Liberation @ Thinking

ഉലകനായകൻ്റെ വിക്രമങ്ങൾ

  • Share this:
Cinema - Music post-title

വ്യക്തരാഷ്ട്രീയ കാഴ്ചപ്പാടും തികഞ്ഞ യുക്തിബോധവുമുള്ള കമൽഹാസൻ എന്ന മഹാനടനിൽ നിന്നും താരാരാധകരെ ലക്ഷ്യമാക്കിയിറങ്ങിയ തട്ടുപൊളിപ്പൻ ഫാൻ ബോയ് ചിത്രം-വിക്രം

യക്കുമരുന്ന് എന്ന സാമൂഹ്യ തിന്മയെപ്പറ്റിയുള്ള കമൽഹാസൻ്റെ  വിക്രം, ഫാൻ ബോയ് ചിത്രമെന്ന മാസ്മരികതയിൽ തീയ്യറ്ററുകളിൽ ആറാടുകയാണ്. കൈതി തുടങ്ങി പല മുൻകാല ചിത്രങ്ങളും കണ്ടാലേ വേണ്ടത്ര മനസ്സിലാകൂ എന്ന മുൻകൂർ അറിയിപ്പോടെ ഈ സിനിമാനുഭവം എത്രയെത്ര കാണാത്ത ലോകങ്ങളിലൂടെയാണ് പ്രേക്ഷകരുടെ മണിക്കൂറുകളെ പിടിച്ചിരുത്തുന്നത്. എവിടെയും അധോലോകവും വിചിത്ര കഥാപാത്രങ്ങളുമാണ് നമ്മെ കാത്തിരിക്കുന്നത്. പീരങ്കി തള്ളിക്കൊണ്ടുവന്ന് പ്രേക്ഷകരുടെ നെഞ്ചത്തേക്കു വെച്ചും ഉണ്ട നിറച്ചും തീക്കാറ്റു വർഷിച്ചും ശത്രുവിജയം നേടുന്ന കർണനെ (കമലഹാസൻ) കണ്ട് കൺ നിറയുമ്പോൾ ഉലകനായകൻ്റെ  അഭിനയ സാമർത്ഥ്യം മുൻ ചിത്രങ്ങളിൽ നിന്നൊക്കെ അതിവേഗം ബഹുദൂരം പിറകിലേക്കോ?

കൊലപാതക പരമ്പരയോടെ ആരംഭിക്കുന്ന ചിത്രം മുഖം മൂടിയാക്രമണം, കഴുത്തു കണ്ടിക്കൽ, കൺമഷിയെഴുതൽ തുടങ്ങിയ പുകിലുകളിൽ സാക്ഷാൽ അധോലോകം തന്നെയാകുന്നു. തമ്മിൽ ഭേദം ഇൻട്രോ സീനിൽ തന്നെ കയ്യടി വാങ്ങുന്ന വിജയ് സേതുപതിയുടെ മയക്കുമരുന്ന് രാജാവ് ഡോക്ടർ സന്ദനം തന്നെ. ഈ ഭയങ്കരൻ തൻ്റെ  ലോഹപ്പല്ലുകൾക്കിടയിലേക്ക് തിരുകി വെക്കുന്നത് എന്താണെന്ന് ഊഹിക്കാം. നാടിനെയും നഗരത്തെയും അമ്മാനമെടുത്താടുന്ന മദലഹരി...ചിറി കോട്ടി കോച്ചി വലിച്ച് ഭൂമി കുലുങ്ങുമാറ് നടന്നു നീങ്ങുന്ന സന്ദനത്തിൻ്റെ  മാനറിസങ്ങളാകട്ടെ ബാഹുബലിയിലെ കാലകേയനെ ഓർമയിൽ കൊണ്ടുവന്നാൽ ആ പുതുമയും പതിയെ നഷ്ടപ്പെടുന്നു. ചുരുളിയിലും മറ്റും പരുക്കനായി തിളങ്ങിയ ചെമ്പൻ വിനോദ് പൊലീസ് ഓഫീസറുടെ റോളിൽ തമിഴിലെത്തിയപ്പോൾ നിന്നു പരുങ്ങുന്നതായാണ് തോന്നിയത്.

