Liberation @ Thinking

തീയ്യറ്റർ അനന്തര ഓ ടീ ടീ

  • Share this:
Cinema - Music post-title

പുതുയുഗ സങ്കേതം എന്ന നിലയിൽ ഓ ടീ ടീ യെ സ്വാഗതം ചെയ്യുമ്പൊഴും തീയ്യറ്റർ അനുഭവത്തിൻ്റെ നൊസ്റ്റാൾജിയയെ നെഞ്ചേറ്റുന്ന പ്രേക്ഷക മനസ്സ്.

ലോക് ഡൗൺ കാലം. വാട്സാപ്പിൽ ഒരു മൂവിഗ്രൂപ്പിൽ വന്ന മെസേജിലാണ് ആ വാക്ക്  ശ്രദ്ധിച്ചത് - OTT! ഓ ടി ടി പ്ലാറ് ഫോമിൽ അടുത്തിടെ ഇറങ്ങാൻ പോകുന്ന ചിത്രങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റ് ആയിരുന്നു മെസ്സേജിന്റെ ഉള്ളടക്കം. പ്രേക്ഷകർ സിനിമയെ അന്വേഷിച്ച്  തിയറ്ററിലേക്കെത്തുന്നതിനു പകരം സിനിമ പുതിയ കാലത്ത് ഇതാ പ്രേക്ഷകനെ അന്വേഷിച്ചു വീടുകളിലേക്ക്, ആളുകളുടെ വിരൽ തുമ്പിലേക്ക് വന്നിരിക്കുന്നു. അതാണ് ഓ ടീ ടീ.

ഈ വിചാരങ്ങൾ എന്നെകൂട്ടികൊണ്ടു പോയത് വർഷങ്ങൾ പിന്നിലേക്കാണ്.

അവിടെ ഒരു കൗമാരക്കാരൻ അച്ഛൻ്റെ കൂടെ മുടി വെട്ടുവാനായി തൻ്റെ ഊഴവും നോക്കി  ബാർബർ ഷോപ്പിൽ കാത്തിരിക്കുകയാണ്, അപ്പോഴാണ്  ബാർബർഷോപ്പിലെ ബെഞ്ചിൽ അടുക്കി വച്ചിരിക്കുന്ന കളർ ചിത്രങ്ങൾ കവർ പേജായുള്ള ആ പുസ്തകങ്ങളിലേക്ക് അവൻ്റെ ശ്രദ്ധ പതിയുന്നത്. സിനിമാ മാസികകൾ... ചലച്ചിത്ര ഗാനങ്ങളുടെ പുസ്തകവും കൂടെയുണ്ട്.

നടീനടന്മാരുടെ അഭിമുഖങ്ങളും  പുതിയ ചിത്രങ്ങളുടെ അണിയറ വിശേഷങ്ങളും  ടെക്‌നീഷ്യന്മാരെക്കുറിച്ചുള്ള അറിവുകളും തുടങ്ങി സിനിമയെന്ന മായികലോകത്തെക്കുറിച്ചുള്ള ഒരായിരം അറിവുകൾ ആവേശമായി ഉള്ളിൽ വന്നു നിറയുന്നത് അങ്ങനെയൊക്കെയാണ്. നാന, ചിത്രഭൂമി, വെള്ളി നക്ഷത്രം...

ആദ്യം ആ കടയിലേക്ക് കടന്നു ചെന്നത് മുടി വെട്ടാൻ മാത്രം ആയിരുന്നെങ്കിൽ പിന്നീടങ്ങോട്ട് ഏതോ ഉൾപ്രേരണയാലെന്ന പോലെ ആ പുസ്തകങ്ങൾ വായിക്കുവാൻ വേണ്ടി മാത്രമായി അവിടേക്ക് കടന്നു ചെല്ലുന്നത് പതിവാക്കുകയായിരുന്നു. സിനിമാസ്കോപ്പ്, ഡോൾബി, ഇൻഡോർ, ഔട്ഡോർ, ക്ലോസ്അപ്പ്, വൈഡ് ആംഗിൾ ഷോട്ട്, സ്ലോ മോഷൻ തുടങ്ങിയ പുതിയ വാക്കുകൾ പതിയെ എന്റെ പദാവലിയിൽ ഇടം പിടിച്ചു കൊണ്ടിരുന്നു...

