ശ്രീമതി ദ്രൗപതി മുർമ്മുവിൻ്റെ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം ഇന്ത്യയിലെ ഗോത്രവർഗ്ഗ സമുദായങ്ങളുടെ പ്രതീകാത്മക പ്രാതിനിധ്യമായി ഉയർത്തിക്കാട്ടിയ ബിജെപിയുടെ പ്രചരണം നിരുപാധികം ജനാധിപത്യബോധത്തിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കുവാൻ വയ്യാത്തതിന് കാരണങ്ങൾ ധാരാളമുണ്ട്.
സ്വതന്ത്ര ഇന്ത്യയിലെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായാണ് ശ്രീമതി ദ്രൗപതി മുർമ്മു സ്ഥാനാരോഹണം ചെയ്തത്. ഗോത്രവർഗ്ഗ സമുദായ അംഗമായ ഒരു വ്യക്തിയെ ഇന്ത്യയുടെ പ്രഥമ പൗരയായി കൊണ്ടുവന്നിരിക്കുന്നു എന്നതാണ് ഈ പദവിയുടെ പ്രാധാന്യമായി ബിജെപി ഉയർത്തിക്കാണിക്കുന്നത്. ആദിവാസി- സ്ത്രീ എന്നിങ്ങനെ രണ്ട് സ്വത്വങ്ങളാണ് ചുരുക്കത്തിൽ അവരിലൂടെ മുന്നോട്ടുവയ്ക്കപ്പെടുന്നത്. അങ്ങനെയൊരു പ്രചരണം ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായതുകൊണ്ടു തന്നെ ന്യായമായും ചില ചോദ്യങ്ങൾ ഉയർന്നുവരുന്നു.
അടിസ്ഥാന വർഗ്ഗത്തിൽ പെട്ട ഒരു സ്ത്രീ എന്ന നിലയിൽ ആദിവാസികളുടെയും ദളിതരുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കുന്ന എന്തെങ്കിലും നയരേഖകൾ രാഷ്ട്രപതി എന്ന നിലയിൽ അങ്ങേയ്ക്ക് രാഷ്ട്രത്തിനു മുന്നിൽ സമർപ്പിക്കാനുണ്ടോ? സ്ത്രീകളുടെ അന്തസ്, ഉന്നമനം : അതുമായി ബന്ധപ്പെട്ട എന്തൊക്കെ കർമപരിപാടികൾക്കാണ് പ്രഥമപൗര നേതൃത്വം കൊടുക്കാൻ ഉദ്ദേശിക്കുന്നത് എന്നതിൽ വ്യക്തമായ വല്ല നയപരിപാടികളും അങ്ങ് നിശ്ചയിച്ചിട്ടുണ്ടോ? സ്ത്രീസുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല എന്നതിൽ രണ്ടു പക്ഷമില്ലല്ലോ. അതിനാൽ, സ്ത്രീകൾക്കെതിരെ വരുന്ന അക്രമസംഭവങ്ങളിൽ കുറ്റക്കാർക്കെതിരേ മേലിൽ എന്തൊക്കെയായിരിക്കും നടപടികൾ?
ലക്ഷ്യം കാണാൻ, വ്യക്തതയ്ക്കു വേണ്ടിയുള്ള ഇത്തരം ചോദ്യങ്ങൾ ജനാധിപത്യ നാടിൻ്റെ മാധ്യമങ്ങൾ മറന്നു പോകാൻ പാടുള്ളതല്ല തന്നെ. അങ്ങനെയുള്ള കൃത്യമായ നയരേഖകൾ, പ്രവർത്തന പരിപാടികൾ പതിവില്ല എന്നാണ് മറുപടി എങ്കിൽ പരക്കെ ആരോപിക്കപ്പെടുന്നതുപോലെ രാഷ്ട്രപതി സ്ഥാനം വെറുമൊരു ഒരു ആലങ്കാരിക പദവി മാത്രമാണ് എന്ന ധാരണയെ ഉറപ്പിക്കും അത്. ജനാധിപത്യത്തിൻ്റെ വിശ്വാസ്യതയ്ക്കു തന്നെ ഭാവിയിൽ അപകടമായേക്കാമത്. രാഷ്ട്രീയക്കാർ ചലിപ്പിക്കുന്ന പാവയുടെ സ്ഥാനം ഒരു സ്ഥാനമാണോ ? രാഷ്ട്രത്തിൻ്റെ പ്രഥമപൗരൻ്റെത് അങ്ങനെയൊരു സ്ഥാനമായാൽ അതിലൊരു വലിയ പ്രശ്നമില്ലേ ?
