കേരളത്തിൽ സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മോശം അനുഭവം നേരിടേണ്ടി വന്നാൽ അതുപറയാൻ ഔദ്യോഗികമായ ഒരിടം വേണ്ടതുണ്ട്. കേരളം പോലെ എല്ലാവരും ഉറ്റുനോക്കുന്ന ഒരു സംസ്ഥാനത്ത് സിനിമയിൽ തൊഴിലെടുക്കുന്നവരെ തൊഴിലാളികളായി അനുഭാവപൂർവ്വം പരിഗണിക്കുന്ന അത്തരമൊരിടം ഇനിയും ഉണ്ടായിട്ടില്ല.
ഈവിധമുള്ള പരിതാപാവസ്ഥകളെയാണ് റീമാ കല്ലിങ്കൽ വേദിയിൽ ചൂണ്ടിക്കാട്ടിയത്.
പൊതുവേദിയിൽ വന്ന് ഒരു സ്ത്രീ വളരെ കാര്യമാത്ര പ്രസക്തമായ ചില ആശയങ്ങൾ പങ്കുവയ്ക്കുന്നു. യുക്തിയുള്ള ഒരു സമൂഹത്തോടാണവർ സംസാരിക്കുന്നത്. തീരെ വളച്ചുകെട്ടില്ലാതെ നേരിട്ടുള്ള കാര്യാവതരണമായിരുന്നു അത്. റിമ കല്ലിങ്കൽ പങ്കെടുത്ത ഐ എഫ് എഫ്- ൻ്റെ ഓപ്പൺ ഫോറം വേദിയാണ് രംഗം. എന്നാൽ യാതൊരു മടിയും കൂടാതെ വളരെ സ്വാഭാവികം എന്നവണ്ണം ചർച്ച അവരുടെ വസ്ത്രത്തെക്കുറിച്ചായി മാറുന്നു. ചിലർ പതിവുപോലെ അവരുടെ വേഷം ശ്ലീലപരിധികൾക്ക് പുറത്താണെന്ന് നിലവിളിക്കുന്നു. മറുപക്ഷമാകട്ടെ വസ്ത്രം എങ്ങനെയെല്ലാം ധരിക്കാം എവിടെയെല്ലാം ധരിക്കാം ആർക്കെല്ലാം ധരിക്കാം ധരിക്കാതിരിക്കാം മുതലായ കാര്യങ്ങളിലെ സ്വതന്ത്രവിശാലതകളെപ്പറ്റി പ്രതിവാദങ്ങൾ അവതരിപ്പിക്കുന്നു. കൂട്ടി കിഴിക്കുമ്പോൾ അത്യന്തികമായി ചർച്ച വസ്ത്രത്തെപ്പറ്റി തന്നെ!
അതിഥിയായി എത്തിയ റിമാ കല്ലിങ്കലിൻ്റെ പാവാടയും കാലും അതിൻ്റെ ചുവടുപിടിച്ച് മറ്റ് അനേകരുടെ ഉടുപ്പും കുപ്പായവും കാലും കൈയും ഒക്കെ ചർച്ചചെയ്തു തീരുന്ന മുറയ്ക്ക്, അവർ പറഞ്ഞു വയ്ക്കാൻ ശ്രമിച്ച വളരെ കാലിക- സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ നേരിയ തോതിലൊന്ന് പരിഗണിക്കാൻ ഇക്കൂട്ടർ ഒരൽപം സമയം മാറ്റി വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നത് അധികപ്പറ്റാണെന്നു വരുമോ ? കേരള സമൂഹം അതു കേൾക്കാൻ മാത്രം, അവർ പറയുന്നത് ഉൾക്കൊള്ളാൻ മാത്രം ആയിട്ടില്ലേ ?
