അക്കാദമിക് കേശവമ്മാമന്മാരിൽ നിന്ന് നമ്മുടെ ശാസ്ത്രചരിത്ര ചിന്തകളെ മോചിപ്പിച്ച് തികഞ്ഞ യാഥാർഥ്യ ബോധത്തോടെ അവയെ സമീപിക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി
2019 -ൽ മുംബൈയിൽ വച്ച് നടന്ന ഇന്ത്യൻ ശാസ്ത്രകോൺഗ്രസ് ഓർക്കുമല്ലോ. ആ വേദിയിൽ നിന്നാണ് ഗണപതിരൂപം പ്ലാസ്റ്റിക് സർജറിയാണെന്ന ശാസ്ത്രീയ വിജ്ഞാനം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ലോക ശ്രദ്ധയിലേക്കെത്തുന്നത്. ഭരദ്വാജ സംഹിത അടിസ്ഥാനമാക്കിയുള്ള ആധുനിക വിമാന സാങ്കേതികവിദ്യ, പശു വിസർജ്യത്തിലെ പ്ലൂട്ടോണിയത്തിൻ്റെ സാന്നിധ്യം.... പാണ്ഡവരുടെ അസ്ത്രാലയമായിരുന്ന ആസ്ട്രേലിയ വരെ നീളുന്ന ശാസ്ത്ര ഉദീരണങ്ങളുമായി പിന്നീടങ്ങോട്ട് കേശവമ്മാമന്മാരുടെ ഒരു കുത്തൊഴുക്കു തന്നെ ആയിരുന്നു.
പ്രാചീന ഭാരതത്തിൽ വിലപ്പെട്ട ഒട്ടനേകം അറിവുകളുണ്ടായിരുന്നു എന്നതിൽ വാസ്തവമുണ്ട്. ഇന്ത്യയിലെ ആയുർവ്വേദം മുതൽ ഗണിതവും ജ്യോതിശാസ്ത്രവും തത്വചിന്തയും കലയും സാഹിത്യവും എല്ലാം അറിവുകൾ തന്നെയെന്നതിൽ നമുക്കുമാത്രമല്ല ഇതരദേശക്കാർക്കും തർക്കമൊന്നുമില്ല. എന്നാൽ നമുക്ക് അതുമാത്രം പോര, എല്ലാറ്റിൻ്റെയും പിതൃത്വവും ആധികാരികതയും നാം തന്നെ അവകാശപ്പെടേണ്ടതുണ്ട് എന്ന ധാർഷ്ട്യത്തിലേക്ക് അക്കാദമികന്മാർ പോലും എത്തിപ്പെട്ടു. അവിടെ നമ്മുടെ ഗവേഷണങ്ങൾ വഴി പിഴയ്ക്കുന്നത് കാണാം. വാസ്തവത്തിൽ വേണ്ടത്ര തെളിവുകളുടെ പിൻബലമില്ലായ്ക ഒന്നു കൊണ്ടു മാത്രം ഇത്തരം വാദങ്ങൾ ആധികാരികതയുടെ മാറ്റുരയ്ക്കപ്പെടുന്ന വേദികളിൽ നിൽക്കക്കള്ളിയില്ലാതെ വെറും വാദങ്ങളായി അസ്തമിക്കുന്നതു കാണാം. ഇത്തരക്കാരായ പണ്ഡിതരുടെ സ്ഥിരം തുറുപ്പുചീട്ടാണ് നമ്മുടെ ഇരിങ്ങാലക്കുടക്കാരൻ സംഗമഗ്രാമ മാധവൻ.