വെറുതെ ഉയരുന്നതല്ല ഇത്തരം ചോദ്യങ്ങൾ. തൊട്ടുമുൻപത്തെ രാഷ്ട്രപതി അധികാരത്തിലിരുന്ന കാലയളവും ഇവിടെ വിലയിരുത്തപ്പെടേണ്ടതുണ്ട്. കൊട്ടിഘോഷിക്കപ്പെട്ട ദളിത് സ്വത്വത്തെ മുൻനിർത്തി ഭരണകക്ഷി മുന്നോട്ടുവച്ച രാഷ്ട്രപതിയായിരുന്നു ശ്രീ രാംനാഥ് കോവിന്ദ്. എന്നിട്ട് അദ്ദേഹം അധികാരത്തിൽ വന്നതോടെ ഇന്ത്യൻ ദളിത് അവസ്ഥയിൽ എന്തെന്തു മാറ്റങ്ങളാണ് കൊണ്ടു വരാൻ കഴിഞ്ഞത് എന്നതും പരിശോധിക്കപ്പെടണം.
ദൗർഭാഗ്യകരമായി ദളിതർക്കു നേരെയുള്ള അക്രമങ്ങൾ ഇന്ത്യയിൽ എമ്പാടും നടക്കുന്നുണ്ട്. കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ വർഷങ്ങളിൽ അതിൽ എന്തു കുറവാണ് ഉയർത്തി കാണിക്കുവാനുള്ളത് ? ദളിത് ഉന്നമനത്തിൻ്റെ കാര്യമെല്ലാം അതിനു ശേഷം ചർച്ച ചെയ്താൽ മതിയല്ലോ. ഔദ്യോഗികമായ ഒരു ഉത്തരവാദിത്വം പൂർത്തിയാക്കി പടിയിറങ്ങുന്ന രാംനാഥ് കോവിന്ദ് എന്ന രാഷ്ട്രപതിക്ക് ബി ജെ പി ബൂസ്റ്റ് ചെയ്ത രീതിയിൽ അടിസ്ഥാനവർഗ്ഗ ജനങ്ങൾക്ക് വേണ്ടി ഇക്കാലം കൊണ്ട് ഗുണപരമായി എന്തൊക്കെ ചെയ്യാൻ കഴിഞ്ഞു എന്ന ചോദ്യം ചെറിയ ചോദ്യമാണോ ?
രാജീവ് ഗാന്ധി വധക്കേസിൽ ഇങ്ങനെ അനന്തമായി ശിക്ഷയനുഭവിക്കുന്നത് ഇനിയും ശരിയല്ലെന്ന് നിയമവിദഗ്ധരടക്കം വിലയിരുത്തിയ പേരറിവാളൻ്റെ ദയാഹർജി സ്വാഭാവികമായും രാഷ്ട്രപതിക്കു മുന്നിലെത്തിയപ്പോൾ രാംനാഥ് കോവിന്ദ് അത് ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലെറിയുകയല്ലേ ഉണ്ടായത് ? നീതി നിഷേധിക്കപ്പെട്ടവരുടെ അവസ്ഥ മനസ്സിലാക്കാൻ സ്വവിഭാഗത്തിൽ നിന്നുയർന്നുവന്ന പ്രസിഡണ്ടിനു പോലും കഴിയാത്തതിനെപ്പറ്റി ഇവിടെ മറ്റെന്തു പറയാൻ.
