Liberation @ Thinking

തൃക്കാക്കരജയം ആര്‍ക്ക്

Politics - Perspectives post-title

തൃക്കാക്കരയിൽ എൽ ഡി എഫിന് ജയിക്കാൻ കഠിന പരിശ്രമം വേണ്ടിവരും. അട്ടിമറി ജയസാധ്യത തള്ളാവുന്നതല്ല!

ന്തരിച്ച എം.എല്‍.എ  പി.ടി. തോമസിൻ്റെ സഹധര്‍മ്മിണി ഉമാ തോമസ് ആണ് തൃക്കാക്കര നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്തി!  സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായ ഉടനെത്തന്നെ 'സഹതാപം വോട്ടാകില്ല' എന്ന അപസ്വരം അറിയപ്പെടുന്ന കോണ്‍ഗ്രസ്സ് നേതാവായ ഡോമനിക്ക് പ്രസ്‌ന്റേഷന്‍ തന്നെ പുറപ്പെടുവിച്ചു.  മുന്‍കേന്ദ്രമന്ത്രിയും എ.ഐ.സിസി. അംഗവുമായ പ്രൊഫ: കെ.വി. തോമസ് 'ഞാന്‍ വികസനത്തിനൊപ്പം' എന്നു പറഞ്ഞു ഇടതുപക്ഷത്തിനൊപ്പമാണെന്ന നിലപാടു പ്രഖ്യാപനവും നടത്തി.  'അച്ഛന്‍ മരിച്ചാല്‍ മക്കള്‍ സ്ഥാനാര്‍ത്ഥിയാവുക, ഭര്‍ത്താവു മരിച്ചാല്‍ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുക, അങ്ങിനെ ബന്ധുജന വാഴ്ച്ചയുടെ രാഷ്ട്രീയമാക്കി കോണ്‍ഗ്രസ്സിനെ അധഃപതിപ്പിക്കുക' എന്നതിനൊക്കെ എതിരെ  കുരിശുയുദ്ധം പ്രഖ്യാപിച്ചു ശ്രദ്ധനേടിയ നേതാവായിരുന്നു പി.ടി. തോമസ്.  അതുകൊണ്ടുതന്നെ പി.ടി. തോമസ് മരണപ്പെട്ട് ഒഴിവുവന്ന നിയോജകമണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ മത്സരിപ്പിക്കുന്ന രീതി പി.ടി. തോമസിന്റെ നിലപാടിനെതിരായ നടപടിയാണെന്ന വിമര്‍ശനം തീരേ അസാധുവല്ല.  ഇങ്ങിനെ നാനാവിധത്തില്‍ പൊട്ടിപുറപ്പെട്ടതും കോണ്‍ഗ്രസ്സിനകത്തു ഉരുണ്ടുകൂടിയതുമായ അസ്വാരസ്യങ്ങള്‍ പുറത്തേക്കുവന്നു ജനങ്ങളിലേക്ക് പടരുന്നതു തടയുവാന്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചില മുഖ്യധാരാ മാധ്യമങ്ങള്‍ മറ്റൊരു വിവാദമതിൽ ഉയര്‍ത്തിക്കൊണ്ടു വന്നു. അങ്ങിനെയാണ് അഡ്വ: കെ. എസ്സ്. അരുണ്‍ കുമാര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന ഊഹാപോഹം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.  മാധ്യമ വാര്‍ത്തകളെ വിശ്വസിച്ച് ചില ചുമരെഴുത്തുകളും നവമാധ്യമ പ്രചാരണങ്ങളും നടന്നു.  മാധ്യമങ്ങളല്ലല്ലൊ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതും എന്ന പൂര്‍ണ്ണബോധ്യം ഉണ്ടായിരുന്നതിനാല്‍, ഈ ലേഖകന്‍ കെ.എസ്സ്. അരുണ്‍ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപന പോസ്റ്ററുകള്‍ക്ക് നവമാധ്യമങ്ങളില്‍ ഷെയറോ ലൈക്കോ ചെയ്തില്ല.  ഒരു അഭിപ്രായ പ്രകടനവും നടത്തുകയും ചെയ്തില്ല.  എന്തായാലും മാധ്യമങ്ങളുടെ പ്രഖ്യാപനം കാറ്റുപോയ ബലൂണായി.  ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പ്രഖ്യാപിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയുടെ പേര് കെ.എസ്സ്. അരുണ്‍ കുമാര്‍ എന്നായിരുന്നില്ല; ഡോ: ജോ ജോസഫ് എന്നായിരുന്നു !.

