ചന്ദ്രനോ സൂര്യനോ ....?
ക്ലാസ്സിൽ പൊതുവെ പഠിക്കാൻ മിടുക്കനായിരുന്നു ഉണ്ണിക്കുട്ടൻ .ഓരോ ചോദ്യങ്ങൾക്കും അവസരത്തിനൊത്ത് മറുപടി പറയാൻ അവൻ ബഹു സമർത്ഥനായിരുന്നു .ഒരു ദിവസം സാമൂഹ്യപാഠം ക്ലാസ്സിൽ വിജയൻ മാസ്റ്റർ ഉണ്ണിക്കുട്ടനോട് ചോദിച്ചു :"ചന്ദ്രനാണോ സൂര്യനാണോ ഉണ്ണിക്കുട്ടാ മനുഷ്യന് കൂടുതൽ ഉപകാരം ചെയ്യുന്നത് ?"
ഉണ്ണിക്കുട്ടൻ ഒട്ടും ആലോചിക്കാതെ തന്നെ മറുപടി കൊടുത്തു: "ചന്ദ്രൻ ".
എന്തുകൊണ്ട് ?വിജയൻ മാസ്റ്റർ കൗതുകത്തോടെ ചോദിച്ചു.
ഉണ്ണിക്കുട്ടൻ്റെ മറുപടി രസകരമായിരുന്നു. "സൂര്യൻ പകലല്ലേ വരുന്നത് ...പകൽ നമുക്ക് വെളിച്ചം ആവശ്യമില്ലല്ലോ സർ ,അപ്പോൾ രാത്രിയിൽ കൂരിരുട്ടത്ത് വന്നു നമുക്ക് വെളിച്ചം തരുന്ന ചന്ദ്രൻ തന്നെയല്ലേ നമുക്ക് ഏറ്റവും ഉപകാരം ചെയ്യുന്നത് ..."
ഉണ്ണിക്കുട്ടൻ്റെ മറുപടി കേട്ട് ക്ലാസ് ഒന്നടങ്കം ചിരിച്ചു പോയി.
നേരത്തെ ഉണർന്നാൽ ....
ഉണ്ണിക്കുട്ടൻ എന്നും വൈകിയേ ഉണരാറുള്ളൂ .അത് കൊണ്ട് തന്നെ കാലത്ത് അവനു വീട്ടിൽ നിന്നും എന്തെങ്കിലും പഠിക്കാനോ ഹോം വർക്കുകൾ ചെയ്യാനോ സമയം കിട്ടാറില്ല ഉണ്ണിക്കുട്ടൻ്റെ അച്ഛൻ ഇത് പല തവണ അധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അധ്യാപകരുടെ ഉപദേശങ്ങളൊന്നും ഉണ്ണിക്കുട്ടൻ്റെ ശീലം മാറാൻ ഉപകരിച്ചില്ല.
ഒരു ദിവസം ഉണ്ണിക്കുട്ടൻ്റെ ക്ലാസ് ടീച്ചർ പറഞ്ഞു : "രാവിലെ എഴുന്നേറ്റ് അല്പം നടക്കുന്നത് അവരവരുടെ ആരോഗ്യത്തിന് നല്ലതാണ് .ഒരിക്കൽ എൻ്റെ ഒരു സുഹൃത്ത് രാവിലെ എഴുന്നേറ്റ് നടക്കുമ്പോൾ ഒരു പൊതി വീണുകിട്ടി .അതിൽ നിറയെ പണമായിരുന്നു .രണ്ടായിരത്തിൻ്റെ നോട്ടുകെട്ടുകൾ .ആ പണം ഉപയോഗിച്ച് അയാൾ ഒരു വലിയ വ്യവസായ ശാല തുടങ്ങി .ഇന്ന് അദ്ദേഹം വലിയ കോടീശ്വരനാണ് .ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ രാവിലെ എഴുന്നേൽക്കുന്നത് കൊണ്ടുള്ള ലാഭം എത്ര വലുതാണെന്ന്. "
ടീച്ചർ പറഞ്ഞ കഥ കേട്ടപ്പോൾ ഒരു ചെറു ചിരിയോടെ ഉണ്ണിക്കുട്ടൻ എഴുന്നേറ്റു .
അവൻ ചോദിച്ചു "അപ്പോൾ രാവിലെ എഴുന്നേറ്റത് കൊണ്ട് നഷ്ടവും ഉണ്ടാകും അല്ലെ സർ ?
"ടീച്ചർ അത്ഭുതത്തോടെ ചോദിച്ചു "നഷ്ടമോ ?അതെങ്ങനെ ?"
"കാരണം ഈ പണം വീണു കിട്ടിയതാണല്ലോ ..അപ്പോൾ അത് ഇയാൾക്ക് മുമ്പേ നടന്ന ആരുടേതെങ്കിലും ആയിരിക്കണമല്ലോ ..അപ്പോൾ നടത്തം കൊണ്ട് ആദ്യത്തെയാൾക്ക് പണം നഷ്ടപ്പെടുകയല്ലേ ഉണ്ടായുയിട്ടുള്ളത്."
ഉണ്ണിക്കുട്ടൻ്റെ മറുപടി കേട്ട ടീച്ചർ ഒരു കാര്യം ഉറപ്പിച്ചു .ഇവൻ ഒരിക്കലും നന്നാവില്ല !!
Comments