RDX സ്ഫോടന പരമ്പരകളും കിഡ്നാപ്പിങ്ങും കഴുത്തറുപ്പൻ മസാലകളും പോരാഞ്ഞ് സംഹാര താണ്ഡവമാടുന്ന കമൽഹാസന് നിറച്ചു ചാണ്ടാൻ പതിനെട്ടാം നൂറ്റാണ്ടിലെ പീരങ്കിയും ഉണ്ടയുമെല്ലാം ഇപ്പൊഴും എവിടന്നു കിട്ടുന്നാവോ. വയലൻസിൻ്റെയും ശത്രുസംഹാരത്തിൻ്റെയും ആവേശലഹരിയിൽ കുഴയുന്ന കമലിൻ്റെ  കണ്ണുകൾ, പോയ കാലത്ത് എത്ര ഹൃദയഹാരിയായ ചിത്രങ്ങളിലൂടെ മനം മയക്കിയതാണ് നമ്മളെ.

മയക്കു മരുന്നു മാഫിയയ്ക്ക് ഉറപ്പായും ഒരു രാഷ്ട്രീയ- വ്യവസ്ഥിതി പശ്ചാത്തലമുണ്ട്. കൃത്യമായ രാഷ്ട്രീയ ബന്ധങ്ങളുടെ തണലിലാണ് രാജ്യത്ത് അതു നിലനിൽക്കുന്നത് എന്നിരിക്കേ, മയക്കു മരുന്നു മാഫിയയുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചൊരു പരാമർശവും കൂടാതെ അതിനെ വെറും പൊലീസും അധോലോകവും തമ്മിലുള്ള കളിയായി ചിത്രീകരിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്. മയക്കുമരുന്നിൻ്റെ  രാഷ്ട്രീയം, രാഷ്ട്രീയ മാഫിയാ ബന്ധങ്ങൾ ഒക്കെ സൗകര്യപൂർവ്വം ഒഴിവാക്കുന്നതിലൂടെ രാഷ്ട്രീയ പരിഹാരം രാഷ്ട്രീയ മറുപടി എന്നിങ്ങനെയുള്ള യാഥാർത്ഥ്യബോധങ്ങളെ റദ്ദു ചെയ്യുന്നതിൽ ചിത്രം വിജയം കാണുന്നു.സാമൂഹ്യ രാഷ്ട്രീയ തലങ്ങളിൽ നിന്ന് മുഖം തിരിക്കുന്ന ക്യാമറ ചേരികളും അധോലോക കേന്ദ്രങ്ങളും ചുറ്റിക്കറങ്ങി കരുക്കൾ നീക്കി സന്ദനം എന്ന മാഫിയാ തലവനെ ഒതുക്കുന്നതിലേക്കാണ് ചെന്നെത്തുന്നത്.

എന്നിട്ട് ? എന്നിട്ടെന്താകാൻ. കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും എന്ന് ചിന്തിക്കുന്നവർക്ക് അറിയാം. അത്ര തന്നെ!

അധോലോകമെന്ന പേരിൽ വിചിത്ര കാഴ്ചകളും ചേരുവകളും നല്ല അളവിൽ ചേർത്തു നൽകാമെന്നിടത്തേക്കാണ് ആദ്യം മുതലേ ചിത്രത്തിൻ്റെ  പോക്ക്. സമൂഹബാഹ്യമായ വഴികളെ മാത്രം തെരഞ്ഞെടുത്ത് നീങ്ങുന്ന കഥാഗതി ആരെയൊക്കെ പൊളിച്ചടുക്കുമ്പൊഴും മയക്കുമരുന്ന് എന്ന വിഷയത്തിൻ്റെ സാമൂഹ്യ പരിഹാരത്തിലേക്ക് ഒരിക്കലും ചെന്നെത്തുന്നതേയില്ല.വിഷയം ആവശ്യപ്പെടുന്ന സാമൂഹ്യ വിശകലനം ചെയ്യാൻ തീരെ തയ്യാകാതെ സമൂഹ ബാഹ്യമേഖലകളിലൂടെ വിക്രമങ്ങൾ കാട്ടി തേരോട്ടുകയാണ് സംവിധായകൻ. കമൽ പറയാൻ ശ്രമിക്കുന്ന മയക്കു മരുന്ന് എന്ന സാമൂഹ്യ തിന്മ - സാമൂഹ്യപ്രശ്നം - അത്രമേൽ ശക്തവും പ്രസക്തവുമായ ഒരു വിഷയം അനാഥമാകുന്നത് നോക്കൂ...

