Liberation @ Thinking

റോഡിലെ കുഴിയും കടന്ന് 'ന്നാ താൻ കേസ് കൊട്'

  • Share this:
Cinema - Music post-title

തിരക്കഥയുടെ ഫ്രെയിം വർക്കിനപ്പുറത്തുള്ള സമകാലികമോ അല്ലാത്തതോ ആയ വിഷയങ്ങളിലേക്കു തുറക്കാൻ പാകത്തിൽ പല വാതിലുകളുള്ളതായിരിക്കും ഒരു നല്ല സിനിമ. അത്തരം കൊച്ചു കിളിവാതിലുകളോടു കൂടിയ ചെറുതും സുന്ദരവുമായ എടുപ്പ്. ഒതുക്കമുള്ള ഘടന.

കൊഴുമ്മൽ രാജീവൻ്റെ കേസു വിസ്താരത്തിനിടയിൽ സാക്ഷിയായി കോടതിയിൽ രാജകീയമായി വന്നിറങ്ങുന്ന ഓട്ടോക്കാരനെ നോക്കൂ. കളർഫുൾ ഡ്രസിൽ കൂളിംഗ് ഗ്ലാസും ഫിറ്റു ചെയ്ത് ഫുൾ ഫോമായി കോടതിയിലെ കൂട്ടിൽ കയറി നിന്ന് കോടതി മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കൂ എന്നാണ് ആണയിടുന്നത്.

"സുരേശൻ കാവുംതാഴെ അല്ലേ"  മജിസ്ട്രേട്ട് ചോദിക്കുന്നു. "അതെ...ങ്ങള് മൈസ്ട്രേട്ടല്ലേ" എന്ന് അതേ സ്പിരിറ്റിൽ തിരിച്ചു ചോദിക്കുന്ന ഓട്ടോക്കാരൻ്റെ ആ സീനുണ്ടല്ലോ. സംഗതി കബൂറായി. അത്രത്തോളം എന്നെ ആഹ്ലാദിപ്പിക്കാൻ ജഗന്നാഥനും അപ്പൻ തമ്പുരാനും തമ്മിലുള്ള പൊരിഞ്ഞ ഡയലോഗിനു പോലും കഴിഞ്ഞിട്ടില്ല.

ജനാധിപത്യത്തിൽ പലപ്പോഴും നിസ്സരിക്കപ്പെടുന്ന പൗരൻ്റെ അഭിമാന്യനിലയുടെ സൂചകമാകാൻ അതിനു കഴിയുന്നുണ്ട്. കയ്യടിക്കണം. ഈ പൗരനെയും അവൻ്റെ അന്തസിനെയും സംരക്ഷിക്കാനാണ് വാസ്തവത്തിൽ നിയമവും സംവിധാനങ്ങളുമെന്ന് പക്ഷേ പലപ്പോഴും നാം മറന്ന പോലാണ്. സുരേശൻ കാവും താഴെ (രാജേഷ് മാധവൻ) സൂപ്പറാണ്. അന്തസോടെ പ്രണയിക്കാനും പ്രണയിക്കുന്ന പെണ്ണിനോടൊത്തു നടക്കാനും സുരേശനോളം ചുണയില്ലാത്ത കൊഞ്ഞാണന്മാരാണ് നാട്ടിൽ ഞരമ്പന്മാരായും സദാചാരപ്പൊലീസായും മറനീക്കിയിറങ്ങുന്നത്.

കോടതിയുടെ ഗൗരവസ്വഭാവം വക്കീലന്മാരും മജിസ്ട്രേറ്റും കൂടെക്കൂടെ ഓർമിപ്പിക്കുന്നുണ്ട്. എന്നാൽ ഗൗരവമാർന്ന കോടതി നടപടികൾക്കിടയിൽ കോടതി കെട്ടിടത്തിൻ്റെ മുകളിൽ താവളമുറപ്പിച്ച പ്രാവുകൾ ഇടയ്ക്കിടെ ശ്രദ്ധയിൽ വരുന്നുണ്ട്. അത്യന്തം ഗൗരവമാർന്ന വാദമുഖങ്ങളെ തടസ്സപ്പെടുത്തും വിധം അങ്ങിങ്ങ് ചുമ്മാ ചിറകടിച്ച് പറന്ന് അലമ്പുണ്ടാക്കുകയാണവർ. മാത്രമോ പ്രധാനപ്പെട്ട ഫയലുകളിൽ പിറ്റേന്നു വന്നു നോക്കുമ്പോൾ തൂറി നാശമാക്കാനും മടിയില്ലാത്തവരാണവർ. മറ്റൊന്നും ചെയ്യാനാകാതെ കോടതി നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ മേശപ്പുറത്ത് കയ്യിൽ കിട്ടിയതുവെച്ച് പ്രാവിനെ എറിഞ്ഞോടിക്കുന്ന മജിസ്ട്രേറ്റിൻ്റെ ഗതികേട് അവിടെ മറ്റൊരു സൂചകമാകുന്നുണ്ട്.

