Liberation @ Thinking

പേരാറു നോക്കിയുള്ള നിൽപ്പും നെടുവീർപ്പും.

  • Share this:
Environment - Development post-title

പുതിയ വികസന പദ്ധതികൾ വരുമ്പോൾ 69 വർഷങ്ങൾക്കപ്പുറമുള്ള കവിതയിലെ പരിസ്ഥിതി സങ്കൽപ്പങ്ങൾ പോലും വഴി തടഞ്ഞു നിൽക്കുന്നത് കാണുക.
 
ലയാളത്തിലെ ഒരല്പം അധികം പ്രസിദ്ധമായ പരിസ്ഥിതി കവിതയാണ് മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ  'കുറ്റിപ്പുറം പാലം'. കുറ്റിപ്പുറം എന്ന ഉൾനാടിനെ നിളാനദിക്ക് കുറുകെ കൂടി പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഈ പാലം 1953-ലാണ് പണിതീർത്തു തുറന്നുകൊടുത്തത്.  ആധുനിക നിർമ്മിതിയായ പാലം നിളാ നദിയുടെ പ്രൗഡിയും അജയ്യതയെയും തകർക്കുകയും നദിയെ മരണാസന്നയാക്കുകയും ചെയ്തുവെന്നാണ് കവിയുടെ പരിഭവം.  കഴിഞ്ഞില്ല,   പുതുലോകത്തിനു കടന്നു വരാൻ ഒരുക്കിയ  ഉമ്മറപ്പടിയായ പാലം കുറ്റിപ്പുറമെന്ന നന്മനിറഞ്ഞ ഗ്രാമത്തെ പുറംലോകവുമായി  ബന്ധപ്പെടുത്തി. അതോടെ നാഗരികതയുടെ സകല ദുർവ്യവസ്ഥകളും കൂടി കടന്നുവന്ന്  ഗ്രാമലക്ഷ്മിയെ തുരത്തിയത്രേ.   പൂഴിമണലിൽ കളിച്ചു നടന്ന കാലത്തിൻ്റെ ഓർമ്മകൾ, കുളിയും ജപവും, പാടങ്ങൾ, തോട്ടങ്ങൾ, പൂക്കള്‍ നിറഞ്ഞ കുന്നിന്‍ ചെരുവുകള്‍, ആല്, തറ, വിളക്ക്, ഉത്സവങ്ങൾ, കര്‍ഷക സംഗീതങ്ങൾ, ഇരവിലെ  മൂകതകൾ, മല്ലൂരെ തേവർ ഇവയെല്ലാം നാടുനീങ്ങി തത്സ്ഥാനത്ത് ശിലയും കരിയും സിമൻ്റുരുക്കും ടയറും പെട്രോളും രാപകലില്ലാത്ത തേർവാഴ്ചയായി. അന്തിമഹാകാളൻ കുന്നിനെ നാഗരികതയുടെ കൈകൾ വൈകാതെ പമ്പരമെന്നപോലെ എടുത്തെറിഞ്ഞു കളയും എന്ന് കവി പ്രവചിക്കുന്നുമുണ്ട്. മനുഷ്യനിലെ ആത്യന്തികമായ എല്ലാ നന്മകളെയും മാനുഷിക ബന്ധങ്ങളുടെ ഊഷ്മളതയെയും തുടച്ചു നീക്കിയത് ഈ ആധുനികലോക ക്രമം ആണല്ലോ. നഷ്ടകഥ മാത്രമാണോ കവി പറയുന്നത് എന്ന് സംശയിക്കേണ്ട.  ഇരവും പകലും  ഒരുപോലെ ഒഴിയാതെ ശബ്ദങ്ങൾ, തീരാത്ത ജോലികൾ, മനുഷ്യർ തമ്മിൽ സംഘർഷങ്ങൾ... ഇങ്ങനെ അഹിതകരമെങ്കിലും നേട്ടങ്ങളും ഒരുകൂട്ടമുണ്ടത്രേ! ആകെ മോശവും നാശവും മാത്രം ചെയ്യാൻ ഉപാധിയായ ഒരു പാലം. 