തീയറ്ററിൽ സിനിമ മാറുന്ന വെള്ളിയാഴ്ചകളെ കൂടുതലായി സ്നേഹിച്ചു തുടങ്ങിയ യൗവനം! എല്ലാറ്റിലും ഉപരിയായി സിനിമയെന്നത് അത്ഭുതമോഹവലയം പോലെ ചുറ്റും.

ഇരുവശത്തും ഇഷ്ടതാരത്തിൻ്റെ ചിത്രങ്ങൾ നിറഞ്ഞ പോസ്റ്ററുകൾ  പതിപ്പിച്ചു വച്ചലങ്കരിച്ച ചുവരുകൾക്കിടയിലൂടെ അച്ഛൻ്റെ കയ്യിൽ തൂങ്ങി നടന്നു.ഗ്രില്ലുകൾക്കിടയിലൂടെ വരി നിന്ന്  ടിക്കറ്റ് എടുക്കുന്ന അച്ഛനെ ആകാംക്ഷയോടെ നോക്കി നിന്ന് ബെല്ലടിക്കും മുമ്പ് തീയറ്ററിൻ്റെ അകത്തെ ഇരുട്ടു ഗന്ധത്തിലേക്ക്. ഫാനുകൾക്കു കീഴിലെ നിരനിരയായ ഇരിപ്പിടങ്ങളിലേക്ക് ആദ്യമായി കടന്നു ചെന്നിരുന്ന ആ നാളിലാകാം, എന്നിലെ സിനിമാസ്വാദക പുഴുവിൻ്റെ,  ചിത്രശലഭത്തിലേക്കുള്ള യാത്രയുടെ ആരംഭം.

 ഷൂട്ടിംഗ് വാർത്തകൾ വായിച്ചതു മുതൽ കാത്തു കാത്ത് റിലീസിംഗ് എത്തുമ്പോൾ നേരം പുലരുമ്പൊഴേ ആദ്യ ഷോ കാണാനുറച്ച് വരിയിൽ ചെന്നൊരു നിൽപ്പുണ്ട്. ആ കാത്തു നിൽപ്പിനിടയിലൂടെ ആർപ്പുവിളികൾക്കിടയിലൂടെ ഫിലിം പെട്ടിയുമായി പ്രോജെക്റ്റ് റൂമിലേക്ക് കയറിപ്പോകുന്ന റെപ്രെസൻ്റെറ്റീവിനെ കണ്ടാൽ ആശ്വാസമായി. പ്രോജെക്ടറിൽ നിന്നും സ്‌ക്രീനിലേക്കുള്ള വെള്ളിരേഖകൾ വീഴുന്നതു തൊട്ട് അകത്തെ ഓരോ നിമിഷങ്ങൾ പോലും എന്തൊരുന്മേഷമാണ്...

വെള്ളിത്തിരയിലെ സ്ക്രിപ്റ്റഡ് ആയുള്ള ഡയലോഗുകളെ കവച്ചു വയ്ക്കുന്ന നിലവാരമുള്ള നർമം കലർന്ന കമൻ്റുകൾ ഇടയ്ക്ക് കാണികളിൽ നിന്നുയരും. ഒറ്റതിരിഞ്ഞും സകുടുംബവുമായുമെല്ലാം വരുന്നവരുടെ വ്യത്യസ്ത മനോഭാവങ്ങൾ ഒരു സാമൂഹ്യലയം പോലെ സ്ക്രീനിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കും.

 

കാലം പിന്നെയും മാറി!

ഓലമേഞ്ഞ തീയറ്ററുകൾ അടിമുടി മാറിയ നിലയ്ക്ക് പ്രദർശന സാങ്കേതിക വിദ്യയിലെ വളർച്ചകൾ ഡിജിറ്റൽ സിനിമയിലെത്തി. അതിനിടയിലാണ് ചൈനയിലെ വുഹാനിൽ നിന്നും ഒരു   അതിഥിയെപ്പോലെ കൊറോണ വന്നത്. അടച്ചിടലല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നു. സിനിമാ ഇൻഡസ്ട്രിയും അതിൽപ്പെട്ട് ഏതാണ്ട് പൂർണമായും നിശ്ചലമായ സ്ഥിതി വന്നു. 

