്ടു പ്രവണതകളും ഒരേ സമയം കടിക്കാൻ വരുന്ന നായിൽ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് മനസ്സിലാക്കേണ്ട മറ്റൊരു കാര്യം. കടി എന്നതു നായക്ക് ഒരു സ്വാഭാവിക പ്രതികരണമാണ്. അത് അവയുടെ പ്രതിരോധവും അതേസമയം ശ്രദ്ധ ആകർഷിക്കാനുള്ള വിളയാട്ടശീലവും കൂടിയാണ്. അടിസ്ഥാനപരമായ മൗലിക പ്രതികരണങ്ങളാണത്. ഇക്കാര്യങ്ങൾ അവയെ കൈകാര്യം ചെയ്യുന്നവർ മനസ്സിലാക്കുന്നത് നന്നായിരിക്കും.

മറ്റു മൃഗങ്ങളെ അപേക്ഷിച്ച് മനുഷ്യനുമായി കൂടുതൽ ഇടപെട്ട് ജീവിക്കുന്ന മൃഗം എന്ന നിലയിൽ നായകളുടെ ശരീരഭാഷയ്ക്ക് ചില സൂചനകൾ തരാൻ കഴിയും. അത് ശാസ്ത്രീയമായി മനസ്സിലാക്കാൻ കഴിയും. ഭയപ്പെട്ടതോ ദേഷ്യം പിടിച്ചതോ ആയ ഒരു നായയുടെ അടുത്തേക്ക് തീരെ പോകാതിരിക്കുകയാണ് ബുദ്ധി. എതിരിട്ട് ആക്രമിക്കാൻ വരികയാണെങ്കിൽ അതിന്റെ മുഖത്തേക്ക് നോക്കുകയോ കണ്ണുകളിലേക്ക് നോക്കുകയോ പുഞ്ചിരിക്കുകയോ ഒരിക്കലും ചെയ്യരുത്. മൃഗങ്ങൾ നോട്ടവും പുഞ്ചിരിയും ഒക്കെ നാം മനസ്സിലാക്കുന്നതിൽ നിന്ന് തീർത്തും വിഭിന്നമായ അർഥത്തിലാണ് മനസ്സിലാക്കുക. 

നോട്ടം മാത്രമല്ല, കൈകൾ ചലിപ്പിക്കുക ഓടാൻ ശ്രമിക്കുക, തിരിഞ്ഞു തിരിഞ്ഞു നോക്കുക ഇതെല്ലാം നായ്ക്കളെ കൂടുതൽ ആക്രമണത്തിന് പ്രേരിപ്പിക്കും.  കണ്ണുകൾ വെപ്രാളത്തിൽ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കുന്നത് പോലും നായയ്ക്ക് വേഗം മനസ്സിലാകും. അതിനാൽ തീരെ അവയെ ശ്രദ്ധിക്കാതെയും അവർ നമ്മുടെ നിരീക്ഷണത്തിലോ പരിഗണനയിൽ എവിടെയും ഇല്ല എന്ന് തോന്നും വിധം പെരുമാറുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. അതിനു കഴിയണം.. 

കടിയേറ്റാൽ മുറിവ് എത്ര ചെറുതായാലും വൈകാതെ വൈദ്യസഹായം തേടേണ്ടതുണ്ട്. ശ്രദ്ധ വേണം. വർഷാവർഷം നായ കടിയിലൂടെ പേവിഷബാധയേറ്റു മരിക്കുന്നവരിൽ അറുപതു ശതമാനത്തോളം ഇന്ത്യയിലാണ്.

About author
Team Viswamaithri
Comments

നായകൾക്ക് പ്രതിരോധ കുത്തി വെപ്പ് നടത്തുന്നതിനു ഒപ്പം അവരെ കടിക്കുന്ന കുറുക്കാൻ തുടങ്ങിയ ജീവികളുടെ നിയന്ത്രണവും ആവശ്യം ആണ് ഇന്ന്...ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ വളരെ ഉപകാരപ്രദം ആണ് .അരുമ ജീവികള കൊന്നു ഒടുക്കാൻ കുറച്ചു പേർ ഇവിടെ മുറവിളി കൂട്ടുന്ന സമയത്തു .

Leave a comment