2022 മാർച്ച് മാസം കടന്നു പോയപ്പോൾ തൊണ്ണൂറ്റിനാലാമത് ഓസ്‍കര്‍ അവാർഡു വേദിയിൽ വെച്ചുണ്ടായ അവിചാരിതസന്ദർഭങ്ങളുടെയും അതിനെത്തുടർന്നുണ്ടായ ചർച്ചകളുടെയും Positive vibes.
ഓസ്കർ അവാർഡു വേദിയിൽ അടി വാങ്ങിച്ച അവതാരകൻ ക്രിസ്സ് റോക്കിൽ നിന്ന് പിന്നീടുണ്ടായ പ്രതികരണങ്ങൾ ശ്രദ്ധിച്ചു നോക്കൂ.
“ഒരു കോമേഡിയൻ എന്ന നിലയിൽ പ്രയോഗിക്കുന്ന വാക്കുകൾ അതിരുകടക്കുന്നത് എവിടെയാണ് എന്ന് അപ്പോൾ മനസിലാക്കാൻ പ്രയാസമാണ്. ന്യായീകരിക്കാൻ കഴിയാത്ത വിധത്തിൽ ഇന്നലെ രാത്രി ഞാൻ ആ പരിധി മറികടന്നു പോയി. കോമഡി എന്നത് ജീവിതത്തിൽ വലിയ അഗ്നിപരീക്ഷകൾ വന്നു ഭവിച്ച ആളുകളെ തമാശയാക്കുന്നതും അവരുടെ വേദനകളെ വിലകുറച്ചു കാണുന്നതും ആകരുത്. യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ നിന്ന് ചിരി സൃഷ്ടിക്കാനും ഇരുണ്ട ലോകത്തേക്ക് വെളിച്ചം കൊണ്ടുവരാനുമുള്ളതാണ് യഥാർത്ഥ നർമം. നിർഭാഗ്യവശാൽ ഞാൻ കാണിച്ച അനാദരവിനും അവഗണനയ്ക്കും എൻ്റെ സുഹൃത്തുക്കളായ ജേഡ് സ്മിത്ത്, വിൽ സ്മിത്ത്, മറ്റ് സ്മിത്ത് കുടുംബാംഗങ്ങൾ എന്നിവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. നമുക്കെല്ലാവർക്കും മികച്ചതും കൂടുതൽ പരിഗണനയുള്ളതുമായ ആളുകളാകാൻ കഴിയും "
തിരിച്ചറിവിൻ്റേതായ ഈ വാക്കുകൾ ശ്രദ്ധിക്കുമ്പോൾ ഓസ്കാർ വേദിയിലെ ആ നാടകീയരംഗങ്ങൾ ആർക്കും ഓർമവരും.
നടൻ വിൽ സ്മിത്തും ഭാര്യ ജെയ്ഡനുമടങ്ങുന്ന സദസ്സിനു മുന്നിലായിരുന്നു ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അവതാരകനായ ക്രിസ് റോക്ക് കത്തിക്കയറിയത്. അലോപേഷ്യ രോഗബാധിതയായി തലമുടി കൊഴിഞ്ഞു പോയ ജെയ്ഡൻ്റെ രൂപത്തെ കളിയാക്കിക്കൊണ്ട് വേദിയിൽ ക്രിസ് നടത്തിയ ചില പരാമർശങ്ങളാണ് ഭർത്താവ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. നേരെ വേദിയിലേക്ക് നടന്നു കയറിയ സ്മിത്ത്, ക്രിസിൻ്റെ കരണം പുകച്ചു. കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുന്ന അനുഭവം. ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കേ സംഭവം കൊണ്ടു പിടിച്ച ചർച്ചകൾക്കു വഴിവെച്ചു.
ആളുകൾ പലരീതിയിൽ ഈ സംഭവത്തെ വിലയിരുത്തുകയുണ്ടായി.
ഈ സംഭവത്തിൽ നമ്മുടെ ചാനലുകളിൽ കോമഡി സ്കിറ്റുകളൊരുക്കുന്ന കലാകാരന്മാർക്കുള്ള സന്ദേശമുണ്ട്. ശാരിരിക വെല്ലുവിളികൾ നേരിടുന്നവരെ അവഹേളിക്കുന്നത് ഒരു പരമ്പര്യ അനുഷ്ഠാനം പോലെയാണ് ഇവിടെ ഹാസ്യപരിപാടികളിൽ കണ്ടുവരുന്നത്. കൈയ്യും കാലുമില്ലാത്തവനും കണ്ണില്ലാത്തവനും അപഹാസ്യരൂപമാകുന്നത് കാരുണ്യക്കുറവുള്ളിടത്ത് മാത്രമാണ് എന്നത് നമ്മൾ എന്നാണിനി ഓർക്കുക ?