ആൾക്കൂട്ടങ്ങളും ആരവങ്ങളും ഫാൻസു വക പാലഭിഷേകങ്ങളും എവിടെ?തീയറ്ററുകളെല്ലാം മരണവീടിൻ്റെ നിശ്ശബ്ദതയിലേക്കു കൂപ്പുകുത്തി  കാടു വന്നു മൂടുന്ന അവസ്ഥ. അല്ലെങ്കിൽ തന്നെ തീയറ്ററുകൾ പലതും പൂട്ടാനൊരു കാരണത്തിനു വേണ്ടി നിൽക്കുകയായിരുന്നു എന്നത് മറ്റൊരു കാര്യം.

ഇൻഡസ്ട്രി എങ്ങനെ മുന്നോട്ടു പോകുമെന്നത് വലിയ ചോദ്യ ചിഹ്നമായി. സിനിമകൾ ജനങ്ങളിലേക്കെത്തിക്കാൻ ഓവർ ദിടോപ് റിലീസ് എന്നൊരുആശയമാണ് അതിനെത്തുടർന്ന്, ഉത്തരം പോലെ വന്നത്.

പ്രൊഡക്ഷൻ വർക്കുകളെല്ലാം തീർന്ന സിനിമയെന്ന ഫൈനൽ പ്രോഡക്ട് നിർമാതാവ് ഓൺലൈൻ പ്ലാറ്റ്ഫോമിന് നിശ്ചിത വിലയ്ക്ക് വിൽക്കുന്നു. വാങ്ങുന്ന കമ്പനി ആ സിനിമ അവരുടെ സൈറ്റിൽ അപ്‌ലോഡ് ചെയ്യും. കാണാൻ ആഗ്രഹമുള്ളവർക്കെല്ലാം അതത് ഇടങ്ങളിലിരുന്ന് സബ്സ്ക്രൈബ് ചെയ്തെടുത്താൽ സിനിമ കാണാം ... ഇടയിൽ തീയറ്ററുകാരോ വിതരണക്കാരോ ഇല്ലാതെയും സിനിമ ജനങ്ങളിൽ എത്താൻ വഴി തുറക്കുന്ന കാഴ്ച!

നൂറു രൂപയ്ക്കു നിർമിച്ച പടം നൂറ്റി ഇരുപതു രൂപയ്ക്കു ഓൺലൈൻ പ്ലാറ്റുഫോമിന്  വിൽക്കാനായാൽ നിർമാതാവിന് ലാഭം.നൂറ്റി ഇരുപതു രൂപയ്ക്കു വാങ്ങിയ സാധനത്തിനു ഓൺലൈൻ വഴി പണം മുടക്കി സിനിമ കാണുന്നവരിലൂടെ  ഇരുന്നൂറു രൂപ കിട്ടിയപ്പോൾ ഓൺലൈൻ പ്ലാറ്റുഫോംകാരും ഹാപ്പി ആണ് .... പത്തുരൂപ കൊടുത്ത് സബ്‌സ്‌ക്രിപ്‌ഷൻ എടുത്തു ഫാമിലി ആയി ഇരുന്നു പടം കണ്ട കാണികളും ഹാപ്പി ആണ്.

സംഗതി കൊള്ളാം.

എല്ലാവരും ഹാപ്പി...

എന്നാലും...തീയറ്ററിൻ്റെ  അരണ്ട വെളിച്ചത്തിൽ നിറഞ്ഞ കാണികൾക്കൊപ്പം അവരുടെ കയ്യടികളും, ആർപ്പുവിളികളും, കൂവലുകളും, കമൻ്റുകളും, പൊട്ടിച്ചിരികളും അനുഭവിച്ചറിഞ്ഞു സിനിമയെന്ന ആ കൺകെട്ട് വിദ്യയിൽ സ്വയം മയങ്ങുവാൻ ഇഷ്ടപെട്ടിരുന്ന ആസ്വാദക മനസ്സ്...

അതിനിതെല്ലാം അത്രയ്ക്കങ്ങ് ബോധിച്ചുവോ ?