"ഭാസ്കരൻ രണ്ടാമൻ്റെ കാലഘട്ടത്തിനുശേഷം (12-ാം നൂറ്റാണ്ട്) ഉത്തരഭാരതത്തിലെ ഗണിതജ്യോതിശ്ശാസ്ത്ര പഠനമേഖല മിക്ക വാറും സ്തംഭനാവസ്ഥയിലായിരുന്നു. വിദേശ ആക്രമണങ്ങളുടെയും അധിനിവേശത്തിൻ്റെയും വേലിയേറ്റത്തിൽ ശാസ്ത്രഗവേഷണത്തിന് അനുകൂലമായ അന്തരീക്ഷം ഉണ്ടായിരുന്നില്ല. താരതമ്യേന ശാന്തമായ സാഹചര്യമുണ്ടായിരുന്ന കേരളത്തിലാണ് ശാസ്ത്രഗവേഷണങ്ങൾ പുനരാരംഭിച്ചത്. 14-ാം നൂറ്റാണ്ടുമുതൽ ഗണിത-ജ്യോതിശാസ്ത്രമേഖലകളിൽ കാര്യമായ സംഭാവനകൾ നൽകിയ ആചാര്യന്മാരുടെ ഒരു പരമ്പര ഇവിടെ ഉണ്ടായി. അവരിൽ അഗ്രിമസ്ഥാനം അലങ്കരിച്ച മഹാനാണ് സംഗമഗ്രാമമാധവൻ." (വി.ബി. പണിക്കർ-ആമുഖം: സംഗമഗ്രാമമാധവവിരചിതമായ സ്ഫുടചന്ദ്രാപ്തിയും വെണ്വാരോഹണവും- മലയാള വ്യാഖ്യാനം) ഇങ്ങനെ പോകുന്നു അദ്ദേഹത്തെപ്പറ്റിയുള്ള ഏകദേശ വിവരണം. π യുടെ വില കണ്ടുപിടിക്കുന്നതിനുള്ള ഇൻഫിനിറ്റ് സീരിസ്, sine, cosine കളുടെ മൂല്യം കണ്ടുപിടിക്കാനുള്ള നിയമം മുതലായ പടിഞ്ഞാറൻ ഗണിത തത്വങ്ങൾ കാലങ്ങൾക്കു മുൻപേ കേരളത്തിൽ മാധവൻ നിർദ്ധാരണം ചെയ്തതാണ് എന്നാണ് അക്കാദമിക പണ്ഡിതരുടെ വാദം. 'പൈ' എന്ന കൃത്യതയും വ്യക്തതയുമുള്ള ഗണിത വ്യവഹാര മൂല്യം ഒരു വശത്ത്. എവിടേക്കും വ്യാഖ്യാനിച്ചു കരയ്ക്കടുപ്പിക്കാവുന്ന ചില പ്രസ്താവങ്ങൾ മറുവശത്ത്. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന ഭാവമാണ് ആഞ്ഞു പിടിക്കുമ്പോൾ അക്കാദമിക് പണ്ഡിതന്മാരുടെ ഭാവം.
അവിടെയാണ് പ്രശ്നം. എന്തിനാണ് മാധവൻ നിർദ്ധാരണം ചെയ്തവ പടിഞ്ഞാറൻ തത്വങ്ങൾ തന്നെയാണെന്ന് വാദിക്കേണ്ടി വരുന്നത്. ഒരു തട്ടിൽ നമ്മുടെ ഗണിതവും മറുതട്ടിൽ മറ്റവരുടെ ഗണിതവും വച്ച് ത്രാസ്സിൽ തൂക്കേണ്ട ഗതികേടിന് കാരണമെന്താണ്?
സംഗമഗ്രാമ മാധവൻ എന്ന വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള നിശ്ചിതമായ തെളിവുകളോ രേഖകളോ ലഭ്യമല്ല. അദ്ദേഹം രചിച്ച ഗ്രന്ഥങ്ങൾ എന്നപേരിൽ അവതരിപ്പിക്കുന്ന എഴുത്തുകൾക്ക് വാസ്തവത്തിൽ അല്പം നീണ്ട ക്ലാസ് നോട്ടുകളുടെ സ്വഭാവമാണുള്ളത് എന്ന് കൃത്യമായി നോക്കിയാൽ അറിയാം. കൃത്യമായ പേരും ഡെസിഗ്നേഷനും വച്ച് ഗ്രന്ഥങ്ങൾ എഴുതുന്ന, അത് ആധികാരികതയുടെ അളവുകോൽ ആക്കുന്ന പരിപാടി തുടങ്ങിയിട്ട് ചുരുങ്ങിയകാലമേ ആയിട്ടുള്ളൂ (അത് വിദേശികളുടെ ഇറക്കുമതിയാണ് താനും). പ്രത്യേകിച്ച് കേരളത്തിൽ പതിനേഴാം നൂറ്റാണ്ടുവരെ പോലും ഗ്രന്ഥകാരൻ അവനവനെ പുരസ്കരിച്ച് വല്ലതും എഴുതുന്ന പതിവില്ല.