ഇറക്കം കുറഞ്ഞതോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ എക്സ്പോസ്ഡ് ആയതോ ആയ വേഷം ധരിച്ച് ഒരു പുരുഷൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ തയ്യാറാകുമോ ? പെട്ടാൽ എന്ത് സംഭവിക്കും / എങ്ങനെ സംഭവിക്കും? അതുമല്ല എന്തെല്ലാം സംഭവിക്കാതിരിക്കും - ഇത്തരം എത്ര ആർഗ്യുമെൻ്റുകൾ കൊണ്ടുവന്നാലും കാര്യമില്ല, സ്ത്രീയുടെ വസ്ത്രം ഏതുതരത്തിൽ ആയിരുന്നാലും അതിനെ അംഗീകരിച്ചേ പറ്റൂ എന്നിടത്താണ് കാര്യം. അതിന്മേൽ കൂടുതൽ വാദപ്രതിവാദങ്ങളോ ന്യായാന്യായ വാദങ്ങളോ എന്തിന് ? സ്ത്രീയുടെ സ്വയം നിർണ്ണയമാകണം വസ്ത്രധാരണം. യഥാർത്ഥത്തിൽ വികസിത സമൂഹത്തിൻ്റെ ലക്ഷണവും ലക്ഷ്യവും അങ്ങനെയെല്ലാമാണ്. വികസിത സമൂഹങ്ങളിൽ വളരെ സ്വാഭാവികമായി അങ്ങനെയാണ് മാറി വന്നു കൊണ്ടിരിക്കുന്നത് എന്നേ മനസ്സിലാക്കാൻ കഴിയൂ. തണുപ്പു പോലുള്ള പ്രശ്നങ്ങളില്ലെങ്കിൽ അധികം പോകേണ്ടതില്ല - വസ്ത്രം കുറയാനേ സാധ്യതയുള്ളൂ. സ്ത്രീക്ക് അത് നിശ്ചയിക്കാം.
ഇഞ്ച് കണക്കിൽ അവിടെയാരും വസ്ത്രത്തിൻ്റെ ഏറ്റവും കുറച്ചിവും അളക്കാറില്ല. അവിടെ ആരെങ്കിലും നാണം മറയ്ക്കാനുള്ള സാരോപദേശ വിതരണം നിയോഗം പോലെ ഏറ്റെടുത്തു ചെയ്യാറില്ല. ജനാധിപത്യവൽക്കരിക്കപ്പെടാത്ത പൗരാണിക ഗോത്ര സമൂഹത്തിൻ്റെ സ്വഭാവത്തിലുള്ള യാതൊരു പ്രതികരണവും അവിടെ നാം കാണുകയില്ല. കണ്ടാൽ തന്നെ അത് കൊമ്പും വമ്പുമുള്ള ഗോത്രവിചാരത്തിൻ്റെ അസ്ഥാനത്തുള്ള എഴുന്നള്ളത്തായി എണ്ണപ്പെടും. വെറും മത ആദർശങ്ങളുടെ പിറകേ നടന്നു ശീലിച്ച പിന്തിരിപ്പൻ കുഞ്ഞാടു സമൂഹത്തിൻ്റെ ലക്ഷണമല്ലാതെ മറ്റൊന്നും റീമാ കല്ലിങ്കൽ സംഭവത്തിൽ കാണാനില്ല.
വേറെന്തെല്ലാം കാര്യങ്ങളിരിക്കുന്നു മുന്നോട്ടുള്ള ഒരു സമൂഹത്തിന് വിഷയങ്ങളായി. വളരെയധികം നോർമലൈസ് ചെയ്യപ്പെട്ട വസ്ത്ര സംസ്കാരങ്ങളും അതിനെക്കാൾ നോർമലൈസ് ചെയ്യപ്പെട്ട കാഴ്ച ശീലങ്ങളും ഒരു വികസിത സമൂഹത്തിലെന്ന പോലെ നമ്മുടെ നാട്ടിലും എന്നെങ്കിലും സംഭവിക്കുമോ ? കുറച്ചുകൂടി നിശ്ശിതമായി പറഞ്ഞാൽ വ്യക്തിയുടെ ഉടുത്തുകെട്ടുകളോ ആലഭാരങ്ങളോ അല്ല, അവർ പ്രൊപ്പഗേറ്റ് ചെയ്യുന്ന ആശയങ്ങൾക്കും അവരുടെ ആദർശപരമായ നിലപാടുകൾക്കും ആണ് പരിഗണന വേണ്ടത്. അർഹമായ പരിഗണന.
ചർച്ചകൾ വസ്ത്രങ്ങളിൽ ഒതുക്കുന്നത് വാസ്തവത്തിൽ അവർ ഉന്നയിക്കുന്ന ആശയത്തെ അറിഞ്ഞോ അറിയാതെയോ തമസ്കരിക്കാനുള്ള ശ്രമം എന്ന നിലയ്ക്ക് മുന്നോട്ടു പോയിക്കാണുന്നു. അവർ മുന്നോട്ടുവെച്ച സാരമായ, പ്രസക്തമായ വിഷയം എന്തോ, അതിലേക്ക് വരികയും അതിനെ അഭിമുഖീകരിക്കുകയും ചെയ്യാതിരിക്കാനുള്ള ഒളിച്ചുകളിയാണത്. വിഷയം അത്രമേൽ പ്രസക്തമാണ് എന്നതു തന്നെ. അപ്രകാരം ഒരു ഉദ്ദേശമുണ്ടെങ്കിൽ അത് തീർത്തും ശരിയല്ല, വിശേഷിച്ച് കേരളംപോലെ ഒരിടത്ത് ഇത്തരമൊരു ട്രീറ്റ്മെൻ്റ് മര്യാദകേട് തന്നെയാണ്. പാപ്പരത്തവും അതിലും പ്രധാനമായി, കാര്യ ഗ്രഹണശേഷി ഇല്ലായ്മയുടെ ലക്ഷണവുമാണ്.