തീയറ്റർ അനുഭവം അങ്ങനെയൊന്നാണ്. ബ്ലാക് ആൻ്റ് വൈറ്റ് മാറി കളർ വന്നതും നിശബ്ദ ചിത്രങ്ങളിൽ ശബ്ദം സന്നിവേശിപ്പിച്ചെത്തിയതും  നായികാനായകന്മാരുടെ ജീവിത സംത്രാസങ്ങളും അടി ഇടി പൂരങ്ങളും ഗാനനൃത്തങ്ങളും ഒന്നും ഇഴപിരിക്കാനാകാതെ ഉത്സവാന്തരീക്ഷങ്ങളത്രയും ശ്വാസമടക്കി പിടിച്ച് കാത്തിരുന്നു കണ്ടവർ!

സിനിമയെന്ന കലാമാധ്യമത്തിൻ്റെ  ഗതിവിഗതികളെല്ലാം ഒരു സമൂഹത്തോടൊപ്പം, സമൂഹത്തിൻ്റെ  പരിഛേദമായ പ്രേക്ഷരോടൊപ്പം ഒന്നിച്ചിരുന്നു കണ്ട ആസ്വാദകൻ. തിയറ്റർ ഇളക്കിമറിക്കുന്ന പൊട്ടിച്ചിരി മാലകൾ, കൊട്ടക കണ്ണീർക്കടലാക്കാൻ പോന്ന വൈകാരിക വേലിയേറ്റങ്ങൾ...

പക്ഷേ, ഹാളിൽ പുകവലി പാടില്ല!

ഇരുട്ടിൽ തുടങ്ങി ഇരുട്ടിലവസാനിക്കുമ്പൊഴും വെള്ളിത്തിരയിൽ ഫിലിമിനപ്പുറം നിന്നുള്ള വെളിച്ചം വീണു തുടങ്ങിയാൽ എന്തെന്തു കാഴ്ചകളാണ്. തറ ടിക്കറ്റെടുത്ത് കൊട്ടകയുടെ  മുൻ നിരയിലിരുന്ന പോയ കാലങ്ങളിൽ അറിയാൻ കഴിഞ്ഞിട്ടുണ്ട് മാനംമുട്ടെ വളർന്നു നിൽക്കുന്ന അഭൗമതാരങ്ങൾ നമ്മുടെ തൊട്ടരികിൽ നിൽക്കുന്നത്. എത്രയെത്ര ജീവിത മുഹൂർത്തങ്ങൾ ... തന്നത്താൻ മറക്കുന്ന ഉദ്വേഗരംഗങ്ങൾ... നമ്മുടെ മായികസ്വപ്നങ്ങൾ കണ്മുന്നിൽ വന്നു മറയുന്ന സിനിമയെന്ന തീയറ്റർ അനുഭവത്തിന്റെ മാദക സൗന്ദര്യ ലോകം അതാണ്. തീയറ്റർ അനുഭവം അതൊന്നു വേറെ തന്നെ. ഏതായാലും കൊറോണക്കാലത്തിനിപ്പുറം ഒ ടി ടി പ്ലാറ്റ്ഫോമുകൾ സിനിമാ വ്യവസായത്തിൽ പ്രബലമായ ഇടം നേടിക്കഴിഞ്ഞു. 

ഓവർ ദ ടോപ്പ് എന്ന വാക്കു സൂചിപ്പിക്കുന്നതുപോലെ തന്നെ തൽക്കാല സാഹചര്യത്തിൽ മറ്റു സാധ്യതകളെക്കാൾ മികവുറ്റ സാധ്യത തന്നെയാണ് അത് തുറന്നത്. അതിൽ തന്നെ ഏറ്റവും  ഉപയോഗിക്കപ്പെടുന്ന സംവിധാനം വീഡിയോ ഒ ടി ടികളാണ്. ഒറ്റപ്പെട്ട ദേശങ്ങളിലെ റിലീസിംഗിൽ നിന്നും സിനിമയെ  നേരിട്ടെടുത്ത ഓടീടീ അതിനെ ലോകവ്യാപകമാക്കി ചാമ്പിക്കോ എന്നു പറഞ്ഞു.  സീരീസുകൾ എന്ന  ജനുസ്സിനെ ജനപ്രിയമാക്കിയതും  ഒ ടി ടി യാണ്. Netflix, Amazon prime video, Disney + hotstar , Zee 5, Sony LIV തുടങ്ങിയ ഒ ടി ടി ഇടങ്ങളാണ് നമുക്ക് കൂടുതൽ പരിചിതം.  നിശ്ചിത പ്ലാനുകൾ അനുസരിച്ചുള്ള സബ്സ്ക്രിപ്ഷൻ വഴി സ്മാർട്ട് ഡിവൈസുകൾ ഉപയോഗിക്കുന്ന ഏതൊരു വ്യക്തിക്കും പണമടച്ച് ഒ ടി ടി സ്പേസിൽ ഇടം ഉറപ്പിക്കാവുന്നതാണ്. 