2017 ൽ രാഷ്ട്രപതിയായി അധികാരമേറ്റ രാംനാഥ് കോവിന്ദ് മതേതരത്വത്തിനു വേണ്ടിയും അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയും നിലയുറപ്പിക്കും എന്നൊക്കെ തുടക്കകാലത്ത് വാഗ്ദാനം ചെയ്തെങ്കിൽ അതിനോടെല്ലാം തികച്ചും വിരുദ്ധ നിലപാടാണ് പിന്നീട് അദ്ദേഹത്തിൽ നിന്ന് ഉണ്ടായിക്കണ്ടത്. നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നത് തൻ്റെ കടമയാണെന്ന് ആവർത്തിച്ച രാഷ്ട്രപതി തന്ത്രപ്രധാനമായ പല ഘട്ടങ്ങളിലും മൗനം പാലിക്കുകയാണ് ചെയ്തത്.
ന്യൂനപക്ഷങ്ങൾക്ക് എന്തു ഗുണം, ഏതു സന്ദർഭത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ കൊണ്ട് ഉണ്ടായി എന്നു കൂടി അറിയാൻ കഴിഞ്ഞാൽ നല്ലതായിരുന്നു. ദളിതർക്കെതിരായി വ്യാപക വിവേചനം ഇന്ത്യൻ ഗ്രാമീണ പരിതസ്ഥിതികളിൽ ഇന്നും നിലനിൽക്കുന്നു എന്നതിന് സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും അടിസ്ഥാനമാക്കിയുള്ള വളരെ പ്രസക്തമായ ചില കണ്ടെത്തലുകൾ ഇന്ത്യയുടെ ലോകനിലവാരമുള്ള സാമ്പത്തിക വിദഗ്ധനും യുജിസി ചെയർമാനുമായ ഡോ. സുഖ്ദിയോ ഥോറാതിനോടൊപ്പം ശ്രീ ഉദിത് രാജിനെപ്പോലുള്ള ബിജെപിയുടെ ദളിത് നേതാക്കൾ പോലും ഉന്നയിക്കുകയുണ്ടായി. ഈ വ്യക്തികളുടെ വാദങ്ങളെ ഖണ്ഡിച്ച് ഇങ്ങനെയൊരു വിവേചനം രാജ്യത്ത് നിലനിൽക്കുന്നേയില്ല എന്നും ദളിതരോട് വളരെ നല്ല രീതിയിലുള്ള സമീപനമാണ് ബിജെപി സർക്കാർ പുലർത്തുന്നത് എന്നും ജോലിയിൽ അവർക്ക് കൃത്യമായ സംവരണം നൽകുന്നു എന്നും നിരന്തരം സാമ്പത്തിക സഹായങ്ങൾ നൽകുന്നു എന്നുമൊക്കെ വാദിച്ച രാംനാഥ് കോവിന്ദ് യാഥാർത്ഥ്യങ്ങൾക്കുമുന്നിൽ ഒട്ടകപ്പക്ഷിയുടേതിനു തുല്യമായ നിലപാടിലായിരുന്നു.
ദളിതവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സംവരണ സംവിധാനം വലിയതോതിൽ വിജയിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം വാദിച്ചത്. എന്നാൽ സംവരണ നിയമത്തിലൂടെ ഇവിടെ കേവലം 5% ദളിതർക്ക് മാത്രമേ പ്രയോജനം കിട്ടിയിട്ടുള്ളൂ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജാതിവ്യത്യാസം കാരണം അവിദഗ്ധ തൊഴിലുകളിൽ മാത്രം തുടരേണ്ടി വരുന്നതും കുറഞ്ഞ വേതനവും എല്ലാം ദലിതുകളുടെ സാരമായ പ്രശ്നങ്ങളായി ചൂണ്ടിക്കാണിച്ച പ്രസക്തമായ പഠനങ്ങളെയും കണ്ടെത്തലുകളെയും ഒക്കെ അദ്ദേഹം ആദ്യം മുതലേ എതിർത്ത് നിസ്സാരമെന്ന് തള്ളുകയാണുണ്ടായത്. വിവേചനത്തിൻ്റെ അടിസ്ഥാനം ഒരിക്കലും ജാതിയല്ല കേവലം സാമ്പത്തികം മാത്രണെന്നതായിരുന്നു അദ്ദേഹത്തിൻ്റെ വാദം.