അതിന്മേൽ,
"അഭിമാനാവപൂര്‍വ്വം ഞാന്‍ ഏറി നില്‍പ്പാ-
ണടിയിലെ ശോഷിച്ച പേരാര്‍ നോക്കി "
എന്ന് തെല്ലു പരിഹാസത്തോടെ കവി പറയുന്നു. 
കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാല്‍
അമ്പ പേരാറെ നീ മാറിപ്പോമോ
ആകുലായാ‍മൊരഴുക്കുചാലായ്

എന്നൊരു സാരമായ ആശങ്ക പങ്കുവെച്ചാണ് കവിത അവസാനിപ്പിക്കുന്നത്. 

മലയാളത്തിലും  പൊതുവേ ഇന്ത്യൻ ഭാഷകളിലും ജനമനസ്സുകളിലെ ധാരണകളായി നിലനിൽക്കുന്ന പരിസ്ഥിതി വാദത്തിൻ്റെ ഒരു മകുടോദാഹരണമാണ് ഈ കവിത.    അതോടൊപ്പം,  വളരെ വസ്തുനിഷ്ഠവും യുക്തിസഹവുമായി നമ്മുടെ പരിസ്ഥിതി വീക്ഷണം പരുവപ്പെടേണ്ടതുണ്ട് എന്നതിന് ഒരു തെളിവും.  സിലബസുകളിൽ  ഉൾപ്പെടുത്തി ചെറിയ ക്ലാസുകളിൽ മുതൽ പഠിപ്പിച്ചു വരുന്ന ഇത്തരം രചനകൾ  വികസനത്തെ ഒരു പാപമായും ആസന്ന വിനാശകാരണമായുമാണ് ഉറപ്പിക്കുന്നത്. നമ്മുടെ നാട്ടിൽ തുടക്കമിടുന്ന ഒട്ടനേകം വികസന പദ്ധതികളെ  കാര്യകാരണമില്ലാതെ തുടക്കത്തിൽ തന്നെ  എതിർക്കുക, തെളിവുകൾ ഒന്നുമില്ലാതെ എല്ലാ നിർമിതികളെയും പരിസ്ഥിതി വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുക മുതലായ പ്രവണതകൾ വ്യാപകമായി കാണാവുന്നതാണല്ലോ. 

ഒരു ദേശം സാംസ്കാരികമായും സാങ്കേതികമായും  ആധുനികമാകുമ്പോൾ ഇപ്പറഞ്ഞ ദോഷങ്ങളും നാശങ്ങളും നഷ്ടങ്ങളും മാത്രമാണ് ഉണ്ടാകുന്നതെന്ന മുൻവിധി എത്ര പരിതാപകരമാണ്. നഗരങ്ങളെക്കാൾ വിശുദ്ധവും വിശിഷ്ടവുമായ ഇടമാണ് ഗ്രാമം എന്നൊരു വിശ്വാസം പരക്കെ ഉണ്ടായിരുന്നു. " നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" എന്നൊക്കെ വിശ്വസിച്ച നിഷ്കളങ്കരെ നാം കണ്ടതാണ്. 'കിട്ടാത്ത മുന്തിരി പുളിക്കും' എന്നു പറയുമ്പോലെയേ ഉള്ളൂ ഈ വാദം.  കിട്ടുമെന്നാകുമ്പോൾ എല്ലാവരും ഇതിൻ്റെയൊക്കെ പിറകേ കൂടുന്നതായിട്ടേ കാണാൻ കഴിയൂ.

മതം, കുടുംബം, നാട്ടുകൂട്ട നിശ്ചയങ്ങൾ, പുരുഷ മേധാവിത്വം, സ്ത്രീ വിധേയത്വം, സമ്പത്തിൻ്റെ  സ്വകാര്യ കൈവശം, കള്ളി തിരിച്ചുറച്ച ജാതിബോധം, അടിമ സമ്പ്രദായം മുതലായ സകലമാന തുലഞ്ഞ പാട്രിയാർക്കൽ വ്യവസ്ഥകളെയും താങ്ങിനിർത്തുന്ന ഇടമാണ് ഗ്രാമം. ഇവയെല്ലാം ഒന്നോടൊന്നു പൊളിച്ചടുക്കിയ കുറച്ചുകൂടി അധികം  ജനാധിപത്യപരമായ ഇടമല്ലാതെ മറ്റൊന്നുമല്ല നഗരം. സാമ്പ്രദായികതകകളെ അട്ടിമറിച്ചു കളഞ്ഞ നഗരത്തോടും ആധുനികതയോടുമുള്ള വൈകാരികമായ വിരോധം മനസ്സിലാക്കാവുന്നതേയുള്ളൂ.  മനസ്സിലാക്കാം, പക്ഷേ അംഗീകരിക്കാനാവില്ല. എടുക്കാനതിൽ കാര്യവുമില്ല!