വ്യവസ്ഥിതിയിലൂടെയും സാമൂഹിക അന്തരീക്ഷത്തിലൂടെയും ചലിപ്പിക്കാൻ തയ്യാറല്ലാത്ത സംവിധായകൻ ലോകേഷ് കനകരാജിൻ്റെ ക്യാമറയ്ക്ക് പ്രേക്ഷകരുട യാഥാർത്ഥ്യ ബോധത്തെ മയക്കി കിടത്താതെ പറ്റില്ലല്ലോ. അപ്പോൾ വ്യത്യസ്ത താരത്തിളക്കങ്ങളും അവരുടെ വീരസ്യ കോപ്രായങ്ങളും രാവണൻ കോട്ടകൾ തകർത്തെറിയുന്ന വെടിക്കെട്ടും പുകമറയും കൊണ്ട് വെള്ളിത്തിര നിറയ്ക്കുക തന്നെ ശരണം. താര വീര പരിവേഷങ്ങൾ അകമ്പടിയായുള്ള വയലൻസിൻ്റെയും യുദ്ധവാസനയുടെയും ഭയങ്കരസ്ഫോട സുഖലഹരി തന്ത്രത്തിൽ പ്രേക്ഷകനു പൊതിഞ്ഞു നൽകുന്നത് അവിടെയാണ്. യാഥാർത്ഥ്യത്തിൻ്റെയും അവബോധത്തിൻ്റെയും വെളിച്ചം നൽകാനില്ലെങ്കിൽ മറ്റെന്തു ചെയ്യാൻ. ചില ഡയലോഗുകളിലൂടെ മയക്കുമരുന്നിനെപ്പറ്റി അശങ്ക കൊള്ളുന്ന കമൽ സ്വന്തം സിനിമയിലൂടെ മയക്കിക്കിടത്തുന്നത് ഏതേത് യാഥാർത്ഥ്യബോധങ്ങളെയാണ് ?

സത്യത്തിൽ, മയക്കുമരുന്നിൻ്റെ പ്രശ്നമെന്താണ് ?

അത് മനുഷ്യബോധത്തെ കുഴ തെറ്റിക്കുന്നു. കുത്തഴിഞ്ഞ യുക്തി അവ്യവസ്ഥയിലേക്കും സർവ്വ അക്രമങ്ങളിലേക്കും മനുഷ്യനെ കൊണ്ടെത്തിക്കുന്നു. ചുരുക്കത്തിൽ ബോധം നഷ്ടപ്പെടുത്തുന്ന മയക്കുമരുന്ന് ഒരുവനെ സമൂഹത്തിനു കൊള്ളരുതാത്തവനാക്കുന്നു. മയക്കുമരുന്ന് സാമൂഹ്യ വിരുദ്ധ ശക്തിയാകുന്നത് അങ്ങനെയാണ്. മനുഷ്യൻ്റെ ബോധം അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥിതിയെയും രാഷ്ട്രീയത്തെയും വിഷയം ആവശ്യപ്പെടുന്ന മട്ടിൽ സാമൂഹ്യവിശകലനം ചെയ്യാതെ നിർത്തുക എന്നതാണ് ഈ ചിത്രം ചെയ്യുന്ന പാതകം.