ഇനിയൊരു കൂട്ടം, വസ്ത്രം മര്യാദയായില്ലെന്ന് ഗംഭീരമായ നിഷ്കളങ്കതയോടെ വാദിച്ചു നിൽക്കുന്നുണ്ട്. അവർക്കും പറഞ്ഞ ആശയങ്ങളെക്കാൾ പ്രാധാനം വസ്ത്രം തന്നെ ആണെന്നതിൽ തർക്കമില്ല.
അതതുകാലങ്ങളിൽ, സ്ത്രീയുടെ വസ്ത്ര രീതിയെ നിലയ്ക്ക് നിശ്ചയിക്കാൻ ഇറങ്ങി പ്രവർത്തിക്കുന്ന പലതരം പുരുഷാധിപത്യ ന്യായങ്ങൾ മാത്രമാണ് ഇതെല്ലാം. അങ്ങനെ വസ്ത്രം ധരിക്കുന്നത് ശരിയല്ലെന്നാണെങ്കിലും വസ്ത്രചർച്ച നടത്തി പറഞ്ഞ കാര്യങ്ങളെ മുക്കിക്കളയാം എന്നു കരുതുന്നതാണെങ്കിലും അതിൻ്റെ പിറകിൽ വ്യവസ്ഥാപിത ആൺകോയ്മാ സംസ്കാരത്തിൻ്റെ കുബുദ്ധി മാത്രമാണ്.
മാറുമറയ്ക്കാൻ തീരെ അവകാശമില്ല എന്ന് വിധിക്കപ്പെട്ടിരുന്നതു പോലെ തന്നെയാണ് പൂർണമായും ഞങ്ങൾ ഉദ്ദേശിക്കുന്ന മട്ടിൽ തന്നെ മറയ്ക്കണം എന്നുള്ള വാദവും. ഒന്നുകിൽ ആശാൻ്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക് പുറത്ത്! രണ്ടിടത്തും വസ്ത്രതാല്പര്യം നിശ്ചയിക്കുന്നത് പുരുഷനാണ്. രണ്ടും സ്ത്രീയുടെ ചോയ്സ് അല്ല എന്ന കാരണത്താൽ തന്നെ രണ്ടും ഒരുപോലെ മാറേണ്ടതുണ്ട്. അങ്ങനെ അംഗീകരിച്ചു കൊടുക്കാനുള്ള വിശാലത നമ്മുടെ കുടുസ്സായ പുരുഷാധിപത്യ സമൂഹത്തിന് ഇനിയും ഉണ്ടായിട്ടില്ല എന്നത് വ്യക്തമാകുന്നില്ലേ! സാമ്പ്രദായിക മതാത്മക സമൂഹത്തിൻ്റെ ശുഷ്ക ലക്ഷണങ്ങളല്ലാതെ മറ്റൊന്നുമല്ല സ്വാഭിമാനത്തോടെ സ്വാഭിപ്രായം പറയുന്ന സ്ത്രീയോടുള്ള ഇത്തരം ഉദാരതയില്ലായ്മകളിൽ കാണുന്നത്.
ശരീരം ആവശ്യത്തിന് മറയ്ക്കാൻ സ്വാതന്ത്ര്യം ഇല്ലാതിരുന്ന ഇടത്തുനിന്നും ഞങ്ങളുടെ സങ്കൽപ്പങ്ങൾക്ക് ഇണങ്ങും വിധം മറച്ചു നടന്നോളണം എന്നുപറയുന്നത് എന്തു തരം പുരോഗമനത്തിലേക്കുള്ള പോക്കാണ് എന്ന് എത്ര ആലോചിച്ചാലും പിടികിട്ടാൻ പോകുന്നില്ല.
കാരണം, നമ്മൾ പഴയ സ്ഥാനത്തു നിന്നും ഒരടി മുന്നോട്ട് നടന്നിട്ടില്ല.
ആ 'അടി', അതു നടക്കാതെ പോകരുത്!