ഗ്രന്ഥകാരൻ്റെ നാമം വളരെ അവ്യക്തമായ വല്ല സൂചനകളോ മറ്റോ ആയി ഗ്രന്ഥത്തിൽ നിന്ന് സാന്ദർഭികമായി ഒത്തു കിട്ടിയാൽ ധാരാളമായി. ഒരു ഗ്രന്ഥം ഒരാൾ തനിച്ച് എഴുതുന്നതാവണം എന്നുതന്നെയില്ല. പ്രത്യേകിച്ച് ഗണിതം പോലെ പരിണമിക്കുന്ന വിദ്യ; അതൊരു കൂട്ടത്തിൻ്റെ വിജ്ഞാനവും മറ്റും ആയതിനാലും കൈമാറി വരുന്നതിനാലും അതിൽ പലരും പലതും പലപ്പോഴായി ചേർക്കുകയും കുറയ്ക്കുകയും മറ്റും ചെയ്യും. പടിഞ്ഞാറൻ മോഡേണിറ്റിയുടെ യുക്തി അനുസരിച്ച് അത് ഒറ്റയൊരാളുടെ തലയിൽ വയ്ക്കുന്നത് അത്ര പന്തിയല്ല. എവിഡൻ്റ് ആയ ഒരു ചരിത്രബോധമില്ലായ്മ ഇവിടെ കാണാം.
എന്താണ് സത്യത്തിൽ നമ്മുടെ ഗുണങ്ങൾ ? വ്യക്തി കേന്ദ്രിതമല്ലാതെ വിശാലമായ സ്വതന്ത്രമായ ജ്ഞാന പാരമ്പര്യം നമുക്കുണ്ടായിരുന്നു എന്നു പ്രഖ്യാപിക്കാൻ വല്ലാതെ ഉത്തരാധുനികത പ്രസംഗിക്കുന്ന കാലത്തെങ്കിലും അഭിമാനം തോന്നേണ്ടതുണ്ട്. കാരണം, അറിവിന് അധികാരി ഭേദങ്ങൾ ഉണ്ടായിരുന്ന ഭാരതത്തിൽ തന്നെ ഒരാൾ സൃഷ്ടിച്ച കഥാരചനകൾ പോലും കുത്തക വിചാരങ്ങളേതും കൂടാതെ മറ്റുള്ളവർ എടുത്ത് അവരവരുടെതായ പാഠങ്ങൾ മെനഞ്ഞു പ്രചരിപ്പിച്ച ജ്ഞാനസ്വതന്ത്രതയുടെ നാടാണിത്.
എന്നാൽ അതേ ഗുണത്തിന് മറ്റൊരു വശം കൂടിയുണ്ട്. അത്തരമൊരു നാടിൻ്റെ തിരുശേഷിപ്പുകൾ അന്വേഷിച്ചു പോകുന്നവർക്ക് എന്താകും കിട്ടുക. ഉള്ളതു പറഞ്ഞാൽ സംഗമഗ്രാമമാധവൻ്റെതെന്ന് ഖണ്ഡിതമായി പറയാവുന്ന ഗണിത സംഭാവനകൾ ഒന്നും ഇന്ന് കൃത്യമായി ലഭ്യമല്ല. ജീവിതകാലവും ദേശവും ഗൃഹനാമവും ഒക്കെ അനുമാനത്തിന് മേലാണുള്ളത്. കഴിഞ്ഞില്ല, പിൻഗാമികളുടെ കൃതികളിൽ മാധവനെപ്പറ്റിയുള്ള പരാമർശങ്ങളിലൂടെ മാത്രമാണ് അദ്ദേഹത്തെ നാമറിയുന്നത്. ആകെക്കൂടി അനുമാനത്തോട് അനുമാനം. ഇത്രമാത്രം അനുമാനങ്ങൾ ആധികാരികതക്ക് മാനദണ്ഡമാക്കുന്നത് ശാസ്ത്രഗവേഷണ ബുദ്ധിയ്ക്ക് നിരക്കുന്നതല്ലല്ലോ! ഒരർത്ഥത്തിൽ മിത്ത് പോലെ രൂപപ്പെട്ട ഒരു വ്യക്തിത്വമാണ് സംഗമഗ്രാമമാധവൻ. കൃത്യമായ തെളിവില്ലാത്ത കാര്യങ്ങളെ വസ്തുതയായി അംഗീകരിക്കാൻ പാടില്ല എന്ന ശാസ്ത്രതത്വത്തിന് കടക