അങ്ങനെ രക്ഷപ്പെടുന്നതിലൂടെ സംവിധായകനോടൊപ്പം പ്രേക്ഷകനും സിനിമയിലൂടെ സ്വാഭാവികമായും ചെന്നെത്തുന്നത് എവിടെയാണ് ? അരാഷ്ട്രീയവും നിരർത്ഥകവുമായ വയലൻസിൻ്റെയും മയക്കുകളുടെയും താവളത്തിലാണ് ചിത്രത്തിലൂടെ നമ്മൾ എത്തുന്നത്. ചെന്നൈ നഗരം എന്ന് എഴുതിക്കാണിച്ച് ഇന്തോ പാക്കിസ്ഥാൻ അതിർത്തിയിൽ പോലുമില്ലാത്ത യുദ്ധ സ്ഫോടന പരമ്പരകൾ അരങ്ങേറ്റുമ്പോൾ സംവിധായകനും കൂട്ടർക്കും തെല്ലും കണ്ണിൽ ചോരയില്ല തന്നെ.

എന്തൊരക്രമം! എന്തിനിതെല്ലാം?

ഈ രാജ്യത്ത് നീതിയും നിയമവും ഇല്ലേ; അത്തരം സംവിധാനങ്ങളിലൊന്നും കാര്യമില്ലെന്നോ ? വെടിപടഹങ്ങളും പീരങ്കിയുമായി ഇങ്ങനെ ഇറങ്ങുകയാണോ മയക്കുമരുന്നിതിരേ ചെയ്യേണ്ടത്. തോക്കെടുക്കണോ പീരങ്കി നിറയ്ക്കണോ എന്നേ സംശയമുള്ളൂ. തികച്ചും നിരുത്തരവാദപരമായ സമീപനമാണിത്. ചലച്ചിത്രമെന്ന കലയുടെയും മാധ്യമത്തിൻ്റെയും രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധതയെ കാറ്റിൽ പറത്തി വിടുന്ന സിനിമയാണിത്. കമലിനെ പോലെ വ്യക്തരാഷ്ട്രീയ കാഴ്ചപ്പാടും തികഞ്ഞ യുക്തിബോധവുമുള്ള ഒരു കലാകാരനിൽ നിന്നും ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്.

പരസ്പരബന്ധമില്ലാതെ പല സിനിമകളിൽ നിന്നും തെളിച്ചെത്തിക്കുന്ന വമ്പൻ കാളകളെ ഓർമിപ്പിക്കുന്ന കഥാപാത്രങ്ങൾ. അവർക്കു വിളയാടാൻ പുതു സിനിമയുടെ സാങ്കേതികതകൾ വെച്ചു തല്ലിക്കൂട്ടുന്ന സന്ദർഭങ്ങൾ. സാമാന്യയുക്തി കഥ പോയ വഴിക്കില്ല. കൃത്യമായ ധാരണ ആർക്കും നൽകാൻ ഒരുക്കമല്ലാത്തത് ചിത്രത്തിൻ്റെ സ്വാഭാവികതയെയാകെ കുഴ തെറ്റിക്കുന്നു. ജീവിത ഗന്ധമില്ലാത്തതിനാൽ തന്നെ ഭൂമിയിൽ കാലുറപ്പിച്ചു നിൽക്കാത്ത കഥാപാത്രങ്ങൾ. അരങ്ങുതകർക്കുന്ന ഗാനം പോലെ എന്തൊക്കെയോ ബഹളമയം. ആസ്വാദക ദ്യഷ്ടി സുഖലഹരിയിൽ മറഞ്ഞു പോയിട്ടുണ്ട്.