മൂന്നാം ലിംഗക്കാരെ അർഹമായ പരിഗണനകൾ നൽകി അംഗീകരിക്കണമെന്ന് സുപ്രീം കോടതി പോലും നിഷ്കർഷിക്കുമ്പോൾ പ്രൈം ടൈമിൽ വരുന്ന ചാനൽ പരിപാടികൾ അത്തരക്കാരെ ചാന്തുപൊട്ടെന്നും വളർത്തു ദോഷമെന്നും ആണും പെണ്ണും കെട്ടതെന്നും ആക്ഷേപിച്ചു രസിക്കുന്നതായാണ് കാണാൻ കഴിയുക.
കറുത്തവനു നേരെ തൊലിയുടെ നിറം വെച്ച് വംശീയ അധിക്ഷേപം ചൊരിയുന്നത് ഇത്തരം പരിപാടികളിലെ സ്ഥിരം തമാശ ചേരുവയാണ്.
കോമഡിയെന്നാൽ ബോഡി ഷെയിമിംഗിൻ്റെ ഭംഗിയുള്ള പേരാണെന്ന സ്ഥിതിയോളമെത്തുന്നു കാര്യങ്ങൾ.
ഇതൊന്നുമല്ലാതെ തമാശകൾ ഉണ്ടാക്കാൻ കഴിയാത്ത കലാകാരന്മാർക്ക് ക്രിസിനുണ്ടായതു പോലുള്ള മറുപടിയിലേ തിരിച്ചറിവുകൾ വരാനിടയുള്ളൂ. ഉടനടി ചില തിരിച്ചറിവു കൊണ്ടു വരാൻ കാരണമായി എന്നതിനാൽ തന്നെ തൽസമയത്ത് തക്കയിടത്തു വെച്ചുണ്ടായ വിൽ സ്മിത്തിൻ്റെ പ്രതികരണത്തിൽ പോസിറ്റീവായ സ്പന്ദനങ്ങൾ ഉണ്ട്. മനുഷ്യൻ്റെ വൈചാരിക മണ്ഡലത്തെ ഉണർത്തി വിടാൻ വൈകാരിക പ്രതികരണങ്ങൾക്കു കഴിയുന്ന ചില സന്ദർഭങ്ങളുണ്ട് എന്ന് നമ്മൾ അവിടെ കണ്ടറിയുന്നു.
എന്നാൽ പിന്നീടെന്തുണ്ടായി.
അവിടെ വെച്ചു തന്നെ ഏറ്റവും നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആ പ്രതികരണം കാരണം സ്മിത്തിനെ പത്തുവർഷത്തേക്കുള്ള എല്ലാ വേദികളിൽ നിന്നും ഒഴിവാക്കുവാൻ അക്കാദമി തീരുമാനം വന്നു.
എന്നാൽ മേലിലുള്ള അവാർഡ് പരിഗണനയിൽ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുന്നുമില്ല.
അക്കാദമി തീരുമാനത്തെക്കുറിച്ചറിഞ്ഞ വിൽ സ്മിത്ത് ഒരു പടികൂടി അന്തസ്സാർന്ന ഒരു പ്രതികരണക്കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കുകയുണ്ടായി. ക്രിസ് റോക്കിനോടും അക്കാദമിയോടും ലോകം മുഴുവനുള്ള പ്രേക്ഷകരോടും പ്രത്യേകം പ്രത്യേകം ക്ഷമാപണം നടത്തിക്കൊണ്ട് സ്മിത്ത് ഇങ്ങനെ കുറിച്ചു.
ഏത് രൂപത്തിലുമുള്ള ഹിംസയും വിഷമമയവും സംഹാരശേഷിയുള്ളതുമാണ്. കഴിഞ്ഞ രാത്രി അക്കാദമി അവാര്‍ഡ് വേദിയിലുണ്ടായ എന്‍റെ പെരുമാറ്റം അസ്വീകാര്യവും പറഞ്ഞൊഴിയാൻ പറ്റാത്തതുമാണ്.
എന്നെക്കുറിച്ചുള്ള തമാശകളൊക്കെ അവിടെ പറയട്ടെ...അത് ആ ജോലിയുടെ ഭാഗമാണ്. പക്ഷേ ജെയ്ഡയുടെ മെഡിക്കല്‍ കണ്ടീഷനെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് താങ്ങാനാവുന്നതായിരുന്നില്ല. വൈകാരികമായിരുന്നു എന്‍റെ പ്രതികരണം.
ക്രിസ്, താങ്കളോട് പരസ്യമായി ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു നിമിഷം ഞാന്‍ കൈവിട്ടുപോയി, എനിക്ക് തെറ്റുപറ്റി. ആ പ്രവൃത്തിയില്‍ എനിക്ക് നാണക്കേടുണ്ട്. ഞാന്‍ ആയിത്തീരാന്‍ ആഗ്രഹിക്കുന്ന ഒരു മനുഷ്യന്‍ ഇങ്ങനെയുള്ള ഒന്നല്ല. സ്നേഹത്തിന്‍റെയും കാരുണ്യത്തിൻ്റെയും ലോകത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ല.
നോക്കൂ!
തെറ്റും ശരിയും തിരിക്കുമ്പോഴും എത്ര പോസിറ്റീവായ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ കലാകാരന്മാരുടെ വാക്കുകൾ.
-Article by ബദരി നാരായണൻ -
Comments