ജോ ജോസഫ്, ക്രൈസ്തവസഭ മേല്‍ നോട്ടം വഹിച്ചു നടത്തി വരുന്ന ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ദനായ ഡോക്ക്ടറാണ്.  ജനങ്ങളുമായി ഒരു ആതുരശുശ്രൂഷകന്‍ എന്ന നിലയില്‍ ഏറെ വ്യക്തിബന്ധങ്ങളുള്ള ജനകീയ ഡോക്ടറാണ് അദ്ദേഹം.  കര്‍മ്മവീര്യവും പ്രസരിപ്പുമുള്ള യുവാവ്!. തന്റേതായ നവമാധ്യം ഇടപെടലുകളില്‍ ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകള്‍ ഒളിമറവില്ലാതെ ഉയര്‍ത്തിപ്പിടിച്ചു വരുന്ന ഒരു പൗരന്‍!.  അദ്ദേഹം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ കോണ്‍ഗ്രസ്സ് ക്യാമ്പ് വല്ലാതെ പരിഭ്രാന്തരായി എന്നതു യാഥാര്‍ത്ഥ്യമാണ്.  ഒരു പൊതുപ്രവര്‍ത്തന രംഗത്തും ഇന്നോളം കാണാത്ത ഒരാളാണ് ഡോ: ജോ ജോസഫ് എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എം.എല്‍.എ. പറഞ്ഞത്.  എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വീടു നല്‍കുന്നതിനായി വി.ഡി സതീശന്‍ നടപ്പിൽ വരുത്തുവാന്‍ ശ്രമിച്ച 'പുനര്‍ജ്ജനി' എന്ന സംരംഭത്തിൻ്റെ വേദിയില്‍ തന്നെ, ഡോ: ജോ ജോസഫ് എന്ന വ്യക്തി പങ്കെടുത്തിട്ടുള്ളതിന്റെ ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ വന്നതോടെ വി.ഡി. സതീശന് പൊതുസമൂഹത്തിന് അപരിചിതനായ വ്യക്തിയാണ് ജോ ജോസഫ് എന്ന തന്റെ നികൃഷ്ട വിമര്‍ശനം സ്വയം വിഴുങ്ങേണ്ടി വന്നു.  'ക്രൈസ്തവസഭയുടെ സ്ഥാനാര്‍ത്ഥിയാണ് ഡോ: ജോ ജോസഫ്,  പി.സി ജോര്‍ജ്ജിൻ്റെ കൂട്ടുകാരനാണ് ജോ ജോസഫ്' എന്നിങ്ങനെയുള്ള പലവിധ അപവാദ എപ്പിസോഡുകളും കോണ്‍ഗ്രസ്സ് നേതാക്കള്‍ അവര്‍ക്കു സ്തുതിപാടുന്ന മുഖ്യധാരാ മാധ്യമങ്ങളിലൂടെ പിന്നീട് പ്രചരിപ്പിച്ചു.  ഇതൊക്കെയും അവര്‍ ചെയ്തത് 'സഹതാപം വോട്ടാകില്ല' എന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ വിമര്‍ശനത്തിൻ്റെ വ്യാപനം തടയാന്‍ വേണ്ടിയായിരുന്നു!.  എന്തായാലും ഇതുകൊണ്ടുണ്ടായ ഗുണം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയേക്കാള്‍ കൂടുതല്‍ പ്രചാരവും ബഹുജനശ്രദ്ധയും മാധ്യമങ്ങളുടെ പരാമര്‍ശങ്ങളും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ഡോ: ജോ ജോസഫിനു ലഭിച്ചു എന്നതാണ് !