ആർക്കു വേണ്ടി എന്തു ലാഭം എന്നതൊന്നും വിഷയമല്ലാതെ തൻ്റെ നവവധുവിനോടൊപ്പം ചെലവഴിക്കാൻ പോലും സമയമില്ലാതെ എന്തിനോ വേണ്ടി ജീവന്മരണ പോരാട്ടവുമായി ഇറങ്ങിയ ഫഹദ് ഫാസിലിൻ്റെ കഥാപാത്രത്തിനടക്കം ജീവിതത്തിൻ്റെ യാതൊരു പ്രസാദമോ പ്രസരിപ്പോ ഇല്ല. ഏജൻ്റ്  അമർ-മുഖം മൂടി കൊലപാതക പരമ്പരയെ പിന്തുടർന്നു വരുന്ന അന്വേഷണ സംഘത്തിൻ്റെ തലവനാണയാൾ. ഫഹദിൻ്റെ പേലവഗാത്രം ഒറ്റയടിക്ക് അനേകം പേരെ പറത്തിവിടുന്നതെല്ലാം പൂത്തിരി കത്തിക്കുന്ന അതിശയം എന്നേ പറയേണ്ടൂ. അയാളുടെ വിവാഹം പോലും കാണിച്ചിരിക്കുന്നത് വ്യത്യസ്തതയിൽ ലോകോത്തരമായിരിക്കുന്നു.

ദോഷം മാത്രം പറയരുതല്ലോ. ഒരു വേലക്കാരിയായി ആദ്യമേ തന്നെ പറ്റിക്കൂടി ഓപ്പറേഷൻ കൊടുമ്പിരിക്കൊള്ളുമ്പോൾ അടിതട വെട്ടുകുത്തുകളിലേക്ക് കൂടുമാറുന്ന ഏജൻ്റ്  ടീന ചിത്രത്തിൽ അവതരിപ്പിക്കപ്പെട്ടതിൽ ഏറ്റവും ജീവസ്സുറ്റ കഥാപാത്രമാകുന്നു. അമ്പരപ്പിക്കുന്ന ഭാവപ്പകർച്ചയിൽ ചടുലവേഗമാർന്ന ആക്ഷൻ രംഗങ്ങളുമായി ഈ കഥാപാത്രം വാസന്തി എന്ന നടിയുടെ കരങ്ങളിൽ ഭദ്രമായിരിക്കുന്നു.

നരേൻ, ഹരീഷ് പേരടി, കാളിദാസ് ജയറാം തുടങ്ങിയ മലയാള നടന്മാരോടൊപ്പം അവസാന നിമിഷങ്ങളിൽ നടൻ സൂര്യയുടെ താരസാന്നിധ്യവും തീയറ്ററിൽ ഫാൻസിനെ ഹർഷാരവങ്ങളിലെത്തിക്കുന്നുണ്ട്. തലയ്ക്കു വെളിവില്ലാത്തവരുടെ അന്വേഷണവും രക്ഷകവേഷവും... പ്രേക്ഷകർക്കോ, എന്തൊക്കെയോ തകർന്നു വീഴുന്നതിന്റെ സമാധാനവും. കണ്ണഞ്ചിക്കുന്ന എന്തിലൂടെയൊക്കെയോ കടന്നു പോയി അന്തിച്ചിരിക്കുന്ന പ്രേക്ഷകൻ അയഥാർത്ഥ പ്രതീതികളുടെ മായാലോകം കണ്ടു തിരിച്ചെത്തി തീയറ്റർ വിട്ടിറങ്ങുന്നു.

മാധ്യമങ്ങളുടെ  ക്യാമറ മുന്നിൽ!

ഒരേ പൊളി.. ഒരു രക്ഷയുമില്ലാ...ചെറുപ്പക്കാരുടെ കമൻ്റുകൾ.

ശരിയാണ്. ഒരു രക്ഷയുമില്ല. അനാവശ്യ ഹെപ്പുകൾ.. ഹൈ പവർ കരിമരുന്നു പ്രയോഗം. ചലച്ചിത്രമെന്ന അയഥാർത്ഥ പ്രതീതി ഇവിടെ അക്ഷരാർത്ഥത്തിൽ പൂർണമാകുന്നു. മയക്കുകളുടെ പല പല വെർഷനുകൾ നോക്കണേ...

About author
Creative Writer
Comments
Leave a comment