ബാല്യകാല കൗതുകങ്ങളും ഓർമ്മകളും ഉള്ള ഒരു ദേശത്തിൻ്റെ മുഖച്ഛായ  മാറരുത് എന്ന പിടിവാശി, അത്തരം ഓർമ്മകൾ ഉഴുതുമറിക്കപ്പെടുമ്പോഴുണ്ടാകുന്ന നൈരാശ്യം ഇവയൊക്കെ ഒരുതരം പൗരാണികതാ വാദമാണ്. 
മനുഷ്യൻ ബാല്യവും കൗമാരവും യൗവ്വനവും ഒക്കെ കടന്ന് മുന്നോട്ടാണ്  സഞ്ചരിക്കേണ്ടത്. ഏതെങ്കിലും ഒരു കാലത്തിൻ്റെ ഗൃഹാതുരത്വത്തിൽ വല്ലാതെ അഭിരമിക്കുന്നുണ്ടെങ്കിൽ അതൊട്ടും പുരോഗമനപരമല്ല. 
കാലപ്രയാണത്തിന് എതിരുമാണത്.

മനുഷ്യബന്ധങ്ങളെ പുതുകാല മുന്നേറ്റങ്ങൾ  ക്ഷയിപ്പിച്ചു കളഞ്ഞു എന്നതാണ് അടുത്ത മിത്ത്. അത് ഏത് പരിസ്ഥിതി കവിതയിലുമെന്ന പോലെ ഈ കവിതയിലുമുണ്ട്. ഒരു കത്ത് എഴുതിയാൽ ഒരു മാസം കഴിഞ്ഞാലും  ഉദ്ദേശിച്ചിടത്ത് എത്താതെ കാലം കടന്നു പോയി ... നമ്മുടെ ആവശ്യക്കാർ ഒരു ഫോൺ കോൾ ദൂരത്തിനപ്പുറം നിൽക്കുന്ന കാലം മനുഷ്യബന്ധങ്ങളോട് എന്തപരാധം ചെയ്തു എന്നാണ് ഈ വിലപിക്കുന്നത്? ഈവിധ മാറ്റങ്ങളൊക്കെ  വളരെ സ്വാഭാവികമായി  മനുഷ്യൻ്റെ സാംസ്കാരിക - വൈജ്ഞാനിക പരിണാമം കൊണ്ട് സംഭവിക്കുന്നതാണ്. പരിണാമത്തെ മാറ്റവും വളർച്ചയുമായി ആയി ഉൾകൊള്ളാൻ കഴിയാത്തത് തീരെ പഴകിയ മതയുക്തി കൊണ്ടാണ്.

ഒരു വികസന പദ്ധതി പ്ലാൻ ചെയ്യപ്പെടുമ്പോൾ ഇതിന് ഉപഭോക്താക്കളില്ല, ഇത് ന്യൂനപക്ഷത്തിൻ്റെ മാത്രം ആവശ്യമാണ്, സാധാരണക്കാരൻ്റെ ആവശ്യമല്ല മുതലായ വാദങ്ങൾ ഉയർന്നു കേൾക്കാറുണ്ട്. എന്നാൽ, എന്തെങ്കിലും ഒരു സംവിധാനം വന്നു കഴിയുമ്പോൾ മാത്രമാണ് അതിന്  ആവശ്യക്കാർ ഉണ്ടാവുക. ആ സംവിധാനം എസ്റ്റാബ്ലിഷ് ചെയ്യുന്നതിനുമുൻപ് ഇതിന് ഒരിക്കലും ഉപഭോക്താക്കൾ ഉണ്ടാവില്ല എന്ന് വാദിക്കുന്നത് ചുരുക്കിപ്പറഞ്ഞാൽ അർത്ഥമില്ലായ്ക മാത്രമാണ്. മുൻ കാഴ്ചയില്ലായ്കയാണ്. ദീർഘവീക്ഷണമില്ലായ്മയാണ്.