'തൃക്കാക്കരയില്‍ ജയ സാദ്ധ്യത ആര്‍ക്കാണെന്ന' ചോദ്യം നമ്മള്‍ക്കു മുമ്പിലുണ്ട്. പാരമ്പര്യവും സഹതാപവും ഉള്‍പ്പെടെയുളള  വൈകാരിക ഘടകങ്ങള്‍ മാത്രം പരിഗണിച്ചാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാതോമസിനാണു ജയസാദ്ധ്യത എന്നേ പറയാനാകൂ.  പക്ഷേ, പാരമ്പര്യം ഉള്‍പ്പെടെയുള്ള കേവല വൈകാരികതകളെ അട്ടിമറിക്കുന്ന വിധം സമ്മതിദാനം രേഖപ്പെടുത്തുവാനുള്ള വിവേകം കേരള ജനതക്ക് വേണ്ടുവോളം ഉണ്ട്.   2021 ലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം തന്നെ അത്തരമൊരു അട്ടിമറി സ്വഭാവം തീര്‍ത്തും വ്യക്തമാക്കുന്നതായിരുന്നു.  അങ്ങിനെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ലഭിച്ചത്.  വികാരത്തെ മറികടന്നു വിവേകത്തോടെ വോട്ട് പ്രയോജനപ്പെടുത്തുവാനുള്ള തീരുമാനം ജനങ്ങള്‍ എടുത്താല്‍ തീര്‍ച്ചയായും ഡോ: ജോ ജോസഫ് ജയിക്കുകയും ഇടതുപക്ഷത്തിനു നിയമസഭയില്‍ നൂറംഗങ്ങളുടെ നിറവ് ഉണ്ടാവുകയും ചെയ്യും !.  അതു സംഭവിക്കനുള്ള സാധ്യത ഇന്നത്തെ കേരള രാഷ്ട്രീയ പശ്ചാത്തലത്തില്‍ 40% അല്ല 60% ആണ് !.

ജയസാദ്ധ്യത ഉണ്ടെന്നു കരുതി എല്‍.ഡി.എഫ്, യു.ഡി.എഫിനെ ചെറുതായി കണ്ടാല്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തറയിലും പെരിന്തല്‍മണ്ണയിലും സംഭവിച്ചത് തൃക്കാക്കരയില്‍ എല്‍.ഡി.എഫിനു സംഭവിക്കും !.  യഥാര്‍ത്ഥത്തില്‍ വി.ടി. ബല്‍റാമിനു  തൃത്താലയില്‍ സംഭവിച്ചത് തൃക്കാക്കരയില്‍ സംഭവിക്കാനായി അവിശ്രാന്തമായ കഠിന ശ്രമം തന്നെ എല്‍.ഡി.എഫിന് തൃക്കാക്കരയില്‍ നടത്തേണ്ടതുണ്ട്.  ഇക്കാര്യം പൂര്‍ണ്ണബോധ്യമുള്ളതിനാല്‍ കൂടി ആയിരിക്കണം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് തൃക്കാക്കരയില്‍ ക്യാമ്പു ചെയ്തു ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രവര്‍ത്തങ്ങളെ ഏകോപിപ്പിക്കുന്നത് !. ബി.ജെ.പി, ട്വന്റി-ട്വന്റി, ആം ആദ്മി തുടങ്ങിയ കക്ഷികളിലെ വോട്ടര്‍മാര്‍  'മകന്‍ ചത്താലും വേണ്ടീല; മരുമോളുടെ കണ്ണീര്‍ കണ്ടാല്‍ മതി' എന്ന സമീപനത്തോടെ യുഡിഎഫിനു വോട്ടു കുത്തുന്ന നില ഉണ്ടായാല്‍ എല്‍.ഡി.എഫിൻ്റെ ജയസാദ്ധ്യത കരുതുന്നത്ര എളുപ്പമാവില്ല.  അതിനാല്‍ വലതുപക്ഷ വൈകാരികതയും നിഷ്പക്ഷതയുമൊക്കെ പൊതുവേ 'ഇടതുപക്ഷ വിരുദ്ധത' എന്നതില്‍ ഐക്യപ്പെടുവാനുള്ള സാദ്ധ്യതകളെ കൂടി കണക്കിലെടുത്തു വേണം ഇടതുപക്ഷം തൃക്കാക്കരജയത്തിനു പരിശ്രമിക്കുവാന്‍ !.

 

Comments
Leave a comment