വിരുദ്ധമാണ് പറഞ്ഞു വയ്ക്കുന്ന കഥകളൊക്കെ എന്നു സാരം. (തെളിവുകൾ തെളിവുകളാകുന്നതെങ്ങനെ എന്നത് മറ്റൊരു വലിയ വിഷയമാണ്). ഇതിനേക്കാൾ ഭേദം ശങ്കരാചാര്യരെപ്പറ്റി പ്രചരിക്കുന്ന പരശതം കഥകളും സങ്കല്പങ്ങളും ഉപജീവിച്ച് അദ്വൈതം ദർശനങ്ങളുടെ മകുടമാണെന്ന് സ്തോത്രം പാടി സമർത്ഥിക്കുന്നതാണ്.
പടിഞ്ഞാറൻ ഗണിതവിജ്ഞാനത്തിൽ പറഞ്ഞതുകളുടെ ആദ്യ രൂപമാണ് മാധവൻ അവതരിപ്പിച്ചത് എന്ന് പറയുമ്പോൾ; അദ്ദേഹത്തിൻ്റെ എല്ലാ ഉദ്ദേശ്യങ്ങളും എല്ലാ അർത്ഥത്തിലും ഒരുപക്ഷേ തമസ്കരിക്കപ്പെടുകയായിരിക്കാം. അതായത് മാധവനുമേൽ കെട്ടി ഏൽപ്പിക്കപ്പെട്ട പടിഞ്ഞാറൻ ഭാരവും ചുമന്ന് അദ്ദേഹം സ്വന്തം വിജ്ഞാനഭാണ്ഡവും പാടേ ഉപേക്ഷിച്ച് ചരിത്രത്തിലൂടെ മുന്നോട്ടുപോവാൻ നിർബന്ധിതനാകുന്നു. നമ്മുടെ പൊങ്ങച്ച വഴിയേ നടത്തിച്ചാൽ തനത് വിജ്ഞാനശാഖകൾക്കെല്ലാം സംഭവിക്കുന്ന നഷ്ടങ്ങൾ തന്നെയാണ് സംഗമഗ്രാമ മാധവൻ എന്ന പ്രതിഭയ്ക്കും സംഭവിക്കാനിരിക്കുന്നത്. ഇതുവരെ സംഭവിച്ചതൊന്നുമല്ല. ഇത്തരം ശ്രമങ്ങളെ കേശവൻ മാമത്തരം എന്നു തന്നെ സംബോധന ചെയ്യേണ്ടി വരുന്നതും അവിടെയാണ്.
പടിഞ്ഞാറൻ കാൽക്കുലസ് സമ്പ്രദായം ഇന്ത്യയിൽ പണ്ടുകാലം മുതൽ നിലനിന്നിരുന്നു എന്നും മറ്റുമാണ് പ്രസിദ്ധമായ മറ്റൊരു പണ്ഡിത അഭിപ്രായം. എന്നാൽ പടിഞ്ഞാറൻ ക്രിയാ പദ്ധതിയായ കാൽക്കുലസ് രൂപപ്പെട്ട സാംസ്കാരിക സാഹചര്യവുമായോ ഉദ്ദേശലക്ഷ്യങ്ങളുമായോ ഇന്ത്യൻ കലനപദ്ധതിക്ക് അടിസ്ഥാനപരമായി യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത. കാൽക്കുലസിനെ വിശദീകരിക്കാൻ കലനം കൊണ്ട് പറ്റും എന്ന ധാരണ തന്നെ അടുത്ത കാലത്തായി കൊണ്ടുവരാനുള്ള ധൃതിയാണ്. ഇവ രണ്ടിൻ്റെയും ഉദ്ദേശലക്ഷ്യങ്ങൾ തികച്ചും വേറിട്ടതാണെങ്കിൽപ്പിന്നെ അവയെ രണ്ടും രണ്ടായിത്തന്നെ വേണ്ടേ പരിഗണിക്കാൻ ? ചുരുക്കം ചില ശബ്ദങ്ങളുടെ അക്ഷര മിശ്രണമാണ് ലോകഭാഷകൾ മുഴുവൻ, എന്നിരിക്കേ കലനം - കാൽക്കുലസ് എന്നിവയ്ക്കിടയിൽ ക - ല എന്നീ ശബ്ദങ്ങൾ ഒത്തുവരുന്നതു വെച്ച് രണ്ടും ഒന്നാണെന്ന് ആഘോഷിക്കുകയായിരുന്നു.