പെടാപ്പാടു പെട്ട് എങ്ങും ഓടണ്ട. ടിക്കറ്റ് ബുക്കുചെയ്യലും ഒടുവിൽ സീറ്റുകിട്ടാതെ മൂന്നു മണിക്കൂർ നിന്നു കൊണ്ട് സിനിമ കാണലും ഒക്കെ ഇവിടെ പഴങ്കഥ മാത്രം. ഒരു നിശ്ചിത കാലയളവിൽ നമ്മൾ സബ്സ്ക്രൈബു ചെയ്ത പ്ലാറ്റ്ഫോം വഴി വെളിച്ചം കാണുന്ന ലോകത്തെവിടെയുമുള്ള വീഡിയോ കണ്ടന്റ് സബ്സ്ക്രൈബർക്ക് ആക്സസ് ചെയ്യാം. ഓടിച്ചു കാണുകയോ നിർത്തി നിർത്തി കാണുകയോ ഒക്കെ തരം പോലെ ആകാം.

ഒറ്റമുറിയിൽ തനിച്ചിരുന്നു മൊബൈലിൻ്റെ  ആറിഞ്ച് ഡിസ്പ്ളേയിലോ ,കുടുംബത്തോടൊപ്പം സ്മാർട്ട് ടി വിയുടെ 32 ഇഞ്ച് ഡിസ്‌പ്ലേയിലോ ഓടിക്കൊണ്ടിരിക്കുന്ന സിനിമയിൽ എന്താണ് സംഭവിക്കുന്നത് ? ആരൊക്കെയാണ് ? എന്തൊക്കെയാണ് പ്രമേയം, എത്തരത്തിലാണത് എടുത്തിരിക്കുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം ഇങ്ങു പോരും. എന്നാൽ സിനിമ എന്ന തീയറ്റർ അനുഭവത്തിൻ്റെ  മായികതയിൽ അഭിരമിച്ച ആസ്വാദക മനസ്സിനെ നിർവൃതി കൊള്ളിക്കുന്ന ആ അനുഭൂതി...

അതെവിടെ?

നായകൻ കടൽ തീരത്ത് നിൽക്കുമ്പോൾ തിരകളുടെ ശബ്ദം അതേ ഭാഗത്തു നിന്നു തന്നെ ഉയരുന്നത് കേട്ടനുഭവിച്ച ആസ്വാദകമനസ്സാണ്...പാവം അമ്മയെ തള്ളി റോഡിലേക്കെറിയുമ്പോൾ എങ്ങു നിന്നോ ദൈവദൂതനെപ്പോലെ അമ്മയെ താങ്ങിയെടുക്കാൻ നായകൻ ഓടിയെത്തുമ്പോൾ നീണ്ട ആർപ്പുവിളികൾക്കിടയിൽ എഴുന്നേറ്റു നിന്ന് കയ്യടിച്ചു പോയ ഞാനാണ്. ദിനോസറിൻ്റെ  ഭയാനകരൂപം മല പോലെ മുന്നിൽ വന്നലറുമ്പോൾ ആ അനുഭവം പകരാൻ നമ്മുടെ കയ്യിലെ മൊബൈൽ സ്ക്രീനിന് കഴിയുമോ ?

ശീലങ്ങളാകാം... പലതും മാറി വന്നവരാണ് നാം. നമ്മളും അനുഭവങ്ങളും വളരുന്നുമുണ്ട്. ഏതായാലും  വീടുകളിൽ തന്നെ തീയറ്റർ അനുഭവം ഒരുക്കാൻ ആലോചിക്കുന്ന പുതിയ തലമുറ ഓടീടീ പ്ലാറ്റ് ഫോമിനെ ഏറ്റെടുത്തതായി തന്നെ മനസ്സിലാക്കണം.