അത്യാധുനിക സാങ്കേതികതകൾ സാധാരണക്കാരുടെ ആവശ്യമല്ല അല്ല എന്ന് ആവർത്തിക്കുക വഴി അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ യോഗ്യനല്ലാത്തവൻ ആരോ അവനാണ് സാധാരണക്കാരൻ  എന്ന് മാത്രമാണ് പറഞ്ഞുറപ്പിക്കുന്നത്. 

 പ്രധാനപ്പെട്ട ചോദ്യം ഇതാണ്.  ഒരു പാലമോ വീടോ കെട്ടിടമോ കെട്ടുമ്പോൾ, ഒരു റോഡ് പണിയുമ്പോൾ, ഒരു പാറ പൊട്ടിക്കുമ്പോൾ മനുഷ്യൻ അക്ഷരാർത്ഥത്തിൽ എന്താണ് ചെയ്യുന്നത്? ക്രിയാത്മകവും സജീവമായ മനുഷ്യൻ്റെ നിർമാണ ബുദ്ധിയും പരിവർത്തനശേഷിയുമാണത്. പ്രകൃതി മറ്റു ജീവികളിൽ നിന്ന് അധികമായി മനുഷ്യ ബുദ്ധിയിൽ സന്നിവേശിപ്പിച്ച ഒന്ന്.  മുന്നോട്ടു പോകാൻ പ്രകൃതിദത്തമായ മനുഷ്യശേഷി ഉപയോഗിക്കപ്പെടുകയാണവിടെ.  മറ്റൊരു ജീവികളിലും സാധാരണ കാണാനാവാത്ത ഈ മനുഷ്യമൗലികതയെ ഉപയോഗിക്കാതെ മനുഷ്യന് അതിജീവനം ഏതാണ്ട് അസാധ്യം തന്നെയാണ്.  നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിയിൽ മാറാതെയും അതിജീവിക്കാതെയും മുന്നേറുന്നതെങ്ങനെ ?ചിന്തയിൽ ആയാലും  പ്രവൃത്തിയിൽ ആയാലും അത് അങ്ങനെതന്നെ. ഇനിയും മരിക്കാത്ത ഭൂമിയെപ്പറ്റിയും മറ്റും  വിലപിച്ചു ചുമ്മാതിരിക്കുമ്പോൾ  യഥാർത്ഥത്തിൽ ഭൂമി മരിക്കുന്ന പ്രശ്നമല്ല നമ്മൾ നശിക്കാതിരിക്കാൻ വേണ്ടതു ചെയ്യാൻ നാം ഉണരേണ്ടതുണ്ട്.
ഭൂമിയുടെ/ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന എന്ത് ഉണ്ടായാലും  അവിടം ബാലൻസ് ചെയ്യാനുള്ള സംവിധാനങ്ങൾ സദാ പ്രവർത്തനനിരതമാണ്. അതു കൊണ്ടാണ് പ്രകൃതി പ്രകൃതി ശക്തിയായിരിക്കുന്നത്. (ഇപ്രകാരത്തിൽ ശക്തമായ ഒരു പ്രകൃതിപരമായ  മുന്നേറ്റം ഉണ്ടായാൽ ഇക്കാലത്തോളം  ഉള്ള സകല മനുഷ്യപുരോഗതിയുടെ ഉപാധികളും കൊണ്ട് പോരിനിറങ്ങിയാലും മനുഷ്യന് വിജയം നിശ്ചയമായും പ്രതീക്ഷിക്കാൻ തരമില്ല. അതിനൊരു നേർത്ത തെളിവാണ് കോവിഡ്.)

കവികളുടെ ക്രാന്തദർശനം വാസ്തവത്തിൽ സമൂഹത്തിൻറെ പുരോഗമനത്തിന് മുതൽക്കൂട്ടായി ഭവിക്കേണ്ടതാണ്. എന്തെന്നാൽ കവി മനുഷ്യരിൽ വെച്ച് അധിക സിദ്ധിയുള്ളവനാണ്. തൻ്റെ ബുദ്ധിയിൽ പരിവർത്തന ക്ഷമയായും നിർമ്മാണോന്മുഖമായും നിൽക്കുന്നത് യാതൊന്നാണോ അത് പ്രകൃതി സവിശേഷ ബോധം പോലെ തന്നെ മനുഷ്യനിൽ സന്നിവേശിപ്പിച്ചിട്ടുള്ളതു തന്നെ എന്ന് കവി സ്വയം അറിഞ്ഞാൽ മതി.  അതിനാൽ ഇത്തരം പ്രകൃത്യാരാധനാപരമായ സങ്കൽപ്പനങ്ങൾ ഒറ്റക്കണ്ണ് കൊണ്ടുള്ള നോട്ടങ്ങളായി മനസ്സിലാക്കേണ്ടതുണ്ട്.