സ്വാതന്ത്ര്യവും സ്വാതന്ത്ര്യമില്ലായ്മയും മറയ്ക്കേണ്ടതും മറയ്ക്കേണ്ടാത്തതും മറ്റും സമൂഹത്തിൽ എവിടെ നിന്നാണ് നിശ്ചയിക്കപ്പെടുന്നത് എന്ന കാര്യം പ്രധാനമാണ്. സ്വാതന്ത്ര്യം, അവകാശം, അനുവാദം, തീരുമാനം, താല്പര്യം മുതലായ പ്രയോഗങ്ങൾ വളരെ കൃത്യതയോടെയും സൂക്ഷ്മതയോടെയും മാത്രമേ ഈ സാഹചര്യത്തിൽ കാണാനാവൂ - ഒപ്പം വിമർശനാത്മകമായും. ഏതോ ഒരു അദൃശ്യ സാന്നിധ്യത്തിൽ നിന്ന് അനുവദിക്കപ്പെടുന്ന പ്രകടനശീലങ്ങൾ മാത്രമായി ഇന്നും സ്ത്രീ താൽപര്യങ്ങൾ ചുരുങ്ങിപ്പോകുന്നു. ഏതോ തരത്തിൽ പൗരാണിക ധാരണകളെ മുഴുവൻ വിടാതെ പിടിച്ചിരിക്കുകയാണ് നാം.
ഐഡിയോളജികൾക്ക് self driving capacity ഉണ്ടെന്ന് അൽത്തൂസർ പറയുന്നുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ മൺപാത്രക്കാരൻ്റെ ചക്രം പോലെയാണ് അത്. ഒരു തവണ ചുറ്റിക്കൊടുത്താൽ പിന്നീടത് തുടർച്ചയായി വളരെനേരം കറങ്ങിക്കൊണ്ടേയിരിക്കും. സമൂഹത്തിൽ ഒരു കാലത്ത് വേരുറച്ചിരുന്ന ആദർശനിഷ്ഠകൾക്കും ഇതേ സ്വഭാവം ഉണ്ട്. ആരെങ്കിലും പ്രത്യേകിച്ച് ആയാസപ്പെട്ട് പ്രൊപ്പഗേറ്റ് ചെയ്യാതെ തന്നെ വളരെക്കാലം അത് ഇങ്ങനെ തുടർന്നു പ്രചരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ തിരിച്ചറിഞ്ഞ് വളരെ വേഗം പരിഹരിക്കുക എന്നതുമാത്രമാണ് ഏതെങ്കിലും തരത്തിൽ ഒരു മുന്നേറ്റത്തെ കുറിയ്ക്കുന്ന നീക്കം. നമ്മളത് ചെയ്യാൻ മുതിരുമോ. നമ്മൾ എന്നെങ്കിലും മുതിരുന്ന സാമൂഹ്യ ഘടനയിലേക്ക് കാലെടുത്തു വെയ്ക്കുമോ ?
ഉറക്കെ ചിന്തിക്കുക!
ആളുകൾ എന്തുവേണമെങ്കിലും പറയട്ടെ, നമുക്കിവിടെ ചർച്ച ചെയ്യാൻ പ്രധാനപ്പെട്ട, സാരമായ വിഷയങ്ങൾ വളരെയുണ്ട് എന്നുപറയുന്ന റിമാ കല്ലിങ്കൽ അതിവർത്തിച്ചു മുന്നോട്ടു പോകുന്നുണ്ട്. അവർ സദസ്സിലും വേദിയിലും ഉപവിഷ്ടരായവരെക്കാൾ എന്തുകൊണ്ടും ബഹുദൂരം മുന്നിലാണ്. അവർ തീർച്ചയായും ഒന്നും അറിയാതെയല്ല ആ വിധത്തിൽ വന്നത്.അവിടെയാണ് കാര്യങ്ങളെ വസ്ത്രമാത്രപ്രസക്തമാക്കി ചാനൽ ക്യാമറകൾക്കു മുന്നിലും ചർച്ചകളെയെല്ലാം വഴി പിഴപ്പിച്ചത്. പെണ്ണിൻ്റെ കാലും കൈയും പുറത്തു കാണുന്നുണ്ടോ എന്നു നോക്കി തുടയിൽ കാലു കയറ്റി വെച്ചിരിക്കുന്ന പുരുഷ കേന്ദ്രീകൃത സാമൂഹ്യാധികാര ഘടനയുടെ ധാർഷ്ട്യങ്ങളാൽ സദസ്സുകൾ വിഹ്വലമാണ് എവിടെയും...എന്നാൽ കേരളത്തിൽ വല്ലാതെ!
Comments