അതായത് ജാതിയുടെ പേരിൽ രാജ്യത്ത് ദളിതുകൾ പ്രത്യേകിച്ചൊരു പ്രശ്നവും നേരിടുന്നില്ലെന്ന്. ഇതിനായിരുന്നോ രാജ്യം പ്രഥമപൗരത്വത്തിലേക്ക് ഒരു ദളിതനെ അവരോധിച്ചത് ? സ്വകാര്യമേഖലയിൽ തൊഴിൽ സമത്വം ഉറപ്പാക്കുന്നതിനായി തുല്യഅവസര നിയമത്തിനു വേണ്ടി ബിജെപിയുടെ തന്നെ എംഎൽഎ സംഘപ്രിയ ഗൗതം ആവശ്യപ്പെടുകയും ശ്രീ കോവിന്ദ് അതിനെ നിരാകരിക്കുകയും ചെയ്ത രംഗങ്ങളും നമ്മൾ കണ്ടു. അങ്ങനെ ഒരു നിയമനിർമ്മാണത്തിൻ്റെ ആവശ്യകത ഇല്ല എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് ദളിതരെ സഹായിക്കുന്ന ഒരേയൊരു പാർട്ടി ആയി ബിജെപിയെ ഉയർത്തിക്കാട്ടാൻ അതിവിദഗ്ധമായി അദ്ദേഹം കളമൊരുക്കി. കൂടുതൽ രാഷ്ട്രീയ വേദികളും സംഘടനകളും ദളിതർക്ക് ആവശ്യമുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ച ഡോ. ഥോറാതിനെപ്പോലെ അനുഭവസമ്പത്തുള്ള പ്രഗത്ഭമതികളോടു പോലും തികച്ചും വിമുഖമായിരുന്നു കോവിന്ദിൻ്റെ നിലപാടുകൾ.
ദളിത് വിവേചനങ്ങൾക്ക് എതിരെ പോരാടുന്നതിൽ ബിജെപി പോലുള്ള ഒരു ദേശീയ പാർട്ടി മാത്രമേ വിജയിക്കൂ എന്നു സമർത്ഥിച്ച അദ്ദേഹത്തിൻ്റെ വിചിത്ര നിലപാടുകളിൽ രാഷ്ട്രപതി എന്നതിനേക്കാൾ ഒരു സ്വയം സേവകൻ എന്ന നിലവാരമായിരുന്നു നാം കണ്ടത്.
ശ്രീമതി ദ്രൗപതി മുർമ്മുവിൻ്റെ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം ഇന്ത്യയിലെ ഗോത്രവർഗ്ഗ സമുദായങ്ങളുടെ പ്രതീകാത്മക പ്രാതിനിധ്യമായി ഉയർത്തിക്കാട്ടിയ ബിജെപിയുടെ പ്രചരണം നിരുപാധികം ജനാധിപത്യബോധത്തിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കുവാൻ വയ്യാത്തതിന് കാരണങ്ങൾ ഇനിയും ധാരാളമുണ്ട്.
വെള്ളത്തിൽ വരച്ച വര പോലെയുള്ള സ്ഥാനമേ ഇന്ത്യൻ പ്രസിഡന്റിനുള്ളുവെന്ന് ചുരുക്കം.😃
Vasudevan Chittothidam