കവിത്വസിദ്ധിയുള്ളവരും ഇല്ലാത്തവരുമായ പരിസ്ഥിതിവാദികൾ കേരളത്തെ കൊണ്ടു പോയിട്ടുള്ള ദിശയും വഴിയും ഇതാണ്. പരിസ്ഥിതിയിലെ ഇതര ജീവികളും മനുഷ്യനും തമ്മിലുള്ള സാരമായ വ്യത്യാസം അതാണ്.
ആർജ്ജിത ജ്ഞാനം. അത് അടുക്കിവെച്ച് പ്രയോഗിക്കുവാനും അതിലേക്ക് പുതിയത് കൂട്ടിച്ചേർക്കാനും ഉള്ള കഴിവും മനുഷ്യന് സ്വാഭാവികമായും ഉണ്ട്. അതിനെ തള്ളേണ്ടതില്ല. അതുകൂടി ഉൾക്കൊള്ളാത്ത മനുഷ്യവിചാരങ്ങൾ മഹാകവിതയാലും അതിൽ സമഗ്രദർശനം ഉണ്ടെന്നു പറയാനാകില്ല. ദർശനമാണ് കവിത.
കവിത പോലെ തന്നെ പ്രകൃതി നൽകിയ മറ്റൊരു കഴിവാണ് മനുഷ്യന് വഴി വെട്ടിത്തെളിച്ച് കെട്ടിപ്പടുക്കാനുമുള്ള കഴിവ്.  ഇരുകരകളെ ബന്ധിപ്പിക്കുന്ന പാലമായി മാറുന്നത് ഇതല്ലാതെ മറ്റൊന്നുമല്ല.
ഭയക്കേണ്ടതുമില്ല.  

ഒരു കാലത്തിൻ്റെ   ജ്ഞാനങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ ആ മുറിവ് കെട്ടുവാനുള്ള അറിവും ക്രമേണ പ്രകൃതിയിൽ നിന്ന് - മനുഷ്യബുദ്ധിയിൽ നിന്ന്  കാലാനുസൃതം ഉണ്ടായിവരികതന്നെ ചെയ്യും. ശാസ്ത്ര ബുദ്ധി അതിനും വഴി കാണാൻ മുന്നോട്ടു വരും.  ഏതെങ്കിലും വിധത്തിലുള്ള വികസനങ്ങൾക്ക് നേരെ പ്രതിരോധം രൂപീകരിക്കുമ്പോൾ ഇത്തരം വിഷയങ്ങൾ സൂക്ഷ്മമായി തന്നെ പരിഗണിക്കേണ്ടതാണ്. യന്ത്രക്കൈകളെ കാണുമ്പോൾ അത് മനുഷ്യൻ്റെ കൈകളുടെ തുടർച്ചയായിത്തന്നെ കാണണം. മനുഷ്യൻ്റെ കൈകൾ തോന്നിയതു പോലെ പറ്റില്ല.യന്ത്രക്കൈകളും മുന്നോട്ടു പോകുന്നത് മറ്റൊരു നിയമത്തിലല്ല.  നിയമമില്ലാതെ പ്രവർത്തിക്കുന്ന കയ്യോ യന്ത്രക്കയ്യോ പ്രകൃതിയിൽ മനുഷ്യന് ഇന്നോളം അസാധ്യവും തന്നെ.

യന്ത്രക്കൈകൾ പാലം പണിയുമ്പോൾ അമിതവ്യാകുലനാകുന്ന കവി മഴയും മിന്നലും വരുമ്പോൾ ഒരു കൈ സഹായത്തിന് ആരുമില്ലാതെ കുടിലിലിരുന്നു കരയുന്ന മനുഷ്യൻ്റെ - തൻ്റെ തന്നെ കഷ്ടാവസ്ഥയെ കാണുന്നില്ല.
അക്കരെ ആശുപത്രിയിലെത്തിയാലേ ചികിത്സ കിട്ടൂ. കൂരയിൽ കുഞ്ഞിന് സുഖമില്ല. സമയം കളയാനില്ല.