രണ്ടു ക്രിയകളുടെ ഒടുവിൽ കിട്ടുന്ന ഫലം ഒന്നാണ് എന്നതുകൊണ്ടുമാത്രം ആ പദ്ധതി മറ്റേതു തന്നെയാണെന്നോ ഒന്നു മറ്റേതിൻ്റെ ലഘുരൂപം ആണെന്നോ പ്രാഗ് രൂപം ആണെന്നോ ഒക്കെ അവകാശപ്പെടുന്നതിൽ എന്തു യുക്തിയാണുള്ളത് ?പകരം നമ്മുടെ അപകർഷതയെ താൽക്കാലികമായി പരിഹരിക്കുന്ന കേവലമായ ഒരു വാദം മാത്രമായിപ്പോകുന്നു അത്.
അനുഭവത്തെ അറിവാക്കി മാറ്റുവാൻ പ്രത്യേക ശേഷിയുള്ള ജീവിവർഗ്ഗമാണ് മനുഷ്യൻ. കാലവും ദേശവും മാറുന്നതനുസരിച്ച് അറിവും അനുഭവവും അറിവിന്റെ പ്രയോഗവും ഒക്കെ മാറി മാറി വരും. ഒരേ അറിവു തന്നെ പല കാലങ്ങളിൽ പല ദേശങ്ങളിൽ ഒരേ സമയം രൂപപ്പെട്ടു വളർന്നു വന്നതും കാണാം.
അറിവിൻ്റെ ആധികാരികത, പ്രാചീനത, ഉറവിടം മുതലായ കാര്യങ്ങൾ അന്വേഷിച്ചു പോകുമ്പോൾ ഇതും ഓർമ്മവയ്ക്കണം. ആദ്യം വസ്ത്രം കണ്ടുപിടിച്ചതാര്, ആദ്യം ഭക്ഷണം കണ്ടുപിടിച്ചത് ആര് എന്നൊക്കെ വാദിക്കുന്നത് പോലെയേ ഉള്ളൂ അറിവിന്റെ ഉത്‌ഭവത്തെപ്പറ്റിയുള്ള പിടിവാദവും. നമ്മളിൽ നിന്നാണ് എല്ലാം എന്നു വാദിക്കാനുള്ള വ്യഗ്രതയ്ക്ക് പകരം, എല്ലാവരും കണ്ടറിഞ്ഞ സാർവ്വലൗകിക സത്യമാണ് ഇത് എന്ന് അംഗീകരിക്കാനുള്ള സമ്മതക്കുറവാണവിടെ. ആ അൽപ്പത്തത്തിൻ്റെ പേരാണ് കേശവൻ മാമൻ.
പാശ്ചാത്യരുടെ സമീപനം നോക്കൂ. ത്രികോണമിതിയടക്കം ജാമ്യിതീയ സിദ്ധാന്തങ്ങൾ അറിയപ്പെട്ടിരുന്നത് പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജയിംസ് ഗ്രിഗറിയുടെ പേരിലായിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനമായപ്പോഴേക്കും ഇതേ സിദ്ധാന്തങ്ങള്‍ പതിനാലാം നൂറ്റാണ്ടില്‍ കേരളത്തിലെ മാധവന്‍ നമ്പൂതിരി കണ്ടുപിടിച്ചിരുന്നു എന്ന് തെളിഞ്ഞതിനാല്‍ ഗണിത ശാസ്ത്രലോകം ഗ്രിഗറി തിയറിയുടെ പേര് മാധവ-ഗ്രിഗറി തിയറി എന്നു തിരുത്തിയെഴുതി. രണ്ടു പ്രതിഭകളെയും അവർ വിരൽ ചൂണ്ടുന്ന ഒരേ സത്യത്തെയും മാനിക്കുന്നു എന്നർത്ഥം.