മനുഷ്യനിയമങ്ങളും മനുഷ്യനു ഗത്യന്തരമില്ലാത്ത പ്രകൃതിനിയമങ്ങളും ചിന്തവ്യമാകുന്നുണ്ടതിൽ. അതേ സമയം, സംസ്ഥാനം ഭരിക്കുന്ന മന്ത്രി പ്രതിയായിട്ടും ഹാജരാകാതിരുന്നാൽ വാറണ്ട് പുറപ്പെടുവിച്ച് മന്ത്രിയെ കൂട്ടിൽ കയറ്റി ശിക്ഷിക്കാൻ ഇതേ മജിസ്ട്രേട്ടിനു കഴിഞ്ഞേക്കാം.

ആദിവാസി മധുവിനെ ആൾക്കൂട്ടം അക്രമിച്ചു കൊന്ന കേസിൽ കോടതി മുന്നിലെത്തിയിട്ടും പറഞ്ഞതു മുഴുവൻ തിരിച്ചുവിഴുങ്ങി സാക്ഷികൾ ഓരോരുത്തരായി കൂറുമാറിയതു കണ്ടു നിൽക്കാൻ മാത്രം കഴിഞ്ഞ കേരളത്തിനു മുന്നിൽ സമകാലിക മാനങ്ങൾ ഇനിയുമുണ്ട് ഈ ചിത്രത്തിന്. ചർച്ച ചെയ്യപ്പെട്ട  റോഡിലെ കുഴി എന്ന വിഷയത്തിനപ്പുറം ഇനിയും ചർച്ചകളിൽ വന്നിട്ടില്ലാത്ത പല വിഷയങ്ങളിലെ പ്രസക്തിയും കാണാനുണ്ട് ഈ ചെറിയ ചിത്രത്തിൽ.

പുതുസിനിമയുടെ ശൈലിക്കു വേണ്ടും വിധം പെരുമാറാനറിയാവുന്ന സ്വതസിദ്ധതയുള്ള പുതിയ നടന്മാരെ അരങ്ങേറ്റി നിർത്താനും കുഞ്ചാക്കോ ബോബനെപ്പോലുള്ളവരുടെ താരമൂല്യം അതോടൊപ്പം മുതൽക്കൂട്ടാനും ദീലീപിനെ പോലുള്ളവരുടെ താരാധിപത്യ ഇടപെടലുകൾ ഒതുങ്ങിയതോടെ മലയാള സിനിമയ്ക്കു കഴിയുന്നുണ്ട്. നല്ലത്. ആടലോടകം ആടി നിൽക്കണ് ആടലോടൊരാൾ വന്നു നിക്കണ്... ഇടയ്ക്കു കയറി വരുന്ന വൈശാഖ് സുഗുണന്റെ വരികളും ഷഹബാസ് അമന്റെ സ്വരവും ഓർമയിൽ തങ്ങി നിൽക്കുന്നു.

സംഭവഗതി മുറുകി കാര്യബഹുലമായി തീരേണ്ടുന്ന കഥാന്ത്യത്തിനു പകരം സിനിമയിൽ സംഭവിക്കുന്നത് മറ്റൊന്നാണ്.  മഹാമാരി കയറി വരുന്നതോടെ ആളും ബഹളവുമൊഴിഞ്ഞ ആ കാലത്തിലേക്കാണ് കഥാന്ത്യമാകുമ്പോൾ നാം എത്തിപ്പെടുന്നത്. പ്രേക്ഷകരും കൊഴുമ്മൽ രാജീവനോടൊപ്പം കോടതി കയറിയിറങ്ങുകയായിരുന്നല്ലോ. കൊറോണയെപ്പറ്റി പ്രത്യേകിച്ചൊന്നും പറയുന്നില്ലെങ്കിലും പൊടുന്നനെ ആളൊഴിഞ്ഞ കോടതിയിൽ മാസ്കുധരിച്ച അത്യാവശ്യം സ്റ്റാഫുകൾ...തിരക്കൊഴിഞ്ഞ ബസിൽ തിരിച്ചു പോരുന്ന നായകനും നായികയും.... മനുഷ്യൻ്റെ കണക്കുകൂട്ടലുകൾക്കപ്പുറം എല്ലാം നിയന്ത്രിക്കുന്ന അലംഘ്യമായ പ്രകൃതിയുടെ ബലത്തെ എത്ര തന്മയത്വത്തോടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. കൊറോണ യൊന്നും കഥാഗതിയെ നിയന്ത്രിക്കുന്നില്ലെങ്കിലും പ്രബലമായ സ്ഥലകാലബോധം പോലെ അത് നമ്മെ ചൂഴ്ന്നു നിൽക്കുന്നത് അവിടെ നമ്മളറിയുന്നു. 

തിരക്കഥയുടെ ഫ്രെയിംവർക്കിനപ്പുറത്തുള്ള വിഷയങ്ങളിലേക്ക് നമ്മുടെ ചിന്തയെ കൊണ്ടു പോകാൻ ഒരു സിനിമയ്ക്ക് കഴിവുണ്ടെങ്കിൽ അതാണ് ഒരു നല്ല സിനിമയെങ്കിൽ... ഈ സിനിമയുടെ അണിയറയിലും അരങ്ങത്തും ഉള്ളവർക്ക് അഭിമാനിക്കാൻ വകയുണ്ട്. Writer - Director രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. നന്ദി പൊതാളേ നന്ദി.

 

About author
Creative Wrirer
Comments
Leave a comment