കാലപുരോഗതിക്കനുസരിച്ച് ഇതര ദേശങ്ങളുമായി പലവിധം ബന്ധങ്ങൾ ഇവിടെയുള്ളവർക്ക് ഉണ്ടായി. അനിവാര്യമായ വിധി എന്നവണ്ണം അധിനിവേശവും മറ്റും ക്രമേണ ഇവിടെയും സംഭവിച്ചു. അധിനിവേശം ക്രൂരമായിരുന്നു എങ്കിലും വളരെ സ്വാഭാവികമായി അറിവിൻ്റെ കാര്യത്തിൽ ചില കൊടുക്കൽ വാങ്ങലുകൾ ഉണ്ടാകുന്നതിന് അധിനിവേശവും അല്ലാത്തതുമായ വിദേശബന്ധം ഇന്ത്യയെ വല്ലാതെ സഹായിച്ചു. സത്യത്തിൽ ഇടുങ്ങിയിരുണ്ടതും അധികാരിഭേദങ്ങൾ ഉണ്ടായിരുന്നതുമായ നമ്മുടെ അറിവുകൾ വലിയൊരു തുറസ്സിലേക്ക് എത്തി. ഉർവശീശാപം ഉപകാരമെന്നതു പോലെ കോളനി വാഴ്ചയിലൂടെ നമ്മുടെ തലയിലേക്ക് വ്യാപകമായ വെളിച്ചം കയറുക തന്നെ ചെയ്തു.
പൂരവും കഴിഞ്ഞു മഴയും പെയ്തു... ഇവിടെയുള്ള അറിവുകൾ മോഷ്ടിച്ചും പിടിച്ചു പറിച്ചും കൊണ്ടുപോയി വിദേശികൾ ഉണ്ടാക്കിയെടുത്തതാണ് ഇന്ന് പ്രസിദ്ധമായ അവരുടെ അറിവുകളും സാങ്കേതികവിദ്യകളും എന്നെല്ലാം തിരിച്ചു പറയേണ്ടി വരുന്ന ഗതികേടാണ് ഇപ്പോൾ കാണുന്നത്. അതാണ് കേശവൻ മാമന്മാർ ചെയ്യുന്നത്. സംസ്കൃതത്തിൽ എഴുതപ്പെട്ട, ഒരു ചെറിയ ഗ്രൂപ്പിന് മാത്രം മനസ്സിലാവണം എന്ന ഉദ്ദേശ്യത്തിൽ തയ്യാറാക്കപ്പെട്ട കുറിപ്പുകളും എഴുത്തുകളും നാടുകടത്തി കൊണ്ടുപോയി അന്നാട്ടുകാർ അട്ടിമറികൾ ഉണ്ടാക്കി എന്നു പറയുന്നത് ചരിത്രപരമോ ഭൂമിശാസ്ത്രപരമോ ആയി കണക്കിൽ കൊള്ളിക്കാൻ പറ്റാത്ത വാദമാണ്. അതിനെതിരെ വിമർശനം ഉന്നയിച്ചാൽ ഉടൻ ബന്ധുസ്നേഹത്തിനോ രാജ്യസ്നേഹത്തിനോ സമാനമായൊരു വികാരം അക്കാദമിക് സമൂഹത്തിനിടയിൽ പോലും പ്രവർത്തിക്കുന്നത് ഇവിടെ വളരെ ദൃശ്യവുമാണ്. തികച്ചും അപകടകരമാണാ ദൃശ്യം.
അങ്ങനെയെങ്കിൽ ഇപ്പോൾ പറയപ്പെടുന്ന ഗ്രന്ഥങ്ങൾ ഇവിടെ നിന്ന് തന്നെ പിൽക്കാലത്ത് കണ്ടെടുക്കപ്പെട്ട വയാണല്ലോ. അവയെല്ലാം കണ്ടെടുത്ത ശേഷം ഇവിടെ എത്ര ഗണിത ശാസ്ത്രജ്ഞർ ഉണ്ടായി ?എന്ത് വൈജ്ഞാനിക വിപ്ലവമാണ് ഉണ്ടായത് ? പ്രാചീന സംഹിതകളെ അനുപൂരിപ്പിക്കാൻ തക്ക എന്തു കണ്ടെത്തൽ നമ്മളിൽ നിന്ന് പിന്നീടുണ്ടായി ? നമ്മുടെ ടെക്നിക്കൽ - ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂഷനുകൾ ഇക്കാലം വരെ ഇതര ദേശങ്ങളെ അട്ടിമറിച്ചു കളയുന്ന എത്ര നേട്ടങ്ങൾ ഉണ്ടാക്കി ? എന്നെല്ലാമുള്ള ചോദ്യങ്ങൾ കടന്നു വരട്ടെ. പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണ് എന്ന് അവകാശപ്പെടുമ്പൊഴും നമ്മുടെ നേട്ടങ്ങൾ സംപൂജ്യമായിത്തന്നെ നിൽക്കുകയാണ് എന്ന് പറഞ്ഞാൽ എന്തുണ്ട് മറുപടി ? ലോകം പ്രതീക്ഷയോടെ കാണുന്ന ആയുർവേദത്തിൽ പോലും പൂർവികർ പാടുപെട്ടുണ്ടാക്കിയ സംഹിതകളിലെ തത്വങ്ങൾ വെച്ചുള്ള കണ്ടുപിടുത്തങ്ങൾ എന്തെങ്കിലും ഇവിടെ ഉണ്ടാകാതെ പോയതെന്ത്? അവിടെയും സംവാദം അവകാശ വാദങ്ങളിൽ മാത്രം ഒതുങ്ങുന്നു. ഇതെല്ലാം സംഗമഗ്രാമമാധവൻ്റെ വിശേഷങ്ങളോട് ചേർത്തുവായിക്കേണ്ടതുണ്ട്.
സംഗമഗ്രാമമാധവൻ എന്ന ഒറ്റവ്യക്തി ഉണ്ടായിരുന്നുവെങ്കിലും അല്ല അദ്ദേഹം സാങ്കല്പിക കഥാപാത്രമാണെങ്കിലും അദ്ദേഹത്തിൻ്റെ പേരിൽ പ്രസിദ്ധമായ കണ്ടെത്തലുകൾ ഒന്നിലധികം പേരുടെ സംഭാവനകൾ ആണെങ്കിലും ഇരിക്കട്ടെ, 'നാം' ചിന്തിച്ചിരുന്നു 'നാം' അറിവുകളിലേക്ക് സഞ്ചരിച്ചിരുന്നു എന്ന കാര്യമാണ് ആത്യന്തികമായി നിലനിൽക്കേണ്ടത്. സംഗമഗ്രാമമാധവനെപ്പോലെ ലോകം അംഗീകരിച്ച നാമങ്ങൾ വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടണം. അതേ സമയം വീരസ്യവാദങ്ങളിൽ നിന്ന് യാഥാർത്ഥ്യബോധത്തിലേക്ക് നാം കടക്കുകയും വേണം. ശാസ്ത്രത്തോട് അവശ്യം കാണിക്കേണ്ട നീതിയാണത്. അല്ലാതെ, പാശ്ചാത്യ യുക്തിയ്ക്ക് അനുസരിച്ച് നമ്മുടെ പരമ്പരാഗത വിജ്ഞാനങ്ങളെ പരുവപ്പെടുത്തേണ്ടി വരുമ്പോൾ അത് കട്ടിലിനൊത്ത് കാല് മുറിക്കുന്നതുപോലെ (ഒരുവേള തലതന്നെ മുറിക്കുന്നതുപോലെ) ഒരു ദോഷമായി ഭവിക്കുന്നുണ്ട്. അക്കാദമിക സമൂഹം ഇതെല്ലാം വേണ്ടും വിധം പര്യാലോചനം ചെയ്യേണ്ടതുണ്ട്.
Comments